ഋതുസംക്രമം – നോവൽ

 1

മാധവൻ ദുബായ് എയർപോർട്ടിൽ നിന്നും തിരികെ ഫ്ലാറ്റിലേക്ക് കാറോടിക്കുകയായിരുന്നു .മകൾ പ്രിയംവദ ഇപ്പോൾ ഫ്ലൈറ്റ് കയറിക്കഴി ഞ്ഞിട്ടുണ്ടാകും .അയാൾ ചിന്തിച്ചു ഒരിക്കൽകൂടി നാടിന്റെ പച്ചപ്പിലേക്ക് അവളെ പറഞ്ഞയക്കുമ്പോൾ മനസ്സ് ആഹ്ലാദഭരിതമാകുന്നു.ഓർമകളുടെ ഒരു അലകടൽ ഇളകിവന്ന് മനസ്സിനെ പുണരുന്നതുപോലെ .അയാൾക്ക്‌ തോന്നി.

പുത്തൻ പണത്തിന്റെ ആർഭാടത്തിൽ തലയുയർത്തി നിൽക്കുന്ന കൈതാരം എന്ന തന്റെ തറവാട് ആ മനോമുകുരത്തിൽ തെളിഞ്ഞു വന്നു .തന്റെ അധ്വാനത്തിൽ പടുത്തുയർത്തിയ ആ മനോഹര സൗധം ചുറ്റുമുള്ളവരിൽ അസൂയ ഉണർത്തി നിൽക്കുന്നത് തനിക്കിവിടെ ഇരുന്നാൽ കാണാം ആ സൗധത്തിന്റെ ചുറ്റുവട്ടത്തു നിറഞ്ഞു നിൽക്കുന്ന ഓലയും ഓടും പാകിയ ചെറുവീടുകളും ,പിന്നെ അല്പം അകലെയായിക്കാണുന്ന പൂമംഗലം മനയും .!…

ആ മനയുടെ പടിക്കെട്ടുകൾ ഇറങ്ങിവരുന്നത് രുദ്രൻ നമ്പുതിരിയല്ലേ ?..ഒരിക്കൽ നാല് വയസ്സുള്ള തന്നെ മനമുറ്റത്ത് മൂത്രമൊഴിച്ചതിനു കെട്ടിയി ട്ടടിച്ച രുദ്രൻ തിരുമേനി .പണ്ടൊരിക്കൽ കാളയെ പൂട്ടുന്ന ചാട്ട കൊണ്ട് അയാൾ തുരു തുരെ തുടയിൽ അടിച്ചതിനെക്കുറിച്ചു അയാളോർത്തു .അതെ .!..മനയ്ക്കലെകുളത്തിൽ അറിയാതെ മുങ്ങിക്കുളിച്ച തിനുള്ള ശിക്ഷ .പിന്നെ ഒരിക്കൽമനയ്ക്കലെ തമ്പുരാട്ടിയുടെ മുന്നിൽ ശരീരം കുനിയാതെ നിവർന്നു നിന്നതിനുള്ള ശിക്ഷ.അങ്ങനെ ശിക്ഷകൾ ഏറിയ നാൾ താൻ . തീരുമാനിച്ചതാണ് നാടുവിടാൻ . അന്ന് . . ഏറിയാൽ പതിനാറു വയസ്സു പ്രായം കാണും .ഒരു തോർത്തുമുണ്ടുടുത്തു മെലിഞ്ഞുണങ്ങിയ ഇരു നിറക്കാരൻ സ്വന്തം അച്ഛന്റെ മുന്നിലെത്തി പറഞ്ഞു .”ഇനി എനിക്കുവയ്യ അഛാ ഈ നാട്ടിൽ തുടരാൻ ഏതെങ്കിലും അന്യ നാട്ടിൽപ്പോയി പണിയെടുത്തു ജീവിച്ചാലോ എന്ന് വിചാരിക്കയാണ്

കലപ്പ പിടിച്ചു തഴമ്പിച്ച കൈകൾ കൊണ്ട് അച്ഛൻ തന്റെ ശിരസ്സിൽ തടവി.പിന്നെ ഈറനണിഞ്ഞ കുഴിഞ്ഞ കണ്ണുകളാൽ തന്നെ നോക്കിപ്പറഞ്ഞു .”നീ പോയി രക്ഷപ്പെട്ടോളൂ കുഞ്ഞേ ..നിനക്കിന്നു വിദ്യാഭാസം അൽപ്പമെങ്കിലും ഉണ്ടല്ലോ. പത്തു വരെ പഠിച്ച നിനക്ക് എന്തെങ്കിലുമൊരു ജോലി തരാവാതിരിക്കില്ല .ഈ നാട്ടിൽ നിന്നാൽ എന്നെയും നിന്റെ ഏട്ടനേയും പോലെ നീയും ചെറുപ്പത്തിൽ തന്നെ അടിയും ഇടിയും കൊണ്ട് രോഗം പിടിച്ച് അവശനായിത്തീരും ഞങ്ങൾക്കീ ശിക്ഷകളൊക്കെ ശീലായിക്കഴിഞ്ഞിരിക്കുന്നു .എന്തെങ്കിലുമൊരു മാർഗ്ഗമുണ്ടെങ്കിൽ നിന്റെ ഏട്ടനും ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെന്നെ എനിക്കുള്ളൂ .”

അന്ന് ഞാൻ ആരുമറിയാതെ അല്പം പണമുണ്ടാക്കി ഗൾഫിലേക്കു കള്ള ലോഞ്ചു കയറി. .എങ്ങിനെയും ഒരു ജോലി തേടണമെന്ന ചിന്ത മാത്രമായി രുന്നു മനസ്സിൽ .പോരും നേരം കണ്ണീ രുണങ്ങാത്ത മിഴികളാൽ എന്നെ ചേർത്തുനിർത്തി അമ്മ പറഞ്ഞു

നീയെങ്കിലും ഒരു കരയെത്തിക്കണ്ടാൽ മതിയായിരുന്നു. ഇവിടെ കിട ന്നാൽ ആരും നിന്നെ പൊറുപ്പിക്കില്ല കുഞ്ഞേ .ഒരുവട്ടി നെല്ലിനും ഒരു മല്ലു മുണ്ടിനും വേണ്ടി ഞങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകൾ നീയനുഭവിക്കരുത് .നിനക്കുവേണ്ടി ഈ അമ്മ ഇവിടെയിരുന്ന് പ്രാർത്ഥിച്ചോളാം .മുത്തന്നൂർദേവി നിന്നെ രക്ഷിക്കും കുഞ്ഞേ ..”

അമ്മയുടെ കണ്ണുനീരു വീണു കുതിർന്ന നേർത്ത താലി മാല ഊരി വാങ്ങുമ്പോൾ ഹൃദയം അലകടൽ പോലെ പ്രക്ഷുബ്ധമായിരുന്നു .എന്നാൽ പുറം കടലിൽ ഒഴുകിനീങ്ങുന്ന ലോഞ്ചിലിരിക്കുമ്പോൾ മനസ്സ് പ്രതീക്ഷകൾ നെയ്യുകയായിരുന്നു .ഏതാനും മാസങ്ങൾ നീണ്ടുനിന്ന നരക യാതനകൾക്കൊടുവിൽ തീരത്തണയുമ്പോൾ പലരും അസുഖബാധിത രായിരുന്നു .തീരം കാണാനാവാതെ മരിച്ചു വീണവരും ഉണ്ടായിരുന്നു . എന്നാൽ അങ്ങകലെ തെളിഞ്ഞു കണ്ട പച്ചത്തുരുത്തു കൾക്കൊപ്പം എന്റെ പ്രതീക്ഷകളും മാനം മുട്ടെ ഉയർന്നു.തുടർന്ന് കരയിൽ നിന്ന് അല്പം ദൂരെ നങ്കുരമിട്ട കപ്പലിൽ നിന്നും എടുത്തു ചാടി നീന്തി . മാനത്തോളം ഉയർന്നു പൊങ്ങിയ തിരമാലകളെ നേരിട്ട് കരയ്ക്കണഞ്ഞു .അവിടെ തങ്ങളെ കാത്തുനിന്ന അറബിയുടെ കൈകളിൽ ഒരടിമയെപ്പോലെ പണിയെടുത്തു വർഷങ്ങളോളം പട്ടിണിയും പരിവട്ടവുമായി കഴിച്ചുകൂട്ടിയ നാളുകൾ

ഒടുവിൽ അറബിക്ക് ദയ തോന്നി .അസുഖം പിടിച്ച് മരിക്കാറായ അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനു പ്രതിഫലമായി ലഭിച്ച സ്വാതന്ത്ര്യവും ഏതാനും ദിർഹവും!.. .അതുപയോഗിച്ച് ഗൾഫിലെ ജോലിക്കിടയിൽ പഠിച്ച് ഇന്ത്യയിൽ വന്നു പരീക്ഷയെഴുതി പ്രീഡിഗ്രിയും  ഡിഗ്രിയും പാസ്സായി.ഊണും ഉറക്കവും ഉപേക്ഷിച്ച നിതാന്ത പരിശ്രമ ത്തിനൊടുവിൽ ലഭിച്ച എംബിഎ ഡിഗ്രിയുമായി ഗൾഫിലെ ആ വലിയ കമ്പനിയിലേക്ക് .അവിടെ ആദ്യം അക്കൗണ്ടന്റായി . പിന്നീട് ജനറൽമാനേജരായി . വർഷങ്ങൾ താണ്ടുമ്പോൾ ഇടക്കെല്ലാം നാട് ഒരു ഗൃഹാതുരത്വം പോലെ മനസ്സിലേക്കോടിയെത്തി .സമ്പാദിച്ചു കൂട്ടിയ പണവുമായി നാട്ടിലേക്കു ഒരു യാത്ര .അമ്മയുടെ നിർബന്ധം മാനിച്ച്‌ ഗോതമ്പു നിറമുള്ള ശാലീന സുന്ദരിയായ ദേവികയെ വിവാഹം കഴിച്ച് വീണ്ടും ഗൾഫിലേക്ക് .ഇതിനിടയിൽ നാട്ടിൽ അച്ഛനും ഏട്ടനും അമ്മയും മനയ്ക്കലെ ജന്മിമാരുടെ ക്രൂരതകൾ ഏറ്റുവാങ്ങുകയായിരുന്നു .ഒരിക്കൽ കാഴ്ചക്കുലകളുടെ എണ്ണം കുറഞ്ഞതിന് അച്ഛനും കിട്ടി ശിക്ഷ .തെങ്ങിൽ കെട്ടിയിട്ടു ചാട്ടവാറുകൊണ്ട് ഇരുപത്തിയഞ്ചു അടി. .പാവം അച്ഛൻ. അടി കൊണ്ട് പുറം പൊളിഞ്ഞതിനു ഏറെനാൾ ചികിത്സ തേടി .അമ്മയാണെങ്കിൽ പാടത്തെ പണിക്കുപുറമെ മനയ്ക്കലെ പുറം പണിയും ചെയ്യേണ്ടിവന്നു .അതിനു പ്രതിഫലമായി കിട്ടുന്ന ഒരു വട്ടി നെല്ലും തേങ്ങയും .ഏട്ടന്റെ ഭാര്യ യുൾപ്പെടെ നാലു വയറുകൾക്ക് അന്നത് വലിയ കാര്യമായിരുന്നു!.. പണിയിൽ എന്തെങ്കിലും വീഴ്ച വന്നാൽ അന്ന് അമ്മയ്ക്ക് പ്രതിഫലം കിട്ടുമായിരുന്നില്ല .മാത്രമല്ല രുദ്രൻ തിരുമേനിയുടെ ഭൃത്യരിൽനിന്നു ചൂരൽ കൊണ്ടുള്ള അടിയും കിട്ടും .ഒരിക്കൽ ഇതെല്ലം കണ്ടു സഹിക്കാ നാവാതെ ഏട്ടൻ, മനയ്ക്കലെ തിരുമേനിയോട് കയർത്തു. പിടിച്ചു കെട്ടാൻ വന്ന ഭർത്യരോട് എതിരിട്ടു നിന്നു .അതോടെ ഏട്ടൻ, തിരുമേനിയുടെ ആജന്മ ശത്രുവായി മാറി .ഏട്ടന് തിരിച്ച്‌ തിരുമേനിയും. നാളുകൾക്കുശേഷം വടക്കുനിന്നും വന്ന ഏതോ ഒരു തൊഴിലാളി നേതാവിന്റെ പ്രസ്സംഗത്തിൽ ഏട്ടനും കൂട്ടരും ആകൃഷ്ടരായി .തങ്ങളനുഭവിക്കുന്ന അടിമത്തത്തിൽനി ന്നും മോചിതരാകുവാനും ,ജന്മികളെ ശത്രുക്കളായി കാണുവാനും അയാൾ അവരെ പഠിപ്പിച്ചു .കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം ഉൾക്കൊണ്ട് അവർ പട നയിച്ചു .പട്ടാളത്തെയും പോലീസിനെയും വരുത്തി ജന്മിമാർ ഏറ്റുമുട്ടിയെങ്കിലും ഒടുവിൽ അവർ കീഴടങ്ങി. കുടികിടപ്പായി അനുഭവി ച്ചിരുന്ന ഭൂമിയുടെ അവകാശികൾ തൊഴിലാളികൾ മാത്രമായി . മന യ്ക്കലെ ജന്മിമാർ ഉള്ള ഭൂമി തുണ്ടം തുണ്ടമായി വിറ്റ് കഞ്ഞി കുടിക്കേണ്ട ഗതികേടിലായി.

അതോടെ തങ്ങളുടെ നില മെച്ചപ്പെട്ടു .എങ്കിലും ഏട്ടനും അച്ഛനും പോലീസുകാരുടെ അടിയും ഇടിയും ഏറ്റ് അവശരായി കിടപ്പിലായി

ഇതിനിടയിൽ ഏട്ടന് കാൻസർ ബാധിച്ചു .ചികിത്സയ്ക്കായി മുറയ്ക്ക് പണം താൻ അയച്ചു കൊടുത്തുകൊണ്ടിരുന്നു .കൂടാതെ വീട്ടു ചെലവിനുള്ള പൈസയും അമ്മയ്ക്ക് അയച്ചുകൊടുത്തു .എല്ലാപ്രതീക്ഷയും തന്നിൽ അർപ്പിച്ച് അവർ ജീവിച്ചു. അച്ഛനും , അമ്മയും,ഏട്ടനും ഏടത്തിയു!… അവരുടെയെല്ലാം പ്രതീക്ഷകളുടെ ഭാരം സ്വന്തം ചുമലിൽ താങ്ങി വർഷങ്ങളോളം ഗൾഫിൽ തന്നെ തങ്ങി. ഒടുവിൽ തങ്ങളുടെ ദാമ്പത്യവല്ലരിയിൽ പൂവിട്ട രണ്ടു കുസുമങ്ങളായി പ്രിയംവദയും പ്രിയരഞ്ജിനിയും പിറന്നു .. .

ഫോറിനിൽ വിദ്യാഭാസം പൂർത്തിയാക്കിയ പ്രിയംവദ ഗൾഫിൽത്തന്നെ ഏതാനും നാൾ ജോലിനോക്കി. ഒടുവിൽ വിവാഹാലോചനകൾ ഒന്നും നടക്കാതെ വന്നപ്പോൾ ദേവികയുടെ പ്രാർത്ഥനയുടെ സന്ദേശവും

വഹിച്ചവൾ നാട്ടിലേയ്ക്ക്.. .ഇന്നിതാ ഒരച്ഛന്റെ കടമയും പേറി താനവളെ നാട്ടിലേക്കു യാത്രയാക്കുമ്പോൾ ………..

ഭൂതകാലം ഗൃഹാതുരത്വത്തോടെ മനസ്സിൽ നിറയുന്നു.

ഫ്ലാറ്റിനുമുമ്പിൽ ശബ്‌ദത്തോടെ ഉരസിനിന്ന കാറിൽ നിന്നുമിറങ്ങുമ്പോൾ ദേവിക വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. ജിജ്ഞാസ തുടിക്കുന്ന മുഖമുയർത്തി അവൾ ചോദിച്ചു .”എന്തായി ,മാധവേട്ടാ ,മോളുടെ ഫ്ലൈറ്റ് സമയത്തിനെത്തിയോ.?..” അതിനുത്തരമായി ഞാൻ പറഞ്ഞു:

ഫ്ലൈറ്റിൽ കയറുന്നതിനുമുമ്പ് അവൾ എന്നെ വിളിച്ചിരുന്നു ,ഫ്ലൈറ്റ് എത്തിയ വിവരമറിയിച്ച്‌.

നാട്ടിലെ എയർപോർട്ടിൽ വിനുവുണ്ടാകുമല്ലോ അല്ലെ ?..പ്രിയയ്ക് നാട്ടിലെ കാര്യങ്ങൾ ഒന്നും അറിയില്ല .അതുകൊണ്ടാ എനിക്കു പേടി .’ ദേവിക തന്റെ ഭയം വെളിപ്പെടുത്തി:

ലണ്ടനിൽ ജീവിച്ച അവൾക്ക് പാലക്കാട്ട് എത്താൻ എന്താണ് വിഷമം ദേവികേ ?അതുമല്ല കുറേക്കാലം അവൾ അവിടെ ജീവിച്ചതല്ലേ ? അവളെ ഓർത്ത് നീ വെറുതെ ബേജാറാകാതെ .”

ഭർത്താവിന്റ വാക്കുകൾ കേട്ട് ദേവിക പിന്നെ ഒന്നും മിണ്ടിയില്ല .എങ്കിലും അവരുടെ മനസ്സിൽ തോന്നി .”മുത്തന്നൂർ ഒരു കുഗ്രാമമാണ് .അവിടത്തെ പരിഷ്‌കൃതമല്ലാത്ത രീതികളുമായി അവൾ യോജിക്കുമോ ആവൊ ? ”.അങ്ങിനെ വിചാരിച്ച്‌ ദേവിയെ മനസ്സിൽ കണ്ടു പ്രാർത്ഥിച്ചു .”എന്റെ മുത്തന്നൂർ ദേവിഎന്റെ കുഞ്ഞിനെ കാത്തുകൊള്ളേണെ ..അവൾക്കു ഒരു വിഷമവും അവിടെ ഉണ്ടാക്കരുതേ” ..ദേവികയുടെ മനസ്സു നിറഞ്ഞ ആ പ്രാർത്ഥനക്കൊപ്പം പ്രിയംവദയുടെ .ഫ്ലൈറ്റ് മെല്ലെ മെല്ലെ . കേരളത്തിലേക്ക് താണുപറന്നിറങ്ങിക്കൊണ്ടിരുന്നു . ഇനി പ്രിയംവദയിലൂടെ ഈ കഥ എങ്ങിനെ ഇതൾ വിടരുന്നു എന്ന് നമുക്ക് നോക്കാം .

തുടരും

You can share this post!