നീ വരാതിരിക്കുമ്പോൾ
മിണ്ടാതിരിക്കുമ്പോൾ
നിന്നെ കാണാതിരിക്കുമ്പോൾ
എന്നിൽ
ആധികൾ പൂക്കും
കാലത്തിലേക്ക്
ഞാൻ നിരന്തരം പുറം തള്ളപ്പെടും
നിന്നിലേക്കുള്ള ദൂരങ്ങളെ
ഞാൻ അടുപ്പങ്ങളാക്കി മാറ്റുന്നത്
കൊടുക്കൽ വാങ്ങൽ
സുഖം നിറയ്ക്കുവാൻ വേണ്ടി മാത്രം.
നീ നട്ടുവളർത്തിയ പാരിജാതം പൂത്തുവോ,
മഞ്ഞമന്ദാരം തൂ മഞ്ഞിൽ കുളിർന്നുവോ,
മുന്തിരിവള്ളിയിൽ
പുലർക്കാല സ്വപ്നം തളിരിട്ടുവോ,
അതിർ കെട്ടി തിരിച്ച-
കണ്ണെത്താ തോട്ടങ്ങൾ കടന്നെത്തുന്ന കുളിർക്കാറ്റിൻ
സുഗന്ധം
മോഹനിദ്ര തന്നാലസ്യം നിന്നിൽ നിറയ്ക്കുന്നുവോ എന്നെങ്കിലുമൊരു നാൾ നീ വരും.
വരുമെന്നുള്ളൊരു തീർച്ച പൂക്കുന്നുണ്ടെന്നും
നിൻ
മൃദുസ്പന്ദനത്തിനായ്
കാതോർത്തിരിപ്പൂ ഞാൻ
നിന്നെ കാക്കുന്നോർക്ക്
ദാഹകണ്ണ്.
ഓർമ്മകൾ പൂക്കുന്ന തൊടികളിൽ
മലർഗന്ധം.
നിനക്കായ് ഒരുക്കി തീർപ്പതെല്ലാം
മറ്റൊന്നായി മാറി തീരുന്നില്ല.
അതേ സ്ഥാനം
അതേ മികവ്.
വരിക നീ , യരികേ വന്ന്
പട്ടുടയാടകൾ മാറ്റി
വാസനാതൈലം പുരട്ടി
മോഹങ്ങൾ തൻ മണിവീണ, കമ്പികൾ
മുറുക്കി ,
ബീഥോവിൻ സിംഫണി പൊഴിയ്ക്കൂക.
മധു ചന്ദ്രിക തൂവും
നിലാകുളിരിൽ കാലങ്ങളെ മേയാൻ വിധിയ്ക്കുക
നിശീഥിനിയെ നിശ്ചലമാക്കുക