ഗ്രാമജീവിതം പകർന്ന” സ്നേഹത്തുടിപ്പാണേ,
, ആ തുടിപ്പിൽ പൂവിടുന്ന മോദമമൃതാണേ.
അമൃതമോലും സൗഹൃദങ്ങൾ അളവില്ലാതൊഴുക്കി,
കുതുകമോടെ വാണിരുന്ന കാലമാണെൻ നേട്ടം.
നേട്ടമല്ലാ നോട്ടമെന്ന തത്വം ജീവിതത്തിൽ,
എന്നുമേ പുലർത്തിടുന്ന വാഴ്‌വു തന്ന ഗ്രാമം.
ഗ്രാമമെന്ന ഭൂമികയിൽ അപരിചിതരില്ലാ,
സർവ്വരുമാ,യിടപഴകി ജീവിതം മുന്നോട്ടായ്.
മുന്നിലോടും ജീവിതത്തെ, യന്നമൂട്ടിടാനായ്,
കാർഷികത്തൊഴിലുചെയ്തു സുഖമറിഞ്ഞു നമ്മൾ.
നമ്മളൊന്നായ്ത്തന്നെ വാണു കാലം നീക്കിടുമ്പോൾ,
നഗരമെന്ന ഭൂതം വന്നു വിഴുങ്ങി നമ്മൾ മാറി.
മാറി മാറി നമ്മൾതമ്മിലകലം കൂടി വന്നൂ,
മതിലുയർന്നു മണ്ണിലും മനസ്സിലുമായ് നിന്നൂ.
മനസ്സിൽ തീർത്ത മതിലുകൾ കണ്ടമ്പരന്നു നിൽപ്പാ –
ണന്നുമിന്നും മാറിടാത്ത വിഡ്ഢിയാമൊരുണ്ണി !