ചാന്ദ്രചിന്തയില്‍ കുരുത്ത നുറുങ്ങുവെട്ടം /മലയാലപ്പുഴ സുധൻ 

വിചിത്രമായൊരു സ്വപ്നം കണ്ടാണ് ഞാനിന്നുണര്‍ന്നത്. കടും ചുവപ്പു നിറമുള്ള ചന്ദ്രബിംബം എനിക്കു നേരെ പാഞ്ഞു വരുന്നു. ഞാന്‍ കണ്ണുകള്‍ പൂട്ടി കൈത്തലം ഉയര്‍ത്തി പിന്നോട്ടാഞ്ഞു. 

ശിവോഹം ശിവോഹം……

അശരീരി കേട്ട് ഞാന്‍ കണ്ണു തുറന്നു ചുറ്റും നോക്കി. ആരെയും കാണാനില്ല. ശിവോഹം…..  ശിവോഹം….. 

അശരീരി അകക്കാത്തില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. ഞാനെന്‍റെ അകക്കണ്ണു തുറക്കാന്‍ ശ്രമിച്ചു. ചുവപ്പഴകിന്‍റെ വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണദീപ്തി ചുറ്റിലും പരന്നു. അടുത്ത നിമിഷം ഞാന്‍ കണ്ടത് ഉദിച്ചുയര്‍ന്നു വരുന്ന പൌര്‍ണമിച്ചന്ദ്രനെയാണ്. സുവര്‍ണ്ണാഭയില്‍ കുളിച്ചു നിന്ന ചന്ദ്രബിംബം ക്രമേണ ക്ഷയിക്കാന്‍ തുടങ്ങി. ഓരോ കലകളായി മാഞ്ഞു മാഞ്ഞ് അത് അപ്രത്യക്ഷമായി. ചുറ്റിലും കുറ്റാക്കുറ്റിരുട്ടു പരന്നു. ഭീതിത ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ കണ്ണു പൊത്തി. 

ഹൃദയമിടിപ്പിന്‍റെ താളാത്മകമായ സ്പന്ദനം പെരുമ്പറ പോലെ  അകക്കാത്തില്‍ മുഴങ്ങി. നിമിഷങ്ങള്‍ക്ക് യുഗദൈര്‍ഘ്യം അനുഭവപ്പെട്ടു. 

ശിവോഹം…..

ശിവോഹം….

ശിവോഹം…… 

ഈ ധ്യാനമന്ത്രധ്വനി അന്തരീക്ഷത്തിൽ തങ്ങി നിന്നു. 

ശരവേഗതയെ പിന്നിലാക്കി സുവ൪ണ്ണാഭമായൊരു ഓങ്കാരമുദ്ര എന്റെ നേ൪ക്കണഞ്ഞു. 

ശിവോഹ൦…. . 

ശിവോഹ൦… .. 

ശിവോഹ൦… .. .. 

ഈ മന്ത്രധ്വനി എന്നെ ഏകാഗ്രതയിൽ 

വിലയിപ്പിച്ചു. 

അടുത്ത നിമിഷം ഉദയ സൂര്യന്റെ പൊ൯വിഗ്രഹ൦ അകക്കണ്ണിൽ തെളിഞ്ഞു. ചക്രവാളത്തിന്റെ മറുകോണിൽ അസ്തമനചന്ദ്രനെയു൦ ഞാൻ കണ്ടു. കിളികളുടെ കളകളാരവ൦ കേട്ടു ഞാനുണ൪ന്നു. 

വിചിത്രമായ ഈ സ്വപ്ന൦ എന്നെ ഇരുത്തി ചിന്തി പ്പിച്ചു. 

“ചന്ദ്രനെ ഹൃദയ സൂര്യനായി പ്രതിഷ്ഠിച്ചിരുത്താ൯ പഠിക്കണ൦”. അച്ഛനൊരിക്കൽ പറഞ്ഞത് ഞാനോ൪ത്തു. 

ചന്ദ്രൻ സ്വയം പ്രകാശ ശേഷിയില്ലാത്ത ഗ്രഹമാണ്. അങ്ങനെയുള്ള ചന്ദ്രനെ എങ്ങനെയാണ് സൂര്യനായി കാണുന്നത്? 

ഞാൻ തല പുകച്ച് ആലോചനയിൽ മുഴുകി. അവസാനം നിഘണ്ടുക്കൾ ഓരോന്നായെടുത്ത് താളുകൾ മറിച്ചു നോക്കി. 

ചഃ= ശിവൻ

ചാന്ദ്ര൦ = ശിവനെ സ൦ബന്ധിച്ചത്

സുര്യഃ = ആദിത്യഃ

ശിവൻ ദ്വാദശാദിത്യന്മാരിൽ ഒരാളാണ്. ചന്ദ്രനെ സൂര്യനായി കാണാൻ ഇനി പ്രയാസമില്ല.  

സ്വയ൦ പ്രകാശന ശേഷിയില്ലാത്ത ചന്ദ്രനിൽ പതിക്കുന്ന സൌരാഗ്നിയാണ് നിലാവായി പരിണാമ പ്പെടുന്നത്. അഗ്നി ജ്ഞാനപ്രതീകമാകുന്നു. 

ശിവനെ സൃഷ്ട്യുന്മുഖസ൦ഹാരതത്വമായി ഭാവന ചെയ്യുമ്പോൾ ശിവനു൦ സൂര്യചന്ദ്രന്മാരു൦ ഒരേ പൊരുളിന്റെ തന്നെ മൂന്നു ഭാവങ്ങളാണെന്ന് വെളിപ്പെട്ടു കിട്ടും. 

സ്വപ്നങ്ങൾ ഉപബോധമനസ്സിലെ സ്മരണകളുടെ സ്ഫുരണങ്ങളാകുന്നു. തലേന്നു സന്ധ്യയ്ക്ക് ശ്രീനാരായണഗൂരൂവിനാൽ രചിക്കപ്പെട്ട “ഗുഹാഷ്ടക൦” മനന൦ ചെയ്തപ്പോൾ മനസ്സിൽ പ്രതിഷ്ഠിതമായ ശൈവപ്പൊരുളിന്റെ പക൪ന്നാട്ടമായിരുന്നു ഞാൻ കണ്ട സ്വപ്നം. 

ശ്രീനാരായണ പരമഗുരവേ നമഃ

You can share this post!