ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഏകാന്ത ജീവിതം/അഡ്വ. പാവുമ്പ സഹദേവൻ

അഡ്വ. പാവുമ്പ സഹദേവൻ

ജീവിതത്തിൽ ഞാൻ എന്നും ഏകാന്തനായിരുന്നു. കൂട്ടത്തിലായിരിക്കുമ്പോഴും ഏകാന്തതയിൽ അലയാനാണ് ഞാൻ എന്നും ആഗ്രഹിച്ചിരുന്നത്. എകാന്തതയാണ് എന്നെ ഏകാഗ്രതയുടെ ഉത്തുംഗ ശൃംഗത്തിലെത്തിച്ചിട്ടുള്ളത് . ജീവിതത്തിലെ ഏറ്റവും മഹത്തയ അനുഭവമാണ് ഏകാന്തത . ഏകാന്തതയുടെ ഉപാസകർ , തങ്ങളുടെ ആത്മാവിന്റെ അങ്കണത്തിൽ പുന്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുറുണ്ട്. ഏകാന്ത ജീവിതത്തിലാണ് ഏകാഗ്രതയുടെ പൂക്കൾ വിടർന്ന് സുഗന്ധം പരത്തുന്നത്. ഏകാഗ്രതയുടെ താഴ് വാരത്തിലിരിക്കുമ്പോഴാണ് ഞാൻ എല്ലാം തെളിഞ്ഞ് കാണുന്നത്. മലമുകളിൽ പലതും പുകഞ്ഞ് പൊന്തുന്നത് അപ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ഏകാന്തമായ ജീവിതം നയിക്കുന്നവർ സ്വർഗ്ഗതുല്യമായ ആനന്ദമാണ് അനുഭവിക്കുന്നത്., അവർ ഗിരി ശൈലങ്ങളുടെ ശിഖരങ്ങളിൽ നിർവൃതിയണയുന്നു. ഘോരവനങ്ങളിൽ തപസ്സിരുന്നാൽ ഏകാന്തത ലഭിക്കില്ലെന്ന് എല്ലാവർക്കുമറിയാമല്ലോ. ഏകാന്തത മനസ്സിന്റെ നിഷ്കളങ്കമായ ശൈശവ അവസ്ഥയാണ്. പ്രാപഞ്ചിക ജീവിതത്തിന്റെ സങ്കീർണ്ണമായ അനുഭവങ്ങളാണ് എകാന്തതയുടെ അർത്ഥം പഠിപ്പിക്കുന്നത്.

സായംസന്ധ്യകളിലെ ഏകാന്ത മരങ്ങളെയും പുൽത്തകിടിയിലെ ചെടികളെയും നോക്കുമ്പോൾ ഏകാഗ്രതയുടെ പൂക്കൾ വിരിയിന്നത് ഞാൻ കണ്ടിട്ടുണ്ട് ., അതിന്റെ സുഗന്ധാനുഭൂതിയിൽ ഞാൻ മതിമയങ്ങിപ്പോയിട്ടുണ്ട്. പിന്നെ വല്ലപ്പോഴും മദ്ധ്യാഹ്നവെയിലിന്റെ ചൂട് ഉച്ചിയിൽ പതിയുമ്പോഴാണ് എകാന്തതയുടെ അർത്ഥം എനിക്ക് മനസ്സിലായിട്ടുള്ളത്. വൈകുന്നേരത്ത് കടൽ തീരത്ത് ചെന്നിരുന്നാൽ ലഭിക്കുന്നതല്ല ഏകാന്തത എന്ന് എനിക്ക് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട് . എന്നാൽ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അനുഭവിക്കുന്ന ശൂന്യതയുമല്ല ഏകാന്തത . ശൂന്യതയ്ക്ക് ഏകാന്തത എന്ന അർത്ഥം ജീവിതത്തിന്റെ നിഘണ്ടുവിലെങ്ങും കാണാൻ കഴിയില്ല. ഒറ്റയ്ക്കിരുന്നാൽ ഒരിക്കലും ലഭിച്ചേക്കാവുന്നതുമല്ല ഏകാന്തത . ധ്യാനിക്കാൻ വേണ്ടി ധ്യാനിച്ചാൽ ലഭിക്കുന്നതുമല്ല ഏകാന്തതയും ഏകാഗ്രതയും. ധ്യാനത്തിലുടെ ജീവിതത്തിന്റെ ശാന്തത സാക്ഷാത്കരിക്കാനും കഴിയില്ല. ധ്യാനം പൊള്ളയായ ഒരു അനുഭവം മാത്രമാണ്. ആത്മാവിന്റെ വരൾച്ചയും ശൂന്യതയും ധ്യാനത്തിന്റെ മിഥ്യാ ലോകത്ത് വെച്ചാണ് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളത്. യഥാർത്ഥത്തിൽ, അനുഭവ തീവ്രതയുടെ അന്ത്യത്തിൽ സംഭവിക്കുന്നതാണ് ധ്യാനവും ഏകാഗ്രതയും. ഏകാന്തതയുടെ പ്രശാന്തമായ വീഥിയിൽ, ധ്യാനത്തിലേക്കും ഏകാഗ്രതയിലേക്കും നാം ഒഴുകി വീഴുക മാത്രമാണ്. ഏകാന്തതയുടെ ശാന്തമായ പുഴ ഒഴുകുന്നത് ധ്യാനാത്മകതയുടെ ഏകാഗ്രതയിലൂടെ യാണ്. വിജനവും നിശ്ശബ്ദവുമായ പെരുവഴികളിൽ വെച്ചും ഞാൻ ഏകാന്തതയെയും ഏകാഗ്രതയെയും കണ്ടുമുട്ടിയിട്ടുണ്ട്. ഏകാന്തതയും ഏകാഗ്രതയും ഇരട്ടപ്പെറ്റ സഹോദരങ്ങളാണെന്ന് ജീവിതത്തിന്റെ ഏതോെ പെരുവഴിയിൽ വെച്ചാണ് ഞാൻ മനസ്സിലാക്കുന്നത്.

കാലൻ കടലിന്റെ പടിഞ്ഞാറൻ ചക്രവാളങ്ങളിലേക്ക് കണ്ണ് അയയ്ക്കുമ്പോൾ ഞാൻ നിസ്സഹായനും വരണ്ട് ശൂന്യനുമാണെന്ന് തോന്നാറുണ്ട്. അല്ലെങ്കിലും സദാ പ്രക്ഷുബ്ദമായ കടലിന് എങ്ങനെയാണ് ഏകാന്തമായ ഏകാഗ്രതയെ മനസ്സിലാക്കാൻ കഴിയുക. കടലല്ല, പുഴയാണ് എനിക്ക് ജീവിതത്തിന് എന്നും അർത്ഥമുണ്ടാക്കി തരുന്നത്. പുഴയോരത്തെ പാറക്കെട്ടുകളിൽ ഏകാകിയായി ഇരിക്കുമ്പോഴാണ്, ജീവിതത്തിന്റെ ഏകാന്തതയും ഏകാഗ്രതയും എനിക്ക് വെളിവായിട്ടുള്ളത്. കടലിന്റെ ആഴത്തിന്റെ നിഗൂഢത , പുഴയുടെ സ്നേഹത്തിനില്ല. പുഴയുടെ നിർമ്മലമായ സ്നേഹം അതിന്റെ പരിശുദ്ധമായ ഒഴുക്ക് പോലെയാണ്. പുഴ സ്നേഹതീർത്ഥവുമായി സംഗീതാത്മകമായാണ് ഒഴുകുന്നത്. കടൽ ആർത്തലയ്ക്കുമ്പോൾ, പുഴ എത്ര ശാന്ത ഗംഭീരമായാണ് ഒഴുകുന്നത്. ജീവിതത്തിന്റെ എല്ലാ അർത്ഥങ്ങളും പുഴയുടെ ശാന്തമായ ഒഴുക്കിൽ വായിച്ചെടുക്കാം. ജീവിതത്തിലെ എല്ലാവിധ വിപ്ലവങ്ങളും , പിന്നെ പുഴയെപ്പോലെ തീരങ്ങളെ തലോടി ശാന്തമായൊഴുകാൻ പഠിക്കുന്നുണ്ടല്ലോ ! പുഴ എന്തെന്ത് അർത്ഥങ്ങളാണ് അതിന്റെ ഗർഭഗൃഹത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. ധ്യാനാത്മകതയുടെ കൊടുമുടിയിലെത്തിയാലൊന്നും പുഴയുടെ ഏകാന്തതയും ഏകാഗ്രതയും നമുക്ക് അനുഭവമാകില്ല. അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നിറങ്ങി വന്ന് പുഴയുടെ ഗർഭഗൃഹത്തിലേക്ക് മുങ്ങുമ്പോഴേ, ജീവിതത്തിന്റെ ശാന്ത ഗംഭീരമായ ഏകാന്തതയും ഏകാഗ്രതയും എന്താണെന്ന് അനുഭവിക്കാൻ കഴിയുകയുള്ളൂ. ഭൗമ ജീവിതത്തിലെ അനർഘമായ കനിയാണ് ഏകാന്തത . നമുക്ക് കിട്ടിയ ജീവിതം പോലെ അപൂർവ്വമായ ഒരു അനുഭവമാണ് ഏകാന്തതയും.

ആകാശത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങളുണ്ടെങ്കിലും അവരെല്ലാം ഏകാന്തരാണെന്ന് പാതിരാത്രികളിൽ നമ്മോട് വിളിച്ച് പറയുന്നുണ്ട്. ആയിരക്കണക്കിന് പ്രകാശവർഷങ്ങൾ അകലെ അവയെല്ലാം എത്ര ഒറ്റപ്പെട്ടാണ് നിലകൊള്ളുന്നത് ! പ്രപഞ്ചത്തിന്റെ ഭീകരമായ ഇരുട്ടിൽ ഒറ്റപ്പെട്ട് നിൽക്കുമ്പോഴും നക്ഷത്രങ്ങൾക്ക് പുഞ്ചിരിക്കാൻ കഴിയുന്നത് പ്രപഞ്ചത്തിന്റെ തന്നെ ഒരു അനുഗ്രഹമല്ലാതെ മറ്റെന്താണ്. ഞാൻ അർദ്ധരാത്രിയിൽ ആകാശത്തേക്ക് നോക്കുമ്പോൾ, ഒരു നക്ഷത്രത്തിന് മറ്റൊരു നക്ഷത്രത്തെ ഇഷ്ടമല്ല എന്ന് അവ എന്നോട് കൊതിയും നുണയും പറയാറുണ്ട്. പ്രപഞ്ചത്തിന്റെ നിബിഡാന്ധകാരത്തിൽ തങ്ങൾ തനിച്ചാണെന്ന് താരാ നിരകൾ ( ഭൂമിയിലെ മനുഷ്യർ ) പറയുമ്പോൾ, ഞാൻ വല്ലാതെ ഭയ സംഭ്രമ ഭരിതനാകാറുണ്ട്. അവരുടെ ദുഖത്തിൽ ഞാനും ആത്മാർത്ഥമായി പങ്ക് കൊള്ളാറുണ്ട്. ഏകാന്തതയുടെ അർത്ഥമെന്താണെന്ന് ഞാൻ നക്ഷത്രങ്ങളോടാണ് ചോദിച്ച് മനസ്സിലാക്കുന്നത്. ഈ നക്ഷത്രങ്ങൾ പ്രപഞ്ചാന്ധകാരത്തിൽ ആയിരക്കണക്കിന് വർഷങ്ങൾ എങ്ങനെയാണ് ഇങ്ങനെ ഒറ്റയ്ക്ക് നിലകൊള്ളുന്നതെന്ന് ഞാൻ അന്തിച്ചു പോയിട്ടുണ്ട്. ഒരു പക്ഷെ, ധ്യാനാത്മകതയുടെ ഈ നിബിഡാന്ധകാരത്തിന്റെ ഏകാഗ്രതയിലായിരിക്കും അവ പ്രാപഞ്ചികമായ ഏകാന്തത പശീലിച്ച് പോന്നിട്ടുള്ളത്. അതുകൊണ്ടാണ്, പ്രപഞ്ചത്തിലെ ഏകാന്തതയുടെ (ഏകാഗ്രതയുടെയും ) ഏറ്റവും മഹത്തായ കലവറ ആകാശ നക്ഷത്രങ്ങളാണെന്ന് ഞാൻ ചിലപ്പോഴൊക്കെ വെളിപാട് കൊള്ളുന്നത്. ഒരിക്കൽ, ഏകാന്തതയുടെ പരിപൂർണ്ണ സാക്ഷാത്കാരത്തിനായി, ആകാശ നക്ഷത്രത്തിലേക്ക് സ്വച്ഛന്ദം യാത്ര ചെയ്യുന്നതാണ് ഞാൻ ഇപ്പോൾ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്.

HOME PAGE

M K ONAPPATHIPP

You can share this post!