പച്ചമേലാപ്പിൻകീഴേ മനോഹര–
രത്നകംബളം നീർത്തി നവോഡയായ്
നിൽക്കും പൂവാക… നീയെത്ര സുന്ദരി,
മുഗ്ദ്ധപ്രേമത്തിന്നുദാത്ത സാക്ഷി!
എത്തുമോരോ പ്രണയനിമിഷത്തിന്നോർമ്മകൾ
നിന്നുടെ രക്തപുഷ്പങ്ങൾ കാണുന്ന വേളയിൽ..
ഒത്തൊരുമിച്ചു പങ്കിട്ട സ്നേഹത്തിൻ
സ്‌നിഗ്ദ്ധമാം തിരുശേഷിപ്പു പോലെവേ..
കോർത്തുപിടിച്ച വിരൽച്ചൂടിനാർദ്രവും
നേർത്ത തരളിത നിശ്വാസഹർഷവും
ആദ്യമായ്ത്തൊട്ട പ്രേമത്തിൻ രോമാഞ്ചം
ഏറ്റു ഞാൻനിന്നു, നിന്റെയീ ചാരത്ത്!
പീതവർണ നനുസൂനത്തിൻ നീരാളം
വാരിപ്പുതച്ചതാ നിൽക്കുന്നു സോദരി
പാതവക്കിൽ, വസന്തത്തിൻ സൗവർണ–
ശോഭ വാരിവിതറി വരവേൽക്കാൻ!
സ്വർഗ്ഗതുല്യം കലാലയ പ്രേമത്തിൻ
വിത്തുപാകി മുളച്ചു നിന്നോരത്ത്!
എത്ര യൗവനസ്വപ്‌നങ്ങൾ നെയ്തു നിൻ–
പുഷ്പശയ്യമേലെത്തീ മിഥുനങ്ങൾ,
കൊക്കുരുമ്മും ഇണയരയന്നം പോൽ
നിൽക്കും, നിൻചാരെമെയ്യുചേർന്നൊന്നു പോൽ
ഇന്നു നീ നിൽക്കുന്ന,നാഥമായ്–
പൊന്നും പവിഴം പൊഴിച്ചുകൊണ്ടേകയായ് വന്നിരിക്കുവാനാരുണ്ട് നിന്നുടെ–
പൊന്നിളം ശയ്യതൻ സാന്ത്വനഛായയിൽ!
നീറും ചുവരിന്റെ ഭിത്തികൾക്കുള്ളിലായ്
ചൂടുപിടിക്കുന്ന ഫോണതിൽ കുത്തിക്കൊണ്ടേ-
കരായിന്നവർ, നാണമെന്യേഅനാവരണം ചെയ്യുന്നവരുടെ–
നൂലുബന്ധമില്ലാത്ത,
യൗവനച്ചൂരെഴും നിമ്നോന്നതങ്ങൾ!
കാലമെന്യേ നീ പൊഴിച്ചീടുക
പീത-രക്തവർണത്തിൻ പൂവുകൾ!
ഭൂമിദേവിക്ക്പുഷ്‌പ്പോൽസവാത്തിനായ്
രാജമല്ലീ നീ നിന്നുടെ സൂനങ്ങൾ!!!