കലാലുദ്ദീൻ കുഞ്ഞ്

ആളുകൾക്കിരിക്കാൻ പാകത്തിൽ ഈ മുൾപ്പടർപ്പിന്‌ താഴെ തെങ്ങിൻകുറ്റികൾ സ്റ്റൂളുകൾ പോലെ ഉറപ്പിച്ച്‌ നിർത്തിയിരിക്കുന്നത്‌ കലാലുദ്ദീൻ കുഞ്ഞ് തന്നെയാകണം. ജലഗതാഗതവകുപ്പിൽ ഫെറിമാനായി ജോലി ചെയ്തിരുന്ന അയാൾ ഈ തടാകതീരത്ത്‌ സഞ്ചാരികൾക്കായി ഒരു ബോട്ട്‌ സർവ്വീസ്‌ നടത്തുന്നുണ്ടിപ്പോൾ. എട്ടു കിലോമീറ്റർ അകലെയുള്ള തന്റെ വീട്ടുപറമ്പിൽ നിന്ന്‌ രണ്ട്‍്‌ തെങ്ങുകൾ  പാകത്തിന്‌ മുറിപ്പിച്ച്‌ ഒരു മിനിലോറിയിൽ ഇവിടെ കൊണ്ടുവന്ന്‌ കടവിലും ഈ മുളങ്കൂട്ടങ്ങൾക്കിടയിലും ഉറപ്പിക്കാൻ അയാൾക്ക്‌ ചെറുതല്ലാത്ത ഒരു തുക ചെലവായിക്കാണും. എല്ലാ സൗന്ദര്യങ്ങളും സൗകര്യങ്ങളും തന്റേതു മാത്രമായിരിക്കണമെന്ന്‌ ശഠിക്കുന്നവരുടെ ലോകത്തിൽ പൊതുജനങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്ന, പൊതുഇടങ്ങളെ സ്വന്തം ചെലവിൽ  സൗന്ദര്യവൽക്കരിക്കുന്ന കലാലുദ്ദീൻ കുഞ്ഞിനെ കൂടുതലറിയണം.
വിശാൽ സാറിനൊപ്പം തടാകത്തിലേക്ക്‌ നോക്കിയിരിക്കുമ്പോൾ
കലാലുദ്ദീൻ കുഞ്ഞിനെക്കുറിച്ചാണ്‌ ചിന്തിച്ചുകൊണ്ടിരുന്നത്‌. നിറയെ സൗകര്യങ്ങളുള്ള തന്റെ മൊബെയിൽഫോണിൽ  എന്നെയുംകൂടി ഉൾപ്പെടുത്തി ഒരു സെൽഫിയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സാറപ്പോൾ. ഇടയ്ക്കെന്തോ പറഞ്ഞിരുന്നു, കേട്ടിരുന്നില്ല. കുറേനേരത്തേക്ക്‌ സകലതും കലാലുദ്ദേ‍ീൻകുഞ്ഞ്‌ കവർന്നു. രണ്ടുപേരും നന്നായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു സെൽഫിയെടുത്ത്‌ സഹോ ആന്റ്‌ സഹോ എന്ന അടിക്കുറിപ്പോടെ വിശാൽസാർ ഫെയ്സ്ബുക്കിലിട്ടു. പിന്നെ ആ പതിവ്‌ ചിരി- അട്ടഹാസമല്ല, നേർത്ത്‌ പതിഞ്ഞതുമല്ല അതിനിടയിലെ മൂന്നക്ഷരം – ഹാ.. ഹാ ഹാ…. സാറിനെ പരിചയപ്പെട്ടിട്ട്‌ പത്തുവർഷത്തോളമാകുന്നു. ആളുകളുമായുള്ള പരിചയത്തിന്റെ കാര്യത്തിൽ പത്ത്‌ വർഷം ഒരു വലിയ കാലമല്ല. അതിൽ കൂടുതൽ കാലമായി പരിചയമുള്ളവരുണ്ട്‌. പക്ഷെ ആഴത്തിൽ പരിചയപ്പെടാറോ ഇടപഴകാറോ ഇല്ല. ആരോടും സ്ഥായിയായ ഒരടുപ്പം ഇതുവരെയില്ല. കാണുന്നു കൈവീശുന്നു കടന്നുപോകുന്നു. എല്ലാവരും വലിയവരാണ്‌ അല്ലങ്കിൽ അങ്ങനെ നടിക്കുന്നവരാണ്‌. അവരുടെ തിരക്കുകൾക്കിടയിൽ, വലിയകാര്യങ്ങൾക്കിടയിൽ നമ്മുടെ സ്നേഹവും സൗഹൃദവും ചിന്തകളും മിക്കപ്പോഴും പരിഹാസ്യമാകും. പക്ഷെ ഈ മനോഭാവത്തെ വേരോടെ പിഴുതെറിഞ്ഞാണ്‌ വിശാൽസാർ ജീവിതത്തിലേക്ക്‌ നടന്നുകയറുന്നത്‍്‌, വേദനകളിലും വിഹ്വലതകളിലും ചെറിയ സന്തോഷങ്ങളിലും വല്ലപ്പോഴുമുള്ള യാത്രകളിലും ഒപ്പം നടക്കുന്നത്‌. സഹോ ആന്റ്‌ സഹോ വെറുമൊരടിക്കുറിപ്പല്ല. കഴിഞ്ഞ പത്ത്‌ വർഷത്തെ അനുഭവങ്ങളാണ്‌, നിസ്വാർത്ഥമായ കൊടുക്കൽവാങ്ങലുകളാണ്‌, വ്യക്തികേന്ദ്രീകൃത മല്ലാത്ത ചിന്തകളുടെ സമന്വയങ്ങളാണ്‌.
എടേ   കടത്തുകാരൻ കലാലുദ്ദേ‍ീൻകുഞ്ഞിനെ കാണുന്നില്ലല്ലോ. അയാൾ ഈ ബോട്ടുപേക്ഷിച്ചോ? തടാകസുന്ദരിയെ മൊഴിചൊല്ലിയോ? – അച്ചടിഭാഷയിൽ ചില്ലറ ഉച്ചാരണപിശകുകളോടെ വിശാൽസാർ ചോദിച്ചു. ഉച്ചസമയമല്ലേ സഞ്ചാരികളാരുമില്ലല്ലോ അതായിരിക്കാം എന്ന്‌ മറുപടി പറഞ്ഞെങ്കിലും മനസ്സിലോർത്തു – സാധാരണ അങ്ങനെയല്ല ഏതു നട്ടുച്ചനേരത്ത്‌ ഇവിടെയെത്തിയാലും  തന്റെ ബോട്ടിലിരുന്ന്‌ തടാകത്തിനെ ധ്യാനിക്കുന്ന കലാലുദ്ദേ‍ീൻകുഞ്ഞിനെ കാണാറുള്ളതാണ്‌. ഇയാളിതെവിടെപ്പോയി? ഊൺകഴിക്കാനാകില്ല, പൊതിച്ചോറ്‌ കൊണ്ടുവന്ന്‌ ബോട്ടിലിരുന്ന്‌ കഴിക്കുന്നതാണ്‌ കണ്ടിട്ടുള്ളത്‌ – എടേ രണ്ടു മണിയാകുന്നു? താൽപര്യമുണ്ടായിരുന്നില്ലെങ്കിലും പോകാനെഴുന്നേറ്റു. തീരത്തുനിന്നും നടന്ന്‌ ഒരു കയറ്റം കയറി മുകളിലെ റോഡിലെത്തണം. കയറ്റം കയറുന്നതിനിടയ്ക്ക്‌ ഇടതുവശത്തെ മുളങ്കൂട്ടങ്ങൾക്കിടയിൽനിന്ന്‌ അടക്കിപ്പിടിച്ച ഒരു സത്രീശബ്ദവും  ഉച്ചത്തിലുള്ള ഒരു പുരുഷശബ്ദവും കേട്ടു. അവിടേക്കുള്ള വഴി നന്നായി തെളിച്ചിട്ടിരിക്കുകയാണ്‌. പക്ഷെ അകത്താരാണെന്ന്‌ കാണാൻ കഴിയില്ല. വിശാൽസാർ ശബ്ദം തിരിച്ചറിഞ്ഞു – ?എടേ അത്‌ കലാലുദ്ദേ‍ീൻകുഞ്ഞിന്റെ ശബ്ദമാണല്ലോ അപ്പോൾ അയാൾ മരക്കുറ്റികൾ നാട്ടുന്നത്‌ മുളങ്കൂട്ടങ്ങൾക്കിടയിൽ മാത്രമല്ല . സാറിന്റെ ഭാഷയിലെ ദ്വന്ദ്വഭാവം ജനിപ്പിച്ച ചിരി അടക്കാൻ പ്രയാസപ്പെട്ടുകൊണ്ട്‍്‌ പറഞ്ഞു- ഏയ്‌ അതിനിത്ര ഉറക്കെ? കയർത്ത്‌ സംസാരിക്കണോ?? കലാലുദ്ദേ‍ീൻകുഞ്ഞിന്റെ ശബ്ദം ഇപ്പോൾ കേൾക്കാം – ?പ്രേമിക്കുന്നതിൽ ഒരു തെറ്റുമില്ല, തടാകത്തിന്റെ തീരത്തോ മുൾപ്പടർപ്പിന്റെ തണുപ്പിലോ എവിടെയിരുന്നുമാകാം. ലോകമായ ലോകം മുഴുവനും ചുറ്റിനടക്കാം. പക്ഷെ ഒന്നുരണ്ട്‌ കാര്യങ്ങളോർക്കണം. പ്രേമം സഭ്യമായിരിക്കണം കല്യാണം കഴിക്കണം, അതിനുശേഷവും മുഷിപ്പിക്കുന്ന ജീവിതത്തെ നയിക്കുന്നത്‌ ഈ പ്രേമമായിരിക്കണം. കുട്ടികൾ ജനിച്ചാലും മുടി നരച്ചാലും പല്ല്‌ കൊഴിഞ്ഞാലും മരിക്കുന്നതുവരെ പ്രേമിക്കണം- പെൺകുട്ടിയും അവളുടെ കാമുകനും പതിഞ്ഞ ശബ്ദത്തിലെന്തോ  പറയുന്നുണ്ട്‌.  കേൾക്കാനാകുന്നില്ല. എടേ കലാൽ ചില്ലറക്കാരനല്ല, ഇങ്ങനെയൊക്കെ സംസാരിക്കാൻ ഇയാളിതെങ്ങനെ പഠിച്ചു ജോലിയിലിരുന്നപ്പോൾ കലാലുദ്ദേ‍ീൻകുഞ്ഞ്‌ ഒരു സർവ്വീസ്‌ സംഘടനയുടെ നേതാവായിരുന്ന കാര്യം ഞാൻ ഓർമ്മിപ്പിച്ചു.
നാലഞ്ച്‌ ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കുപ്പികളുമായി ആ മുളങ്കൂട്ടങ്ങൾക്കിടയിൽനിന്ന്‌ പുറത്തേക്കുവന്ന കലാലുദ്ദീൻ  കുഞ്ഞിനെ കണ്ടതും വിശാൽസാർ അച്ചടിച്ചു – പ്രണയാധ്യാപകൻ കലാലുദ്ദേ‍ീൻകുഞ്ഞേ, എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ  സാറ്‌ കേട്ടോ എല്ലാം. എന്റെ ഒരു സുഹൃത്തിന്റെ മകളും കൂട്ടുകാരനുമാ നാലഞ്ചു ദിവസമായി ഞാൻ കാണുന്നു. മുന്നോ നാലോ വെള്ളക്കുപ്പികളുമായാണ്‌ വരവ്‌. പോകുമ്പോൾ ഈ കുപ്പികളൊക്കെ ഇവിടെത്തന്നെ ഇട്ടേച്ചുപോകും. നാലുദിവസമായി ഇവരുടെ മാത്രം പതിനെട്ടോളം കുപ്പികൾ ഞാൻ പറക്കിയെടുത്തു. ഇതൊക്കെ നമ്മുടെ പരിസ്ഥിതിക്ക്‌ ദോഷമല്ലേ സാറേ, ഈ തീരവും തടാകവും മരങ്ങളും  ഇങ്ങനെതന്നെ നിക്കണ്ടേ. കുപ്പികളിങ്ങനെ വലിച്ചെറിയരുതെന്ന്‌ പറയാൻ പോയതാ. കൂട്ടത്തിലൊരുപദേശവും, കുട്ടികൾ നല്ല വഴിയേ നടക്കട്ടെ. വാ സാറേ ബോട്ടിലിരിക്കാം. ഇന്നിനി വേണ്ട നാളെയാകട്ടെ, വല്ലാതെ വൈകി.
കയറ്റം കയറി റോഡിലെത്തുന്നതുവരെ ഞങ്ങളൊന്നും സംസാരിച്ചില്ല – എടേ പ്രണയത്തിന്റെ വർത്തമാനകാല വ്യവസ്ഥകളോട്‌ കലഹിക്കുന്ന കലാലുദ്ദേ‍ീൻകുഞ്ഞ്‌, ഈ തീരവും തണലും തടാകവും മാലിന്യത്തിന്റെ കടലെടുക്കാതെ കാക്കുന്ന കലാലുദ്ദേ‍ീൻകുഞ്ഞ്‌ .. നമ്മളിനിയും പലതും പഠിക്കാനുണ്ട്‌ അച്ചടിഭാഷ ആത്മഹർഷം നിഴലിച്ചുനിൽക്കുന്ന ഉച്ചാരണപ്പിശകുകൾ വിശാൽസാർ ചിരിച്ചു  ഹാ ഹാഹാ

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006