പഴയ ഓടിട്ട വീടിൻ്റെ ഇരുട്ട് മുറിയിൽ വലിയ വെളിച്ചപ്പാട് കണാരൻകുട്ടി ശരീരം തളർന്ന് കിടന്നിട്ട് ഇന്നേക്ക് 5 വർഷം തികയുകയാണെന്ന് ഭാര്യ മാളു ഓർത്തു. മകൻ ചെറിയ വെളിച്ചപ്പാട് ചന്ദ്രൻ്റെ കല്യാണ ദിവസം രാളിയായിരുന്നു പെട്ടെന്ന് ആകെ തളർന്നുപോയ കണാരൻകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കണാരൻകുട്ടിയുടെ കട്ടിലിനരികെ മാളുവിൻ്റെ നീണ്ട കാത്തിരിപ്പിനും 5 വർഷം തികഞ്ഞു. സംസാരശേഷി നഷ്ടപ്പെട്ട കണാരൻകുട്ടി ആംഗ്യ ഭാഷയിലാണ് കാര്യങ്ങൾ മാളുവിനെ അറിയിക്കുന്നത്. എന്നാൽ 60 കഴിഞ്ഞ അയാൾക്ക് ചെവി നന്നായി കേൾക്കും.
മാളു കട്ടിലിനരികെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കും. ശബ്ദം പുറപ്പെടുവിക്കാത്തതു കൊണ്ട് സശ്രദ്ധം അയാളെ വീക്ഷിക്കേണ്ട ഉത്തരവാദിത്തം മാളു നന്നായിതന്നെ നിറവേറ്റി പോന്നു. അങ്ങനെ നോക്കിയിരിക്കെ മാളുവിൻ്റെ ചിന്ത ഭൂതകാലത്തിലേക്ക് ചിറകടിച്ച് പറന്നു പോയി.
കാവിലെ ഉത്സവത്തിന് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൻ്റെ ആദരവുകൾ ഏറ്റുവാങ്ങി കണാരൻ കുട്ടി കഴുത്തിലൂടെ ചുവന്ന പട്ടും കൈയ്യിൽ തിളങ്ങുന്ന വാളുമായി ചെണ്ടവാദ്യത്തിനൊത്ത് തുള്ളുന്ന ആരെയും കോരിത്തരിപ്പിക്കുന്ന ദൃശ്യം അവളുടെ മനസിലൂടെ മിന്നി മറഞ്ഞു. കാവിലെ വിശാലമായ മുറ്റത്ത് സ്ത്രീകൾ ഒരുവശത്തും പുരുഷന്മാർ മറുവശത്തുമായി ഭക്ത്യാദരങ്ങളോടെ നിലയുറപ്പിച്ചു. ചേറ്റൂർകാവ് ഭഗവതിയുടെ പ്രധാന വെളിച്ചപ്പാടായ കണാരൻകുട്ടി ജനങ്ങളുടെ ഇടയിലൂടെ അവരുടെ പ്രശ്ന പരിഹാര നിർദേശമുൾക്കൊള്ളുന്ന വാക്കെണ്ണൽ ‘ നടത്തിക്കൊണ്ടിരുന്നു. മറ്റു സഹവെളിച്ചപ്പാടുകൾ ആ സാഹസത്തിന് സാധാരണയായി മുതിരാറില്ല. അത് പൂർണ്ണമായും പ്രധാന വെളിച്ചപ്പാടിൻ്റെ കടമയും കർത്തവ്യവുമായി പൊതുവെ അംഗീകരിക്കപ്പെട്ട് പോന്നിരുന്നു .
പതിനേഴിൻ്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴാണ് സുന്ദരിയായ മാളു കണാരൻകുട്ടിയുടെ ഭാര്യയായി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മുപ്പതു കഴിഞ്ഞ കണാരൻ കുട്ടിയെ അവളായിരുന്നില്ല ഇഷ്ടപ്പെട്ടത്. അവളുടെ അച്ഛനായിരുന്നു. കുടുംബ ജീവിതത്തെ കുറിച്ച് പ്രത്യേകിച്ച് ഒരു സ്വപ്നവും ഇല്ലാതിരുന്ന മാളു ഇത് തന്നെ ബാധിക്കുന്ന പ്രശ്നമേയല്ല എന്നതരത്തിൽ അച്ഛൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വെറുതെ അങ്ങ് നിന്ന് കൊടുക്കുകയായിരുന്നു. അന്നത്തെ ചുറ്റുപാടിൽ മറ്റൊന്നും ചിന്തിക്കുവാനുള്ള സൗകര്യമോ സാവകാശമോ അവൾക്ക് കിട്ടിയിരുന്നില്ല.
കല്യാണം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് മാളു യഥാർത്ഥത്തിൽ ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കുന്നത്. പ്രത്യേകിച്ച് യാതൊരു സൗന്ദര്യവും അവകാശപ്പെടാനില്ലാതിരുന്ന കണാരൻകുട്ടിയുടെ പതിനേഴുകാരി ഭാര്യ പ്രദശത്തുകാരുടെ ആവേശമായി മാറാൻ അധികനാളുകൾ എടുത്തില്ല. സദാസമയവും കാവും പൂജയുമായി കഴിഞ്ഞിരുന്ന അയാൾക്ക് മാളുവിൻ്റെ സൗന്ദര്യം ഒന്ന് ആസ്വദിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല.
ഒളിഞ്ഞും തെളിഞ്ഞും നാട്ടിലെ ‘തെറിച്ച ‘ ചെറുപ്പക്കാർ മാളുവിനെ വലയിൽ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ മാളുവിൻ്റെ പ്രതിരോധം അവരെ തകർത്തുകളഞ്ഞു.
“അമ്മേ ദേവിയെവിടെ?” ചന്ദ്രൻ്റെ ചോദ്യംകേട്ടാണ് മാളു ചിന്തയിൽ നിന്നുണർന്നത്.
” കുടുംബശ്രീക്കാന്ന് പറഞ്ഞാ പോയത്. നാട്ടിലെ കഥകളൊക്കെ പറഞ്ഞും കേട്ടുമല്ലേ ഇനി തിരിച്ചുവരവുണ്ടാവൂ ” മാളു ഒട്ടൊരു അസിഷ്ണുതയോടെ പറഞ്ഞു നിർത്തി.
ചന്ദ്രൻ തോർത്തും സോപ്പുമായി കുളക്കരയിലേക്ക് നടന്നു. കുളക്കരയിൽ കുട്ടികളുമൊത്ത് കളിച്ചിരുന്ന നാലു വയസ്സുകാരൻ അച്ഛനെ കണ്ടമാത്രയിൽ ഓടി അടുത്തുവന്ന് കൈയ്യിൽ തൂങ്ങിക്കൊണ്ട് കൊഞ്ചി കുഴയാൻ തുടങ്ങി.
” അച്ഛൻ മുഠായി കൊണ്ടോന്നോ?”
“ഓ… അച്ഛൻ മറന്നു. നാളെ വാങ്ങിത്തരാം ട്ടോ… ” മറുപടി കേട്ടതും അവൻ കൈവിട്ട് മറ്റു കുട്ടികളുടെ അടുത്തേക്ക് ധൃതിയിൽ ഓടിപ്പോയി.
മോനൂട്ടനെ കാണുമ്പോഴൊക്കെ ഈയ്യിടെയായി അവൻ്റെ മനസിൽ ഒരു കടൽ അലയടിച്ച് ഉയരും. ആ ഡോക്ടർ പറഞ്ഞത് തെറ്റാകട്ടെ എന്ന് ഭഗവതിയോട് ഉള്ളുരുകി പ്രാർത്ഥിക്കും.
“എൻ്റെ ഭഗവതീ…. ഞാനിതെങ്ങനെയാ സഹിക്യാ?” അച്ഛനാകാൻ അവന് ചികിത്സ വേണമെന്ന ഡോക്ടറുടെ വിധിയെഴുത്ത് അവൻ ഇതുവരെ ദേവിയോട് പറഞ്ഞിട്ടില്ല.
ദേവി രണ്ടാമത് ഗർഭിണിയാകാത്തപ്പോഴാണ് ചന്ദ്രൻ ഉററ സുഹൃത്ത് ഡോക്ടർ സുജേഷിനെ സമീപിച്ചത്.
“കുറച്ച് ഗ്യാപ്പ് കിടന്നോട്ടെ. ഇത്രപെട്ടെന്ന് രണ്ടാമത്തെ കുട്ടി വേണോ?” ആദ്യം ഇതായിരുന്നു സുജേഷിൻ്റെ പ്രതികരണം. ചന്ദ്രൻ്റെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ചില ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചത്.
” അപ്പോൾ എന്നെ അവൾ ചതിക്കുകയായിരുന്നോ?” സുജേഷിൻ്റെ കൈ അമർത്തിപ്പിടിച്ചുകൊണ്ട് ചന്ദ്രൻ ചോദിച്ചു.
” അങ്ങനെ പറയാൻ പറ്റില്ല.ചില കേസുകൾ ഇങ്ങനെയൊക്കെ വരാം.” സുജേഷിൻ്റെ ആശ്വാസവാക്കുകൾ ചന്ദ്രനെ തൃപ്തിപ്പെടുത്തിയില്ല.
ചന്ദ്രൻ കുളികഴിഞ്ഞ് മോനൂട്ടനേയും കൂട്ടിവരുമ്പോൾ ദേവിയും അവരോടൊപ്പം കൂടി . ദേവിയെ ദുരെനിന്നേ ശ്രദ്ധിച്ച ചന്ദ്രൻ തൻ്റെ ഉണങ്ങിയ ശരീരത്തിലേക്ക് ഒന്ന് പാളിനോക്കി. അവൾക്ക് വിവാഹപ്രായമെത്തിയത് ഇപ്പോളാണെന്നും ഒരു കുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അവന് തോന്നി.
അവർ വീട്ടിൽചെന്ന് കയറുമ്പോൾ സന്ധ്യയായി. വീട്ടിൽ എത്തിയതും ദേവി വിളക്ക് വെച്ചു. ചന്ദ്രൻ ജപവുമായി ഒരു മൂലയിലേക്ക് ഒതുങ്ങി.
കണാരൻകുട്ടിയുടെ കണ്ണുകൾ നിറഞ്ഞുകവിയുന്നത് കണ്ട മാളു അടുത്തുകിടന്ന തൂവാലയെടുത്ത് കണ്ണുനീർ തുടച്ചു കൊടുത്തു. എന്തിനാവും തൻ്റെ ഭർത്താവ് കരയുന്നത്? ഒരുപക്ഷേ ഭഗവതിക്കുവേണ്ടി കഴിഞ്ഞുവെച്ച ജീവിതം ഈ തരത്തിൽ ആയിപ്പോയതിൽ വ്യസനിക്കുകയായിരിക്കുമോ? നാട്ടുകാരുടെ വിഷമസന്ധികളിൽ തണലായി നിറഞ്ഞാടിയ ഭഗവതിയുടെ പ്രതിരൂപത്തെ ഭഗവതി തിരിഞ്ഞു നോക്കാത്തതിൽ ദു:ഖിക്കുകയായിരിക്കുമോ? അല്ലെങ്കിൽ ഒതേനക്കുറുപ്പുമായുള്ള തൻ്റെ പഴയബന്ധത്തെ ഓർത്തെടുത്ത് കുണ്ഠിതപ്പെടുകയായിരിക്കുമോ?
നാട്ടിലെ ചെറുപ്പക്കാരെല്ലാം വീശിയ വലകളിൽ നിന്ന് അതിസമർത്ഥമായി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന കാലത്താണ് നാട്ടിലെ പ്രതാപിയും ചേറ്റൂർ കാവിൻ്റെ മേലാളനുമായിരുന ഒതേനക്കുറുപ്പിൻ്റെ മനസ്സിലേക്ക് സുന്ദരിയായ മാളു ചെന്ന് കയറുന്നത്. ആദ്യമൊക്കെ മാളു ഒരുപാട് പിടിച്ചുനിന്നു.
ഒരു കർക്കിടക മാസത്തിലെ കൊടും ദാരിദ്ര്യത്തിലാണ് കുറുപ്പ് മാളുവിനെ തന്ത്രപരമായി കീഴടക്കുന്നത്. കണാരൻ കുട്ടിക്ക് പണിയില്ലാതെ ദാരിദ്ര്യം മുഴു പട്ടിണിയിലേക്ക് നീങ്ങിയപ്പോൾ കുറുപ്പിൻ്റെ സഹായഹസ്തം നിരസിക്കാൻ അവർക്ക് കഴിഞ്ഞില്ല. കുറുപ്പിൻ്റെ സഹായം ക്രമാതീതമായി വർധിച്ചിട്ടും അയാൾ അവളെ ശാരീരികമായി കീഴ്‌പ്പെടുത്താൻ ശ്രമിച്ചില്ല.
നിർലോഭം മാളുവിന് വേണ്ട ഉടയാടകളും സൗന്ദര്യവസ്തുക്കളും ആരും കാണാതെ എത്തിച്ചു കൊടുക്കുന്നതിൽ കുറുപ്പും അത് ഇരുചെവിയറിയാതെ വാങ്ങി ഉപയോഗിക്കുന്നതിൽ മാളുവും അസാധാരണമായ മെയ്വഴക്കം കാട്ടിപ്പോന്നു.
മാളു ക്രമേണ കുറുപ്പിനെ ആരാധിക്കാൻ തുടങ്ങിയിട്ടും കുറുപ്പ് അത്തരത്തിൽ അവളോട് പെരുമാറിയതേയില്ല. അവളെ ശ്രഡിക്കാതെ അവൾക്ക് സഹായം മാത്രം ചെയതു കൊടുക്കുന്ന കുറുപ്പിൻ്റെ സാന്നിദ്ധ്യം ക്രമേണ അവൾ കൊതിക്കാൻ തുടങ്ങി.
ഒരു ഉത്സവകാലത്താണ് ആദ്യമായി അവർ പരസ്പരം അറിയുന്നത്. അത് പിന്നീട് ഒരു ശീലമായി മാറിയപ്പോൾ നാട്ടുകാർ അടക്കം പറയാൻ തുടങ്ങിയത് കണാരൻകുട്ടിയുടെ ചെവിയിലുമെത്തി.
” അമ്മേ, അച്ഛനുള്ള കഞ്ഞി എടുത്തു വെച്ചിട്ടുണ്ട്. ” ദേവിയുടെ ശബ്ദം മാളുവിനെ ചിന്തയിൽ നിന്നുണർത്തി.
കണാരൻകുട്ടിക്ക് കത്തികോരിക്കൊടുക്കുന്നതിനിടയിൽ മാളുവിൻ്റെ ചിന്തയ്ക്ക് വീണ്ടും ചിറക് മുളച്ചു.
“കളുവേടത്തി, ഇങ്ങളെ ദേവിനെക്കൊണ്ട് ഓരോരുത്തര് ഓരോന്ന് പറയുന്നുണ്ട്. ശ്രദ്ധിക്കണേ… ” മാളുവിൻ്റെ സന്തതസഹചാരിയായ ചിരുതക്കുട്ടിയുടെ വാക്കുകൾ അവളെ ഒട്ടും അലോസരപ്പെടുത്തിയില്ല.
ദേവിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടപ്പോൾ മാളുതന്നെ അത് കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു
” അമ്മേ ഇങ്ങള് ഇങ്ങളപ്പോലെ മറ്റുള്ളോരെ കരുതരുത് ട്ടോ.” എന്ന താക്കീത് നിറഞ്ഞ മറുപടിയായിരുന്നു ദേവിയിൽ നിന്നുതിർന്നുവീണത്.
മാളുവിന് പിന്നെ ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല. നാവിറങ്ങി പോയതുപോലെ.
“ഭഗവതീ… നിൻ്റെ പ്രതിരൂപങ്ങളായ രണ്ടുപേരുടേയും പെണ്ണുങ്ങളെ ഈ മാനക്കേടിലേക്ക് നീ എന്തിനാണെത്തിച്ചത്?” എന്ന ഉള്ളുരുകി പ്രാർത്ഥന അവളിൽനിന്നും അറിയാതെ പുറത്തേക്ക് വന്നു.
മോനൂട്ടന് ചോറ് കൊടുത്തുറക്കി ദേവി ചന്ദ്രൻ്റെ കാലൊച്ചയക്ക് കാതോർത്ത് കിടക്കുകയായിരുന്നു.
” ദേവീ… ചന്ദ്രനെ ശരിക്കും ഞാൻ വഞ്ചിക്കുകയല്ലേ? കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഡോക്ടർ സുജേഷ് അവളെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു.
” ഞാനോ? ” എന്ന് മാനമായിരുന്നു ദേവിയുടെ മറുപടി. “നിങ്ങളെന്തിനാ അന്ന് അങ്ങനെ പറയാൻ പോയത്?” ദേവി കൂട്ടിച്ചേർത്തു.
” പ്രൊഫഷനിൽ കളവ് കാണിക്കാൻ എനിക്കാവില്ല ദേവീ “
ചന്ദ്രൻ്റെ കാലൊച്ച കേട്ടതും ദേവി എഴുന്നേറ്റ് ചോറ് വിളമ്പി.
“എന്താ ഒരു ക്ഷീണം” ഒന്നും മിണ്ടാതെ ചോറ് തിന്നുകൊണ്ടിരിക്കുന്ന ചന്ദ്രനെനോക്കി അവൾ ചോദിച്ചു.
ചന്ദ്രൻ തലതാഴ്ത്തി ഒന്നും പറയാതെ എഴുന്നേറ്റ് പോയി.
ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം ചന്ദ്രനെ കടാക്ഷിച്ചില്ല. ദേവി കൂർക്കംവലിക്കുന്നത് അവനറിഞ്ഞു. അവൻ എഴുന്നേറ്റ് നിലാവുള്ള രാത്രിയിലേക്ക് ഇറങ്ങി നടന്നു. നടന്ന് നടന്ന് അവൻ എത്തിപ്പെട്ടത് പൂനിലാവിൽ കുളിച്ചുനിൽക്കുന്ന ഭഗവതിയുടെ തിരുമുറ്റത്തായിരുന്നു.
കാവിലേക്കുള്ള ഒതുക്ക് കല്ലിൽ ചടഞ്ഞിരുന്ന് അവൻ ഭഗവതിയുടെ തറയിലേക്ക് നോക്കി.
കുട്ടിക്കാലത്ത് പഠിക്കാൻ സുജേഷിനേക്കാൾ മിടുക്കനായിരുന്നു ചന്ദ്രൻ. പഠിപ്പിക്കാൻ സഹായഹസ്തവുമായി കുറുപ്പ് വന്നതുമാണ്.
” അമ്മേ, അത് വേണ്ട … എന്നെക്കൊണ്ട് ദയവായി അധികമൊന്നും പറയിപ്പിക്കരുത്.”ചന്ദ്രൻ്റെ വാക്കുകൾ മാളുവിൻ്റെ കർണ്ണപടങ്ങളിൽ പ്രതിധ്വനിച്ചു.
അവൻ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. തന്നെ കൊടിയ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയ ഒതേനക്കുറുപ്പിനെ മറക്കാൻ മാളു തയ്യാറായിരുന്നില്ല.
ലോകം എന്തുതന്നെ പറഞ്ഞാലും തനിക്ക് കുറുപ്പിനെ മറക്കാൻ കഴിയില്ലെന്ന് മനസ്സിൽ ആണയിട്ട് ഉറപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് കുറുപ്പും സുന്ദരികോത തട്ടാത്തി നാരായണിയുമായുള്ള ബന്ധം കണാരൻകുട്ടിയുടെ അമ്മാമൻ്റെ മകൻ ബാലനിൽ നിന്നിറയുന്നത്.
മാളു ആദ്യം തളർന്നുപോയി. ക്രമേണ കുറുപ്പിൻ്റെ സഹായം നിലച്ചതോടെ ദാരിദ്ര്യം മെല്ലെ പടികടന്ന് പ്രവേശിക്കാൻ തുടങ്ങി. ആദ്യമേ മാളുവിൽ കണ്ണുണ്ടായിരുന്ന ബാലൻ ആ അവസരം ശരിയായി വിനിയോഗിച്ചു. ഗത്യന്തരമില്ലാതെ മാളു പിന്നീട് ബാലൻ്റെ കളിപ്പാട്ടമായി മാറി.
ഭഗവതിയുടെ നടയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്ന ചന്ദ്രൻ കണാരൻകുട്ടിയെ കുറിച്ചോർത്തു. അയാളുടെ ദു:ഖം ആദ്യമായി മനസ്സിലാക്കിയത് ചന്ദ്രനായിരുന്നു. ചന്ദ്രൻ്റെ ദുഃഖം കണാരൻകുട്ടി മനസ്സിലാക്കുന്നുണ്ടാവുമോ?
” അമ്മേ ഭവതീ… നീ എന്തിനിത് ഞങ്ങളോട് ചെയ്തു ?” ചന്ദ്രൻ്റെ rബ്ദം കാടുകളിൽ മുഴങ്ങി.
മയക്കത്തിൻ്റെ പിടിയിലമർന്ന അയാളെ ആരോ തൊട്ടുണർത്തി. ഭഗവതിയുടെ നീട്ടിയ കരംഗ്രഹിച്ച് ഒരു കൊച്ചുകുട്ടിയെപോലെ അയാൾ നടന്നു.
കാടും മേടും ചുറ്റി മലമുകളിലെ ആൽമരത്തിൻ്റെ ചുവട്ടിൽ അവൻ എത്തി. അങ്ങകലെ ദൃഷ്ടികളുറപ്പിച്ച് നിന്നിരുന്നയാളെ മനസിലാക്കാൻ സമയമെടുത്തു.
പിറ്റേന്ന് മലമുകളിൽ നിന്ന് പറന്നുവന്ന കാക്കക്കൂട്ടങ്ങൾ കണാരൻകുട്ടിയുടെയും ചന്ദ്രൻ്റെയും മരണവാർത്ത കരഞ്ഞറിയിച്ചു.