കൊച്ചിപ്പെണ്ണ്…

നൂറ്റാണ്ടുകൾക്കു ശേഷം
ഇപ്പോഴും
അറബിക്കടലിന്റെ റാണി
മുലക്കച്ച കെട്ടുന്നത്
ചീനവലകൾകൊണ്ടാണ്.

പണ്ടേ
ബിലാത്തിക്കപ്പലുകൾ
അടുത്തേയ്ക്കുവരുമ്പോൾ
ജൈനക്ഷേത്രത്തിൽ പൂജിച്ച
അവളുടെ അരയിലെ
മാന്ത്രിക ഏലസ്സുകൾ
അല്പമൊന്ന് ഉയർന്നുതാഴാറുണ്ട്.

പായലുകളും കുളവാഴകളും ഞൊറിയിട്ടിരുന്ന
അവളുടെപച്ചയുടുപ്പ്
പോർച്ചുഗീസ് നാവികർ
കപ്പൽച്ചാലുകളിൽനിന്നും വകഞ്ഞുമാറ്റാറുണ്ട്.

ഇരുണ്ടിടതൂർന്ന അവളുടെ മുടിക്കെട്ടുകൾ
ചിലപ്പോഴൊക്കെ
അത്തറുമണക്കുന്ന അറബിക്കുപ്പായങ്ങൾക്കുള്ളിൽ
അകപ്പെട്ടുപോകാറുണ്ട്.

ഡച്ച്മാളികയിലേക്ക് ഒളികണ്ണിട്ടുനോക്കി
ചില രാത്രികളിലവൾ
നിലാവിന്റെ നേർത്തപട്ട് തലയിലിട്ട് ജൂതപ്പള്ളിയിലെ
പാതിരാപ്രാർത്ഥനയ്ക്കും പോകാറുണ്ട്.

എല്ലാംകഴിഞ്ഞ്
പുലരിമഞ്ഞിൽ കുളിച്ചീറനുടുത്ത്
എന്നുമവൾ
എറണാകുളത്തപ്പന്റെ
നിർമ്മാല്യം തൊഴാൻ
മുടങ്ങാതെ എത്താറുമുണ്ട് !

You can share this post!