”മനുവേട്ടന്റെ അമ്മയേക്കാൾ എനിക്കു ഭയം ആ മിത്രനെയാണ് അയാൾ ഞങ്ങളുടെ വിവാഹം മുടക്കുമെന്നുറപ്പാണ് മുത്തശ്ശാ ”
”മോള് അതൊന്നും ഓർത്തു പേടിക്കേണ്ട . അവൻ എന്ത് വിചാരിച്ചാലും ഈ വിവാഹം നടക്കണമെന്ന് ദൈവം വിചാരിച്ചിട്ടുണ്ടങ്കിൽ ഈ വിവാഹം നടക്കുക തന്നെ ചെയ്യും .മുത്തശ്ശന്റെ പഴ മനസ്സ് അങ്ങിനെ പറയുന്നു . ഇപ്പോൾ അമ്മു അതൊന്നും ഓർത്തു വിഷമിക്കേണ്ട ഇപ്പോൾ നിന്റെ കർത്തവ്യം എങ്ങിനെയും ഐ എ എസ് പാസ്സാകുക എന്നുള്ളതാണ് .അതിനു വേണ്ടി ശ്രമിച്ചോളൂ …ബാക്കി എല്ലാം തനിയെ ശരിയായിക്കോളും . ”
അവരുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് അവിടെക്കപ്പോൾ മാധവൻ കയറി വന്നു .
”അതെ അതുതന്നെയാ ഞാനും പറയുന്നത് അച്ഛാ …ഇവൾ ഇപ്പോളിതൊന്നും ഓർക്കാതെ പഠനത്തിൽ ശ്രദ്ധിക്കുകയാ വേണ്ടത് .”
”മാധവാ ഇപ്പോൾ ഞാനോർക്കുന്നത് രാഘവ വാര്യരെക്കുറിച്ചാണ് .എത്ര തന്റേടവും വിശാല മനസ്സും ഉള്ള ആളായിരുന്നു അയാൾ . അയാളുടെ മകന് ഇത്തരത്തിൽ ഒരു ബന്ധത്തിന് മനസ്സുണ്ടായതിൽ അത്ഭുതപ്പെടാനില്ല . തീർച്ചയായും അവൻ ഒരു ആൺകുട്ടി തന്നെയായിരിക്കും . എന്റെ പ്രിയമോൾക്ക് തെറ്റുപറ്റിയിട്ടില്ല മാധവാ ..നമ്മുടെ ജാതിയിൽ നിന്നും കിട്ടുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ല ബന്ധമായിരിക്കുമിത് . ”
”അതെ അച്ഛാ .അത് എനിക്കറിയാം . പക്ഷെ അതിനാ ശ്രീദേവിവാരസ്യാരുടെ മനസ് മാറ്റണം . അതിനവന് കഴിയുമെന്ന് തന്നെയാ എന്റെ വിശ്വാസം . പിന്നെ അവനു ഒരു നല്ല ജോലിയുമാകട്ടെ . അപ്പോഴേക്കും പ്രിയ ഐ എ എസ് എടുക്കട്ടെ .അത് കഴിഞ്ഞു മതിയല്ലോ ഈ വിവാഹത്തെപ്പറ്റി ചിന്തിക്കാൻ . …”
”അത് തന്നെയാ മാധവാ ഞാനും മോളോട് പറയണത് . മോൾ അതുവരെ മനസ്സു വിഷമിപ്പിക്കാതെ പഠിക്കാൻ നോക്ക്. ഈ മുത്തശ്ശൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ നിങ്ങളുടെ വിവാഹംമുത്തശ്ശൻ നടത്തി തരും . ഇനി മനീഷിവിടെ വരുകയാണെങ്കിൽ മുത്തശ്ശന്റെ അടുത്തു കൊണ്ട് വരണം . മുത്തശ്ശൻ അവനെ ഒന്ന് നല്ലോണം കണ്ടോട്ടെ”
”ശരി മുത്തശ്ശാ ..ഞാൻ മനുവേട്ടനെ കൂട്ടിക്കൊണ്ടുവന്ന് മുത്തശ്ശനെ കാണിക്കാം ഇന്നിപ്പോൾ ഈ കോലാഹലമൊക്കെ ആയതു കൊണ്ടാണ് . അല്ലെങ്കിൽ മനുവേട്ടൻ മുത്തശ്ശനെ വന്നു കണ്ടു അനുഗ്രഹം വാങ്ങാനിരിക്കുകയായിരുന്നു . ”
ആ വൃദ്ധ നയനങ്ങളിൽ സന്തോഷത്തിന്റെ തിരിനാളം തെളിയുന്നത് കണ്ട് മാധവൻ പറഞ്ഞു .
”ശരി ശരി ..നീ അച്ഛനെ മനുവിനെ കൊണ്ടുവന്നു കാണിച്ചോളൂ പക്ഷെ ഇപ്പോൾ നീ അതെല്ലാം മറന്നു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫൈനലിന് ഇനി ഏതാനും നാൾ കൂടിയേ ഉള്ളൂ എന്നോർക്കണം . ഏകാഗ്രതയാണ് ഇപ്പോൾആവശ്യം .”
” ശരി അച്ഛാ .. ഞാൻ മറ്റെല്ലാം മറന്നു പഠിക്കാൻ പോവുകയാണ് . മുത്തശ്ശാ.. മുത്തശ്ശനിനി സുഖമായി ഉറങ്ങിക്കോളൂ . ഞാനിനി വന്നു ശല്യപ്പെടുത്തുകയില്ല . ”
താൻ മുത്തശ്ശന്റെ മുറിക്കു പുറത്തു കടന്നുകൊണ്ടു പറഞ്ഞു . രണ്ഞു പൂമുഖത്തു നിലവിളക്കിൽ തിരി തെളിക്കുകയായിരുന്നു . സാന്ധ്യ നേരത്തു ദീപപ്രഭയിൽ ജ്വലിച്ചു നിൽക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം നോക്കി അൽപനേരം തൊഴുതുനിന്നു .അപ്പോൾ വീശിയ ഇളം കാറ്റിൽ മനഃപ്രയാസമെല്ലാം ഒഴുകിപ്പോകുന്നതറിഞ്ഞു .
അല്പം കഴിഞ്ഞ് രണ്ഞു സമീപമെത്തി തോളിൽ കൈവച്ചു ചോദിച്ചു . ”ഇപ്പോൾ മിസ് കേരളയുടെ ദുഃഖമെല്ലാം മാറിയോ ”.
”മാറി മോളെ .ഒരു നല്ല കാലം വരുമെന്ന് തന്നെ എന്റെ മനസ് പറയുന്നു . ഞങ്ങളുടെ മനസ്സറിയുന്ന ദൈവം എല്ലാം നേരെയാക്കിത്തരുമെന്നും” ..
”ഹാവൂ ഇപ്പോഴാണ് ചേച്ചി തനി അമ്മയായതു .. നടക്കട്ടെ.. നടക്കട്ടെ എല്ലാത്തിനും ദൈവത്തെ കൂട്ട് പിടിച്ചോളൂ . ”
”അതെ അതിനു തന്നെയാണ് ഞാൻ പോകുന്നത് .ഈശ്വരൻ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ രക്ഷിക്കാനുള്ളൂ . ..” അങ്ങനെ പറഞ്ഞു കൊണ്ട് വീണ്ടും കണ്ണടച്ചു പ്രാർത്ഥനയിൽ മുഴുകി.
രണ്ഞു തന്റെ മുറിയിലേക്ക് നടന്നു പോയി . ചെന്ന ഉടനെ അവൾ തന്റെ മൊബൈലെടുത്തു ഫേസ്ബുക്ക് നോക്കാൻ തുടങ്ങി .
താൻ പ്രാർത്ഥന കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ മുത്തശ്ശി പിന്നിൽ നിൽക്കുന്നത് കണ്ടു . ആ മിഴികളിൽ നനവൂറി നിൽപ്പുണ്ടായിരുന്നു
. ”നല്ലതുപോലെ തൊഴുതു പ്രാർത്ഥിച്ചോളൂ കുട്ടി. ഈശ്വരൻ നിന്നെ തുണക്കും . പിന്നെ നിനക്ക് വേണ്ടാത്തതൊന്നും തോന്നാതിരിക്കാനും
പ്രാർത്ഥിച്ചോളൂ ”
പെട്ടെന്ന് മുത്തശ്ശിയുടെ അടുത്തെത്തി അത്ഭുതത്തോടെ പറഞ്ഞു‘
”മുത്തശ്ശി എന്താ അങ്ങിനെ പറഞ്ഞത് . ഞാൻ തെറ്റെന്തെങ്കിലും ചെയ്യുമെന്ന് മുത്തശ്ശി ഭയപ്പെടുന്നതുപോലെ . എന്നെ മുത്തശ്ശി മനസ്സിലാക്കിയത് ഇങ്ങനെയാണോ ..ഈ പ്രിയക്കുട്ടി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വാക്കു കേൾക്കാതെ എന്തെങ്കിലും പ്രവർത്തിക്കുമെന്നു മുത്തശ്ശി വിചാരിക്കണുണ്ടോ ”.
”ഇതുവരെയില്ലാ . പക്ഷെ ഇനി അങ്ങിനെ തോന്നിക്കൂടായ്കയില്ലല്ലോ . കുട്ടിയുടെ പ്രായം അതല്ലേ . കാര്യങ്ങള് അത്ര പന്തിയല്ലെന്ന് മുത്തശ്ശിക്ക് തോന്നാൻ തുടങ്ങിയിട്ട് നാളേറെയായി . ഒരു ഭയം മനസ്സിൽ കൂട് കൂട്ടാൻ തുടങ്ങിയിട്ടും ..മുത്തശ്ശി അത് പറഞ്ഞില്ലെന്നേ ഉള്ളൂ . ആ മിത്രനും കൂട്ടരും നമുക്കെതിരായിട്ടു തിരിയാൻ തക്കം പാർത്തിരിക്കുകയാണെന്നു കുട്ടിക്കറിയാലോ . നിങ്ങള് രണ്ടാളും ഇനി ഒരുമിച്ചു നടക്കുകേം ഒന്നും വേണ്ടാട്ടോ . ആയാളും കൂട്ടരും ചിലപ്പോൾ പതിയിരുന്നു നിങ്ങളെ ആക്രമിക്കും . അല്ലെങ്കിൽ ചിലപ്പോൾ നാട്ടുകാരെ വിളിച്ചുകൂട്ടി നിങ്ങളെ അപമാനിച്ചേക്കും .”
മുത്തശ്ശി വല്ലാതെ ഭയചകിതയാണെന്ന് മനസ്സിലായി . തന്റെ ധൈര്യവും കുറെശ്ശേ ചോർന്നു തുടങ്ങിയിരുന്നു . കാരണം മുത്തശ്ശി ക്രാന്ത ദർശിയാണെന്നറിയാമായിരുന്നു . മുത്തശ്ശിയുടെ വാക്കുകൾ എന്നെങ്കിലും തന്റെ ജീവിതത്തിൽ സംഭവിച്ചേക്കുമെന്നു തോന്നി . അയാൾ അത്തരത്തിൽ ചില ഭീഷണികൾ മനുവേട്ടന്റെ അമ്മയോട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നുവല്ലോ . പുറത്തേക്കു മിഴികൾ പായിച്ചുകൊണ്ടു ആത്മസംഘർഷത്തോടെ താൻ മുത്തശ്ശിയുടെ സമീപം നിന്നു .
പിറ്റേന്ന് മുതൽ അസാധാരണമായ ഒരു മൂകത ആ വീട്ടിൽ തളം കെട്ടി നിന്നു . രഞ്ചു മാത്രം ഓടി നടന്ന് ചിലപ്പോഴെല്ലാം ചില തമാശകൾ പൊട്ടിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ വിനുവും ഏതോ ചില ചിന്തകളിൽ മുഴുകി നടക്കുന്നുണ്ടായിരുന്നു . ഗൗരവതരമായ എന്തോ ഒന്ന് അവനെ അലട്ടുന്നതായി തോന്നി . അതുകണ്ടു രണ്ഞു അടുത്തെത്തി ചോദിച്ചു .
”വിനുവേട്ടനെന്താ ലോകസമാധാനം നിലനിർത്തേണ്ടതെങ്ങനെയെന്നു ആലോചിക്കുകയാണോ …അല്ല തീവ്രവാദവും മറ്റും കൊടികുത്തി വാഴുന്ന കാലമാണല്ലോ ഇത് . ഇക്കാലത്തു ലോകത്തെ അതിൽനിന്നും രക്ഷിക്കേണ്ടതെങ്ങിനെയെന്നാണോ ഭാവിയിലെ അഡ്വക്കേറ്റ് ഗഹനമായി ചിന്തിക്കുന്നത് ?..അല്ല ..എന്തെങ്കിലും പോംവഴി ആ കുരുട്ടുബുദ്ധിയിൽ തെളിയുന്നുണ്ടോ ?..”
രഞ്ജുവിന്റെ ചോദ്യം വിനുവിനെ അല്പം ചിരിപ്പിച്ചെന്നു തോന്നി . എങ്കിലും ആ ചിരിയിൽ ഏതോ വിഷാദം കലർന്നിരുന്നതായി എല്ലാവർക്കും തോന്നി .സാധാരണയായി തമാശകൾ പൊട്ടിച്ച് ഒരു വിദൂഷകനെപ്പോലെ നടക്കാറുള്ള വിനുവിന്റെ മൗനം എല്ലാവരെയും ഒട്ടൊന്നു അമ്പരപ്പിച്ചു . ഗിരിജചിറ്റയും വിനുവിനോട് ചോദിക്കുന്നത് കേട്ടു .
”നീയെന്താടാ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ നടക്കുന്നത്?..നിന്റെ ഭാവം കണ്ടാൽ എന്തോ നഷ്ടപ്പെട്ടതുപോലെ ഉണ്ടല്ലോ . ..”
അതിനു മറുപടിയായി വിനു ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല . എങ്കിലും അവന്റെ കൺ കോണുകളിൽ നിന്നും ആ വിഷാദഛായ മാഞ്ഞുപോയില്ല .അല്പം കഴിഞ്ഞു അവൻ തന്റെ മുറിയിൽ പോയിരുന്നു പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി . . അടുത്തു വരുന്ന പരീക്ഷയാണ് അവന്റെ പ്രശ്നമെന്ന് അപ്പോൾ എല്ലാവരും കരുതി .എന്നാൽ താൻ മാത്രം ചിലതു ഊഹിച്ചു . ഇന്നലത്തെ സംഭവങ്ങൾക്കു ശേഷമാണു വിനു ഇത്തരത്തിൽ ആയതെന്ന് ആ സംഭവ വികാസങ്ങൾക്കിടയിലും താൻ ചിലതു കണ്ടറിഞ്ഞിരുന്നു . വിനുവിന്റെ കണ്ണുകൾ ഉണ്ണിമായയുടെ മുഖത്ത് തറഞ്ഞിരിക്കുകയായിരുന്നു . ഉണ്ണിമായയുടെ ശാലീന സൗന്ദര്യം അവനെ വല്ലാതെ ആകർഷിക്കുന്നതായി തോന്നി . മുമ്പെങ്ങുമില്ലാത്ത ചില ഭാവങ്ങൾ അവന്റെ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു . മാത്രമല്ല ഒരു പ്രേമ രോഗിക്ക് മാത്രമേ മറ്റൊരു പ്രേമരോഗിയെ കണ്ടറിയാനാവുകയുള്ളു എന്ന് മനസ്സിൽ വീക്ഷിച്ചു . ശ്രീദേവിവരസ്യാർ ക്ഷോഭിച്ചുകൊണ്ടു ഇറങ്ങിപ്പോയപ്പോൾ അതവനെ ഞെട്ടിച്ചു. അവനപ്പോൾ വിവർണനാവുന്നതു കണ്ടതാണ്. എങ്കിലും പിറ്റേന്നതേപ്പറ്റി ഒന്നുംതാൻ ചോദിച്ചില്ല . തന്റെ മനസ്സും വിവിധ ചിന്തകളാൽ കലുഷിതമായിരുന്നുവല്ലോ .
താൻ മുറിയടച്ചിരുന്നു പഠിക്കുന്ന ഭാവത്തിലിരുന്നു . പക്ഷെ തലച്ചോറിൽ ആയിരം കടന്നലുകൾ ഇളകിമറിയുന്നുണ്ടായിരുന്നു . ഏറെനേരത്തെ ശാന്തമായ ധ്യാനം മനസിനെ നിയന്ത്രണ വിധേയമാക്കി . ഒടുവിൽ മനസ്സ് ശാന്തമായപ്പോൾ പഠിക്കാനാരംഭിച്ചു .
രണ്ടു ദിനം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും രഞ്ചുവും ,ഗൾഫിലേക്ക് തിരിച്ചു പോകുവാനുള്ള ഒരുക്കങ്ങളാരംഭിച്ചു . ഇതിനിടയിൽ ‘അമ്മ എന്റെ ജാതകം ഒരു ജ്യോൽസ്യനെക്കൊണ്ട് നോക്കിച്ചിരുന്നു ആ ജ്യോൽസ്യൻ പറഞ്ഞത് കല്യാണത്തിന് താമസമുണ്ടെന്നാണ് . അതുകേട്ട് അമ്മ മുത്തശ്ശിയോട് നിരാശയോടെ പറഞ്ഞു .
”എന്റെ കുട്ടിക്ക് ഇപ്പോഴെങ്ങും ഒരു വിവാഹത്തിന് യോഗം കാണുന്നില്ലല്ലോ അമ്മെ . എന്താണാവോ അവളുടെ തലയിൽ വരച്ചിരിക്കണത് . ”
അതുകേട്ട് മുത്തശ്ശിക്കും വിഷമം തോന്നിയെങ്കിലും അത് മറച്ചുവച്ചു പറഞ്ഞു .
”എല്ലാം ശരിയാകും ദേവികേ …ഞാൻ മൂത്തന്നൂർ ദേവിയെ വിളിച്ചു മനമുരുകി പ്രാർത്ഥിക്കണുണ്ട് . അവളുടെ കാര്യങ്ങൾക്കൊന്നും ഒരു മുടക്കവും വരുത്തല്ലേ ദേവി എന്ന് . ”
മുത്തശ്ശിയുടെ വാക്കുകൾ അമ്മക്കല്പം ആശ്വാസം പകർന്നുവെങ്കിലും ആ മനസ്സിലെ ആശങ്കകൾ വിട്ടകന്നില്ല . തന്റെ മകളുടെ ഭാവി കൂടുതൽ കൂടുതൽ ഇരുളിലേക്കാണോ നീങ്ങുന്നത് .?…ആ അമ്മ ഹൃദയം ആശങ്കപ്പെട്ടു .
|
|
|
|