ഏകലവ്യന്‍ പ്രതികരിക്കുന്നു(ഖണ്ഡകാവ്യം )മലയാലപ്പുഴ സുധൻ

ഒന്ന്

വന്ദേ മഹാഗുരോ! ശ്രീമഹാഭാരത
കാവ്യം രചിച്ച മഹാകവേ, വന്ദനം!
ധര്‍മ്മസംസ്ഥാപകന്‍ കൃഷ്ണന്‍ തുണയ്ക്കയാല്‍
കുരുക്ഷേത്രയുദ്ധം വിജയിച്ചു ഞങ്ങള്‍.

എങ്കിലും ധര്‍മ്മബോധാഗ്നിയിലെന്മനം
രാപകല്‍ ചുട്ടുപൊള്ളുന്നു മഹാപ്രഭോ!
ഈധര്‍മ്മയുദ്ധത്തിലടരാടി ജീവിതം
ഹോമിച്ച വീരയോദ്ധാക്കളിലേത്ര പേര്‍
സംപൂജ്യരായ്ത്തീര്‍ന്നു വീരസ്വര്‍ഗ്ഗങ്ങളില്‍?
കൌരവരെത്ര പേര്‍? പാണ്ഡവരെത്ര പേര്‍?

വ്യാസഭഗവാന്‍റെ മുന്നില്‍ വിനീതനായ്
നിന്നുകൊണ്ടാരാഞ്ഞു സാദരം ധര്‍മ്മജന്‍.

     ഖണ്ഡം രണ്ട്

ധ്യാനനിമഗ്നനായ് വ്യാസ മഹാമുനി
ഗംഗാപുളിനം പ്രകമ്പനം കൊണ്ടു
വീരസ്വര്‍ഗ്ഗത്തിന്‍റെ ചക്രവാളങ്ങളില്‍
ആഹവനമന്ത്ര പ്രതിധ്വനി കേട്ടു…

കാതു കൂര്‍പ്പിച്ചു സുയോധനന്‍ കൌരവ
മുഖ്യനെഴുന്നേറ്റു ചുറ്റും പരതി…
അക്കാഴ്ചകണ്ടേറുമുല്‍സാഹമോടെ
മറ്റു കുരുക്കളും വീരനാം കര്‍ണ്ണനും
ഹിഡുംബീതനയനും കൂര്‍പ്പിച്ചു കാതുകള്‍
ഏകനായ് പിന്നാമ്പുറത്തു മരുവിയ
നിഷാദ യോദ്ധാവിന്‍റെ കര്‍ണ്ണപുടങ്ങളില്‍
കേട്ടൂ കുരുക്ഷേത്ര യുദ്ധകോലാഹലം!

മന്ത്രസ്വാധീനക്കുരുക്കിലകപ്പെട്ടു
പാര്‍ശ്വഭാഗത്തൊരു കോണിലൊതുങ്ങവേ
ഞെട്ടിത്തരിച്ചവന്‍ നേത്രം തുറന്നു…
വൈജയന്തീശക്തി പാഞ്ഞടുക്കുന്നതാ
ഹിഡുംബീതനയന്‍ നിലംപതിച്ചു!

“വൈജയന്തീശക്തി കര്‍ണ്ണന്‍ ത്യജിച്ചു!
മൃത്യു വരിച്ചവന്‍- പാർത്ഥാ ജയിച്ചു നീ
കാലം നിയോഗിച്ച കര്‍മ്മം നടന്നു!
കുണ്ഠിതം വേണ്ടെടോ യുദ്ധം തുടരുക…”

ആനന്ദ നര്‍ത്തനം ചെയ്യുന്നു കൃഷ്ണന്‍
കുരുക്ഷേത്ര ഭൂമി വിറച്ചു നില്‍ക്കേ.

കാതില്‍ മുഴങ്ങുന്നു വീണ്ടും പ്രതിധ്വനി
ആവഹനമന്ത്ര പ്രതിധ്വനി…
ദിവ്യാശ്വബന്ധിതം രത്നരഥമൊന്നതാ
ഭൌമയാത്രയ്ക്കായോരുമ്പെട്ടു നില്ക്കുന്നു!

ദുര്യോധനന്‍ കുരുമുഖ്യന്‍ സുശോഭിതന്‍
കൌരവപക്ഷത്തെ വീരയോദ്ധാക്കളും
ദിവ്യാസനങ്ങളിലുപവിഷ്ടരാണവര്‍
ആകാംക്ഷയോടവര്‍ കാക്കുന്നുണ്ടാരെയോ

ചെമ്പുതകിടില്‍ പൊതിഞ്ഞ രണ്ടാസനം
രത്നരഥത്തിലൊഴിഞ്ഞു കിടക്കുന്നു!
കണ്ണു തുടച്ചതാ പെരുവിരല്‍ത്തുമ്പിലൂ-
ടൂറുന്ന രുധിരം തുടച്ചടുക്കുന്നൊരാള്‍!

താളക്രമത്തിലായാവഹന മന്ത്രണം
അജ്ഞാതമാമൊരു ശക്തീപ്രവാഹം!
യാന്ത്രീകമായ് ഭീമപുത്രന്‍ നടന്നു
ദിവ്യരഥത്തിന്‍റെ വാതിലടഞ്ഞു!
ഗംഗാപുളിനം ശാന്തം സുശോഭിതം
വീരസ്വര്‍ഗ്ഗത്തിലെ നായകന്മാരുടെ
പിന്‍ നിര ചേര്‍ന്നു ഹസിച്ചു ഘടോല്‍ക്കചന്‍
നിണമൂറും പെരുവിരല്‍ പൊത്തീയപരന്‍…

        ഖണ്ഡം മൂന്ന്

ഭൌമസന്ദര്‍ശനം പൂര്‍ത്തിയാക്കീ വീര
സ്വര്‍ഗ്ഗത്തിലേക്കവര്‍ യാത്ര തിരിച്ചു
പൂര്‍വാശ്രമത്തിലെ ജീവിതക്കാഴ്ചകള്‍
മിന്നിമറഞ്ഞേകലവ്യന്‍റെ ദൃഷ്ടിയില്‍

“ ശബ്ദവേധാസ്ത്ര പ്രയോഗം നടത്തുവാൻ
സന്നദ്ധനായി ഞാൻ നിൽക്കുന്ന വേളയിൽ
അക്രമാസക്തനായ് നീട്ടിക്കുരച്ചൊരു
ശ്വാനന്റെ ശബ്ദമെൻ കാതിൽ പതിച്ചു.

തൽക്ഷണം സൂചിബാണങ്ങളേഴെണ്ണമാ
ശബ്ദസ്രോതസ്സിലേക്കെയ്തു ഞാൻ വിട്ടു
ശ്വാനന്റെ ശബ്ദം നിലച്ചു – പരീക്ഷയിൽ
തോൽവി പിണഞ്ഞില്ല – ഞാൻ ജയിച്ചു.

ഹര്‍ഷിതനായ് വനമല്ലികാപുഷ്പങ്ങള്‍
മാനസാചാര്യന്‍റെ പ്രതിമയ്ക്കു മുന്നില്‍
സാദരമര്‍പ്പിച്ചു കൈ കൂപ്പി നിന്നു ഞാന്‍
ധ്യാന നിരതനായ് ഭക്തിപൂര്‍വ്വം.

കാതു തുളക്കുന്ന നായാട്ടുഭേരിയും
കോലാഹലങ്ങളും കേട്ടു ഞാന്‍ ഞെട്ടി.
പ്രാണഭയം പൂണ്ടു പായുന്നു മാനുകള്‍
ഓരി മുഴക്കുന്നു കുറുനരിക്കൂട്ടം
ചിന്നം വിളിക്കുന്നു മത്തഗജങ്ങള്‍
പക്ഷികള്‍ ചിറകടിച്ചുയരുന്നു വാനില്‍
ഇളകുന്നു കാടുകളുള്‍ഭയം പൂണ്ടു ഞാന്‍
അസ്ത്രങ്ങൾ കൊണ്ടൊരു വേലി കെട്ടി;

വേലിക്കല്‍ വന്നൊരു ശ്വാനന്‍ കുരച്ചു
സൂചിബാണങ്ങളാല്‍ വായടപ്പിച്ചു ഞാന്‍
തല്‍ക്ഷണം വായവ്യ ബാണമച്ചു
ശരവേലി ഭേദിച്ചു പാര്‍ത്ഥന്‍ ധനുര്‍ദ്ധരന്‍.

കട പുഴകി വന്‍മരക്കൂട്ടം പതിച്ചു
സസ്യജാലങ്ങളമര്‍ന്നു ഞെരിഞ്ഞു
മേഘാസ്ത്രമൊന്നു ഞാന്‍ മന്ത്രിച്ചയച്ചു
സൂര്യനെ കാര്‍മുകില്‍ക്കൂട്ടം മറച്ചു

ഉല്‍സാഹമോടു വിളയാടിയര്‍ജുനന്‍
നേര്‍ക്കുനേര്‍ നിന്നടരാടിയീ ഞാനും
ഏതാണ്ടു രണ്ടര നാഴികയോളമാ
ബാണപ്രയോഗ വിളയാട്ടം നീണ്ടു

“കാട്ടിലെ വില്ലാളീയുള്ളം കുളിര്‍ത്തെടോ
നിര്‍ത്താം വിളയാട്ടം” – അര്‍ജുനന്‍ ചൊല്ലി.
മന്ദസ്മിതം തൂകി വേഗം നടന്നെന്‍റെ
മുന്നിലണഞ്ഞവന്‍ ചോദിച്ചു സാകൂതം:

“ശബ്ദവേധാസ്ത്ര പ്രയോഗ നിപുണനാം
വില്ലാളി വീരാ! നീയാരുടെ ശിഷ്യന്‍?
അര്‍ജുനന്‍ ചോദിച്ച ചോദ്യത്തിനുത്തരം
നല്‍കുവാനാകാതെ ഞാന്‍ കുഴങ്ങി.

“ പ്രത്യക്ഷ ഗുരുവെന്നു ചൊല്ലിയറിയിക്കാ-
നങ്ങനെയാരുമില്ലീ ഭൂമിയില്‍.
കളരിത്തറയില്‍ പ്രതിഷ്ഠിച്ചിരുത്തിയ
മൃണ്‍മയരൂപിയാണെന്‍റെയാചാര്യന്‍
വന്നാലും യുവരാജാ – എന്‍റെ ഗുരുവര-
നാരെന്നു നേരിട്ടു കണ്ടറിഞ്ഞാലും”.
സാദരമര്‍ജുനനോടു ഞാന്‍ ചൊല്ലി.

പാണ്ഡവ വീരനാമര്‍ജുനനുല്‍സാഹ
ഭരിതനായ് കാനനവാസിയാമെന്‍റെ
കളരിത്തറയിലേക്കടിവച്ചു നീങ്ങി…
പൂവിട്ടു പൂജിച്ചു പ്രാര്‍ത്ഥിച്ചു നിത്യവും
ഞാന്‍ കാക്കും ദ്രോണപ്രതിമയില്‍ നോക്കി
സ്തംഭിത ഗാത്രനായ് നിന്നു യുവരാജന്‍
ഏതോ നിഗൂഢ വികാരപ്പകര്‍ച്ചയാല്‍
തേജോമുഖം വാടി – വിഷണ്ണനായ്
വെക്കം തിരിഞ്ഞു നടന്നു ധനഞ്ജയന്‍.

ഖണ്ഡം നാല്

അന്നും പതിവുപോല്‍ കാനന മദ്ധ്യത്തി –
ലേകനായഭ്യാസം ചെയ്യാനൊരുങ്ങവേ
കേട്ടൂ പെരുമ്പറ ഘോഷമകലെ
സാകൂതം കാതുകള്‍ കൂര്‍പ്പിച്ചു കാടകം
വീക്ഷിച്ചു കുന്നിന്‍ നെറുകയിലെത്തി ഞാന്‍

ഹസ്തിനാപുരിയിലെ രാജഗുരുവതാ
സംഹാരരുദ്രനെപ്പോലടുക്കുന്നു!
നിഴല്‍ പോലെ കൂടെയുണ്ടര്‍ജുനന്‍ പിന്നാലെ
രക്ഷകന്മാരായി രാജഭടന്മാരും.

എന്തിനുവേണ്ടിയിട്ടാവാം ഗുരുവിന്‍റെ
യീപ്പുറപ്പാടെന്നു ചിന്തിച്ചതിദ്രുതം
കാട്ടുമല്ലിപ്പൂക്കള്‍ കൊണ്ടൊരു മാല ഞാന്‍
കെട്ടിയുണ്ടാക്കി കളരിത്തറയിലെ
ദ്രോണപ്രതിമയില്‍ ചാര്‍ത്തി വിനീതനായ്

എത്തീ ഗുരു ദ്രോണര്‍ കത്തിയെരിയുന്ന
നേത്രാഗ്നി കണ്ടു ഞാനന്തിച്ചു പോയി…

“ആരാണ് നിന്‍ ഗുരു? ശബ്ദലക്ഷ്യത്തിലേ-
ക്കുന്നം പിഴയ്ക്കാതെ അസ്ത്രമയയ്ക്കുവാന്‍
നിന്നേപ്പഠിപ്പിച്ച ഗുരുവാരെടോ?
ധര്‍മ്മശാസ്ത്രങ്ങള്‍ വിലക്കിയ വിദ്യ നീ
എങ്ങനെ സാക്ഷാല്‍ക്കരിച്ചെടുത്തു?
ആരാണ് നിന്‍ ഗുരു ? ദ്രോണ പ്രതിമയെ
മറയാക്കി നീയൊളിപ്പിക്കുന്നതാരെ?
സത്യം മറ നീക്കിചൊല്ലൂ മടിയാതെ”.

സത്യം മറ നീക്കി ചൊല്ലുവാന്‍ കല്പിച്ച
ദ്രോണരോടെന്തു പറയണമെന്നു ഞാന്‍
ചിന്തിച്ചരക്ഷണം ധ്യാനിച്ചു ദേവിയെ.

“ എകൈകമദ്വയം ശുദ്ധസ്വരൂപകം
വിദ്യാവിലാസം സ്വതന്ത്ര പ്രധാനം
ജ്ഞാനാഗ്നിയാളി ജ്വലിക്കുന്നിടത്തെല്ലാം
ആവിര്‍ഭവിക്കുന്ന തേജോവിലാസം.

ഉള്‍ക്കാത്തിനുള്ളിലശരീരി കേട്ടു ഞാന്‍
സ്ഥലകാല ബോധം മറന്നൊട്ടു നേരം
യാന്ത്രീകമായ് പിന്നെയിങ്ങനെ ചൊല്ലി:

“ കാട്ടാളനാണ് നീ – ജന്മനാ ശൂദ്രത്വം
തീണ്ടിയ നിന്നെയെന്‍ ശിഷ്യസംഘത്തില്‍
ചേര്‍ക്കാന്‍ വിധിയില്ല ധര്‍മ്മശാസ്ത്രങ്ങളില്‍”.
ഹസ്തിനാപുരിയില്‍ വച്ചന്നു ഭഗവാന്‍റെ
കല്പന കേട്ടു നിരാശനായ്ത്തീര്‍ന്ന ഞാന്‍
അവിടുത്തെ വിഗ്രഹം കളിമണ്ണിലുണ്ടാക്കി
മാനസാചാര്യനായ് കല്പിച്ചിരുത്തി.
പൂവിട്ടു പൂജിച്ചു നിത്യം വണങ്ങി
ധനുര്‍വിദ്യ യാചിച്ചു മാസങ്ങളോളം
മാനസാചാര്യനായ് നിഷാദന്‍ വരിച്ചാല്‍
ശിഷ്യത്വമേകുമോ ഭാരദ്വജന്‍?
നിഷ്ഫലമായെന്‍റെ യത്നങ്ങളെല്ലാം
കണ്ണുനീര്‍ വാര്‍ത്തു ഞാന്‍ കാലം കഴിച്ചു…

കാലങ്ങളങ്ങനെയെണ്ണിക്കഴിക്കവേ
വിദ്യാവിലാസിനിയാകുന്ന ദേവിയെ
ധ്യാനിച്ചു ജ്ഞാനതപസ്സിലേര്‍പ്പെട്ടു ഞാന്‍…
എന്‍ തപോനിഷ്ഠയില്‍ സംപ്രീതയായി
സര്‍വ്വസ്വതന്ത്രയാം വിദ്യാവിലാസിനി
വിദ്യ തന്നെന്നെ അനുഗ്രഹിച്ചു.

കാടാളി വാഴുന്ന ഗോത്രവീരന്മാരെ
ശൂദ്രന്‍മാരായി കരുതുന്നു വേദജ്ഞര്‍
അവരുടെ ചിന്തകളെത്ര വിചിത്രം!
ഭാവനാ യുക്തികളെത്ര നികൃഷ്ടം!
ആരെയും വെല്ലുവാനല്ല ധനുര്‍വിദ്യ
സ്വായത്തമാക്കിയതേകലവ്യന്‍ .

കളരിത്തറയില്‍ പ്രതിഷ്ഠിച്ചിരുത്തിയ
ദ്രോണര്‍ നിഗൂഢ പ്രതീക ബിംബം.
വ്യാഖ്യാന പണ്ഡിതന്മാരാലികഴ്ത്ത
പ്പെട്ടുപോകില്ലെന്‍റെ മാനസാചാര്യന്‍.
അവിടുന്നു തന്നെയാണെന്‍ ഗുരുനാഥനെ –
ന്നറിയപ്പെടുന്നതാണീയെനിക്കിഷ്ടം.
ആദരവോട്ടും വിടാതെ ഞാന്‍ ചൊല്ലി.

ദ്രോണന്‍റെ കണ്ണിലെ ചെന്തീയണഞ്ഞു
വിജയന്‍റെ കണ്‍കളില്‍ നോക്കിയാചാര്യന്‍
മൂകനായ് സംവാദം ചെയ്തൊട്ടു നേരം
ചൊല്ലീയനന്തരമെന്നോടായിങ്ങനെ:

“അനന്യനാം വില്ലാളിവീര! മഹാബാഹോ!
മാനസാചാര്യനായെന്നെ സ്വയം വരം
ചെയ്തവനാകയാല്‍ നീയെന്‍റെ ശിഷ്യന്‍
ദക്ഷിണ നല്കിയനുഗ്രഹം വാങ്ങുക”.

ദക്ഷിണാ ദ്രവ്യമായ് നല്കേണ്ടതെന്തെന്നു
കല്പിച്ചനുമതി നല്കിയാലും ഗുരോ!
ആനന്ദതുന്ദിലനായി ഞാൻ ചൊല്ലി:

“വലതു കരത്തിലെ പെരുവിരല്‍ നല്‍കൂ”.
നിസ്സംഗനായ് ഗുരു കല്പിച്ചു തല്‍ക്ഷണം.
ഗുരു കല്പന കേട്ടു ഞാനൊന്നു ഞെട്ടി…

ഖണ്ഡം അഞ്ച്

വില്ലാളിവീരനാമെന്‍റെ പെരുവിരല്‍
ദക്ഷിണാദ്രവ്യമായ് ചോദിച്ചു വാങ്ങുവാന്‍
ഹസ്തിനാപുരിയിലെ രാജഗുരുവിനു
പ്രേരണയുണ്ടാവാന്‍ കാരണമെന്താവാം?

ശ്രദ്ധാന്വിതനായിയാചാര്യ വചനങ്ങള്‍
മനത്തട്ടിലിട്ടു ഞാന്‍ പാറ്റിക്കൊഴിച്ചു…
വില്ലാളിവീരനാമര്‍ജുനനോടേറ്റു
മുട്ടുകയില്ലെന്ന സത്യപ്രതിജ്ഞാ
പ്രതീകമാണാചാര്യന്‍ ചോദിച്ച ദക്ഷിണ.
മനനാഗ്നിയില്‍ വെന്ത ചിത്തം പറഞ്ഞു.

മാനസാചാര്യന്‍റെ പാദം നമിച്ചു
പെരുവിരല്‍ ഛേദിച്ചു നാക്കിലത്തുമ്പില്‍
വയ്ക്കുന്നതായുള്ളില്‍ സങ്കല്‍പം ചെയ്തു
മാനസ ദക്ഷിണ നല്‍കീ വിനീതനായ് .

ജ്ഞാനനേത്രം തുറന്നാനന്ദ മഗ്നനായ്
തലയില്‍ കരം വചനുഗ്രഹിച്ചൂ ഗുരു

“അതുല പ്രഭാവനാം വില്ലാളിവീരാ
ഹസ്തിനാപുരിയിലെ രാജഗുരുവിനെ
മാനസാചാര്യനായ് സ്വയം വരം ചെയ്ത നിന്‍
ഗൂഢമാം യുക്തിയെ വാഴ്ത്തും ബുധന്മാർ.”
അനുഗ്രഹം നല്‍കിപ്പിരിഞ്ഞൂ ഗുരു ദ്രോണര്‍
നിഴല്‍ പോലെ പിന്നാലേയര്‍ജുനനും”.

You can share this post!

One Reply to “ഏകലവ്യന്‍ പ്രതികരിക്കുന്നു(ഖണ്ഡകാവ്യം )മലയാലപ്പുഴ സുധൻ”

Comments are closed.