അയാൾ ഒരു ഫ്രൂട്ട് സലാഡ് പറഞ്ഞു. കൂടെ വന്നവന് ഒരു കട്ടൻ കാപ്പിയും. അവർ ഒരുമിച്ചാണ് ജ്യൂസ് പാർലറിലേക്ക് കയറിയത്. എംപ്ലോയ്മെൻ്റ് കാർഡ് പുതുക്കാനുള്ള അവസാന വരവായിയിരുന്നു അവൻ്റേത്.വക്കുകൾ പിഞ്ഞിയ ജീവിതം പോലെ മഞ്ഞക്കാർഡ്.
അവർ പഴയതും പുതിയതുമായ വിശേഷങ്ങൾ പങ്കിട്ടു. കാപ്പി കഴിഞ്ഞു.ഫ്രൂട്ട് സലാഡ് ഏതാണ്ട് കഴിയാറായപ്പോൾ അയാൾ ഒറ്റത്തുപ്പ്.കൂറക്കാട്ടം ചുവയ്ക്കുന്നു.
അതെ കൂറക്കാഷ്ടം തന്നെ അവനും ടേസ്റ്റ് ചെയ്ത് സ്ഫുടതയോടെ പറഞ്ഞു. ഉടനെ വിളമ്പുന്ന പയ്യൻ വന്ന് ടേസ്റ്റ് ചെയ്തു നോക്കി: “ഇല്ല സാർ…”
അയാൾ കോപം വന്ന് ഉച്ചത്തിൽ:” ഉണ്ടെടോ…. “
ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.സ്ഥാപന മാനേജർ വന്നു ടേസ്റ്റ് ചെയ്തു നോക്കി:” ഇല്ലല്ലോ.. “
” ഉണ്ടല്ലോ, മദ്യചഷകം പോലിരിക്കുന്ന ഈ ഗ്ലാസ് നിങ്ങൾ നേരാംവണ്ണം കഴുകിയിട്ടുണ്ടാവില്ല.”
അയാൾ ഒച്ച വെച്ചു.ചുറ്റിലുമിരുന്ന ആളുകളെല്ലാം വന്നു രുചിച്ചു നോക്കി.” ഇല്ലല്ലോ.. “
ആളുകൾ രുചിക്കുന്നതിനനുസരിച്ച് വിളമ്പുന്നവൻ കപ്പ് നിറച്ചു കൊണ്ടേ ഇരുന്നു.
അന്നേരം നിരത്തിൽ ഒരു ജനപ്രതിനിധി എത്തിപ്പെട്ടു. അദ്ദേഹവും വന്ന് കോരിക്കുടിച്ചു. " ഇല്ല... സംശയല്ല... ഇല്ലെന്നേ.. " അദ്ദേഹം മാനേജരെ ചാരി നിന്ന് പ്രസ്താവിച്ചു.
ക്രമേണ അവനും അയാളും ഒരു ആൾക്കൂട്ട വലയത്തിനകത്തായി. കൂറക്കാട്ടം വിളമ്പിയ സ്ഥാപനത്തെ പൂട്ടിക്കുമെന്ന് അയാൾ, തടികേടാകാതിരിക്കണമെങ്കിൽ സ്ഥലംവിട്ടോ എന്ന് മാനേജർ.ഈ രണ്ട് വാദങ്ങളും തമ്മിൽ ഏറ്റുമുട്ടി തീപ്പൊരി ചിതറി.
ജനാധിപത്യം, നീതി, നിയമം, നാട്ടു പഞ്ചായത്തുകൾ, ഒത്തുതീർപ്പുകൾ തുടങ്ങിയ എല്ലാം അട്ടിമറിയ്ക്കപ്പെടുന്ന ഒരു ദുർബല നിമിഷത്തിൽ ജനക്കൂട്ടം അവരെ രണ്ടിനേയും പെരുമാറി. ഏറെ പരിക്കേറ്റതും രണ്ടു പേരും പുറത്തേക്കോടി. ഓട്ടത്തിനിടെ ഒരു ഞൊടിയിട അവൻ തിരിഞ്ഞു നിന്ന് ഏതോ ഒരു മുദ്രാവാക്യം ഉച്ചത്തില് വിളിച്ചുകൂവി. അയാൾ അന്തം വിട്ടു നില്ക്കെ അവൻ കൈയ്യിലെ പിഞ്ഞിത്തുടങ്ങിയ സഞ്ചി ജ്യൂസ് പാർലറിലേക്ക് ഒറ്റയേറ്.
ഭും.
എല്ലാം കത്തിയമർന്നു തീർന്നു.