ഋതുസംക്രമം

5

പിറ്റേന്ന് അതിരാവിലെ കിടക്ക വിട്ട് എഴുന്നേൽക്കുമ്പോൾ തലേദിവസത്തെ സംഭവങ്ങൾ ഓരോന്നായി മനസ്സിലേക്കോടിയെത്തി . ഇന്ന് അങ്ങിനെയൊന്നുമുണ്ടാവുകയില്ലെന്നു മനസ്സിൽ കരുതി .പെട്ടെന്ന് പ്രഭാത കൃത്യങ്ങൾ നടത്തി എത്തുമ്പോൾ വല്യമ്മ നനച്ചുണക്കിയ ചുരിദാറുമായെത്തി . ”ഇന്ന് പ്രിയക്കുട്ടി ഇത് ധരിച്ചാൽ മതി . അമ്പലത്തിൽ ജീൻസിട്ടു കേറാൻ മിത്രൻ തിരുമേനി സമ്മതിക്കുകയില്ല . ഇന്നലെ അയാൾ അത് ശ്രദ്ധിച്ചു കാണില്ല …..”ഇന്നലെ അമ്പലത്തിൽ നടന്ന വിശേഷങ്ങൾ വലിയമ്മ അറിഞ്ഞില്ലല്ലോ എന്നോർത്തു .” ജീൻസ് മനഃപൂർവം ഇട്ടതല്ല വലിയമ്മേ അമ്പലത്തിൽ ജീൻസ് ഇടാൻ പാടില്ലെന്ന് എനിക്കറിയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ ചുരിദാർ വാങ്ങിയശേഷമേ അമ്പലത്തിൽ പോകുമായിരുന്നുള്ളൂ . ”അങ്ങിനെ പറയുമ്പോൾ തനിക്ക് കരച്ചിൽ വരുന്നത് പോലെ തോന്നി .

അല്ല മോളോട് ആ മിത്രൻ തിരുമേനി വല്ലതും പറഞ്ഞോ ?അല്ലെങ്കിലും അയാളൊരു മൂശേട്ടയാ ..നമ്മളെയൊക്കെ കാണുമ്പോൾ അയാൾക്ക് പണ്ട് നമ്മുടെ മേലാളനായിരുന്ന ഓർമയാ .”വല്യമ്മ അല്പം ക്രോധത്തോടെ പറഞ്ഞു

സാരമില്ല വല്യമ്മേ എനിക്കിതൊക്കെ പുതിയ അനുഭവമായതു കൊണ്ടാ .ഇനി ഞാൻ ശ്രദ്ധിച്ചോളാം..” തന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് വല്യമ്മക്കും നല്ല വിഷമം തോന്നി . അവർ സഹതാപപൂർവം നോക്കി ആ നോട്ടത്തിൽ വാത്സല്യം കലർന്നിരുന്നു. വല്യമ്മക്ക് മക്കളില്ലാത്തത്‌കൊണ്ട് തന്നോട് അവർക്കു വലിയ കാര്യമായിരുന്നു . വല്യച്ഛൻ മരിച്ചിട്ടിപ്പോൾ പത്തു വർഷമായിക്കാണും .വല്യഛന് ക്യാൻസർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് .പാവം വല്യമ്മ . ഇന്നിപ്പോൾ ഒറ്റക്കാണ് . അവരോട് സഹതാപം തോന്നി . ”ശരി വല്യമ്മേ ഞാൻ പോയിട്ട് വരം വല്യമ്മയെ നോക്കി സ്നേഹത്തോടെ പറഞ്ഞിട്ട് അകത്തേക്ക് നടന്നു . ചുരിദാർ അണിഞ്ഞു , അമ്പലത്തിലേക്ക് നടക്കുമ്പോൾ എതിരെ ഏതാനും നാട്ടുകാരികളെത്തി . ”അല്ല നമ്മുടെ മാധവന്റെ മകളല്ലേ ഇത് ?കുട്ടി വന്നിട്ടുണ്ടെന്ന് കേട്ടു .. ഇപ്പോളെന്തു ചെയ്യുന്നു ? .അച്ഛനുമമ്മയ്ക്കും സുഖം തന്നെയല്ലെ? ചോദ്യങ്ങൾ ശരമാരിയായി പെയ്തിറങ്ങിയപ്പോൾ ചിരിച്ചുകൊണ്ട് എല്ലാറ്റിനും മറുപടി പറഞ്ഞു . .അടുത്തത് തൊട്ടയൽക്കാരി കുട്ടിയമ്മയായിരുന്നു . ”അല്ലാ ..കുട്ടീടെ പേര് പറഞ്ഞില്ല .ഞാനതു മറന്നുപോയി .ചെറുപ്പത്തിൽ ഓർമ്മേണ്ടാർന്നു.” . ””പ്രിയംവദ അങ്ങനെ പറഞ്ഞ് അവരോട് യാത്ര പറഞ്ഞു മുന്നോട്ടു നടന്നു . അപ്പോളാരോ പറയുന്നത് കേട്ടു ദേവികയെപ്പോലെ തന്നെ . ഐശ്വര്യമാർന്ന രൂപം .ഒരു ചെറുമിക്കുട്ടിയാണെന്നു ആരും പറയുകയില്ല .അപ്പൊ മറ്റാരോ പറയുന്നത് കേട്ടു ചെറുപ്പത്തിൽ ആ മാധവൻ എത്ര കഷ്ടപ്പെട്ടിരുന്നതാ. ഇപ്പോൾ നല്ല നിലയിലായി. .ഓരോരുത്തരുടെ ഒരു യോഗം.”താൻ ദൂരേക്ക് നടന്നകലുമ്പോഴും തന്നെത്തന്നെ അവർ നോക്കി നിൽക്കുന്നത് തിരിഞ്ഞു നോക്കുമ്പോൾ കണ്ടു. രൂപം അമ്മയുടേതാണെങ്കിലും അച്ഛന്റെ സ്വഭാവമാണ് തനിക്കു കിട്ടിയിരിക്കുന്നതെന്നു പറയണമെന്നുതോന്നി .

അമ്പലനടയിൽ തൊഴുതു നിൽക്കുമ്പോഴാണ്  ആ കാഴ്ച കണ്ടത് . ഒരു തമിഴത്തി സ്ത്രീയുടെ കയ്യിൽ നിന്നും ഒരു ചെറിയ കുഞ്ഞു വഴുതിയിറങ്ങി ശ്രീകോവിലിന്റെ പടിക്കെട്ടുകൾ കയറാൻ തുടങ്ങി .ഊട്ടുപുരയിൽ നിന്നുംഇറങ്ങി വന്ന മിത്രൻ തിരുമേനി ആ കാഴ്ച കണ്ടു അലറി ഛീ ..ആരുപറഞ്ഞു നിന്നോട് ഈ പടിക്കെട്ടുകൾ കയറാൻ . എല്ലാം തൊട്ടശുദ്ധാക്കീല്ലോ ഈശ്വരാഅയാളോടൊപ്പമുണ്ടായിരുന്ന ഉണ്ണിവാര്യർ ഓടിവന്നു ആ കുഞ്ഞി തുടയിലൊരടി കൊടുത്ത്  പിടിച്ചു മാറ്റി . കഷ്ടിച്ച് ഒന്നരവയസ്സു മാത്രം പ്രായമുള്ള ആ കുഞ്ഞ് പേടിച്ചു കരയാൻ തുടങ്ങി . തമിഴത്തി സ്ത്രീ ഓടിവന്നു ആ കുഞ്ഞിനെ കോരിയെടുത്ത് തിരിഞ്ഞു നടന്നു .ഈ കാഴ്ച കണ്ട് അകത്ത് പൂജ ചെയ്തുകൊണ്ടിരുന്ന ശാന്തിക്കാരൻ തിരുമേനി മുഖം തിരിച്ചു ചോദിച്ചു . ”എന്താ മിത്രൻ തിരുമേനി ഇക്കാണിക്കുന്നതു? അതൊരു കൊച്ചുകുട്ടിയല്ലേ ?കൊച്ചുകുഞ്ഞങ്ങളോട് അതിക്രമം കാണിക്കുന്നത് ഭഗവാന് ഇഷ്ടപ്പെടുകയില്ല കേട്ടോ …”

താനവിടെ മിണ്ടാതിരുന്നു പൂജ ചെയ്‌താൽ മതി . ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം . ..”

മിത്രൻ ശാന്തിക്കാരനോട് കയർത്തു . പിന്നീട് പ്രസാദവിതരണം നടത്തിയത് മിത്രനായിരുന്നു .അയാൾ പ്രസാദത്തോടൊപ്പം പുണ്ണ്യാഹം ഒഴിച്ച് കൊടുത്തപ്പോൾ രണ്ടു കുഞ്ഞിക്കൈകൾ ആ പുണ്ണ്യാഹത്തിനായി നീണ്ടുവന്നു അതാ കുഞ്ഞിന്റേതായിരുന്നു .

ഹും .പുണ്ണ്യാഹം വേണമെങ്കിൽ പുറത്തുപോയി വാങ്ങിച്ചോളൂ .അവിടെ വിതരണം നടത്തണുണ്ട് അശ്രീകരം …”മിത്രന്റെ വാക്കുകളെ ഏറ്റുപാടിക്കൊണ്ട് ഉണ്ണിവാര്യർ പറഞ്ഞു . ”അതെയതെ ഇതുങ്ങളൊന്നും ഒരു ശുദ്ധവും വൃത്തിയുമില്ലാതെയാ അമ്പലത്തിൽ വരണത് ..കണ്ടാലറിയാംകുളിയുമില്ലജപവുമില്ല

താണ ജാതിയിൽപ്പെട്ട ഒരു സ്ത്രീയോടും കുഞ്ഞിനോടും എത്ര ക്രൂരമായാണ് ആ നമ്പൂതിരിയും കൂട്ടരും പെരുമാറുന്നത് അസഹ്യതയോടെ തല തിരിച്ചു .

പുണ്യാഹത്തിനായി തമിഴത്തിവീണ്ടും കൈകൾ നീട്ടിയപ്പോൾ മിത്രൻ അലറി ഹും ..പറഞ്ഞാൽ മനസ്സിലാകില്ലെന്നുണ്ടോ ?കടക്കു പുറത്ത്… ”

മിത്രന്റെ വിരൽ ചൂണ്ടലിൽ വിറങ്ങലിച്ചുപോയ ആസ്ത്രീ കുഞ്ഞിനേയും കൊണ്ട് ഓടി പുറത്തിറങ്ങി . ആ കാഴ്ച കണ്ട് തനിക്കു സഹിച്ചില്ല . ” എന്താ നമ്പൂതിരി ഇത് ഒരു കൊച്ചുകുഞ്ഞിനോടും ,അമ്മയോടും ഇത്ര ക്രൂരത പാടില്ല .ആ കുഞ്ഞിനെന്തറിയാം താൻ ആത്മവേദനയോടെ ചോദിച്ചത് അയാൾ അഹങ്കാരമായി വ്യാഖ്യാനിച്ചു .”ഹും ..കണ്ടില്ലേ എന്നെ ചോദ്യം ചെയ്യാൻ വന്നിരിയ്ക്കുണു ….ഈ അമ്പലത്തിലെന്തുവേണമെന്നു ഞാനാണ് തീരുമാനിക്കേണ്ടത് . ”അങ്ങനെ പറഞ്ഞു മിത്രൻ നമ്പൂതിരി മറ്റുള്ളവർക്ക് നേരെ തിരിഞ്ഞു . ഇന്നിനി അമ്പലം അടക്കുകയാണ് .പുണ്യാഹം തളിച്ച് വിഗ്രഹവും ശ്രീകോവിലും ശുദ്ധി ചെയ്ത ശേഷമേ ഇനി നട തുറക്കുകയുള്ളൂ . എല്ലാവരും വേഗം പുറത്തു കടന്നോളൂ . ”ആജ്ഞാസ്വരത്തിൽ പറഞ്ഞ് മിത്രൻ ഊട്ടുപുരക്കകത്തേക്കു കയറിപ്പോയി . അതുകേട്ട് എല്ലാവരും പേടിച്ചു പുറത്തേക്കിറങ്ങി . അവരോടൊപ്പം പുറത്തേക്കിറങ്ങിയെങ്കിലും എന്തോ ചിലതു വിദേശത്തു വളർന്നഎന്റെ മനസ്സിൽ ദഹിക്കാതെ കിടന്നു . ”നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ദൈവസമാനരാണ് അവർക്കെന്തശുദ്ധി”. മനസ്സിൽതോന്നിയത് .” അടുത്തുനിന്ന ചെറുപ്പക്കാരി സ്ത്രീയോടായിപ്പറഞ്ഞു .

അത് ശരിയാണ് കുഞ്ഞുങ്ങൾ ദൈവങ്ങളെപ്പോലെയാണെന്നാണ് പറയാറ് .ഈ മിത്രൻ ഒരു ദുഷ്ടനാ. ..കുഞ്ഞുങ്ങളോടുപോലും കരുണയില്ലാത്തവൻ .സ്ത്രീകളോടുള്ള അവന്റെ പെരുമാറ്റം പിന്നെ പറയണ്ട. .. …തനി സ്ത്രീലമ്പടനാണയാൾ .പല സ്ത്രീകളോടുമൊപ്പം ഹോട്ടൽ മുറിയിലും മറ്റും വച്ച് അയാളെ നാട്ടുകാർ കണ്ടിട്ടുണ്ട് . പക്ഷെ ആർക്കും ഒന്നും എതിരായിട്ട് പറയാൻ പറ്റില്ല . അയാൾക്കും ആ ഉണ്ണിവാര്യർക്കുമൊക്കെ രാഷ്ട്രീയ സ്വാധീനമുണ്ട് . അവരെ എതിർക്കാൻ ആർക്കും ധൈര്യം പോരാ . അമ്പലക്കമ്മിറ്റിയിലിരുന്നു അമ്പലം വക കാശുമുഴുവൻ അവർ കീശയിലാക്കുകയാണെന്നാണ് പറഞ്ഞു കേൾക്കുന്നത്എന്തു .പറഞ്ഞിട്ടെന്താ .. ഒന്നുമുറക്കെപ്പറയാൻ ആർക്കും ധൈര്യം പോരാ. ”ശാന്തി കൃഷ്ണ എന്ന് സ്വയം പരിചയപ്പെടുത്തിയ ആയുവതി ശബ്ദം താഴ്ത്തി പറഞ്ഞു. ചുറ്റിനുമുള്ളവർ കേൾക്കുന്നുണ്ടോ എന്നുനോക്കി, അല്പം മാറിനിന്നാണവരത് പറഞ്ഞത് . കുറെയൊക്കെ മുത്തശ്ശി പറഞ്ഞറിയാവുന്നതുകൊണ്ടു തനിക്കതിൽ അതിശയം തോന്നിയില്ല. അല്ലെങ്കിൽത്തന്നെ താനത് നേരിട്ടറിഞ്ഞതാണല്ലോ .എന്നും ഓർത്തു . പെട്ടെന്ന് പറഞ്ഞു . ”ഇത്തരക്കാരെ വച്ചു പൊറുപ്പിക്കാൻ നാട്ടുകാരായ നമ്മളനുവദിക്കരുത് . . ”താൻ ആവേശത്തോടെ പറഞ്ഞതുകേട്ട്ആ യുവതി ഭയത്തോടെ പ്രതികരിച്ചു . ” . അയാളുടെ പിന്നിൽ ഈ നാട്ടിലെ പ്രമാണിമാരായ ഒരുപാടാളുകളുണ്ട് . ഈഅമ്പലത്തിലെ നടപടിക്രമങ്ങളെല്ലാം ആ മനയിലുള്ളവർ നേരിട്ടാണ് നടത്തുന്നത് ഈ ദേശത്തിന്റെ തന്നെ സ്വാധീനം അവരുടെകൈകളിലാണെന്നു പറയാം .

ഇവിടെ എന്ത് നടക്കുന്നതും അവരുടെ അറിവോടെയാണ് . ”അങ്ങിനെ പറഞ്ഞവൾ ഭയത്തോടെതന്റെ അടുത്തുനിന്നും മാറിനിന്നു .ഇനിയും തന്നിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകുമെന്നു അവൾ ഭയക്കുന്നതുപോലേ തോന്നി ആ ദേശക്കാർ അയാളെയും കൂട്ടരെയും എത്രമാത്രം ഭയപ്പെടുന്നുണ്ടെന്ന്‌ മനസ്സിലായി എന്തുപറഞ്ഞാലും അന്ന് നടന്നതിലൊന്നുംന്യായീകരണം കണ്ടെത്താൻ തനിക്കു കഴിഞ്ഞില്ല . അച്ഛൻ പറയുന്നതുപോലെ നമ്മുടെ പഴഞ്ജൻ വിശ്വാസപ്രമാണങ്ങൾ പലതും പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചൊവ്വയിൽ പോലും മനുഷ്യൻ സ്വഗൃഹം നിർമ്മിക്കാൻ ചിന്തിച്ചു തുടങ്ങിയിട്ടും മനുഷ്യ ചിന്താഗതിക്കെന്തേ മാറ്റം വരാത്തതെന്നും ആലോചിച്ചു .അങ്ങനെ ആലോചനയിൽ മുഴുകി നടന്നു താൻ വീട്ടിലെത്തിയത് അറിഞ്ഞില്ല .

You can share this post!