കുഞ്ഞൗതോയും ചുമയും

 
 
 
കുഞ്ഞൗതോ നിറുത്താതെ ചുമച്ചു.
ചുമച്ചു ചുമച്ചു് കണ്ണ് പുറത്തേക്കു തള്ളി.
“എന്തൊരു ചൊമയാ മാപ്പളെ “
ഊഹാപോഹം മറിയ ചോദിച്ചു.
കുഞ്ഞൗതോ ചൊമ തെല്ലൊന്ന്  ഒതുക്കിയിട്ട് പാഞ്ഞു.
” മറിയപ്പെണ്ണിന് എന്നാ അറിയാം ഈ ചൊമ ചില്ലറ ഉപകാരമാണെടി “
“എന്നാ മാപ്പിള പറേന്നത്?”
മാപ്പിള പറഞ്ഞു.
എനിക്ക് മൂന്നല്ലോ പെമ്പിള്ളേര്….”
”അവരെ കെട്ടിക്കാൻ ഇതിയാൻ ഒന്നും
ചെയ്തില്ലന്നാണല്ലോ അറിവ് ….. കുടിച്ചു കൂത്താടി നടക്കണ മാപ്പിളക്ക് ഇപ്പ ഓർമ്മ വന്നാ പെമ്പിള്ളേരെ “
“അതെന്നാടി മറിയേ നീ അങ്ങനെ പറഞ്ഞേ “
കുഞ്ഞൗതോ ചോദിച്ചു.
മറിയയും വിട്ടില്ല.
“മാപ്പളേടെ കൊണവതിയാരം കൊണ്ട് മഠത്തിലെ കന്യാസ്ത്രീയമ്മമാരാണ് പിള്ളാരെ കെട്ടിച്ചതെന്ന് നാട്ടാർക്കറിയാം: “
മാപ്പിള പറഞ്ഞു.
“കന്യാസ്ത്രിമാര് സഹായിച്ചൂന്നുള്ളത് നേര്. പക്ഷെ, അതിന് ആരാ പണിപ്പെട്ടത്?”
“ആര് ” മറിയ ചോദിച്ചു.
കുഞ്ഞാതോ സംഭവം വിശദീകരിച്ചു.
” ഒരു ദെവസം കന്യാസ്ത്രികള് രാവിലെ വീട്ടീ വന്ന്. അവര് വന്നപ്പൊ ഒരു മൂന്നാലു വട്ടം നീണ്ട ഒരു ചൊമ ഞാനങ്ങ് കാച്ചി . അത് കണ്ടട്ടാണ് അവര് കല്യാണത്തിന് സഹായിച്ചത്.”
മറിയ വാ പൊളിച്ചു നിൽക്കുമ്പോൾ കുഞ്ഞൗതോ പറഞ്ഞു.
“ഞാനന്ന് ചൊമച്ചില്ലാർന്നെങ്കി കാണാർന്ന്. എല്ലാം മൂത്ത് നരച്ച് നിന്നേനെം.”
നിന്ന ചുമയുടെ ബാക്കി കൂടി കുഞ്ഞൗതോ  ചുമച്ചു.

You can share this post!