റിപ്പോർട്ടേഴ്സ് ഡയറി
ഇംപ്രസിയോ
ഒരു ചിത്രകാരനെ മറവിയുടെ ചതുപ്പിൽനിന്ന് വീണ്ടെടുക്കുകയാണ്.
എം.ഐ. വേലു എന്നാണ് ആ ചിത്രകാരൻ്റെ പേര്. നിറക്കൂട്ടുകൾകൊണ്ട് മാന്ത്രികത സൃഷ്ടിച്ച വേലുവിനു ഉചിതമായ ഒരു സ്മാരകമാണ് ഈ ഡോക്കുമെൻ്ററി. മരണാനന്തരമാണ് വേലുവിനെ അനുവാചകർ വേണ്ടപോലെ കണ്ടെത്തുന്നതെന്ന പ്രത്യേകതയുണ്ട്.
ഒരു കലാകാരൻ്റ ജീവിതം ഭൗതികമായി മാത്രം ഒതുങ്ങുന്നില്ല. അനുവാചകരുടെ ഭാവിയിലും അയാൾ ജീവിക്കുകയാണ്. അലങ്കോലവും അസ്വസ്ഥതയും സൃഷ്ടിച്ചുകൊണ്ട്.വേലുവിൻ്റെ ഛായാചിത്രം വരച്ചുകൊണ്ടാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പേര് ‘നിറക്കൂട്ടുകളുടെ തമ്പുരാൻ ‘ എന്നാണ്. ഫ്യൂഡൽ സ്മരണകളുണർത്തുന്ന തമ്പുരാൻ എന്ന പേര് വേലുവിനു ചേരുമോ എന്നറിയില്ല .
ചിത്രകല ഇനിയും കേരളത്തിൽ വർണങ്ങളുടെയും ജ്ഞാനത്തിൻ്റെയും സാക്ഷരതയായി ഉയർന്നു വന്നിട്ടില്ല.
കൊല്ലം അരിനല്ലൂർ സ്വദേശിയാണ് വേലു .1906 ൽ ജനിച്ചു. വേലുവിൻ്റെ സംഭാവനകളെക്കുറിച്ച് പ്രമുഖ ചിത്രകാരന്മാരായ ബി.ഡി. ദത്തൻ, പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ ,നേമം പുഷ്പരാജ് ,മഞ്ഞിപ്പുഴ നടരാജൻ എന്നിവർ സൂക്ഷ്മമായ ചില വിലയിരുത്തലുകൾ നടത്തുന്നുണ്ട്. ഇവരെല്ലാം ഏകസ്വരത്തിൽ പറയുന്നുണ്ട് ,വേലു മഹാനായ ഒരു ചിത്രകാരനാണെന്ന്.
നാടകങ്ങൾക്ക് വേണ്ടി കർട്ടൻ വരച്ചുകൊണ്ടായിരുന്നു തുടക്കം. അവിടെ വേലു ഒരു താരമായി ഉയർന്നു. പിന്നീട് ഛായാചിത്രരചനയിൽ അത്ഭുതം സൃഷ്ടിച്ചു .
ഒരു സിനിമപോലെ ആസ്വദിക്കാവുന്ന ഡോക്യുമെൻററിയാണിത്. നിഴലും വെളിച്ചവും ചേർന്നു സംഗീതമുണ്ടാക്കുകയാണ്. ചിത്രകാരനെ മറവിയിൽ നിന്നു തിരിച്ചുകൊണ്ടുവരുന്നു.
വേലുവിൻ്റെ ഏറെ പ്രശസ്തമായ രചനയാണ് ശ്രീനാരായണഗുരുവിൻ്റെ ഛായാചിത്രം. ഗുരുവിൻ്റെ മനനത്തെയും ദർശനത്തെയും ആഴത്തിൽ അനുഭവിപ്പിക്കുന്ന ചിത്രമാണിത്. ഓർമ്മകൾക്കു ജീവൻ വയ്ക്കുകയാണെന്നു തോന്നും വേലുവിൻ്റെ ചിത്രങ്ങൾ കാണുമ്പോൾ .പാശ്ചാത്യ രചനാരീതി അവലംബിക്കാതെ വേലു തനതായ ശൈലി കണ്ടെത്തുകയായിരുന്നുവെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.
രാജാരവിവർമ്മയുടെ ശൈലി വേലു പിന്തുടർന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് വേലു രചിച്ചത്. ഒരു ചിത്രകാരൻ്റെ ജീവിതം രണ്ടുതരത്തിലാണ് വ്യാപിക്കുന്നത്. അത് എന്താണോ ആയിത്തീരുന്നത് അവിടെ വരെ എത്താൻ രണ്ടു വഴികൾ കാണാം. ജീവിതം നിലനിർത്താനാവശ്യമായ സമരമാണ് ഒന്ന്. മറ്റൊന്ന് ,കലാകാരൻ എന്ന നിലയിൽ താൻ കൈയ്യൊപ്പ് പതിപ്പിക്കാൻ ശ്രമിക്കുന്ന വൈകാരിക ജ്ഞാനം അനുവാചകരിലെത്തിക്കുന്നതിൻ്റെ പോരാട്ടമാണ് .അദ്ദേഹത്തിൻ്റെ ഛായാചിത്രങ്ങളിൽ വിഷാദത്തിൻ്റെ അന്തരംഗശ്രുതി പടരുന്നുണ്ട്. തൻ്റെ ജീവിതവിവശതകളെ വർണമാക്കി സന്നിവേശിപ്പിക്കുന്നതിനാണ് അദ്ദേഹം ഛായാചിത്രങ്ങൾ വരച്ചത്.
ദീപു തമ്പാൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചലച്ചിത്രകലയുടെ രമണീയമായ വശങ്ങൾ ഏതെല്ലാമെന്ന് ദീപുവിനറിയാം. മഞ്ജുള സുധാദേവി നിർമ്മിച്ച ഈ ചിത്രം ഗൂഗിളിൽ ലഭ്യമാണ്.
link