കോവിഡ് കാലത്ത് ആപത് ശങ്കകളെ ആലോചനയുടെ വേദാന്തമാക്കിയ സാബു പുതുപ്പറമ്പൻ്റെ ചിത്രങ്ങളെക്കുറിച്ച്
പ്രതിസന്ധികളുടെ കാലത്ത് , ചിലപ്പോൾ നമുക്ക് സംസാരിക്കാൻ അധികമാരും ഉണ്ടാവില്ല. പരിചയമുള്ളവരെയും സുഹൃത്തുക്കളെയും നിസ്സഹായത എന്ന രോഗം ബാധിച്ചേക്കാം. പിന്തിരിയൽ ചില ബന്ധങ്ങളിലെങ്കിലും ഒരു കലയാണ് .മൗനം നമ്മെ വന്നു മൂടുകയാണ്. ആ മൗനത്തെ അഗാധവും അർത്ഥസാന്ദ്രവും ചിന്താമഗ്നവുമാക്കുന്നതെന്താണ്? അവനവൻ എന്ന രഹസ്യ അറയാണത്. വാക്കുകൾ നിശ്ചേതനമായി മണ്ണിൽ വീണുകിടപ്പുണ്ടാകും. ഏകാന്തതകളിൽ നമ്മെ വാക്കുകൾ തിരിച്ചറിഞ്ഞെന്നു വരില്ല .അവിടെയാണ് ഉള്ളിലെ പ്രകൃതിയിലേക്കു സഞ്ചരിക്കേണ്ടി വരുന്നത്. ഒരു പുതിയ ബാന്ധവം , അനുരഞ്ജനം, സന്ധി, രമ്യത ,ആലോചന ,ഹൃദയദ്യുതി , വിഷാദത്തിൻ്റെ പരഭാഗശോഭ ….ഇരുട്ടിൽ നിന്നു തപ്പിത്തടഞ്ഞു വരും .
വിഷാദപർവ്വത്തിൻ്റെ വേദാന്തം
കല വിഷാദമാണെന്ന് പ്രമുഖ ചിത്രകാരനായ വിൽഫ്രെഡോ ലാം (Wilfred Lam) പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് അപ്പോഴാണ് ഓർക്കുക. കോവിഡ് കാലത്ത് എന്നെ സന്തോഷിപ്പിച്ച ചിത്രങ്ങൾ വരച്ച സാബു പുതുപ്പറമ്പനെ അനുമോദിക്കുകയാണ്. പത്രപ്രവർത്തനത്തിൻ്റെയും മറ്റു പ്രൊഫഷണൽ പ്രതിബദ്ധതകളുടെയും നെരിപ്പോടിനകത്ത് വെന്ത് കഴിഞ്ഞ സാബു സ്വയം തൻ്റെ കട്ടിയുള്ള പുറംതോട് പൊട്ടിച്ച് പുറത്തുവന്ന കാലമാണിത് .വസ്തുക്കളുടെയുള്ളിലേക്കും ആത്മാവിൻ്റെ ഏകാത്മകതയിലേക്കും മാറി മാറി സഞ്ചരിച്ചു സൃഷ്ടിച്ച രമ്യതയാണിത്.
കോവിഡിൻ്റെ ബീഭത്സമായ തരംഗങ്ങൾക്കിടയിൽ സ്വയം കണ്ടെത്തുന്നതിൻ്റെ കലാപരമായ വേദാന്തമാണ് സാബു സാക്ഷാത്കരിക്കുന്നത്.എല്ലാ ചിത്രങ്ങളും ദുരന്തമാണെന്ന് ലാം പറയുന്നതിലും ഒരു വേദാന്തമാണ് കാണാനാവുക .ഞാൻ എന്ന വിഷാദപർവ്വത്തിൻ്റെ വേദാന്തം. ചിന്തകളുടെ സമീചീനമായ ഒരു തലത്തിലെത്തുമ്പോൾ, അവിടെ ആരവങ്ങൾ ഒടുങ്ങി പരഭാഗശോഭയോടെ ആത്മാവിൻ്റെ ഒരു കണം സംവേദനം ചെയ്യപ്പെടുന്നു. സാബുവിൻ്റെ ‘കോഴിസീരീസ്’ അത് വിനിമയം ചെയ്യുകയാണ് .
ആർദ്രസംവേദനങ്ങൾ ചിലപ്പോൾ ജാഗ്രതയുടെ കടുംചായത്തിൻ്റെ ഉള്ളടക്കമാവുകയാണ്. സാബുവിൻ്റെ ചിത്രങ്ങളിലെ പൂവൻകോഴികൾ നാശത്തിൻ്റെ ദുസ്സൂചനകളടങ്ങിയ ശബ്ദങ്ങൾക്കു കാതോർക്കുകയാണ് .ഇനിയൊരു വിശ്വാസ്യതയുടെ ,ബന്ധത്തിൻ്റെ , ഇതളുകൾ എവിടെ വിരിയുമെന്നാണ് ആ നോട്ടത്തിൻ്റെ സൂചന. പൂവൻകോഴി സ്വയം സംരക്ഷിക്കുന്നതിനേക്കാൾ ചുറ്റുമുള്ളവരെ കൂടെനിർത്താനാണ് തല ഉയർത്തിപ്പിടിക്കുന്നത്. ബൗദ്ധികമായ പുനരന്വേഷണമാണത്.ചുറ്റിനും രോഗവും മരണവും വർദ്ധിക്കുമ്പോൾ കലാപ്രജ്ഞ കാതോർക്കാൻ സമയം കണ്ടെത്തുന്നു. അടുത്തടുത്ത് വരുന്നത് ആരുടെ കാൽപ്പെരുമാറ്റശബ്ദമാണെന്ന് അത് ആലോചിക്കുകയാണ് .കോവിഡാണല്ലോ കാൽപ്പെരുമാറ്റമുണ്ടാക്കുന്നത്. അതിനെതിരെ ലോകം ജാഗ്രതയിലായിരിക്കുന്നതിൻ്റെ സാക്ഷരമായ ആവിഷ്കാരമാണ് സാബു കോഴിസീരീസിൽ കാണിച്ചു തരുന്നത്.
അബോധത്തിൻ്റെയും ഏകാന്തതയുടെയും കല
തന്നിൽ പതിഞ്ഞ ബിംബങ്ങളും ഏകാന്തതയുമാണ് തന്നെ വരയ്ക്കാൻ സഹായിക്കുന്നതെന്ന് പറഞ്ഞ ക്ലോദ് മൊനെയുടെ മനസ്സ് നമുക്ക് അന്യമല്ല .എല്ലാം നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നതാകണമെന്നില്ല. ചിലതെല്ലാം നാം നേരത്തേ തന്നെ ഉൾക്കൊണ്ടതാണ്.
അതെല്ലാം അമൂർത്തമായ ഒരിടത്തേക്ക് തള്ളിമാറ്റപ്പെട്ടിരുന്നു. ഏകാന്തതയുടെ ഒരു വനനിശയിൽ ,അമർത്തപ്പെട്ടതെല്ലാം ഗ്രാമ്യവും അനുഷ്ഠാനപരവുമായ കലാരൂപങ്ങളുടെ ആനുഷംഗികമായ അടയാളങ്ങളായി ഉയിർകൊള്ളുകയാണ്.അങ്ങനെ കോഴിസീരിസിലെ രൂപങ്ങൾ അബോധത്തിൽ നിന്നുള്ള ത്വരകളെ സാക്ഷാത്ക്കരിക്കുകയാണ്. കുഴഞ്ഞുമറിഞ്ഞ ലോകങ്ങളിൽനിന്ന് കലാകാരനായ സാബു സമാഹരിച്ച ബിംബങ്ങൾ ,മറ്റൊരു വിതാനത്തിൽ നവമായി കണ്ടെത്തപ്പെടുക മാത്രമല്ല, വർണ്ണങ്ങളുടെ ഒരു ഘടന നിർമ്മിക്കുകയും ഒരു ലയത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു .
നിറങ്ങൾ ആത്മീയാനുഭവത്തിലേക്ക് ഉയരുമ്പോൾ ,അതിനു അഭൗമമായ തലങ്ങളുണ്ടാവുന്നു. മാനവന് സ്വതന്ത്രമാവാനുള്ള ഒരു ക്ഷീരപഥമായി നിറം മാറുന്നു. സാബുവിൻ്റെ കോഴിസീരീസിനെ അബോധത്തിൻ്റെയും ഏകാന്തതയുടെയും കലയാക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് അതിൻ്റെ പശ്ചാത്തലമാണ്. നരച്ചതും വിളറിയതുമായ പശ്ചാത്തലത്തിൽ മാനസികഭാവങ്ങളുടെ മിന്നലാട്ടം മാത്രമേയുള്ളൂ .കോഴികൾ അനൈഹികമായ ഒരു വിതാനത്തിൽ ഫോക്കസ് ചെയ്യപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. നാടകീയതയുടെ അനുരണനം ചിത്രങ്ങളെ മിസ്റ്റിക് ഭാവങ്ങളിലേക്ക് ഉയർത്തുന്നു .
‘വാഴക്കുല’യും പ്രകൃതിയും ദൃശ്യവൽക്കരിക്കുന്ന ചിത്രമാകട്ടെ, മൊനെയുടെ ചിത്രങ്ങളിൽ എന്നതുപോലെ മനസ്സിലെ ബിംബങ്ങളെ ജീവിതത്തിന് ഒരടി മുകളിൽ ഉയർത്തിനിർത്തുകയാണ്. മരച്ചില്ലകൾ സ്വപ്നത്തിൻ്റെയും ഭയത്തിൻ്റെയും അവ്യക്തതകളെ സംവേദനക്ഷമമാക്കുമ്പോൾ ആകാശം അജ്ഞാതമായ ഭാവിയെ സാക്ഷരമാക്കുന്നു.
അപാരതയുടെ സംഗീതം
സാബുവിൻ്റെ ചിത്രങ്ങളിൽ പൊതുവേ കാണുന്ന ചാരനിറത്തിൻ്റെയും നരച്ച പ്രതീതിയുടെയും സമ്മേളനം കലാത്മകതയുടെ , സൗന്ദര്യാത്മകതയുടെ വേദാന്തത്തിലേക്കാണ് അനുവാചകനെ എത്തിക്കുന്നതെന്ന് പറയട്ടെ .അസ്തിത്വത്തിൻ്റെ വ്യഥകളിൽ നിന്നുള്ള വിടുതൽ, വിമലീകരണം, പ്രാപഞ്ചികമായ നോട്ടം ,മൗനത്തിൻ്റെ മഞ്ഞ് , മനസ്സിലെ ഏകാന്തതകളിൽ മാത്രം മുഖാമുഖം വരുന്ന ഓർമ്മകൾ – സാബുവിൻ്റെ ചിത്രങ്ങളെ പ്രിയങ്കരമാക്കുന്നു .രൂപങ്ങളിൽ സ്നേഹം വർഷിക്കപ്പെടുകയാണ്. അതോടെ വസ്തുക്കളിൽ അപാരതയുടെ സംഗീതം നിറയുകയാണ് .സാബുവിൻ്റെ കാളകൾ ,വാഹനങ്ങൾ ,താമരപ്പൊയ്ക ,അടയിരിക്കുന്ന കോഴി ,മേരിയും ഉണ്ണിയേശുവും തുടങ്ങിയവയിലെല്ലാം മനസ്സിനു ആനന്ദം തരുന്ന ഘടകങ്ങൾ ഇഴുകിച്ചേർന്നിരിക്കുന്നു.
കലയിൽ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ കടന്നുവരുന്നതിനെ എതിർക്കാനാവില്ല .എന്നാൽ സൗന്ദര്യത്തിനാണ് പ്രാമുഖ്യം.സൗന്ദര്യമില്ലെങ്കിൽ കലാസൃഷ്ടിയുടെ നേരെ നോക്കാനൊക്കുകയില്ല. സാബു സൗന്ദര്യത്തിനാണ് ഏറ്റവും പ്രാധാന്യം നല്കുന്നത്. അതുകൊണ്ട് സാബുവിൻ്റെ ചിത്രങ്ങൾ റെന്വെ പറഞ്ഞതുപോലെ അനുവാചകനു ആനന്ദം നല്കാനുള്ളതാണ്.
സാബുവിൻ്റെ രചനകളിലെ വസ്തുക്കൾ – കോഴിയാകട്ടെ, കാളയാകട്ടെ, താമരയാകട്ടെ, കാറാകട്ടെ യഥാർത്ഥത്തിലുള്ളതിനേക്കാൾ സുന്ദരമാണ് .സൗന്ദര്യം എന്ന ഒരു മാനം അതിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു. ഒരു വസ്തുവിനെ കാണുന്നത് ഇങ്ങനെയുമാണ്; യഥാർത്ഥ്യത്തെ അപനിർമ്മിക്കുകയോ നവീകരിക്കുകയോ ചെയ്യുകയാണ്. എന്നാൽ അവിടെ ആനന്ദം നഷ്ടപ്പെടാതെ നോക്കുകയും വേണം. സാബു അവിടെ ആത്മീയമായ ശാന്തതയെ വസ്തുവിൽ സന്നിവേശിപ്പിക്കുകയാണ്. മഞ്ഞിനു തണുപ്പ് മാത്രമല്ല, നിറവും സൗന്ദര്യവുമുണ്ടെന്നു പറയുന്നത് അത് ചിത്രകാരൻ ആലേഖനം ചെയ്യുമ്പോഴാണ് .മുൻകാലങ്ങളിൽ പലരും വരച്ചിട്ടും വിട്ടുപോയ ചിലതുണ്ടെന്ന് സാബുവിൻ്റെ പ്രകൃതി ഓർമ്മിപ്പിക്കുന്നു. അവർ കാണാതിരുന്നതാണ് സാബു കാണുന്നത്.
വികാരങ്ങൾ പ്രാർത്ഥനാനിരതമായി വന്നു ധ്യാനിക്കുന്നു.
നിറങ്ങളിലുള്ള നിയന്ത്രണം ഏറെ ശ്രദ്ധേയമാണ്.കടയിൽ നിന്നു വാങ്ങാൻ കിട്ടുന്ന ഒരു നിറവും സാബുവിനു വേണ്ട. അദ്ദേഹം നിറങ്ങളുടെ പ്രത്യക്ഷതയിൽ നിന്ന് ചിത്രങ്ങളെ ഒഴിച്ചെടുക്കുന്നപോലെ പ്രയത്നിക്കുന്നു. നിറങ്ങളായി ജനിക്കേണ്ട വസ്തുക്കൾ അപാരതയിൽ നിറത്തിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ഏതോ തലം നേടുകയാണ്.
വികാരങ്ങൾ പ്രാർത്ഥനാനിരതമായി വന്നു ധ്യാനിക്കുന്ന അനുഭവം തന്നതാണ് സാബുവിൻ്റെ ചിത്രങ്ങൾക്ക് ആസ്വാദ്യത വർദ്ധിപ്പിക്കുന്നത്. മനസ്സിനെ സുഖപ്പെടുത്തുന്ന രാസ വിദ്യയിൽ നിറങ്ങൾ പങ്കുചേരുക മാത്രമാണ് ചെയ്യുന്നത്. ഒരു നിറവും സ്വയം പ്രഖ്യാപിക്കുകയോ അമിതമായി പ്രകടഭാവം നേടുകയോ ചെയ്യുന്നില്ല. ഒരു വസ്തുവിനെ സ്നേഹത്തോടെ വരയ്ക്കണം. അവിടെയാണ് സന്തോഷമുള്ളതെന്ന് റെന്വേ പറഞ്ഞു. വരയിൽ സ്നേഹമുണ്ടാകുമ്പോൾ ,വസ്തുക്കൾക്ക് താനേ സൗന്ദര്യം വന്നുചേരുകയാണ്. അറിവായി ,ആരായലായി ആ സൗന്ദര്യം നമ്മെ സ്വാധീനിക്കുന്നു.
🙏❤️💕👍👏