എം.കെ.ഹരികുമാർ ഇരുനൂറ് പുസ്തകങ്ങൾ സംഭാവന ചെയ്തു

കൂത്താട്ടുകുളം ശ്രീധരീയം നഗർ ലൈബ്രറിക്ക് എം.കെ. ഹരികുമാർ സംഭാവനയായി നല്കിയ ഇരുനൂറ് പുസ്തകങ്ങൾ പ്രസിഡൻ്റ് ഹരി എൻ നമ്പൂതിരി ഏറ്റുവാങ്ങുന്നു.

ഒരു നല്ല വാചകം മതി ,ജീവിതം മാറാൻ ‘

കൂത്താട്ടുകുളം:പുസ്തകത്തിലെ ഏതെങ്കിലുമൊരു വാചകത്തിനു നമ്മെ സമൂലമായി മാറ്റിമറിക്കാൻ കഴിയുമെന്നു ചിന്തിച്ചുകൊണ്ട് വേണം ഏത് പുസ്തകവും കൈയിലെടുക്കാനെന്നു സാഹിത്യകാരനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കൂത്താട്ടുകുളത്ത് ശ്രീധരീയം നഗർ ലൈബ്രറിയിലേക്ക് തൻ്റെ  ശേഖരത്തിൽ നിന്ന് ഇരുനൂറ്  പുസ്തകങ്ങൾ സംഭാവന ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഓരോ പുതിയ പുസ്തകവും കുറെ വായനക്കാരെ സൃഷ്ടിക്കുന്നുണ്ട്. ഏത് പുതിയ എഴുത്തുകാരനും ഈ കാര്യത്തിൽ ഒരു സംഭാവനയുണ്ട്.  പുസ്തകത്തിൻ്റെ മൂല്യത്തെക്കുറിച്ചുള്ള  ചർച്ച ആരംഭിക്കുന്നതിനു മുമ്പുള്ള കാര്യമാണിത്. എഴുത്തുകാർക്ക് അവരുടെ പുസ്തകത്തെക്കുറിച്ച് വായനക്കാർ എന്ത് പറയുമെന്നറിയാൻ  വലിയ ജിജ്ഞാസയാണുള്ളത്. അവർ അത് നല്ല വായനക്കാർക്ക് എത്തിച്ചു കൊടുക്കും. എനിക്ക് നൂറുകണക്കിനു പുസ്തകങ്ങൾ എഴുത്തുകാർ തന്നെ ഈ രീതിയിൽ തന്നിട്ടുണ്ട് .അവർ അതിനോടൊപ്പം അയയ്ക്കുന്ന കത്തുകൾ എന്നെ വികാരാധീനനാക്കുകയാണ്. അതുകൊണ്ട് പുസ്തകത്തോടുള്ള എൻ്റെ ബന്ധം വായനയ്ക്കും അപ്പുറമാണെന്നു ഹരികുമാർ പറഞ്ഞു. 

ഞാൻ വായിച്ച പുസ്തകങ്ങൾ ലൈബ്രറികൾക്കും വ്യക്തികൾക്കും സംഭാവന ചെയ്യുന്നത് ഇതാദ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം ആയിരം പുസ്തകങ്ങൾ ഇതുപോലെ നൽകിയിട്ടുണ്ട്. എൻ്റെ സാഹിത്യജീവിതത്തിൽ ലൈബ്രറികൾക്ക് വലിയ സ്ഥാനമാണുള്ളത്. കൂത്താട്ടുകളം പഞ്ചായത്ത് ലൈബ്രറിയിൽ ചേർന്നത് ഒൻപതാം ക്ളാസിൽ  പഠിക്കുമ്പോഴാണ്. പിന്നീട് കുറവിലങ്ങാട് ദേവമാതാ കോളജിലും മൂവാറ്റുപുഴ നിർമ്മലാ കോളജിലും പഠിക്കുമ്പോൾ അവിടങ്ങളിലെ ലൈബ്രറി ഉപയോഗിച്ചു. നിർമ്മലാ കോളജ് ലൈബ്രറി അധികൃതർ ഇക്കണോമിക്സ് വിദ്യാർത്ഥിയായ എനിക്ക് സാഹിത്യകൃതികൾ  എടുക്കുന്നതിനു വിലക്കേർപ്പെടുത്തി.  അങ്ങനെയാണ് ഞാൻ കോട്ടയം പബ്ലിക് ലൈബ്രറിയിലേക്ക് പോയത്. അവിടെനിന്ന് മാസത്തിൽ നാലു പുസ്തകങ്ങൾ കൊണ്ടുവന്നു .എൻ്റെ ആദ്യകൃതിയായ ‘ആത്മായനങ്ങളുടെ ഖസാക്ക്'(1984)എഴുതിയത് നർമ്മലാ കോളജിൽ പോസ്റ്റ് ഗ്രാജുവേഷനു പഠിക്കുമ്പോഴാണ്. അതിനു വേണ്ടി വായിച്ച പുസ്തകങ്ങളെല്ലാം ശേഖരിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നായിരുന്നു .പിന്നീട് എറണാകുളത്തേക്ക് താമസം മാറ്റിയതിനു ശേഷമാണ് എറണാകുളം പബ്ലിക് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു തുടങ്ങിയത് – അദ്ദേഹം പറഞ്ഞു .

എൻ്റെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ സർക്കാർ ജോലിയിൽ നിന്നും  അധ്യാപക ജോലിയിൽ നിന്നും ഒഴിഞ്ഞു നിന്നത്‌. സർക്കാർ സർവീസിലേക്ക് അപേക്ഷ പോലും അയച്ചില്ല. ഒരു പത്രപ്രവർത്തകനാകണമെന്നും പത്രത്തിൻ്റെ വലിയ പേജിൽ  ലേഖനങ്ങൾ എഴുതണമെന്നും ചെറുപ്പത്തിൽ തന്നെ ആഗ്രഹിച്ചു .അത് സഫലമാവുക മാത്രമല്ല ,പരമാവധി ആസ്വദിച്ചു ചെയ്തിട്ടുമുണ്ട് .പത്രപ്രവർത്തന കാലത്ത് ആരംഭിച്ച ‘അക്ഷരജാലകം’ എന്ന എൻ്റെ കോളം ഇപ്പോൾ ഇരുപത്തഞ്ചാം വർഷത്തിൽ എത്തി നിൽക്കുകയാണ് – ഹരികുമാർ ഓർമ്മിച്ചു.

“ഒരു എഴുത്തുകാരനെന്ന നിലയിൽ ഇപ്പോഴും എന്നെ അലട്ടുന്നത് പുസ്തകങ്ങൾ വയ്ക്കാനുള്ള ഇടവും ആവശ്യമായ പുസ്തകങ്ങൾ കിട്ടാനുള്ള സാഹചര്യവും ഇല്ല എന്നുള്ളതാണ്. ലൈബ്രറിയിൽ നിന്നും ഇൻ്റർനെറ്റിൽ നിന്നും പുസ്തകങ്ങൾ കിട്ടുന്നുണ്ട്. എന്നിട്ടും വേണ്ടത്ര പുസ്തകങ്ങൾ ലഭിക്കുന്നില്ല എന്ന അവസ്ഥയാണുള്ളത്. ഒരെഴുത്തുകാരനു ഒരുപാട് സ്ഥലം വേണം .വീട്ടിലെ നാലു മുറികളിൽ  രണ്ടെണ്ണം ഞാൻ അപഹരിച്ചു കഴിഞ്ഞു. എന്നാൽ എന്റെ പുസ്തകങ്ങളും അവാർഡ് ശില്പങ്ങളും മറ്റും വയ്ക്കാൻ ഈ സ്ഥലം തീർത്തും അപര്യാപ്തമായിരിക്കയാണ്”.

നല്ല വായനക്കാർ ഇപ്പോഴുമുണ്ട്. അവരാണ് എഴുതാൻ പ്രേരിപ്പിക്കുന്നത്. എൻ്റെ ഏത് രചനയും ആവേശത്തോടെ വായിക്കുന്നവരെ എനിക്കറിയാം .ആഴ്ചതോറും എൻ്റെ കോളം വായിച്ച് അഭിപ്രായം അറിയിക്കുന്നവരുണ്ട്. അത് ധാരാളം പേർ കാത്തിരിക്കുകയാണ്. എൻ്റെ ഇരുപത്തെട്ടു പുസ്തകങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു വിളിക്കുന്നവരും സന്ദേശമയയ്ക്കുന്നവരുമുണ്ട് .പക്ഷേ, അവർക്ക് കൊടുക്കാൻ എന്റെ കൈയിൽ പുസ്തകങ്ങളില്ല. എൻ്റെ പുസ്തകങ്ങളിൽ പലതും സ്റ്റോക്ക് തീർന്നിരിക്കയാണ്. ഞാൻ എഴുതിയ നൂറുകണക്കിന് ലേഖനങ്ങൾ പുസ്തകമാക്കുക ശ്രമകരമാണ്.  എൻ്റെ കഴിവിനപ്പുറത്തേക്ക് വ്യാപിച്ച കാര്യമാണിത്. മാഗസിനുകളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും പംക്തികളും ഞാൻ ബ്ലോഗിൽ അപ്ലോഡ് ചെയ്തു വായനക്കാർക്ക് ലിങ്ക് അയച്ചു കൊടുക്കുകയാണിപ്പോൾ .എന്നെ വായനക്കാർ ആവേശപൂർവ്വമാണ് സമീപിക്കുന്നത്. എനിക്കൊരിക്കലും വായനക്കാരില്ലാതെ വന്നിട്ടില്ല.

ലൈബ്രറി പ്രസിഡൻ്റ് ഹരി എൻ. നമ്പൂതിരി പുസ്തകങ്ങൾ ഏറ്റുവാങ്ങി. റോബിൻ വൻനിലം, സി.ആർ.രവീന്ദ്രൻ ,ബിജൂ തോമസ് ,വള്ളിയാങ്കൽ രവി തുടങ്ങിയവർ പ്രസംഗിച്ചു

You can share this post!

One Reply to “എം.കെ.ഹരികുമാർ ഇരുനൂറ് പുസ്തകങ്ങൾ സംഭാവന ചെയ്തു”

  1. സർ നിങ്ങളുടെ ഈ നല്ല മനസ്സിന് ആയിരം അഭിവാദ്യം.
    ഇനിയും കൂടുതൽ എഴുതി നല്ല സുഹൃത്ത്ബന്ധങ്ങൾ ഉണ്ടാവട്ടെ

    നന്ദി

Comments are closed.