
ലൂയീസ്, നിന്നെ ഓർക്കാൻ ഒരു വാർഷിക ദിനം വേണ്ട. എന്റെ ശ്രമം പോലും വേണ്ട. നിരന്തരം എന്നെ ശല്യപ്പെടുത്തുന്ന നോവാണ് നീ. ഇനിയും ഉണങ്ങാത്ത ഒരു വൃണം പോലെ എങ്കിലും നഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത ഒരു വേദന. നിന്റെ ഓർമ്മകളും ചുമലേറ്റിയാണ് യാത്ര.
അദൃശ്യതയുടെ പിളർന്ന വിരിക്കപ്പുറം നിന്ന്
നീ എന്നെ നോക്കുന്നു.
എന്നാൽ അല്പം പോലും വിയലമില്ല,
എൻ്റെ ഹൃദയത്തോളം ചേർന്നാണ് നീ.
വേതാളത്തെയെന്ന പോലെ നിന്നെ
ചുമന്നാണ് ഇനി ശിഷ്ടകാലം.
ദൃശ്യനെങ്കിൽ ഞാൻ നിന്നെ
പണ്ടേ തള്ളി മാറ്റിയേനെ.
ജീവിച്ചിരുന്നപ്പോൾ എന്ന പോലെ.
ഹോ! നിന്റെ നിസ്സഹായതയുടെ സൂചിമുന
എന്റെ അഹത്തിന്റെ കുമിളയിലേക്ക് നീണ്ടിരിക്കുന്നു.
നല്ലവനാകാൻ ഒരു പിടിച്ചോറ്
നിന്റെ ആത്മാവിനെ പ്രതി പുറത്തേക്കെറിഞ്ഞാലോ?
മിഴി തുടച്ചു കൊണ്ട്
ബലികാക്ക പറന്നു പോകും.
നിന്നെ അരിച്ചു തീർത്ത പുഴു
ഓർമ്മയുടെ ഒരക്ഷരം ചുമന്ന് ദേശാടനത്തിലാണിപ്പോൾ.
നിന്നെക്കുറിച്ചോർക്കുമ്പോൾ
എനിക്കെന്നോട് പുച്ഛം തോന്നുന്നു.
സത്യത്തിൻ്റെ കണ്ണാടിയിൽ നോക്കുന്ന വ്യാജത്തിൻ്റെ ഒടിഞ്ഞ കൊമ്പ്.
നുണയുടെ കാലിളകിയ കൂട്ടിൽ നിന്ന്
ആകാശം തേടിപ്പറന്ന പക്ഷി
അനിവാര്യമായ വിയവനത്തിൽ
വിയലിടം നഷ്ടമായ കുട്ടി
കുറ്റം സമ്മതിച്ച് ശിക്ഷയും വാങ്ങി
താനുപേക്ഷിച്ചാൽ ഒറ്റയ്ക്കായിപ്പോകുന്ന പിഴവുകളെ തേടിയിറങ്ങിയ സൗഹൃദം.
തെറ്റിനും ശരിക്കും പ്രിയപ്പെട്ടവൻ
ഇടതു കയ്യാൽ പിഴകളെയും
വലതുകയ്യാൽ പുണ്യങ്ങളെയും
പേറിത്തളർന്ന നിൻ്റെ മുന്നിൽ
കരമറ്റ് നില്ക്കുന്ന എന്നെ നോക്കി
കണ്ണീരിൻ്റെ നനവുള്ള നിന്റെ ചിരി.