1912 സെപ്റ്റന്പർ 20ന് ഫെലീസിനയച്ച കാഫ്കയുടെ കത്ത്.
കാഫ്ക (Kafka) യുടെ കഥകളും നോവലുകളും പോലെ തന്നെ വളരെ പ്രശസ്തമാണ് കാഫ്കയുടെ കത്തുകൾ. അദ്ദേഹം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രണയിനികൾക്കും എഴുതിയ കത്തുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്
ഫെലിസെ ബവായെ ഈ കത്തിൽ കാഫ്ക ഫ്രോയ്‌ലൈൻ (Fräu·lein) ബവാ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഫ്രോയ്‌ലൈൻ എന്നത് ഒരിക്കൽ ജർമ്മൻ ഭാഷയിൽ അവിവാഹിതയായ പെൺകുട്ടികളെ അഭിസംബോധന ചെയ്യുന്ന രീതിയായിരുന്നു. പിന്നീട് ഈ പ്രയോഗം മോശമായി കണക്കാക്കപ്പെടുകയും, 1972ൽ ജർമ്മൻ മിനിസ്ട്രി ഓഫ് ഇന്റീരിയർ ഈ അഭിസംബോധനയുടെ ഔദ്യോഗിക പ്രയോഗം വിലക്കിയിരുന്നു. ചില പോപ്പ് കൾച്ചറുകളിൽ ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ന് ഈ പ്രയോഗം അനാദരവും സെക്സിസം അടങ്ങിയതുമായി കരുതിപ്പോരുന്നു. 2002ലെ ജർമ്മൻ ഓൺലൈൻ ഡിക്ഷണറി
ഡൂഡെനിൽ “ഒരു സ്ത്രീ ആവശ്യപ്പെടാതെ അവരെ ഫ്രോയ്‌ലൈൻ എന്ന് അഭിസംബോധന ചെയ്യാൻ പാടില്ല” എന്നും പറയുന്നു.
വാർക്കർസ് ആക്സിഡന്റ് ഇൻഷൂറൻസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ലെറ്റർഹെഡിൽ 1912 സെപ്റ്റന്പർ ഇരുപതിന് ഫെലീസിനയച്ച കാഫ്കയുടെ കത്തിന്റെ മലയാളം പരിഭാഷ.
എന്റെ പ്രിയപ്പെട്ട ഫ്രോയ്‌ലൈൻ ബവാ,
നിങ്ങൾക്ക് എന്നെ കുറിച്ച് വിദൂരമായൊരോർമ്മ പോലും കാണില്ല എന്നതിനാണ് സാധ്യത എന്നിരിക്കെ, ഞാൻ വീണ്ടും എന്നെ പരിചയപ്പെടുത്തുന്നു: എന്റെ പേര് ഫ്രാൻസ് കാഫ്‌ക്ക. അന്ന് ആ സായാഹ്നം പ്രാഗിലെ ഡയറക്ടർ ബ്രോഡിന്റെ വസതിയിൽ നിങ്ങളെ ആദ്യമായി അഭിവാദ്യം ചെയ്തത് ഞാനായിരുന്നു. അതിനു ശേഷം നിങ്ങൾക്കെതിർവശം ഇരുന്ന് മേശക്കപ്പുറത്തു നിന്നും ഒന്നൊന്നായി ഒരു താലിയ യാത്രയുടെ ഫോട്ടോകൾ നിങ്ങൾക്ക് കൈമാറിയയാൾ,. ഒടുവിൽ ഈ ടൈപ്പു ചെയ്യുന്ന കൈകൾ കൊണ്ടു തന്നെ അടുത്ത വർഷം പലസ്തീനിലേക്ക് എന്റെ കൂടെ പോരാൻ വാക്കുതന്ന നിങ്ങളുടെ ആ കൈ പിടിച്ചയാൾ.
ഇപ്പോൾ, ആ യാത്രയേറ്റെടുക്കാൻ നിങ്ങളിനിയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ- ആ സമയത്ത് നിങ്ങളൊരു ചഞ്ചലഹൃദയയല്ല എന്നെന്നോട് പറഞ്ഞിരുന്നു, ഞാനും അതിന്റെ ഒരടയാളവും നിങ്ങളിൽ കണ്ടില്ല- എന്നാൽ പിന്നെ ആ യാത്രയെ കുറിച്ച് ചര്‍ച്ചചെയ്ത് തുടങ്ങുക എന്നത് ഉചിതം മാത്രമല്ല തീർത്തും അത്യാവശ്യം കൂടിയല്ലേ. എല്ലാ അർത്ഥത്തിലും വളരെ ചെറുതായ ഈ ഒഴിവുകാലത്തിന്റെ ഓരോ നിമിഷവും നമുക്ക് പൂർണ്ണമായും പ്രയോജനകരമാക്കണം. പ്രത്യേകിച്ചും പലസ്തീനിലേക്കുള്ളൊരു യാത്ര, ഇത് സംഭവ്യമാക്കാൻ നമുക്ക് കഴിയുന്നത്ര നന്നായി നമ്മളെ സജ്ജരാക്കണം, അതും എല്ലാ തയ്യാറെടുപ്പിലും പൊരുത്തപ്പെട്ടുകൊണ്ട്.
ഒരു കാര്യം എനിക്കേറ്റു പറയാനുണ്ട്, അസുഖകരമായി തോന്നുന്ന, ഞാൻ ഇപ്പോൾ പറഞ്ഞതുമായി ഒട്ടും യോജിക്കാത്തതൊന്ന്: ഞാൻ താന്തോന്നിയായൊരു കത്തെഴുത്തുകാരനാണ്. അതെ, ഒരു ടൈപ്പ് റൈറ്റർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതിലും മോശമായേനെ; അതായത് എന്റെ മനഃസ്ഥിതി ഒരു കത്തിനു സമാനമല്ലെങ്കിലും എഴുതാൻ എന്റെ വിരലുകൾ എന്നും തയ്യാറാണ്. നേരേമറിച്ച്, പുതിയൊരു പ്രതീക്ഷയോടെ ഒരു കത്തിനായി ദിവസവും കാത്തിരിക്കുന്പോഴും, ഒരു കത്തിനും തിരിച്ചൊരുത്തരം ഞാൻ പ്രതീക്ഷിക്കുന്നില്ല; അത് വന്നില്ലെങ്കിൽ ഞാൻ തെല്ലും നിരാശപ്പെടില്ല. ഒടുവിൽ അത് വന്നാൽ തന്നെ അവിശ്വാസ്യതയോടെ ഒന്ന് ഞെട്ടാനാണ് ഞാനിഷ്ടപ്പെടുക. ഒരു പുതിയ കടലാസ്സ് എന്റെ ടൈപ്പ് റൈറ്ററിന്റെയിടയില്‍ തിരുകുന്നതിനിടയിൽ, ഞാനുള്ളതിനേക്കാൾ ദുഷ്കരമായാണ് സ്വയം വിവരിച്ചിരിക്കുന്നത് എന്നെനിക്ക് ബോധ്യപ്പെടുന്നു. ഞാനീ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാനതർഹിക്കുന്നു, അല്ലാതെ എന്തിന് ഞാൻ ആറു മണിക്കൂർ ഓഫീസിൽ ചിലവിട്ടിട്ട് ഈ കത്തെഴുതാൻ തീരുമാനിച്ചു, അതും എനിക്ക് പരിചിതമല്ലാത്തൊരു ടൈപ്പ് റൈറ്ററിൽ.
എങ്കിലും, എങ്കിലും- ഒരു ടൈപ്പ് റൈറ്റർ ഉപയോഗിക്കുന്നതിന്റെ ഒരേയൊരു കുഴപ്പം നമ്മൾ പറഞ്ഞ കാര്യത്തിന്റെ തുടർച്ച നമുക്ക് തന്നെ നഷ്ടപ്പെടും എന്നതാണ്- എന്നെ, ഒരു സഹയാത്രികനായി തിരഞ്ഞെടുക്കുന്നതിൽ സന്ദേഹങ്ങളുയർന്നാൽ, അതായത് പ്രായോഗികമായ സംശയങ്ങൾ ഉണ്ടായാൽ – വഴികാട്ടി, ശല്യം, സ്വേച്ഛാധിപതി, എന്നിങ്ങനെ മാറിയേക്കാവുന്ന മറ്റെന്തെങ്കിലുമായി എന്നെ കണ്ടാൽ ഇതോർക്കുക. മറ്റൊരാള്‍ക്ക് വേണ്ടി കത്തെഴുതുന്ന ഒരാളെന്ന നിലയിൽ എന്നോട് മുൻകൂട്ടിയുള്ള എതിര്‍പ്പുകളൊന്നും പാടില്ലെന്ന് അഭ്യർത്ഥിക്കുന്നു- തൽക്കാലത്തേക്ക് ഇത് മാത്രമാണ് മുൻപിലുള്ള ഒരേയൊരു വിവാദവിഷയം- എന്നിരിക്കെ നിങ്ങൾക്ക് വേണമെങ്കിൽ എന്നെ വിചാരണ ചെയ്യാം.
ഹൃദയപൂര്‍വ്വം
ഡോക്ടർ ഫ്രാൻസ് കാഫ്‌ക്ക
പ്രാഗ്
Note:
താലിയ യാത്ര – ഇത് കാഫ്കയും മാക്സ് ബ്രോഡും വീമറിലേക്ക് 1912ൽ നടത്തിയ യാത്രയാകണം. മ്യൂസിയവും ലൈബ്രറികളും സന്ദർശിച്ച ഈ യാത്രയെ താലിയ എന്ന ഗ്രീക്ക് ഹാസ്യ ദേവതയുമായി താരതമ്യപ്പെടുത്തിയതായിരിക്കണം.