ഒൻപതാം സിംഫണി /കണ്ണനാർ

അശരീരി:
പർവ്വതങ്ങൾ നിലവിളിക്കും
പുഴകൾക്കു തീപിടിക്കും
കടലിന്റെ തുടൽ പൊട്ടും

ദയാലിന്റെ ധ്യാനത്തിന്റെ പുറന്തോടുപൊട്ടി

എനിക്ക് കാമനകളുടെ കാനന നിലവിളികളിൽ
നിന്നും മോചനം നേടണം, ബുദ്ധമരതണലിന്റെ നിഴൽ കോരിക്കുടിക്കണം.

ഹൊ! എത്ര വേഗം എനിക്കുമുന്നിലുള്ള
പാലം തകർന്നു വീഴുന്നു?

ബുദ്ധമരത്തിന്റെ ഒരു ഇലക്കുടപോലും എനിക്കു വേണ്ട;
ശിഖരത്തിന്റെ ഒരു ഞരമ്പുപോലും എനിക്കുവേണ്ട.

ദയാൽ-
കുഴിയാന വരച്ച ആടുകളുടെ ഛേദിക്കപ്പെട്ട ശിരസ്സുകണ്ടു ഭയന്നു കരഞ്ഞവൻ
നീലകർപ്പൂരമുഴിഞ്ഞ് കൈത്തലം പൊള്ളിയവൻ
കാമത്തിന്റെ പുലിവേഗത്തിന് ഇരയായവൻ
പാർത്തിനോൺ ക്ഷേത്രത്തിലെ “ഓറക്കിളി’ ന്റെ വെളിപാടു കേട്ടവൻ
ബിഥോവന്റെ ഒൻപതാം സിംഫണി അന്വേഷിച്ചലയുന്നവൻ

ചിത്രത്തിന്റെ ഇടവേള!

പ്രദോഷം
ഇളകുന്ന ചുവടുകൾ
കനലുലയുന്ന മൂന്നാം കണ്ണ്
തെറിച്ചുലയുന്ന ജട
ചിറകിളക്കുന്ന മണ്ണ്
കാറ്റിന്റെ ഖനനം

പാർവ്വതിയുടെ പ…
സ്പർശനത്തലം തുളച്ച് ഉള്ളിൽ കയറി.

“രക്തധമനികളിൽ ഒരു നീലനക്ഷത്രം’

ഭിഷഗ്വരന്റെ പരാഗണം
നടത്താത്ത വാക്കുകൾ.

ഇപ്പോൾ ദയാലിന്റെ ദർപ്പണത്തിൽ മുല്ല പൂക്കാത്ത
ചുവരുകളും ഘടികാരസൂചികളും ദൃശ്യമാണ്.
അക്കങ്ങളുടെ അമ്മയ്ക്ക് ചുറ്റും തീച്ചുവടുവെക്കുന്ന കുമ്മായമുഖങ്ങളുടെ
ആരവം ദയാൽ കേട്ടു.

വരു വരു ദയാൽ!:

ഋതുകോശങ്ങളാൽ നിർമ്മിക്കപ്പെട്ട എന്റെ പഞ്ചേന്ദ്രിയങ്ങളിലേക്കു വരു’

ദയാലിന്റെ നെഞ്ചകത്തിലൂടെ ഒരായിരം കറുത്ത കുതിരകൾ പാഞ്ഞു

ഗുരുവിന് പെരുവിരൽ മുറിച്ചു നീട്ടുന്ന ഏകലവ്യൻ.

കാട്ടുതീയിൽ പിടഞ്ഞു ദഹിക്കുന്ന ഗാന്ധാരി.

കാർക്കോടകന്റെ ദംശനമേറ്റു കാട്ടിലലയുന്ന
നളൻ.

വിറകിന്റെ രാസമാറ്റം ഗ്രഹിച്ച ഭിഷഗ്വരൻ ദയാലിന്റെ മൂർദ്ധാവിൽ തലോടി

വിഷമിക്കാതിരിക്കു; നിങ്ങളുടെ ശരീരത്തിനുള്ളിൽ
നിന്നുതന്നെയാണ് നിങ്ങൾ കേട്ട ശബ്ദം. .

ദയാലിന്റെ തിളയ്ക്കുന്ന ശരീരത്തിലൂടെ അവന്റെ കണ്ണുകൾ ഓടി നടന്നു.

ദയാൽ അമാനുഷികനായി

“രക്ത ധമനികളിൽ ഒരു നീല നക്ഷത്രം’

മഷിയെഴുതിയ മിഴികളുടെ ഭാഷ ദയാൽ വായിച്ചു.

“ഹെയ് നക്ഷതമേ, നീയെങ്ങിനെ എന്റെ ഉള്ളിൽ കടന്നു; എന്തിനെന്നെ ക്ഷണിക്കുന്നു?

“എനിക്ക് നിന്നെ വേണം. നിന്റെ വേനൽ നിലാവിൽ എനിക്കു നീന്തി തുടിക്കണം’

അരുത്. നിനക്ക് നന്നായറിയാം.
ജീവിതം
ക്ഷണികമാണ്.
എങ്കിലും നീയെന്നെ വിളിച്ചു. ഞാൻ വന്നു’

“ഇല്ല : എനിക്കാവില്ല. താഴ്വാരമെന്നേ കാത്തിരിക്കുന്നു’

ഉഷ്ണവാതത്തിന്റെ വേഗതയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് നക്ഷത്രം ചാലിച്ചുകൊണ്ടിരുന്നു.
ദയാൽ ആമത്തോടിനുള്ളിൽ കയറി

അശരീരി:

പർവ്വതങ്ങൾ നിലവിളിക്കും
പുഴകൾക്ക് തീപിടിക്കും
കടലിന്റെ തുടൽ പൊട്ടും.

ദയാൽ ചുടലച്ചുവടിളക്കി
പാർവ്വതി ശില വിട്ടുണർന്നില്ല.
നക്ഷത്രത്തിന്റെ തളരാത്ത ചലനം.

അസ്ഥികൾ ദ്രവിച്ച ജനലിനു പുറത്ത്
മഴയും വെയിലും ഒന്നിച്ചു പെയ്യുന്നു.
പാർവ്വതിയുടെയും നീല നക്ഷത്രത്തിന്റെയും
കരശാഖകൾ ദയാലിന്റെ പണിയൊപ്പികൊണ്ടിരുന്നു.
പാർവ്വതിയുടെ ഉദ്യാനത്തിലെ നിശാഗന്ധി വിടർന്നു
നീല നക്ഷതം കുറുകിച്ചുവന്നു
ധമനികൾക്കുള്ളിൽ നിന്ന് ഒരു പാവ് ചിറകു
കൂടത്തു പുറത്തുവന്നു.

ദയാലിന്റെ പ്രകാശതലത്തിൽ ബുദ്ധമരം ഒടിഞ്ഞു
വീഴുകയും
പുരുഷാർത്ഥം തിടമ്പേറ്റുകയും
ചെയ്തു.

You can share this post!