ഒസ്യത്ത്/സന്തോഷ്‌ ശ്രീധർ

                           

   

                              

ഭാഗപത്രം ചമച്ചൊരാ രാവിൽ
രാക്കിളികൾ കലമ്പി പിരിഞ്ഞുപോയി.

എങ്ങുപോം എങ്ങുപോം
എന്നറിയാത്ത പഥികന്റെ
പാഥേയ മാകുവാനാവാതെ,
സ്വതന്ത്ര രാവന്ന് ഏറെ കരഞ്ഞു പോയി.

ചക്രവാക പക്ഷി പിടഞ്ഞു വീണതാം
രാവിന്റെയന്ത്യത്തിൽ,
കൂട്ട കരച്ചിലായി.

രാത്രങ്ങൾ നീണ്ട യാത്രക്കൊടുവിലാ –
നവഖലി കണ്ടു തേങ്ങുവാനാവാതെ
യാത്ര ചൊല്ലി പിരിഞ്ഞു പോയി ഗാന്ധിജി.

ഏകോദര സോദരർ
പേറിയ മണ്ണിത്
വേറിട്ടു പോകുന്ന കാഴ്ച്ചകൾ
കാണുവാനാവാതെ,
കണ്ണുകൾ ചൂഴ്ന്നൊരാ വൃദ്ധന്റെ
നൊമ്പരം
അലയടിച്ചെത്തുന്നു
വീണ്ടുമീ ശീത വാതത്തിന്റെ ചൂരിലും.

You can share this post!