കണ്ണനും രാധയും തമ്മിലുള്ള
വിവാഹ നിമിഷം;
ആചാര്യനിർദ്ദേശമനുസരിച്ച്
ഉച്ചവെയിലിൽ
ആകാശത്തേയ്ക്കു
വിരൽചൂണ്ടി
കണ്ണൻ രാധയോടു ചോദിച്ചു
ധ്രുവനെ കണ്ടുവോ?
കണ്ടു.
രാധ പറഞ്ഞു
രാധ കണ്ണനോടു ചോദിച്ചു
അരുന്ധതിയെ കണ്ടുവോ?
കണ്ടു.
ഇരുവരും ഒന്നുമേ കണ്ടിരുന്നില്ല
ഇപ്പോൾ
മിഥുനങ്ങളുടെ
ഏകാന്ത സ്പന്ദനങ്ങൾക്ക്
ആചാരുനോ സാക്ഷികളോ ഇല്ല.
രണ്ടാം യാമത്തിൽ
പൗർണ്ണമി രജനീസൂക്തം
ചൊല്ലിയപ്പോൾ
കണ്ണനും രാധയ്ക്കുമിടയിൽ
നിലാവു ചുരത്തുന്ന
കാമനകളുടെ കൊടിയേറ്റ്;
കമിതാക്കളുടെ കാതുകളിൽ
നക്ഷത്രങ്ങൾ കുരവയിട്ടു!
കണ്ണന്റെ കൃഷ്ണമണികളിൽ
രാധ കണ്ടു
അരുന്ധതിയെ!
രാധയുടെ കൃഷ്ണമണികളിൽ
കണ്ണൻ കണ്ടു
ധ്രുവനെ!
ഉത്തരധ്രുവത്തിലെ രണ്ടു നക്ഷത്രങ്ങളിപ്പോൾ ഒന്ന്.