ഇതാണ് ഞങ്ങളുടെ നാട്ടിലെ കല്ലുത്തിപ്പാറ!/രശ്മി മൂത്തേടത്ത്

ഗുരുവായൂർ – തൃശൂർ റൂട്ടിൽ ഗുരുവായൂരിൽ നിന്നും മൂന്നു കിലോമീറ്റർ കഴിഞ്ഞാൽ കണ്ടാണിശ്ശേരി എന്ന അതിമനോഹരമായ ഒരു ഗ്രാമം ഉണ്ട്. ഒരുപാട്‌ ഐതിഹ്യങ്ങളും മിത്തുകളും നിറഞ്ഞൊരു ഗ്രാമം.

ഇവിടെയാണ്‌ ഈ കല്ലുത്തിപ്പാറ സ്ഥിതി ചെയ്യുന്നത്. ഈ പാറക്കു നടുവിൽ ഒരു അമ്പലമുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്ത് തകർക്കപ്പെട്ട ഈ അമ്പലം ആകെ കാടു പിടിച്ചു കിടന്നിരുന്ന അവസ്ഥയിലായിരുന്നു. ഇടിഞ്ഞു വീണു കിടക്കുന്ന കൽതൂണുകളും ശില്പങ്ങളും അവിടെ ഒരു വന്യ സൌന്ദര്യം തന്നെ സൃഷ്ടിച്ചിരുന്നു. നിറയെ വിഷപ്പാമ്പുകളും മറ്റു ജീവികളും ആയിരുന്നു അവിടെ താമസിച്ചിരുന്നത്.

ഈയടുത്ത കാലത്താണ് ആ അമ്പലത്തിനും അവിടുത്തെ ദൈവങ്ങൾക്കും മോക്ഷം കിട്ടിയത്.

ഈ പാറക്കു മുകളിൽ ഒരു ചെറിയ കുളം ഉണ്ട്. ഏത് കൊടും വേനലിലും വറ്റാത്ത ഒരു കുളം. ചുറ്റുപാടുള്ള കിണറുകളും കുളങ്ങളും വറ്റിയാലും ഇതിൽ നിറയെ വെള്ളമുണ്ടാകും. കാലങ്ങൾക്ക് മുൻപ്, കടലിൽ ചാകര ഉണ്ടാകുന്ന സമയത്ത് കടലിലെ ചില മീനുകളെയൊക്കെ ഈ കുളത്തിലും കാണാറുണ്ടായിരുന്നു എന്ന് ഞങ്ങളുടെ കാരണവൻമാർ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇതിന്റെ അടുത്ത് തന്നെയായി വലിയൊരു കാല്പാടും ഉണ്ട്. അത് ഭഗവാൻ ശ്രീകൃഷ്ണന്റെ കാല്പാദം ആണെന്നാതാണ് ഞങ്ങളുടെ വിശ്വാസം. പാദത്തിന്റെ അരികിൽ ഒരു കയർ ഇഴഞ്ഞു പോയ പാടും കാണാമായിരുന്നു, ഇപ്പോൾ കാലപ്പഴക്കം കൊണ്ടാകും അത് ചെറുതായി മാഞ്ഞു തുടങ്ങിയിരിക്കുന്നു.

എന്റെ കുട്ടിക്കാലത്തൊക്കെ ഈ പാറക്കു മുകളിലിരുന്നാൽ സൂര്യാസ്തമയം അതിന്റെ എല്ലാ മനോഹാരിതയോടു കൂടിയും കാണാമായിരുന്നു!
ഇപ്പോഴാകട്ടെ അസ്തമയത്തിന്റെ ചുവപ്പ് ചെറുതായേ കാണാൻ പറ്റുകയുള്ളൂ എങ്കിലും പ്രകൃതിയുടെ പച്ചപ്പ്‌ ആവോളം കാണാം.

You can share this post!