ചില്ലു കൂട്ടിലെ സുന്ദരി

 

മുഖമില്ലാത്തൊരു നഗരത്തിലിന്നലെ

സുന്ദരിയാമൊരുവൾ വഴിതെറ്റി വന്നു.

അഴകളവുകളിലിതുപോലൊരുവളെ

ഇതുവരെയാരും കണ്ടതില്ല.

സകല കണ്ണുകളും അവളിൽ ഉടക്കി നിന്നു.

നിശ്ചലമായി നഗരം.

ആരിവൾ ? എന്നൊരു ചോദ്യം-

കാർമേഘമായി ഇരുണ്ടുകൂടി.

ദേവതയെന്നും അപ്സരസെന്നും ചിലർ.

സ്വർലോക നർത്തകിയെന്നും ചിലർ.

അവൾക്കു ചുറ്റിലുമായിരങ്ങൾ തടിച്ചു കൂടി.

തിരക്കിനിടയിൽ രക്ഷപെടാതെ – അവർ

ആ സുന്ദരിയെ ചില്ലുകൊണ്ടൊരു കൂട്ടിലടച്ചു.

അവൾ കണ്ണീർ വാർത്തു കരഞ്ഞു.

ശ്വാസം കിട്ടാതെ പിടഞ്ഞു.

തെരുവിലവൾക്കായി യുദ്ധകാഹളം മുഴങ്ങി.

അതുവരെ ഒന്നായ് കഴിഞ്ഞവർ തമ്മിൽ പോരടിച്ചു.

നഗരം ചോരക്കളമായി..

ഒടുവിൽ അവൾ ആർക്കെന്നറിയാൻ അവർ കുറിയിട്ടു.

ധനികനായൊരുവനു കുറി വീണു.

അവർ ചില്ലു പേടകം പൊളിച്ചുമാറ്റി-

അവളെ അവനു നൽകി.

അവളുടെ ശ്വാസം നിലച്ചിരുന്നു.

ചേതനയറ്റ ശരീരവുമായി

സന്തോഷത്തോടെ അയാൾ നടന്നു നീങ്ങി…..

 

 

You can share this post!

One Reply to “ചില്ലു കൂട്ടിലെ സുന്ദരി”

  1. നിശ്ചേതനവും ആത്മശൂന്യവുമായ ആശയങ്ങൾക്ക് മേൽ അടയിരുന്ന് ആർപ്പുവിളിക്കുകയാണിവിടെ,

    സകല സൗന്ദര്യങ്ങളെയും വധിക്കുകയും ശവം തീനികളായി പരിണമിക്കുകയും ചെയ്യുന്നവരാണിവിടെ…

    സ്നേഹ സൗന്ദര്യത്തിന്റെ ഔന്നത്യങ്ങളെ കവിത തൊട്ടറിയുന്നു.Abdul Muneer Thiruva Kalathil

Comments are closed.