രാത്രി മുഴുവൻ മഴയായിരുന്നു…
തുള്ളി തോരാത്ത മഴ…
ഇങ്ങനെയുണ്ടോ ഒരു മഴ.. പോരാത്തേന് നല്ല ഇടിയും മിന്നലും. മെയ് മാസം അങ്ങോട്ട് തുടങ്ങിയേ ഉള്ളൂ…
എല്ലാം കാലം തെറ്റി എന്ന് പറഞ്ഞാ മതീലോ..
ഇനിയിപ്പോ മഴയ്ക്ക് മാത്രമായിട്ടെന്തിനാ??
രാത്രിയിൽ ആദ്യത്തെ ഇടി മുഴങ്ങിയപ്പോളേ ചന്ദ്രിക ചാടിപ്പൊടുപൊടുത്ത് തന്റെ കട്ടിലിന്റെ ഓരം ചേർന്നു. കണ്ണു തുറന്നു കിടന്നത് കൊണ്ടു കാര്യം മനസ്സിലായി..
തറയിലെ കാർപ്പെറ്റിൽ പായ വിരിച്ചാണ് കിടപ്പ്. പേടിച്ചിട്ടാവും..
“ഇങ്ങോട്ടു കിടന്നോ ചന്ദ്രീ..”
“അയ്യോ വേണ്ട ടീച്ചറമ്മേ.. ഞാനേ എന്തോ പേടി സ്വപ്നം കാണുവായിരുന്നു.. അപ്പോഴാ വീട് കുലുങ്ങുന്ന പോലെ ഒരിടി.. ടീച്ചറമ്മ ഉറങ്ങിക്കോ..ഞാൻ കിടന്നോളാം ‘
“ഒരു കാര്യം ചെയ് ദാ…. ആ ദിവാനിലോട്ട് കിടന്നോ..തറയിൽ കിടക്കേണ്ട.പിന്നെ നീ ആ ഇൻവെർട്ടർ ഒന്ന് ഓഫ് ചെയ്തേക്കണേ “
“ശരി..നോക്കട്ടെ “
അവർ ടോർച്ചുമെടുത്ത് അടുത്ത മുറിയിലേക്ക് നടന്നു..
വീടാകെ ഇരുട്ട് പരന്നു.
ഓ.. അപ്പൊ കറന്റ് ഇല്ലായിരുന്നോ???
ആ ഇനി ഇടി കുറയട്ടെ..
ചന്ദ്രിക ടോർച്ചു വെട്ടത്തിൽ കതകടച്ചു വന്നു കിടന്നു.
“നേരം എത്രയായി??
“രണ്ടു മണി കഴിഞ്ഞു..”
വീണ്ടും കിടന്നെങ്കിലും ജാനമ്മക്ക് ഉറക്കം വന്നില്ല. ദിവാൻ കോട്ടിന്റെ
പതുപതുപ്പിൽ കിടന്നിട്ടാണോ എന്തോ ചന്ദ്രിക കൂർക്കം വലിയ്ക്കുന്നത് കേട്ടു..
അല്ലെങ്കിലും ഒത്തിരി മോഹങ്ങൾ ഒന്നുമില്ലാതെ അന്നന്നത്തേടം കഴിയുന്നവർ സമാധാനമായി അന്തിയുറങ്ങും!!
എത്ര ഭാഗ്യവാന്മാർ..
അഞ്ചാറ് മുറിയുള്ള ഈ രണ്ടു നില വീട്ടിൽ ആഡംബരങ്ങൾക്ക് എന്താണൊരു കുറവ്??
ഒന്നുമില്ല!!
ഷാർലറ്റും, ഷാരോണും അവരുടെ കുടുംബങ്ങളും വല്ലകാലത്തും വരുമ്പോൾ തലചായ്ക്കാനൊരിടം,താനിതിന്റെ കാവൽക്കാരിയും അത്ര മാത്രം!!!
അല്ലെങ്കിൽ തന്നെ ഒരു ചൂലെടുത്ത് കുനിഞ്ഞു തൂക്കാനുള്ള ആരോഗ്യം ഇല്ല.ഇപ്പൊ ചന്ദ്രിയ്ക്കും തീരെ നടു വഴങ്ങില്ല. അതു പറഞ്ഞപ്പോ
ഷാരോൺ ‘പറക്കുംതളിക പോലെ ഒരു കുന്ത്രാണ്ടം ഓർഡർ ചെയ്തു അയച്ചു തന്നു.അത് തനിയെ തൂക്കലും, തുടയ്ക്കലും എല്ലാം നടത്തും. നല്ല കാര്യം!!
യന്ത്രങ്ങൾ മനുഷ്യന്റെ ജോലിഭാരം കുറയ്ക്കും, പക്ഷേ അവർക്കു സ്നേഹിയ്ക്കാൻ അറിയില്ലല്ലോ!!
എന്റെ രണ്ടു പെണ്മക്കളെയും വളർത്താൻ എന്തോരം പാടുപെട്ടതാ. പോരാത്തേന് ഇരട്ടക്കുട്ടികൾ. ജോലിയും, വീട്ടുകാര്യങ്ങളുമായി കുറെ ഓടി. കെട്ടിയോൻ വർഗീസ് ഇതൊന്നും ശ്രദ്ധിയ്ക്കാതെ റബ്ബർക്കടയിൽ ദിനം ചെലവഴിച്ചു !!
ഒട്ടുപാലിന്റേം, റബ്ബർ ഷീറ്റിന്റെയുമിടയിൽ ലാഭവും, നഷ്ടവും നോക്കി ജീവിച്ചതു കൊണ്ട് കൊച്ചുങ്ങളെ നോക്കാനോ, വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാനോ കാര്യപ്രാപ്തിയുള്ള ഭാര്യ മാത്രം മതി എന്നങ്ങേര് കരുതിക്കാണും!! വല്ലിമ്മച്ചി ഉണ്ടായിരുന്ന കൊണ്ട് അക്കാലമൊക്കെ അങ്ങ് കടന്നു പോയി..
കുറ്റം പറയരുതല്ലോ..കെട്ടിയോൻ മക്കളെ നന്നായി പഠിപ്പിക്കുവേം ചെയ്തു..
ആകപ്പാടെ ഉള്ള ഒരു പ്രശ്നം എന്താന്ന് വെച്ചാൽ തീരുമാനങ്ങളെല്ലാം പുള്ളി സ്വയമങ്ങെടുക്കും. ഒരു അഭിപ്രായം പോലും ചോദിക്കില്ല..
ഇരട്ടക്കുട്ടികളായ മക്കൾക്ക് കല്യാണപ്രായമെത്തിയപ്പോൾ അതേപോലെ തന്നെ ഉള്ള ഇരട്ടകളെ തപ്പിപ്പിടിച്ചു. അന്നേ പറഞ്ഞതാ ഒരു വീട്ടിൽ രണ്ടു പേരെയും അയക്കല്ലേന്നു. കേട്ടില്ല.
ഇപ്പൊ എന്തായി??
വിദേശത്ത് ജോലിക്ക് പോയപ്പോൾ രണ്ടു പേരും ഒരുമിച്ച് അങ്ങു പോയി.
അവിടുത്തെ പൗരത്വമൊക്കെ നേടി..ചേട്ടനും, അനിയനും അപ്പനും,അമ്മേം എല്ലാവരും കൂടി അങ്ങോട്ട് ചേക്കേറി !!
ഇനിയിപ്പോ ഇങ്ങോട്ടു വരാൻ താല്പര്യമില്ല.അവിടെ ജീവിതം സുഖകരമാണ് . മക്കൾക്ക് നാട്ടിൽ വന്നാൽ ജാനമ്മച്ചിയുടെ കൂടെ നിൽക്കാൻ ഇഷ്ടമില്ല.ഫലമോ ഈയുള്ളവൾ ഇവിടെ ഒറ്റയ്ക്കും.അമ്മ ഒരു ബാധ്യത ആയേക്കുമൊന്ന് ഭയമുണ്ടാകും.
അങ്ങേര് സ്വർഗത്തിൽ ഇരുന്ന് എല്ലാം കണ്ടു സന്തോഷിയ്ക്കുന്നുണ്ടാവും..ചിലപ്പോൾ ദുഃഖിക്കുകയാവും. ആർക്കറിയാം??
രാവിലെ ചന്ദ്രിക കാപ്പിയുമായി വന്നു വിളിച്ചുണർത്തുകയായിരുന്നു..
“നേരം ഒത്തിരിയായോടീ??”
“എട്ടു കഴിഞ്ഞു.പിന്നെ ഞാൻ എല്ലാം കാലമാക്കിയിട്ടുണ്ട്. ഇനി കുറച്ചു ദിവസം ടീച്ചർ ഒറ്റയ്ക്ക് ആകുമെന്നുള്ള സങ്കടം മാത്രമേയുള്ളു എനിക്ക്.”
“ഓ.. അതു സാരമില്ലെടീ.. ഒരു തരത്തിൽ പറഞ്ഞാ എല്ലാരും ഒറ്റയ്ക്കാ.കൂടെ ആളുണ്ടെന്ന് ഒക്കെ വെറുതെ തോന്നുന്നതാ. നീ ധൈര്യമായി പൊക്കോ.”
“എനിക്ക് മനസ്സുണ്ടായിട്ടല്ല. പിന്നെ കൊച്ച് വിളിക്കുമ്പോ പോകാതെ വയ്യാ.വയറ്റിക്കണ്ണിയല്ലേ. അവന് നൈറ്റ് ഒക്കെ വരുമ്പോൾ അവള് ഒറ്റയ്ക്കല്ലേ. ഇപ്പൊ എട്ടു തികഞ്ഞു. ഷാർലറ്റ് എടപാട് ചെയ്‌ത പെണ്ണുമ്പിള്ള ഒരാഴ്ച കഴിഞ്ഞു വരൂലോ.”
“വരുമ്പോൾ വരട്ടെ. ഞാൻ ഒറ്റയ്ക്കാണെന്ന് ആരോടും പറയാതെ ഇരുന്നാൽ മാത്രം മതി..”
യാത്ര പറഞ്ഞു പോയെങ്കിലും ചന്ദ്രികയ്ക്ക് ടീച്ചറമ്മയെക്കുറിച്ചോർത്ത് ആധിയായിരുന്നു.
ദിവസം രണ്ടു മൂന്നു കഴിഞ്ഞപ്പോൾ
ടീച്ചറിനും മടുത്തു..ടിവിയും, വല്ലപ്പോഴും മക്കളുടെ ഒരു വീഡിയോ കാൾ അതുമല്ലെങ്കിൽ ഫേസ്ബുക്കിൽ വെറുതെ ഒരു എത്തിനോട്ടവും, ചെടികൾക്ക് വെള്ളമൊഴിക്കലുമായി…..
പതിവ് ദിനചര്യകൾ താളം തെറ്റി. സന്തത സഹചാരി ഇല്ലാത്തതിന്റെ വിഷമം. വല്ല ജോലിയുമുണ്ടായിരുന്നേൽ പകൽ സമയം വേഗം പോയേനെ. അറുപത്തിയെട്ട് അത്ര വലിയ പ്രായം ഒന്നുമല്ലല്ലോ.ഇപ്പൊ
പ്രായത്തിന്റെതായ അസ്കിതകൾ..
അർശ്ശസ്സിന്റെ ഉപദ്രവം . മറ്റുള്ളോരോട് പറയാൻ ബുദ്ധിമുട്ട്.
ഞായറാഴ്ച പള്ളിയിൽ പോയപ്പോ
റബേക്കയോട് പറഞ്ഞു.
“ഞാനും കൂടെ വരാം.. കുന്നേലാശൂത്രീലെ ഡോക്ടറെ വീട്ടിൽ പോയി കാണാന്നു “
അങ്ങനെ അവിടെ ചെന്നു.ഡോക്ടർ മരുന്നൊക്കെ കുറിച്ചു.
അതിനിടയിൽ ഡോക്ടർക്കൊരു ഫോൺ..
ഡോക്ടറുടെ ചിരിയും വർത്താനോം ഒക്കെ എന്ത് രസാ..
നല്ല കരുതൽ.. സ്നേഹം..ഇതൊക്കെ അല്ലേ വേണ്ടത്. രോഗിക്ക് എന്തൊരു ആശ്വാസമാകും!!!
“സോറി അമ്മച്ചി.. ഒരു അത്യാവശ്യകാൾ ആയിരുന്നു..
കുന്നോന്നിയിലെ വൃദ്ധസദനത്തിൽ നിന്ന്. അവിടെ വരെ പോണം. ഇതു പോലെ ഉള്ള കുറേപ്പേർ എന്നെ കാത്തിരിക്കുന്നു.”
അതു കേട്ടപ്പോൾ മുതൽ ഒരേ ചിന്ത…
തനിക്കു അവിടെ കൂടിയാലെന്താ?
നമ്പർ തപ്പിപ്പിടിച്ചു.വിവരം തിരക്കി. ഗൂഗിൾ സെർച്ച് ചെയ്തു നോക്കി.
പല സ്കീമുകളുള്ള വൃദ്ധസദനം..
ഒറ്റയ്ക്കും, ദമ്പതികൾക്കും ഒക്കെയുള്ള മുറികൾ..
നല്ല പരിചരണം. വിനോദോപാധികൾ, മിനി തിയേറ്റർ,യോഗ, മ്യൂസിക് തെറാപ്പി അങ്ങനെ എന്തെല്ലാം!!!
കാര്യം എന്തായാലും ടീച്ചർ അവിടെ തനിക്കൊരു സീറ്റ് ഉറപ്പിച്ചു.
ദൈവം സഹായിച്ച് പെൻഷൻ കിട്ടുന്നുണ്ട്. അത്യാവശ്യം ബാങ്ക് ബാലൻസ് ഉണ്ട്..ആരുമറിയാതെ ഈ വീട്ടിൽ ഒരു ദിവസം ചീഞ്ഞു നാറിക്കിടക്കില്ല എന്ന് എന്താണൊരുറപ്പ്??
ഒന്നുമല്ലെങ്കിൽ തുല്യദുഃഖിതരായ ഒരുപറ്റം ആളുകൾ തനിക്കൊപ്പമുണ്ടാകുമല്ലോ.
അതാണ് എന്ത് കൊണ്ടും നല്ലത്!!
അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
രാവിലെ തന്നെ ജോയിയെ വിളിച്ചു വണ്ടി ഇറക്കി ബാങ്കിലും,തുണിക്കടയിലും ഒക്കെ പോയി.പതിവില്ലാതെ ഉന്മേഷവതിയായ ടീച്ചറെ കണ്ട് ജോയ് അമ്പരന്നു.തന്റെ വിദ്യാർത്ഥി ആയിരുന്ന ജോയിക്ക് നല്ലൊരു സിൽക്ക് ഷർട്ട് സമ്മാനിക്കാനും മറന്നില്ല.മക്കളോട് ചർച്ച ചെയ്യാൻ നിന്നില്ല. അവർ സമ്മതിയ്ക്കില്ല ഉറപ്പ്.. അല്ലെങ്കിൽ തന്നെ വാക്കാലൊരു സമ്മതം ആർക്ക് വേണം??
അതു തരേണ്ടയാൾ നേരത്തെ പോയി!!
പിറ്റേന്ന് രാവിലെ രണ്ടു ബാഗുകളിലായി സാധനം ഒക്കെ അടുക്കി സിറ്റൗട്ടിൽ വെച്ചിട്ട് വീട് പൂട്ടി. കുറെ നേരം എല്ലാം കൺ നിറയെ നോക്കിക്കണ്ടു.അടുത്ത വീടോളം പോയി റബേക്കയെ കാര്യം ധരിപ്പിച്ചു.. അവിശ്വസനീയമായ ഒന്ന് കേട്ട പോലെ റബേക്കയുടെ മകൻ ടീച്ചറെ അന്തിച്ചു നോക്കി. ഗേറ്റ് ചാരി പിന്തിരിയുമ്പോൾ റബേക്കയുടെ മുഖത്തെ വിഷമം ശ്രദ്ധിച്ചു. അപ്പോൾ അവരുടെ മരുമകൾ പിറുപിറുക്കുന്നുണ്ടായിരുന്നു “ഈ തള്ളയ്ക്ക് സൗകര്യം കൂടിപ്പോയെന്റെ സൂക്കേടാ.. അല്ല പിന്നെ”
ജോയ് വരുമ്പോൾ ടീച്ചർ നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ പാടു പെടുന്ന കാഴ്ചയാണ് കണ്ടത് .
വീട് പൂട്ടിയ താക്കോൽ ജോയിയെ ഏല്പിച്ചു..
വൃത്തിയാക്കുന്നതിനെക്കുറിച്ച് പറഞ്ഞു ചുമതലപ്പെടുത്തി. ആ വലിയ ഓർഫനേജിൽ, ടീച്ചറിന്റെ പുതിയ വീട്ടിൽ ഒത്തിരി ആളു കളുടെയിടയിൽ ടീച്ചറെ ഏല്പിച്ചു മടങ്ങാനുള്ള നിയോഗം
അയാൾക്കായിരുന്നു.
ജാനമ്മയുടെ ഫോൺ ചിലച്ചു. അമ്മ പുതിയ താമസത്തിന് പോയ വാർത്ത അറിഞ്ഞു മക്കൾ വിളിയ്ക്കുന്നതാവും. അപ്പുറത്തെ സോണി
അറിയിക്കാതെ ഇരിയ്ക്കുമോ??
“മമ്മി ഞങ്ങളെ നാണം കെടുത്താൻ തുനിഞ്ഞിറങ്ങിയേക്കുവാ അല്ലേ??അല്ല മമ്മിക്കെന്തിന്റെ കുറവാ അവിടെ??
ഷാർലെറ്റിന്റെ രോഷം..
ജാനമ്മ ശാന്തമായി മറുപടി പറഞ്ഞു..
“സൗകര്യങ്ങൾ ഒക്കെയുണ്ട്.ഇല്ലെന്ന് ഞാൻ പറഞ്ഞില്ല. നാലു ചുവരുകൾക്കുള്ളിലെ വീർപ്പുമുട്ടൽ, സ്നേഹമില്ലായ്മ ഇതൊക്കെയാണ് എന്നെ അവിടെ അലട്ടുന്നത്. ഒരു ഫോൺ വിളിയിൽ ഒതുങ്ങുന്ന നിങ്ങളുടെ അന്വേഷണം. അതിപ്പോ ഇവിടെ ആയാലും നടക്കും. മമ്മിയെക്കുറിച്ച് ഓർത്ത് ഒട്ടും വിഷമം വേണ്ട…പിന്നെ നിങ്ങൾക്ക് മാനക്കേടുണ്ടാക്കുന്ന ഒന്നും ഇതു വരെ മമ്മി ചെയ്തിട്ടുമില്ല.പറഞ്ഞത് മനസ്സിലായെന്ന് കരുതുന്നു. സമയം വിലപ്പെട്ടതല്ലേ, സംസാരിച്ചു കളയേണ്ട.. ഇവിടെ എനിക്ക് പരമാനന്ദം.. ശരി.. വെയ്ക്കുന്നു.”
അപ്പുറത്ത് മകളുടെ മുഖത്ത് വിരിയുന്ന ഭാവം എന്തായിരിക്കും എന്നോർത്ത് ടീച്ചറിന് ചിരി വന്നു ഒപ്പം ഗൂഢമായ ഒരു സന്തോഷവും… പിന്നെ വിശ്രമമുറിയിലേക്ക്, പാട്ടു കേൾക്കാൻ നടന്നു.
തിരികെ ഒറ്റയ്ക്ക് വണ്ടിയോടിച്ചു വരുമ്പോൾ ജോയിയുടെ മുഖം വാടിയിരുന്നു.’ഓർമ്മയിൽ ടീച്ചറുടെ ശാന്തമായ അലിവുള്ള മുഖം തെളിഞ്ഞു.അല്ലെങ്കിലും പ്രിയപ്പെട്ടവർക്കൊപ്പമോ,കുട്ടികൾക്കൊപ്പമോ ഇരിയ്ക്കുമ്പോൾ മാത്രമാണല്ലോ ടീച്ചറെ ചിരിച്ചു കണ്ടിട്ടുള്ളത്’എന്നത് അയാൾ പ്രത്യേകം ഓർമ്മിച്ചു!
(സ്മിത. ആർ. നായർ,മാടത്താനിൽ, പനമറ്റം. P. O. കോട്ടയം- 22. ഫോൺ 8606579817)