നാട്ടുഭാഷയിലെ ഉള്ളുകള്ളികൾ/കെ. വി. വാസുദേവൻ പാലക്കാട്‌

.

“എടവത്തില് മയ പൊട്ടിത്താവാന്തൊട്ങ്ങ്യാപ്പിന്ന ചിങ്ങം പെർന്നിറ്റേ ബെള്ളപ്പാച്ചില് ന്ക്കൂലൂ. ഇദ് പേട്ച്ചിറ്റ് മീനം പക് തിക്കന്നെ കൊത്തലും കെളക്കലും തൊട്ങ്ങും. ബെള്ളൂങ്ങന്റെ കയ്യോണ്ട് എന്ത്ന്ന് കുയ്ച്ച്ട്ടാലും അദ് പാങ്ങായ്റ്റന്നെ ബെരൂന്ന് എല്ലാരിക്കും അറിയാ. അദോണ്ടന്നെ മേടം ബന്നാപ്പിന്ന ബെള്ളൂങ്ങനും ഓറെ കൈക്കോട്ടിനും ബി ശ്രമേ ഇണ്ടാബൂല.”

കേരളത്തിന്റെ വടക്കേയറ്റത്തു ചെന്നാൽ കേക്കാനാവുന്ന മൊഴിയഴക്. യാത്ര ചെയ്തെത്തുന്നവർക്ക്‌ അതെന്തെന്നു തിരിച്ചറിയാൻ ഏറെ പണിപ്പെടേണ്ടി വരുന്നു.
നാട്ടുകാർക്കത് മലയാള ശ്രേഷ്ഠ ഭാഷ. അന്യർക്കത് അരോചകവും. കാസർഗോഡ്കാർക്ക് ‘വസ്സി’ എന്നാണ് പാത്രത്തിനു പേര്.
‘ശിഫ’ എന്നാൽ അസുഖവും.
പെണ്ണിന്റെ ‘കാപ്പാടം’ അവളുടെ കൊലുസ്സ്. ഓമനയെന്ന അരുമവിളി അവർ ‘വാല’ എന്ന് ചുരുക്കി വിളിക്കുന്നു. ഇതൊന്നും മനസ്സിലാവാതെ അവിടെ എത്തപ്പെട്ടതിനെ ആശങ്കയോടെ ‘തലയിലെഴുത്ത് ‘ എന്നു പഴിക്കുമ്പോൾ അവർ തിരുത്തി പറയും ‘അണേഭാരം’ എന്ന്.

ഇങ്ങ്‌ തെക്കേയറ്റത്തു ശ്രീപദ്മനാഭന്റെ തട്ടകത്തെത്തിയാലും ഏതാണ്ട് സ്ഥിതി ഇതു തന്നെ. മലബാറി മരച്ചീനിക്ക്‌ പകരം പറയുന്ന വാക്ക് ഇവർക്ക് മുട്ടൻ തെറിയാണ്. പെങ്ങളും സഹോദരിയുമൊക്കെ ഇവർക്ക് അക്കനാണ്. “എന്തരപ്പീ സുഖങ്ങള് തന്നേ.. ” എന്ന സ്നേഹാന്വേഷണം തന്നേ ആതിഥേയർക്ക് അരോചകം. കുടിക്കാൻ തരുന്ന നാരങ്ങാവെള്ളം അവർക്ക് ‘ബോഞ്ചി’ യാണ്. ചിന്ന മകൾ തയ്യാറാക്കിയ നാരങ്ങാവെള്ളം നൽകി അവർ അഭിമാനത്തോടെ പറയും “അപ്പി ഇട്ടതാണ്.”
അപ്പി അവർക്ക് പുന്നാര ചിന്ന മകൾ.

മധ്യകേരളത്തിനുമുണ്ട് തനത് ഭാഷ. തൃശ്ശൂർകാർക്ക് പയ്യനോട് സ്നേഹം തോന്നിയാൽ ‘ഇഷ്ടൻ’ എന്നാവും സംബോധന. ഇത്തിരി അപ്രിയം തോന്നിയാൽ ‘ഗഡി’ യാവും. കുഞ്ഞാണെങ്കിൽ എന്തൂട്ടാ ‘ക്ടാവേ’ എന്നും.
പാലക്കാട്ടുകാർക്ക് വീടിന്റെ പിൻഭാഗം ‘പര്യമ്പുറ’മാണ്. വൃത്തിയാക്കുന്നത് ‘ചൂലിൻകെട്ട് ‘ കൊണ്ടും..

നിലനിൽക്കേണ്ടത് തന്നെയാണ് നാട്ടുഭാഷ . അവരവരുടെ സംസ്കാര പൈതൃക മഹിമയുടെ സൂചകം തന്നെയാണത്. സമകാലിക
നവമാധ്യമ വസന്തകാലത്ത് പിറവികൊണ്ട ചാറ്റുഭാഷയും ഇന്ന് പ്രചുരപ്രചാരത്തിൽ. ‘തള്ളും, തെച്ചൊട്ടിക്കലുമൊക്കെ’ മക്കൾ ലാഘവത്തോട് മൊഴിയുന്നു നമ്മുടെ അകത്തളങ്ങളിൽ.

സിനിമയും സീരിയലുകളും മാത്രം ഇന്നും ചുറ്റിക്കറങ്ങുന്നു സവർണ്ണഭാഷയെന്ന മിഥ്യാ ധാരണയിൽ വള്ളുവനാടൻ ഭാഷയ്ക്കു ചുറ്റും. സമീപകാല എഴുത്തുകാർ ബോധപൂർവ്വം രചനയിൽ വിളക്കിചേർക്കുന്നു നാട്ടുഭാഷ വാക്കുകൾ.

ആശയപ്രകടനത്തിന് ബുദ്ധി വികസിച്ച ആദിമമനുഷ്യൻ കണ്ടെത്തിയ ഉപാധിയാണ് ശബ്ദവും, മൊഴിയും. പിന്നീടതിന് അക്ഷരരൂപവും കൈ വന്നു . ഒരു ഭാഷയും മറ്റു ഭാഷകളേക്കാൾ ശ്രേഷ്ഠമല്ല, നികൃഷ്ടവുമല്ല. ഭാഷയെ തിരിച്ചറിയുക. നാട്ടുഭാഷകളെ ആദരിക്കുക.

 
                       

You can share this post!