കണക്കിൻ്റെ കലാപം/ പി.കെ.ഗോപി

കടംകൊണ്ട വാക്കിൻ്റെ
ഭേദ്യങ്ങളിൽ നിന്ന്
വഴിപ്പന്തമേ,
ജ്വാലകളെ
രക്ഷിച്ചു കൊള്ളണേ!

കാണാതെ പഠിച്ച
കണക്കിൻ്റെ
കുറുക്കുവഴിയിലൂടെ
ഗുണനച്ചിഹ്നമേ,
അത്യാഗ്രഹങ്ങളുടെ
ഊടുവഴി തേടി
പീഠത്തിലേറരുതേ.

ഹരിച്ചു പാകപ്പെടുത്തിയ
ഫലത്തിൻ്റെ
നരകവേദനയിൽ
ഞരമ്പു തൊടാതെ
ഒറ്റയുത്തരവും
ശരിയാകാൻ
പോകുന്നില്ലെന്ന്
കണക്കറിയാത്ത എന്നെ
പഠിപ്പിച്ചത്
ആരാണാവോ?!

ആരായാലും
ആത്മവിദ്യാലയത്തിൽ
കൂട്ടിക്കിഴിച്ചു നോക്കാതെ
പരീക്ഷ ജയിക്കുന്നവരുടെ
കൂടെ നടക്കുമ്പോൾ,
പിഴച്ച കണക്കിൻ്റെ
ശിഷ്ടം വന്ന അക്കങ്ങൾ
തലയ്ക്കുള്ളിൽ
കലാപമുണ്ടാക്കി
പൊട്ടിത്തെറിക്കുന്നു !!

!

You can share this post!