ഇറുക്കിക്കെട്ടിയ
കയറിനാൽ
ബന്ധിച്ച്,
അരങ്ങിലേക്കിറക്കി
വേഷങ്ങൾ
ആടിത്തിമിർക്കാൻ
പ്രലോഭിപ്പിച്ചു
പാവക്കൂത്തിന്റെ
ആസ്വാദകരായി.
വലിഞ്ഞുമുറുകി
ഞെരിയുന്ന
മുറിവുകളുടെ,
നീറ്റലുതിർക്കുന്ന
മൂകാഭിനയത്തിന്റെ,
ചാതുരിയിൽ
മനം മറന്ന്കൈയ്യടിച്ച്
ആരാധകരായി
ചിലരും.
വലിച്ചെറിയപ്പെട്ട
മാനാഭിമാനങ്ങൾക്കുള്ളിൽ
ഉരുകിയൊലിച്ച
ഹൃദയരക്തം
നിറംകലർത്തിയവനിലേക്ക്,
അഭിനന്ദനപ്രവാഹമായി
പാഞ്ഞൊലിച്ചു.
ചേർത്തുവെച്ചൊരു ചില്ല
അടർത്തിമാറ്റാൻ
മനസ്സിന്റെ
നെരിപ്പോടിലേക്ക്
തേടുന്നു
ഹുങ്കാരശബ്ദം
മുഴക്കുമൊരു
കൊടുങ്കാറ്റിനെ …