ഋതുസംക്രമം–44

നോവൽ അവസാനിക്കുന്നു…

 

അമ്മ സ്ട്രോക്ക് വന്നു ഹോസ്പിറ്റലിലാണ്എന്നറിയിച്ചു കൊണ്ടുള്ള മനുവേട്ടന്റെ ഫോൺ . താനുടനെ ഹോസ്പിറ്റലിലേക്ക് യാത്ര തിരിച്ചു . ഉണ്ണിമായ ഡോക്ടറായി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലാണ് മനുവേട്ടന്റെ അമ്മ കിടന്നത് . താൻ ചെല്ലുമ്പോൾ വിനുവും ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു . അവനു ഉണ്ണിമായയോടുള്ള അടുപ്പം അപ്പോഴും നിലനിൽക്കുന്നതായി താനറിഞ്ഞതു അന്നാണ് . ഉണ്ണിമായക്കും അവനോട് പ്രേമമുള്ളതായി അറിഞ്ഞു . മനുവേട്ടൻ എല്ലാമറിഞ്ഞിട്ടും മൗനം പാലിക്കുന്നതായി താൻ മനസ്സിലാക്കി . മനുവേട്ടന്റെ അമ്മയുടെ ഇടതു വശത്തെ ശാരീരിക ചലനശേഷിഅപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു . അതോടെ സംസാരശേഷി നഷ്ടമായി. അവർക്കു തന്നോടെന്തൊക്കെയോ പറയാനുണ്ടെന്ന് തോന്നി ആ കണ്ണുകൾ തന്നെ കണ്ടപ്പോൾ നിറഞ്ഞു വന്നു . താനടുത്തു ചെന്നപ്പോൾ അവർ വലതുകരം കൊണ്ട് തന്റെ കരം ഗ്രഹിച്ചു . തന്നോട് പഴയ ശത്രുത മനുവേട്ടന്റെ അമ്മക്കില്ലെന്ന് തനിക്ക് ബോധ്യമായി. ഉണ്ണിമായ വിനുവിന്റെ സമീപം നിൽക്കുന്നത് കണ്ടപ്പോൾ ആ മുഖം ആനന്ദത്താൽ വികസിതമായി .മകളെ ആരെയെങ്കിലും പിടിച്ചേൽപ്പിക്കുവാൻ അവർക്കു ധൃതിയുള്ളതായി ആ മുഖം വിളിച്ചറിയിച്ചു . മനുവേട്ടനും ഒടുവിൽ തന്നോടത് തന്നെ തുറന്ന് പറഞ്ഞു .

എനിക്ക് തോന്നുന്നത് നമുക്ക് അമ്മയുടെ അനുവാദത്തോടുകൂടി തന്നെ വിനുവിന്റെയും ഉണ്ണിമായയുടെയും വിവാഹം നടത്താമെന്നാണ് .താനെന്തു പറയുന്നു ?”

എനിക്ക് പൂർണ സമ്മതമാണ് മനുവേട്ടാ

കാലമെന്ന മഹാമന്ത്രികന്റെ കരവിരുതുകൾ മനുവേട്ടന്റെ അമ്മയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടാവാം.പ്രത്യേകിച്ച് ഈ അവശനിലയിൽ .അങ്ങനെ ഓർത്തുകൊണ്ട് താൻ പറഞ്ഞു

.”അവർ തമ്മിൽ ചേരണമെന്നായിരിക്കും കാലത്തിന്റെ തീരുമാനം . അതിനായിട്ടായിരിക്കും ഉണ്ണിമായയുടെ വിവാഹം ഇത്രനാളും വൈകിയത്” .

അങ്ങിനെ ആ വിവാഹം തീരുമാനിക്കപ്പെട്ടു . ഉണ്ണിമായയെപ്പോലെ ഒരമ്പലവാസിക്കുട്ടിയെവിനു വിവാഹം കഴിക്കുന്നതിൽ കുടുംബത്തിൽ മറ്റാർക്കും എതിർപ്പുണ്ടായിരുന്നില്ല . അവർ തമ്മിൽ നല്ല ജാതക ചേർച്ചയും ഉണ്ടായിരുന്നു . മൂത്തന്നൂർ ദേവി ക്ഷേത്രത്തിൽ വച്ച് ആ വിവാഹം നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും ഞങ്ങൾ ചെയ്തു തുടങ്ങി . അതിനിടയിലാണ് നാട്ടിൽ ആ മഹാസംഭവംനടക്കുന്നത് . മൂത്തന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിൽ നൂറോളം പേർക്ക് പരിക്കേൽക്കുകയും ചിലർ മരിക്കുകയും ചെയ്തു . കളക്ടറെന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ വന്നു വീണു . താനാണത്രേ ശരിയായ ലൈസൻസ് ഇല്ലാത്തവർക്ക്അമ്പലത്തിൽ വെടിക്കെട്ടു നടത്തുന്നതിന് അനുമതി നൽകിയത് . വേണ്ടത്ര സുരക്ഷാ നടപടികൾ എടുക്കാതെയാണ് അവർ വെടിക്കെട്ടു നടത്തിയത് . മിത്രനും കൂട്ടരുമായിരുന്നു അതിനു പിന്നിലെന്ന് പിന്നീട് താനറിഞ്ഞു . തന്നെ അപമാനിക്കുവാനായി മനഃപൂർവം അവർ സൃഷ്ടിച്ചെടുത്തതാണീ സംഭവം . മാത്രമല്ല ഉണ്ണിമായയുടെയും വിനുവിന്റെയും വിവാഹം ആ ക്ഷേത്രത്തിൽ വച്ച് നടക്കരുതെന്നും അവർ ലക്ഷ്യമിട്ടു . നാട് നീളെ തനിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു . താൻ മനീഷ് വാര്യരുമായി അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്നും .കോഴ വാങ്ങിയാണ് താൻ വെടിക്കെട്ടിന് അനുമതി നൽകിയതെന്നും അവർ പറഞ്ഞു പരത്തി . വെടിക്കെട്ടിൽ സംഭവിച്ച അപാകതകളെക്കുറിച്ച് ഗവണ്മെന്റ് തലത്തിൽ അന്വേഷണം നടന്നു . പണ്ടേ ശത്രുതയുണ്ടായിരുന്ന ഗവണ്മെന്റും തനിക്കെതിരായി . താൻ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ടതോടെ മിത്രനും കൂട്ടരും ആഘോഷത്തിമിർപ്പിലായി . അഗ്നി കുണ്ഡത്തിലെന്നപോലെ നാളുകൾ തള്ളി നീക്കുമ്പോൾ മനുവേട്ടൻ ഒരു കുളിർ തെന്നലായി തനിക്കു ആശ്വാസം പകർന്നു . വിനുവിന്റെയുംമായയുടെയും വിവാഹം മാറ്റി വക്കപ്പെട്ടു . ജാതിക്കോമരങ്ങളായ മിത്രനും കൂട്ടർക്കും അത് സന്തോഷം പകർന്നു . അതറിഞ്ഞു മനുവേട്ടൻ പറഞ്ഞു

.” നമ്മൾ തോറ്റുകൊടുക്കരുത് പ്രിയ . നമുക്കീ വിവാഹം മൂത്തന്നൂർ ക്ഷേത്രത്തിൽ വച്ച് തന്നെ നടത്തണം. ഈ നാട്ടിൽ മറ്റാരും കാണാത്ത ഒരു വിവാഹമായിരിക്കണമത് മിത്രനോടും കൂട്ടരോടും നമുക്കങ്ങനെയെ പകരം വീട്ടാൻ കഴിയുകയുള്ളൂ ”.

മനുവേട്ടൻ അങ്ങിനെ പറഞ്ഞു കൊണ്ട് വീണ്ടും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി . ഇതിനിടയിൽ ആരതിയുടെ ഫോൺ കാൾ തനിക്കു വന്നു . അവൾ പാലക്കാട്ട് സിറ്റി പോലീസ് കമ്മീഷണറായി ചാർജെടുത്തിരിക്കുന്നു എന്ന ആഹ്ലാദ വർത്തമാനം അറിയിക്കുന്നതിനാണ് അവൾ തന്നെ ഫോൺ വിളിച്ചത് . പുതിയ സ്ഥാനലബ്ധിയിൽ താനവളെ അഭിനന്ദനമറിയിച്ചു .നിധീഷിപ്പോൾ ഡൽഹിയിലാണ് ജോലി ചെയ്യുന്നതെന്നും അവരുടെ വിവാഹം ഉടൻ നടത്തുവാൻ ശിവൻകുട്ടി അമ്മാവൻ സമ്മതമറിയിച്ചിട്ടുണ്ടെന്നും അവൾ അറിയിച്ചു. മനസ്സിൽ കുളിർ മഴ പെയ്യിച്ച ആ വർത്തമാനങ്ങൾ എരിഞ്ഞുകൊണ്ടിരുന്ന അഗ്നികുണ്ഡത്തെ മിക്കവാറും തണുപ്പിച്ചു .

അന്നൊരു ഞായറാഴ്ച . മുത്തശ്ശിയെ കാണണമെന്ന് തോന്നി. താൻ തറവാട്ടിലേക്ക് പുറപ്പെട്ടു . അന്ന് മുത്തശ്ശി പ്രസ്സന്നവതിയായിരുന്നു . നാളുകൾക്കു ശേഷം തികഞ്ഞ ഉണർവോടെയും തിരിച്ചറിവോടെയും മുത്തശ്ശി തന്റെ കൈപിടിച്ചു സംസാരിച്ചു .

അമ്മൂ നിന്റെ വിവാഹം നടന്നു കാണാൻ കൊതി തോന്നുന്നു . നീയും മനീഷുമായുള്ള വിവാഹം എത്രയും പെട്ടെന്ന് നടന്നു കണ്ടെങ്കിൽ ഈ മുത്തശ്ശിക്ക് സന്തോഷത്തോടെ മരിക്കാമായിരുന്നു” . മുത്തശ്ശിയുടെ വാക്കുകൾ തേൻ മഴയായെങ്കിലും ഹൃദയത്തിൽ തങ്ങി നിന്ന നിരാശാബോധം തന്നെ നിശ്ശബ്ദയാക്കി . ഒടുവിൽ മുത്തശ്ശി പുഞ്ചിരിയോടെ പറഞ്ഞു

നീ വിഷമിക്കേണ്ട അമ്മൂ . ശ്രീദേവി നിങ്ങളുടെ വിവാഹത്തിനു പൂർണ സമ്മതം നൽകും . എനിക്കുറപ്പുണ്ട്. മരിക്കുന്നതിന് മുമ്പ് എനിക്കതു കാണാനാകും”.

പ്രവാചകയെപ്പോലെ മുത്തശ്ശി പറഞ്ഞത് കേട്ട് ആ കരങ്ങളെടുത്ത് കണ്ണിൽ ചേർത്തു. കെട്ടിപ്പിടിച്ചപ്പോൾ കണ്ണുനീർ ധാരധാരയായൊഴുകി മുത്തശ്ശിയുടെ മാറിൽ വീണു .തേൻ മഴ പെയ്യിച്ചു കൊണ്ട് ആ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിൽ മുഴങ്ങി . വികാരഭരിതമായ മനസ്സോടെ താൻ മടങ്ങിപ്പോന്നു മുത്തശ്ശിയുടെ നില ക്രമേണ മെച്ചപ്പെട്ടു . കാർത്തികവല്യമ്മ നിത്യവും മുത്തശ്ശിയുടെ ആരോഗ്യ നിലയെപ്പറ്റി തന്നെ അറിയിച്ചുകൊണ്ടിരുന്നു .നിത്യവുമുള്ള ക്ഷേത്ര ദർശനത്തിലൂടെ താൻ മനസ്സിന്റെ സമനില നിലനിർത്തി . എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു .

ആരതിക്കായിരുന്നു തന്റെ കേസിന്റെ അന്വേഷണച്ചുമതല. കേസിന്റെ പുരോഗതിയെല്ലാം അവൾ തന്നെ അപ്പപ്പോൾ വിളിച്ചറിയിച്ചുകൊണ്ടിരുന്നു . ഇടക്കിടക്ക് തനിയ്ക്ക് കോടതിയിൽ ഹാജരാകേണ്ടി വന്നു . ആരതി തനിക്കനുകൂലമായ എല്ലാ തെളിവുകളും ശേഖരിച്ചു മിത്രനെയും കൂട്ടരെയും പ്രതികളായി കണ്ടെത്തി . പബ്ലിക് പ്രോസിക്ക്യൂട്ടറിന്റെ വാദഗതികളും കേസ് തനിക്കു അനുകൂലമാക്കിത്തീർത്തു . ഒടുവിൽ ഒരു ദിനം ആരതി തന്നെ വിളിച്ചറിയിച്ചു .” ചേച്ചിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവായി . ”

ആഹ്ലാദത്തിന്റെ ചിറകടിയൊച്ചകൾ മനസ്സിൽ മുഴങ്ങി . ആരതി തന്നോടുള്ള കടപ്പാടുകൾക്ക് ഉത്തരം നൽകിയതായി തോന്നി . താൻ നന്ദി അറിയിച്ചപ്പോൾ അവൾ പറഞ്ഞു .

ഇതുകൊണ്ടൊന്നും എന്റെ കടപ്പാടുകൾ തീരില്ല ചേച്ചി .ചേച്ചിയോടുള്ള തീർത്താലും തീരാത്ത കടപ്പാടുകൾ ജമാന്തരങ്ങളോളംഎന്നിൽ വ്യാപരിച്ചു കിടക്കും

നിരപരാധിത്വം വെളിപ്പെട്ടതോടെ താൻ കുറ്റവിമുക്തയായി വീണ്ടും സർവീസിൽ ചേർന്നു . മനുവേട്ടനും അതറിഞ്ഞു ആഹ്ലാദത്തിന്റ കൊടുമുടിയിലെത്തിച്ചേർന്നു .ഇതിനിടയിൽ ആ സന്തോഷ വർത്തമാനവും താൻ കേട്ടു . മിത്രനെ പട്ടണത്തിൽ വച്ച് അറസ്റ്റ് ചെയ്തു എന്ന വാർത്ത . ആരതിയാണ് ആ കൃത്യവും നിർവഹിച്ചത് . തന്റെ കേസ് കൂടാതെ, മറ്റൊരു വ്യഭിചാരക്കുറ്റത്തിന് അയാളെയും കൂട്ടരെയും ഏതാനും സ്ത്രീകളോടൊപ്പം പട്ടണത്തിലെ ഒരു ലോഡ്ജ് മുറിയിൽ വച്ച് പോലീസുകാർ അറസ്റ്റ് ചെയ്യുകയായിരുന്നു . ആരതി ഫോണിലൂടെ ആ വാർത്ത അറിയിക്കുകയും പിറ്റേന്ന് പത്രത്തിൽ ആ വാർത്ത കാണുകയും ചെയ്തതോടെ ഹൃദയം ഇരമ്പിയാർത്തു . ഒരു വലിയ ശത്രു തന്റെയും മനുവേട്ടന്റെയും ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നതായി അനുഭവപ്പെട്ടു . മനുവേട്ടനും ആ വാർത്ത ആനന്ദം പകരുന്നതായിരുന്നു . തങ്ങളുടെ ജീവിതത്തിൽ വിലങ്ങു തടിയായി നിന്നിരുന്ന പലതും കാലപ്രവാഹത്തിലൊഴുകി നീങ്ങുന്നത് കണ്ടപ്പോൾ ഹൃദയം ആനന്ദഭരിതമായി .

ഒരു ദിനംബംഗ്ലാവിന്റെ മുറ്റത്തു വെറുതെ ഉലാത്തിക്കൊണ്ടിരുന്നപ്പോൾ മനുവേട്ടൻ കാറിലെത്തി . ആ മുഖം പൂർണചന്ദ്രനെപ്പോലെ തുടുത്തിരുന്നു . അദ്ദേഹം അടുത്തെത്തി, തന്റെ കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞു .

അമ്മ നമ്മുടെ വിവാഹത്തിന് അനുമതി നൽകിയിരിക്കുന്നു . വലതു കൈകൊണ്ടു പേപ്പറിൽ എഴുതി സമ്മതം അറിയിക്കുകയായിരുന്നു . നമ്മുടെയും ഉണ്ണിമായയുടെയും വിവാഹം ഉടനെ നടന്നുകാണാൻ ആഗ്രഹമുള്ളതായി അമ്മ അറിയിച്ചു . ”

അപ്പോൾ, പ്രസ്സന്നവദനനായി പൂർണ ചന്ദ്രൻ തെങ്ങോലകൾക്കിടയിലൂടെ എത്തിനോക്കുന്നത് താൻ കണ്ടു . എങ്ങോ മറഞ്ഞിരുന്ന് ഉയരുന്ന കുയിൽ നാദവും ഞങ്ങളുടെ ആഹ്ലാദത്തിൽ പങ്കു ചേർന്ന് മുഴങ്ങിക്കേട്ടു . ഒരായിരം കതിന വെടികൾ അന്തരംഗത്തിൽ ഒന്നിച്ചു മുഴങ്ങുന്ന അനുഭവം. എല്ലാം മറന്ന് താൻ മനുവേട്ടനെആലിംഗനം ചെയ്തു . ആ കരവലയത്തിൽ അമർന്നുനിന്നപ്പോൾ ഈ ലോകം മുഴുവൻ താൻ പിടിച്ചടക്കിയതായി തോന്നി . ഹൃദയത്തിലൂടെ ഒഴുകിയിറങ്ങിയ നദി പ്രവാഹത്തിന്റെ കുളിർമഴയിൽ നീന്തി താൻ തറവാട്ടിലേക്ക് ഓടിച്ചെന്നു . മുത്തശ്ശിയുടെ കരവലയങ്ങളെടുത്ത് കണ്ണിൽ ചേർത്ത് താൻ പറഞ്ഞു

.”മുത്തശ്ശിയുടെ പ്രവചനം ഫലിച്ചു . മനുവേട്ടന്റെ അമ്മ സമ്മതം അറിയിച്ചു. ഇനി മുത്തശ്ശി ആഗ്രഹിച്ചത് ഉടനെ നടക്കും . എന്റെയും മനുവേട്ടന്റെയും ഇടയിൽ വിവാഹത്തിന് നിലനിന്നിരുന്ന എല്ലാ തടസ്സങ്ങളും ഇല്ലാതായിരിക്കുന്നു മുത്തശ്ശി . ”

മുത്തശ്ശിയുടെ വദനത്തിൽ നിറഞ്ഞു നിന്ന പ്രകാശധാര ഉച്ചനേരത്തെ തുടുത്ത വെയിലിനെപ്പോലും തോൽപ്പിക്കുന്നതായിരുന്നു .

ഞാൻ പറഞ്ഞില്ലേ അമ്മൂ . ഞാൻ നിങ്ങളുടെ വിവാഹം കണ്ടിട്ടേ മരിക്കുകയുള്ളൂ എന്ന് . ”

ഒരിയ്കൽകൂടി പൊട്ടിച്ചിരികളുമായി ചിങ്ങപ്പുലരി കടന്നു വന്നു . മൂത്തന്നൂർ ദേവീക്ഷേത്രത്തിൽ വച്ച് വിനുവിന്റെയും ഉണ്ണിമായയുടെയും വിവാഹം നടത്തുവാൻ തീരുമാനിച്ചു . ഒപ്പം ആരതിയുടെയും നിധീഷിന്റെയും വിവാഹവും ആ ദിനം തന്നെ മൂത്തന്നൂർ ക്ഷേത്രത്തിൽ വച്ച് നടത്തുവാൻ ശിവൻ ചേട്ടനോടാലോചിച്ചു ഞങ്ങൾ തീരുമാനിച്ചു . പെട്ടെന്നാണ്ഇടിത്തീ പോലെ ആവാർത്ത കേട്ടത് .മനുവേട്ടന്റെ അമ്മ ഈ ലോകത്തോട് യാത പറഞ്ഞു എന്ന വാർത്ത .ഒരിക്കൽക്കൂടി ആഹ്ലാദം കടുത്ത ദു:ഖത്തിന് വഴിമാറി . ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം മനുവേട്ടൻ പറഞ്ഞു .

രണ്ടു വിവാഹങ്ങളും മാറ്റിവച്ചേതീരൂ . അമ്മക്ക് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ അഭിലഷിച്ചത് കാണാൻ കഴിയാതെ പോയി . ”

വീണ്ടും നിറഞ്ഞ ദുഃഖ ഭാരവുമായി ദിനങ്ങൾ ഓടി മറഞ്ഞു . എന്നാൽ ഈ ദിനങ്ങളിലെ പരസ്പരമുള്ള ആശ്വസിപ്പിക്കൽ തന്നെയും മനുവേട്ടനെയും കൂടുതൽ അടുപ്പിച്ചു .അതുപോലെ ഉണ്ണിമായക്ക് കരുത്തായി വിനുവും കൂടെ നിന്നു . ദുഖത്തിന്റ അലകടലിലൊഴുകി ആറുമാസം കൂടി കടന്നുപോയി . അപ്പോൾ വിവാഹത്തെപ്പറ്റി ഞങ്ങൾക്ക് വീണ്ടും ആലോചിയ്ക്കേണ്ടി വന്നു . മുത്തശ്ശി ഞങ്ങളുടെ വിവാഹം നടന്നുകാണാൻ തിരക്കുകൂട്ടിത്തുടങ്ങിയിരുന്നു . നേരത്തെ തീരുമാനിച്ചതുപോലെ രണ്ടു വിവാഹങ്ങളും ഒന്നിച്ചു നടത്താൻ ഞങ്ങൾ തീരുമാനിച്ചു .ഒരാഴ്ച കഴിഞ്ഞുള്ള ശുഭ മുഹൂർത്തത്തിൽ ഞങ്ങളുടേതും .

മൂത്തന്നൂർ ക്ഷേത്രത്തിൽ അതിനുള്ള ഒരുക്കങ്ങൾ നടത്തി . മുത്തശ്ശിയെ സാക്ഷി നിർത്തി ആർഭാടമായി ആ വിവാഹങ്ങൾ നടത്തുമ്പോൾ ഞങ്ങൾ കൂടുതൽ പക്വതയുള്ളവരായി തീർന്നതായി തോന്നി .ഗംഭീര വിവാഹ സദ്യ ഉണ്ടിറങ്ങിയവർ പരസ്പരം പറഞ്ഞു . ”ശ്രീ ശങ്കരനും പാർവതി ദേവിയെയും പോലെ…. എത്ര ചേർച്ചയാണ് അവർക്കു തമ്മിൽ . ജാതിമതാദി ചിന്തകൾക്കൊന്നും ഈലോകത്തു ഒരു സ്ഥാനവുമില്ല .”

പിന്നീട് നിരത്തുവക്കിൽ കിടക്കുന്ന കാറിൽ , ഭർതൃ ഗൃഹത്തിലേക്ക് അവരെ യാത്രയയക്കാനായി, നാട്ടുവഴിയിലൂടെ ഞങ്ങൾ നടന്നു നീങ്ങി . വഴി മദ്ധ്യേ കലുങ്കിനടുത്തെത്തിയപ്പോൾ മനുവേട്ടൻ തന്നെ പിടിച്ചു നിർത്തി . അദ്ദേഹം അദൃശ്യമായതെന്തോ കാണുമ്പോലെ തോന്നി . മറ്റുള്ളവർ കടന്നുപോയിക്കഴിഞ്ഞപ്പോൾ മനുവേട്ടൻ കലുങ്കിനടുത്തുള്ള വൃക്ഷക്കൊമ്പിലേക്കു ചൂണ്ടി പറഞ്ഞു

അതാ നോക്കൂ പ്രിയ . ആ വൃക്ഷക്കൊമ്പിലിരിരിക്കുന്ന അപൂർവ ഭംഗിയുള്ള ദേശാടനക്കിളി നമ്മളെ നോക്കിയിരിക്കുന്നത് കണ്ടില്ലേ . അമ്മയുടെ ആത്മാവാണ് അതെന്നു തോന്നുന്നു . ”

ശരിയാണ്.ആ പക്ഷിയുടെ കണ്ണുകളിൽ നിറയുന്ന മാതൃത്വം ഞങ്ങൾ കണ്ടു .പ്രകൃതി ദേവിയെപ്പോലെ ആ പക്ഷി ഞങ്ങളെ ആശിർവചിക്കുമ്പോലെ എന്തോപറഞ്ഞു . പിന്നീട് ഒരു പുതിയ ഋതുഭേദത്തിന്റെ ആരംഭംവിളിച്ചറിയിക്കുമ്പോലെഉച്ചത്തിൽചിലച്ചുകൊണ്ടു പറന്നു പോയി . . .

                                              ശുഭം.

 

You can share this post!