ആ നക്ഷത്രം നീയായിരുന്നുവോ….?

കൊച്ചിയിൽ നിന്നും  പാലക്കാട്ടേയ്ക്കുള്ള   ബസ്സിൽ   യാത്ര പുറപ്പെടും മുമ്പേ  സീറ്റുകൾ നിറഞ്ഞിരുന്നു.   വൈകിയെത്തിയവർ   സീറ്റുകിട്ടിയില്ലെങ്കിലും   രാത്രി വളരെ വൈകുംമുമ്പ്   ലക്ഷ്യസ്ഥാനത്തെത്താമല്ലോ  എന്ന  ആശ്വാസത്തിൽ   ബസ്സിന്റെ ചിണുക്കങ്ങൾക്ക് ശരീരം വിട്ടുകൊടുത്ത്   പുറംകാഴ്ചകളിൽ  കണ്ണുനട്ടു.  ക്രിസ്മസ്സിന്റെ   തലേദിവസമായതിനാൽ    റോഡിൽ  വാഹനത്തിരക്ക്.   കവലകൾതോറും ആൾത്തിരക്ക്  വേണ്ടത്ര…..

പുതിയ പുസ്തകത്തിന്റെ  പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുവാനുള്ള  യാത്രയാണ്, എന്റേത്.  പത്തു പുസ്തകങ്ങളും  ഒരു നേരം മാറാനുള്ള  വസ്ത്രങ്ങളും  മറ്റും  ബാഗിൽ കരുതിയിട്ടുണ്ട്. രണ്ടു പേർക്കിരിക്കാവുന്ന  സീറ്റിൽ,  എന്റെയിരട്ടി  ഭാരമുള്ള   ഒരു വൃദ്ധന്റെ ശരീരമർദ്ദനം  അസഹ്യമായി  തോന്നുന്നുണ്ട്.   ആലുവ കഴിഞ്ഞു,  അങ്കമാലി  സ്റ്റാൻറിൽ വണ്ടി കയറി.  ആലുവായിൽ  നിന്നും  കുറച്ചു പേർ കൂടി കയറിയതോടെ   ബസ്സിൽ വായുസഞ്ചാരം കുറഞ്ഞു.  അങ്കമാലിയിൽ  വലിയൊരാൾക്കൂട്ടം  ബസ്സിനെ പൊതിഞ്ഞു.  താഴെനിന്ന്  ഒരു ബാഗ്   സൈഡ് സീറ്റിലിരുന്ന  എന്റെ നേർക്കുയർന്നു.  കൂടെ ഒരു യാചന ,”ചേട്ടാ, ഈ ബാഗൊന്ന്  പിടി ക്കോ … ഞാൻ  കയറുവാണേ ”
ഒരു കൗമാരപ്രായക്കാരിയാണ് .
ബാഗെടുത്ത്  പിടിച്ചു.  തിക്കിത്തിരക്കി  അവൾ ഒരുവിധം  കയറിവന്നു.    ഞാൻ നോക്കി,   കരുവാളിച്ച  മുഖം , വെയിൽ കൊണ്ടതാവാം,   വെളുത്തു മെലിഞ്ഞ   ആ കുട്ടി   പാലക്കാട്ടേയ്ക്ക്  ആണെന്ന് പറഞ്ഞു.  അവളുടെ ബാഗ്  എന്റെ ബാഗിന്റെ മുകളിൽ ചേർത്തുവച്ചു ഞാനിരുന്നു. മുകളിലെ കമ്പിയിൽ തൂങ്ങി  തെല്ലു പരിഭ്രമത്തോടെ  അവളും….

ഇടയ്ക്ക്  ഞാനവളോട്  പേരു ചോദിച്ചു.  വീണ എന്നു പറഞ്ഞു – വീണാ മത്തായി.  അച്ഛന്റെ പേരായിരിക്കുമതെന്ന്  ഞാനൂഹിച്ചു.   അങ്കമാലിയിൽ  ഒരു  ടെക്സ്റ്റയിലിൽ  സെയിൽസ് ഗേളായി  ഒരു വർഷമായി  ജോലി ചെയ്യുകയാണെന്നവൾ  പറഞ്ഞു.  ഏജൻസി  മുഖേന വന്നതാണ്.  ജോലി കിട്ടിയ ശേഷം  ആദ്യമായി  ക്രിസ്മസിന്  വീട്ടിൽ പേകുകയാണ്.

ഞങ്ങൾ പരസ്പരം  പരിചയപ്പെട്ടു.  എന്റെ യാത്രാ  ഉദ്ദേശം  സൂചിപ്പിച്ചപ്പോൾ  വീണ പറഞ്ഞു,
“മണ്ണാർക്കാട്ടല്ലേ പരിപാടി, എന്റെ നാടാ അത്. പൂരം നടക്കുന്ന  അമ്പലമില്യേ,  അതിന്നടുത്താ…. “

ഞാനാശ്വസിച്ചു.   അവൾ  ആ പ്രദേശത്തിന്റെ പ്രത്യേകതകൾ  പറഞ്ഞുതന്നു.  മണ്ണ്,  ആറ്, കാട്  എന്നിവ  ചേർന്നതിനാണത്രേ  മണ്ണാർക്കാട്  എന്നു പേരു വന്നത്.   ബസ്സിലെ ബഹളങ്ങൾക്കിടയിലും  അവൾ നിർത്താതെ  സംസാരിച്ചുകൊണ്ടിരുന്നു.  ഈ  പ്രായത്തിൽ  ഇത്രയും  പാകത വരണമെങ്കിൽ  കഷ്ടജീവിത പശ്ചാത്തലം  ഇവൾക്കുണ്ടായിരിക്കണം .ഞാൻ വെറുതെ  ചിന്തിച്ചു.    ബസ്സ് തൃശൂർ കഴിഞ്ഞ് പാലക്കാട്  ലക്ഷ്യമാക്കി  പ്രയാണം  തുടർന്നുകൊണ്ടിരുന്നു….

ഇരുൾ  വീണു.  ഡിസംബർ തണുപ്പ്  മെല്ലെ  ബസ്സിലെ  ഉഷ്ണസഞ്ചാരത്തെ ശാന്തമാക്കാൻ തുടങ്ങി.  അതിനിടയിൽ  തൃശൂരിൽ എവിടെയോ വച്ച്  തടിയൻ  ഇറങ്ങിപ്പോയിരുന്നു.  ഒട്ടും കൂസാതെ  വീണ  എന്നോട്  ചേർന്നിരുന്നു.   അവളുടെ മുടിയിഴകൾ  പകുതി തുറന്നുവച്ച  ബസ് ഷെൽറ്ററിലൂടെ  വീശുന്ന കാറ്റിൽ  എന്റെ നെഞ്ചിനെ  തഴുകുവാൻ തുടങ്ങി.  മെല്ലെമെല്ലെ അവളൊരു മയക്കത്തിലേക്ക് വഴുതിവീണു.  നിഷ്കളങ്കതയാർന്ന   അവളുടെ  മുഖത്ത്  ഒരു പുഞ്ചിരി കളിയാടുന്നത്  ഒരുവേള  നോക്കിയപ്പോൾ ഞാൻ കണ്ടുപിടിച്ചു.   ചെറുപ്പത്തിലേ  പെറ്റമ്മ  മരിച്ചു പോയ ,  രണ്ടു കുട്ടികളെ  വളർത്തി വലുതാക്കിയ  അപ്പന്റെ, അനുജന്റെ  അടുത്തേക്ക്   വീണ്ടുമെത്തുന്നതിലുള്ള  സന്തോഷമായിരിക്കാം അവളുടെ….  ഉറങ്ങട്ടെ, അവൾ ശാന്തമായി ….

പാലക്കാട്ടെത്തി. നേരം  എട്ടുമണി കഴിഞ്ഞു.  മണ്ണാർക്കാട്ടേയ്ക്കുള്ള   അടുത്ത  ബസ്സ് പിടിക്കണം. മുന്നേ ചെല്ലുമെന്ന്  അറിയിച്ചിട്ടുള്ളതിനാൽ  സൈലന്റ് വാലി  പ്രോജക്റ്റ്   ഓഫീസിനടുത്ത്   ലൈഫ് വാർഡനായ  നാട്ടുകാരനായ സുഹൃത്ത്  കാത്തു നിൽക്കും.

“ഞാൻ  പോയി  ബസ്സ്  ഉണ്ടോ എന്നു നോക്കിയിട്ടു വരാം, ചേട്ടൻ  ഇവിടെ നില്ല് ” . വീണ  ബസ്സ് തിരഞ്ഞു പോയി.  കുറച്ച് കഴിഞ്ഞ് അവൾ വന്നു പറഞ്ഞു, “കുറച്ചു മുമ്പേ  ഒരു ബസ്സ് പോയേ ഉള്ളൂ, ഇനി  9 നേ വണ്ടിയുള്ളൂ.”

“ശരി,നമുക്കെന്തെങ്കിലും കഴിക്കാം,  അപ്പോഴേക്കും  ബസ്സിനുള്ള സമയമാകുമല്ലോ” . ഞാൻ പറഞ്ഞു.

കാൻറീനിൽ തിരക്കില്ല. ദോശ കഴിക്കുന്നതിന്നിടയിൽ  അവൾ  കുറ്റബോധത്തോടെ ഓർമ്മിച്ചു.  ഇന്നൊന്നും  കഴിക്കാൻ തരം കിട്ടിയില്ല.  കുറച്ചു സാധനങ്ങൾ വാങ്ങി.  കടയിൽ നിന്ന്  ഒരുവിധത്തിലാണ്  ലീവ്  കിട്ടിയത്.  കടയ്ക്ക്  അവധിയില്ലല്ലോ.  മിക്കവർക്കും നാട്ടിൽ പോകുകയും വേണം…

ഞാൻ  അവളുടെ   പ്രശ്നങ്ങളിലേക്ക്   മനസ്സു പായിച്ചു.  ഇതുപോലെ  എത്രയോ  ജീവിതങ്ങൾ ഉണ്ടാവും….!

ബസ്സ് വന്നു.  അധികം  യാത്രക്കാരില്ല.  ബസ്സിനുള്ളിൽ  വച്ച്  അപ്പനോടവൾ  എന്നെക്കുറിച്ച്  പറയുന്നത്  കേട്ടു.  അപ്പൻ  അവളെ കാത്ത്  സ്റ്റോപ്പിൽ  നില്പ്പുണ്ടെന്ന്  സംസാരത്തിൽ നിന്നും  വ്യക്തമായി.

ഫോൺ   വച്ചശേഷം  അവളെന്റെ നേരെ തിരിഞ്ഞ് ചോദിച്ചു,
“ചേട്ടന്  ഇന്നു  കൂട്ടുകാരന്റെ അടുക്കൽ പോകണോ? നാളെ ക്രിസ്മസ്സല്ലേ,  അപ്പൻ പറഞ്ഞു ഞങ്ങളുടെ  വീട്ടിൽ കൂടാമെന്ന്.  വലിയ സന്തോഷാകും  ഞങ്ങൾക്കത് ….”
അവൾ  പ്രതീക്ഷയോടെ  എന്നെ നോക്കി.  ഞാനാകെ  ആശയക്കുഴപ്പത്തിലായി. സുഹൃത്തിനോട് ഉറപ്പ് പറഞ്ഞതാണ്,  അയാളെ വീണ്ടും കാണേണ്ടതാണ്.  മാത്രമല്ല, അട്ടപ്പാടിയിലെ  ഗോത്രവർഗ്ഗ വിഭാഗങ്ങളെ പരിചയപ്പെടുത്താമെന്നും മല്ലീശ്വരൻമുടിയിൽ കൊണ്ടുപോകാമെന്നും  അയാൾ  ഏറ്റിട്ടുള്ളതുമാണ്.
പക്ഷേ, നാളെ  ലോകം  ആഘോഷിക്കുന്ന  ക്രിസ്മസ്സാണ്, ഉണ്ണിയേശുവിന്റെ  തിരുപ്പിറവി.  ഒരു സാധാരണ കുടുംബത്തിന്റെ  അതിഥിയായി,   അല്ലാ, അവരിലൊരാളായി  ആഹ്ളാദമായി കഴിയണോ – ഒടുവിൽ  സുഹൃത്തിനെ  വിളിച്ച് കാര്യം പറഞ്ഞു.  പ്രതീക്ഷിച്ച  പോലെ  അവൻ  ദേഷ്യപ്പെട്ടില്ല. നാളെ  ബുക്കിന്റെ  പ്രകാശനത്തിന് കാണാം എന്നു പറഞ്ഞ് ഫോൺ വച്ചു.

അവളുടെ  അപ്പനോടൊപ്പം  നടന്നു.  ഒരു പാലക്കാട്ടുകാരന്റെ  ഹൃദയനൈർമ്മല്യമുള്ള  ഒരു കർഷകൻ.  ”നിങ്ങളൊക്കെ  ജ്ഞാനികൾ, എനിക്ക് പഠിപ്പില്ല,  ഇതാണ് എന്റെ ലോകം….”
സംസാരത്തിനിടയിൽ  മാഷേ, എന്നു വിളിച്ച്    എന്നെ  ആ മനുഷ്യൻ  ഞെട്ടിച്ചുകൊണ്ടിരുന്നു……
അവൾ  കിലുകിലെ അപ്പനോട്  അങ്കമാലി വിശേഷങ്ങൾ പറയുകയും  വീടന്വേഷണങ്ങൾ  തുടരുകയും  ചെയ്തു.  വീട്ടിലെത്തി. മുറ്റത്തെ ഉയർന്ന തെച്ചിക്കൊമ്പിൽ നക്ഷത്രം തൂക്കിയിട്ടുണ്ട്.  ഇലക്ട്രിക് ബൾബുകളും  പുൽക്കൂടിനുള്ള സാധനങ്ങളും അവളും  അനുജനും  പുറത്തെടുത്തു സെറ്റു ചെയ്യുന്ന നേരം കൊണ്ട് ഞാൻ ഓലിയിൽ പോയി കുളിച്ചുവന്നു. ടേപ്പ്റിക്കാർഡറിൽ ഉണ്ണിയേശുവിനെ  സ്വാഗതം ചെയ്യുന്ന  പാട്ടുകൾ മുഴങ്ങി.  പിന്നീട്,   റെക്കാർഡർ  ഓഫ് ചെയ്ത ശേഷം  അവൾ  മനോഹരമായി  ഭക്തിഗാനങ്ങളും  ചലച്ചിത്രഗാനങ്ങളും  പാടി   വിസ്മയിപ്പിച്ചു.  ഇടനേരം   ഞങ്ങളെല്ലാവരും  ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു.  ഗായകസംഘങ്ങൾ ശബ്ദഘോഷത്തോടെ  വന്നും പോയ്ക്കൊണ്ടുമിരുന്നു….
അടുത്തുള്ള     ഇടവകപ്പള്ളിയിൽ പാതിരാമണി മുഴങ്ങി.  “മാഷ് വര്യോ  പാതിരാ കുർബാനയ്ക്ക്….?” മത്തായിച്ചൻ ക്ഷണിച്ചു….

ആൾത്താര  വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.  ഗായകസംഘങ്ങൾ  മനോഹരമായി പാടി.
വി.  ബൈബിൾ ആദ്യമായി  വായിച്ചനേരത്തെ  അനുഭവം  ഞാനോർത്തു.  തിരുപ്പിറവിയുടെ  ദിവ്യസന്ദേശം  മുഴങ്ങി….. നാഥൻ പിറന്നു …..

പിറ്റേന്ന്,  പള്ളിയിൽ നിന്നുംവന്ന ശേഷം  ആ പിതാവ് ഒരു കാര്യം പറഞ്ഞു.  വീണയ്ക്ക്  ഹൃദയവാൽവ് ചുരുങ്ങുന്ന  അസുഖമാണെന്ന്.  അതിന്റെ  കൂടുതൽ വിവരങ്ങൾ  അവളെ അറിയിച്ചിട്ടില്ലെന്ന്.
“എനിക്കെന്റ മോടെ  ചിരി  കാണണം, മാഷേ, ഞാൻ ജീവിക്കുന്നതു തന്നെ  ഈ കൊച്ചുങ്ങൾക്കു വേണ്ടിയാ… അതിങ്ങളില്ലെങ്കിൽ പിന്നെ  ഞാനെന്തിനാ ….”
അയാൾ പെരുമുള ചീന്തുന്നതു പോൽ കരഞ്ഞു ….

ഞാൻ  നിശ്ചലനായിപ്പോയി.  എന്താ  ആ പിതാവിനോട് പറയുക. കുറച്ചു മുമ്പുവരെ  എന്നോട് തമാശ പറഞ്ഞു ചിരിച്ചുകൊണ്ടോടിപ്പോയ,  പ്രോഗ്രാമിന്  കൂടെവരുമെന്ന്  പറഞ്ഞ ആ പെൺകുട്ടിക്ക് ഇത്തരത്തിൽ ഒരസുഖമുണ്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.  മെഡിക്കൽരേഖകൾ  അവളുടെ മരണം  നിർണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു. വലിയ തുകയ്ക്ക് കൃത്രിമവാൽവ് മാറ്റിവച്ചാലും  അതുകൊണ്ട്  പ്രയോജനമുണ്ടാകുമെന്ന്  മെഡിക്കൽ സംഘത്തിന് ഉറപ്പുമില്ല.  ഒന്നുമറിയാതെ, ദാ, പൊട്ടിച്ചിരിച്ച്  അവളും അനുജനും  കയറിവന്നതു കണ്ടപ്പോൾ  മത്തായിച്ചൻ പണിപ്പെട്ടു കരച്ചിലടക്കി ….

പ്രകാശനകർമ്മം കഴിഞ്ഞു.  വേദിയിൽ സിവിക് ചന്ദ്രൻ മാഷും  ടി.ഡി രാമകൃഷ്ണൻ മാഷും  സൗഹൃദത്തിൽ കണ്ണികളായി.   സുഹൃത്ത്  ചടങ്ങിനെത്തിയിരുന്നു.  അട്ടപ്പാടി യാത്രയും  മല്ലീശ്വരൻമുടി സന്ദർശനവും  മറ്റൊരു അവസരത്തിലേക്ക്  മാറ്റിവച്ച്   മണ്ണാർക്കാട്  കടന്നു.  അതെ, അക്ഷരാർത്ഥത്തിൽ  അതൊരു             വല്ലാത്ത നീറ്റലായി  ഉള്ളിൽ നിറഞ്ഞു.  ബസ്സ്  കയറുമ്പോൾ  മുമ്പ്  എന്നെ  ഒരു പരിചയവുമില്ലാതിരുന്ന  ആ  അപ്പനും  മക്കളും  നിറമിഴികളോടെ  യാത്രാമംഗളം നേർന്നു …

ഫോണിൽ  സംസാരിക്കുമ്പോൾ   വീണ മെല്ലെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്ന്  ഞാനറിഞ്ഞു.  അവൾ കരഞ്ഞില്ല, അപ്പോഴും ജീവിതത്തെ നോക്കി  ചിരിച്ചു….

പിന്നെ, ഒരിക്കൽ കൂടി ഞാനാ വീട്ടിൽ പോയി. മൂന്നുവർഷങ്ങൾക്കു  മുമ്പ്. അതൊരു  ക്രിസ്മസ്ദിനമായിരുന്നു …..

അന്നവൾ നിശ്ചലയായി   ഉമ്മറത്തിണ്ണയിൽ ശയിക്കുന്നുണ്ടായിരുന്നു.  കരഞ്ഞു കലങ്ങിയ മിഴികളുമായി  ആ പിതാവ്  അവളെ കിടത്തിയ കട്ടിലിൽ മുഖം ചേർത്തിരിപ്പുണ്ടായിരുന്നു.

ഞാനിപ്പോഴുമോർക്കാറുണ്ട്,  ക്രിസ്മസ്സ് രാവിൽ എന്നെനോക്കി  ദൂരെ തെളിഞ്ഞുനിൽക്കുന്ന  ആ നക്ഷത്രം  നീയാണോ എന്ന് …….

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006