ഓരോ മനുഷ്യനെയും വട്ടംകറക്കുന്ന ഒരു ചോദ്യമാണ് ‘ഞാൻ ആര്?’ എന്നത്. ഇതേക്കുറിച്ചുള്ള ശാസ്ത്രീയാന്വേഷണങ്ങൾ ഇന്നൊരു സന്ദിഗ്ധാവസ്ഥയിലാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ നിന്നു തലച്ചോറിലെത്തുന്ന വിവരങ്ങൾ പ്രോസശ്ചെയ്യുന്നത് അനേകം നാഡീകേന്ദ്രങ്ങ(neural circuits)ളാണ്. ഉദാഹരണത്തിന് നമ്മുടെ കണ്ണിൽ പെടുന്ന ഒരു വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ രണ്ടു വഴികളിലൂടെ തലച്ചോറിന്റെ ഇടതു-വലതു ഭാഗങ്ങളിലേക്കു പോകുന്നു. അവിടെനിന്ന് അവ ഇനം തിരിക്കപ്പെട്ട് മുപ്പതോളം നാഡീകേന്ദ്രങ്ങളിലെത്തുന്നു. അവിടെനിന്നെല്ലാം രൂപപ്പെടുന്ന നിഗമനങ്ങളുടെ വെളിച്ചത്തിലാണ് നാം കണ്ടതു പട്ടിയോ പൂച്ചയോ എന്ന നിഗമനത്തിൽ എത്തിച്ചേരുന്നത്.
എന്നാൽ ഈ പ്രവർത്തനങ്ങളെയെല്ലാം ക്രോഡീകരിച്ച് അന്തിമതീരുമാനമെടുക്കുന്ന ഒരു മസ്തിഷ്കകേന്ദ്രമുണ്ടോ? ഉണ്ടെങ്കിൽ അതായിരിക്കില്ലേ ‘ഞാൻ’? എന്നാൽ അങ്ങനെയൊരു കേന്ദ്രം കണ്ടെത്താൻ നാഡീശാസ്ത്രത്തിന് ഇന്നോളം കഴിഞ്ഞിട്ടില്ല.
നാമോരോരുത്തരും അങ്ങനെ ഒരു കേന്ദ്രഭരണപ്രദേശമല്ലെന്നാണ് ഴാക് ലകാൻ എന്ന മനശ്ശാസ്ത്രജ്ഞൻ സ്ഥാപിക്കുന്നത്. എന്നെ ഭരിക്കുന്ന, ആത്മാവുപോലെ സ്ഥിരമായ, ഒരു ‘ഞാൻ’ ഇല്ലെന്നർത്ഥം. തികച്ചും വികേന്ദ്രിതമായ ഒരു ഗാന്ധിയൻ ഗ്രാമസ്വരാജാണ് ഓരോ ‘ഞാ’നും. ഇതിന്റെ വിശദാംശങ്ങളിലേക്കാണ് നമുക്കിനി കടക്കേണ്ടത്.
നമ്മുടെ തലച്ചോറിൽ സംഭവിക്കുന്നതിൽ 90 ശതമാനം കാര്യങ്ങളും നമ്മൾ അറിയാതെ, നമ്മുടെ ബോധതലത്തിന്നപ്പുറത്താണു നടക്കുന്നത്. ആ അപ്പുറമാണ് അബോധം(unconscious). അതിന്റെ കണ്ടെത്തലും മാനസിക ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിൽ അതിനുള്ള പങ്ക് ചൂണ്ടിക്കാണിച്ചതുമാണ് സിഗ്മണ്ട് ഫ്രോയിഡിന്റെ ഏറ്റവും വലിയ സംഭാവന(വട്ടമറ്റം, 2016).
ഫ്രോയിഡിലേക്കു മടങ്ങുക എന്ന ആഹ്വാനവുമായി മനോവിശ്ലേഷണരംഗത്തു കടന്നുവന്ന മനശ്ശാസ്ത്രജ്ഞനാണ് ഴാക് ലകാൻ(വട്ടമറ്റം, 2014). എന്നാൽ ഫ്രോയിഡിനില്ലാതിരുന്ന പല സാധ്യതകളും അദ്ദേഹത്തിനുണ്ടായിരുന്നു. അവയിൽ പ്രധാനം ഭാഷയെക്കുറിച്ചു സോഷ്യൂർ(Ferdinand de Saussure) തുടക്കം കുറിച്ച പുതിയ സിദ്ധാന്തങ്ങളാണ്. അവയുടെ ഉൾക്കാഴ്ചകളുപയോഗിച്ച് ഫ്രോയിഡിയൻ സിദ്ധാന്തങ്ങളെ പുനരാവിഷ്കരിക്കാനും പല കാര്യങ്ങളിലും ഫ്രോയിഡിനെ മറികടന്നു മുന്നേറാനും സോഷ്യൂറിനു സാധിച്ചു.
കൃത്യമായ നിർവ്വചനങ്ങൾക്കും സിദ്ധാന്തവൾക്കരണത്തിനും വഴുങ്ങുന്നതല്ല മാനുഷികയാഥാർത്ഥ്യങ്ങളെന്ന പക്ഷക്കാരനായിരുന്നു ലകാൻ. അദ്ദേഹം അബോധത്തെ അവതരിപ്പിക്കുന്നത് മനസിനുള്ളിലെ ഒരു രഹസ്യകേന്ദ്രമായിട്ടല്ല. അതു നമ്മുടെ അകത്തോ പുറത്തോ എന്നുപോലും പറയാനാവില്ല. അതു വെളിപ്പെടുന്ന, സ്വപ്നങ്ങൾ പോലുള്ള, ചില വഴികൾ ചൂണ്ടിക്കാണിക്കാനേ സാധിക്കൂ. അതിലേക്കു വരുന്നതിനു മുമ്പ് ഒരു ശിശുവിന്റെ മാനസികവളർച്ചയുടെ പ്രധാന ചില ഘട്ടങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു.
കണ്ണാടി ഘട്ടം
തീരെ കുഞ്ഞായിരിക്കുമ്പോൾ ഒരു കുട്ടിക്ക് ചുറ്റുപാടുകളിൽനിന്നു വേറിട്ട ഒന്നായി സ്വയം മനസിലാക്കാൻ കഴിയുന്നില്ല (The Mirror Stage as Formative of the I Function, in Lacan, 2002). ശരീരഭാഗങ്ങൾ പരസ്പരം കണ്ണിചേരാത്ത വേറിട്ട ഘടകങ്ങളായിട്ടാണ് അനുഭവപ്പെടുന്നത്. കാഴ്ചയിലും ചലനശേഷിയിലുമുള്ള അവികാസമാണിതിനു കാരണം. ദൂരെ കാണുന്ന കളിപ്പാട്ടത്തിൽ പിടിക്കാൻ കൈ നീട്ടുന്ന പൈതൽ പ്രകടമാക്കുന്നത് അതിന്റെ അവികസിതമായ സ്ഥലബോധമാണ്. ട്രാൻസിറ്റിവിസ(transitivism) മാണ് മറ്റൊരു സവിശേഷത. ഒരു കുട്ടിയെ തല്ലിയ കുട്ടി അവൻ തല്ലിയതു തന്നെയാണ് എന്നു പറയുന്നതും ഒരുകുട്ടി മറ്റൊരു കുട്ടിയെ തല്ലുന്നതുകണ്ടിട്ട് താനാണു തല്ലപ്പെട്ടതെന്നു കരുതി കരയുന്ന കുട്ടിയും ട്രാൻസിറ്റിവിസത്തിന് ഉദാഹരണങ്ങളാണ് (Aggressivtiy in Psychoanalysis, Lacan, 2002). ഇതിന്റെ പിൽക്കാലരൂപമാണ് താദാത്മ്യം(identification).
ആദ്യമായി കണ്ണാടിയിൽ സ്വയം തിരിച്ചറിയുന്ന കുട്ടി, കണ്ണാടിയിൽ കാണുന്ന രൂപമാണ്, ആ അപരമാണു താനെന്നറിയുന്നു. കണ്ണാടിയിൽ നിന്നെന്നവണ്ണം മറ്റു കുട്ടികളുടെ രൂപത്തിൽ നിന്നും തന്നെക്കുറിച്ചു മറ്റുള്ളവർ പറയുന്ന കാര്യങ്ങളിൽ നിന്നും തന്റെ രൂപത്തെക്കുറിച്ചുള്ള കുട്ടിയുടെ ധാരണകൾ വികസിക്കുന്നു. ഈ ‘ഞാൻ’ബോധമാണ് ആ കുട്ടിയിൽ സ്വത്വബോധ(ego)ത്തിന്റെ ആദ്യരൂപം. സ്വത്വം ജന്മനാ കുട്ടിയുടെ ഉള്ളിലുള്ള ഒന്നല്ല, ബാഹ്യലോകത്തുനിന്നു നേടിയെടുക്കുന്നതാണ്, അപരനിർമ്മിതമാണ്. വളർച്ചയുടെ ശൈശവഘട്ടത്തിൽ കുട്ടിയുടെ ‘ഞാൻ’ബോധം ഇപ്രകാരം മൊട്ടിട്ടു വികസിക്കുന്നു. അതിലവളുടെ ആഗ്രഹങ്ങളും വിലക്കുകളും സാമൂഹികമാനദണ്ഡങ്ങളും പങ്കുവഹിക്കുകയും ചെയ്യുന്നു.
ഭവനാതലവും പ്രതീകക്രമവും
ഭാഷയിലേക്കുള്ള കടന്നുവരവാണ് ഒരു കുട്ടിയു ടെ സാമൂഹ്യവൽക്കരണത്തിന്റെ ആദ്യപടി. ലകാന്റെ വാക്കുകളിൽ നമ്മുടെ ജീവിതത്തെയാകെ നിയന്ത്രിക്കുന്ന ആദ്യത്തെ വലിയൊരു അപരം – ഭീമാപരം(big Other) – ആണ് ഭാഷ. അതിലേക്കു പ്രവേശിക്കുന്നതോടെ ഓരോ മനുഷ്യനും ഭാഷാനിർമ്മിതമായ ഒരു സ്വകാര്യലോകമുണ്ടാകുന്നു. അവിടത്തെ സർവ്വാധിപതി അയാളുടെ ഭാവനയാണ്. ആ ഭാവനാലോകത്ത് താൻ കണ്ടും കേട്ടും തൊട്ടും മണത്തും രുചിച്ചുമറിയുന്ന എന്തിനും അയാൾ തന്റേതായ അർത്ഥം ‘കൽപി’ക്കുന്നു. ഈ കൽപന മറ്റാർക്കും ബാധകമാകണമെന്നില്ല. ‘ഡ്രൂ…’ എന്നു സ്വരംകേൾപിച്ച് ഒരു വണ്ടിച്ചക്രമുരുട്ടിക്കൊണ്ടു പോകുന്ന കുട്ടിക്ക് ആ വണ്ടിച്ചക്രം ഒരു മോട്ടോർവാഹനം തന്നെയാണ്.
വണ്ടിച്ചക്രമുരുട്ടുന്ന കുട്ടി ക്ലാസിലിരുന്ന് വണ്ടിച്ചക്രത്തിന്റെ പടത്തിനു താഴെ ‘കാറ്’ എന്നെഴുതിയാൽ ടീച്ചർ മാർക്കു കൊടുക്കില്ല. ക്ലാസിലെത്തുമ്പോളവൾ തന്റെ ഭാവനാലോകത്തുനിന്നു മറ്റൊരു ലോകത്തേക്കു കടന്നേ പറ്റൂ. അവിടെ ഭാഷാചിഹ്നങ്ങൾക്കുമേൽ അവൾക്കുള്ള മേൽക്കോയ്മ അവസാനിക്കുന്നു. അവളുൾപ്പെട്ട ഭാഷാസമൂഹത്തിനു പൊതുസമ്മതമായ അർത്ഥം ഓരോ വാക്കിനും സ്വീകരിച്ചേ പറ്റൂ. അങ്ങനെ മറ്റുള്ളവർക്കുകൂടി പങ്കാളിത്തമുള്ള പുതിയൊരു ലോകത്തിലേക്ക് കുട്ടി പ്രവേശിക്കുന്നു. ഈ ലോകത്തെയാണ് ലകാൻ പ്രതീകക്രമ(symbolic order)മെന്നു വിളിക്കുന്നത്. അവിടെ ഭാഷയെ നാമല്ല ഭാഷ നമ്മെയാണു ഭരിക്കുന്നത്. വ്യാകരണനിയമങ്ങൾ നാമറിയാതെതന്നെ അനുസരിക്കുന്നു.
ഏതൊരു വാക്കിനും, അഥവാ സൂചക(signifier)ത്തിനും, പലപല അർത്ഥങ്ങൾ കൽപിക്കാനാവും. എന്നാൽ ചില സൂചകങ്ങൾ അവ എന്തിനെ സൂചിപ്പിക്കുന്നുവോ അതുതന്നെയാണെന്ന പ്രതീതി ജനിപ്പിക്കുന്നു. അങ്ങനെ അതൊരു പ്രതീകമായിത്തീരുന്നു. ത്രിവർണപതാക നമ്മുടെ രാജ്യത്തെ സൂചിപ്പിക്കുന്ന ഒരു ദൃശ്യസചകമാണ്. അതുതന്നെയാണ് രാജ്യം എന്ന പ്രതീതി ഉള്ളതുകൊണ്ടാണ് അതിനോടുള്ള അനാദരവ് നമ്മെ അമർഷം കൊള്ളിക്കുന്നത്.
നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്നതും സാമൂഹ്യബന്ധങ്ങളെ ചിട്ടപ്പെടുത്തുന്നതും എന്നാൽ സൂ ചിതം(signified) – അർത്ഥം – ഇല്ലാത്തതുമായ ചില സൂചകങ്ങളുണ്ട്. അവയാണ് ഗുരുസൂചകങ്ങൾ(master signifiers ). ചോദ്യം ചെയ്യാനാവാത്ത മുല്യങ്ങളെയും ആദർശങ്ങളെയും സൂചിപ്പിക്കുന്ന ചില ഗുരുസൊാചകങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു ഒരാളുടെ അനന്യത(identity). ക്രൈസ്തവവിശ്വാസികളുടെ മനസിൽ ‘കുരിശ്’ ഒരു ഗുരുസൊാചകമാണ്. ഒരു പീഡനോപകരണമെന്നോമറ്റോ ഉള്ള നിയതമായ അർത്ഥമൊന്നും വിശ്വാസതലത്തിൽ അതിനില്ല. വിശ്വാസരഹസ്യങ്ങളെയെല്ലാം കെട്ടിമുറുക്കി നിലനിർത്തുന്ന ഒരു മാന്ത്രികസൂത്രമാണത്.
പ്രതീകങ്ങളുടെയും ഗുരുസൊാചകങ്ങളുടെയും മിത്തുകളുടെയും മാമൂലുകളുടെയും മറ്റുമായ ഒരു പൊതുമണ്ഡലം ഏതു സമൂഹത്തിനുമുണ്ട്. അതാണ് പ്രതീകക്രമം. ഭഷയെന്നപോലെ ഇതും നമ്മെ വലയം ചെയ്തു നിയന്ത്രിക്കുന്ന ഒരു ഭീമാപരമാണ്, സമൂഹത്തിന്റെ അലിഖിതഭരണഘടനയാണ്. മേൽപ്പറഞ്ഞ, നാമറിയാതെ അനുസരിക്കുന്ന, വ്യാകരണനിയമങ്ങളും അതിൽ പെടുന്നു. സാമൂഹ്യവൽക്കരണമെന്നത് പ്രതീകക്രമത്തിനു വഴങ്ങി ജീവിതകാലം മുഴുവൻ തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്.
പണ്ടൊക്കെ നമ്മുടെ നാടകവേദികളിൽ പിൻകർട്ടനു പിന്നൽ ഒരു പ്രോമ്പ്റ്റർ ഉണ്ടായിരുന്നു. ഓരോ അഭിനേതാവും പറയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ പിന്നിൽ നിന്ന് അയാൾ സ്വരംതാഴ്ത്തി പറഞ്ഞുകൊടുക്കുമായിരുന്നു. ആ പ്രോമ്പ്റ്ററുടെ റോളാണ് നമ്മുടെ ജീവിതത്തിൽ ഭീമാപരത്തിനുള്ളത്.
യഥാതഥം
യാഥാർത്ഥ്യമെന്നു നാം സാധാരണ പറയാറുള്ളത് ഭാഷാനിർമ്മിതമാണ്. നമ്മുടെ പ്രതീകക്രമവും ഭാവനാതലവും അതിന്റെ നിർമ്മാണത്തിൽ പങ്കുചേരുന്നു. ഈ യാഥാർത്ഥ്യത്തിനുമപ്പുറത്തൊന്നു ണ്ട്, യഥാതഥം(വേല ൃലമഹ). ഭാഷയിലൂടെ ആവിഷ്കരിക്കാനാവാത്ത – അക്ഷരാർത്ഥത്തിൽ അവാച്യമായ – ജീവിതസത്യങ്ങളുടെ മണ്ഡലമാണത്. ഭാഷാനിർമ്മിതമായ യാഥാർത്ഥ്യത്തിൽ നിന്നു പുറത്താക്കപ്പെടുന്നതാണ് യഥാതഥം. ഒരു പദത്തിന്റെ അർത്ഥമാകാൻ വിസമ്മതിക്കുന്ന അപദാർത്ഥലോകമാണത്. ഒരുദാഹരണം ‘മരണം’ ആണ്. ജീവിതത്തിന്റെ അവസാനത്തെ അനുഭവം. അതിലേക്കു ചൂണ്ടുകമാത്രം ചെയ്യാനേ ‘മരണം’ എന്ന പദത്തിനാകൂ. ആ അനുഭവം പൂർണമായി വിവരിക്കാനാർക്കുമാവില്ല. അതനുഭവിച്ചു തീരുമ്പോഴേക്കും അനുഭവിക്കുന്നയാൾ ഇല്ലാതാകുന്നു. അപ്പോൾ മരണം അതിന്റെ അനുഭവപൂർണതയിൽ ഒരു അപദാർത്ഥമാണ് – യഥാതഥമാണ്.
നമ്മുടെ മനസിൽ മായാതെ കിടക്കുന്ന മാതൃസ്നേഹത്തിന്റെ അനുഭവമാണ് മറ്റൊരുദാഹരണം. ശൈശവാവസ്ഥയിൽ ആ അനുഭവംതന്നെയായിരുന്നു ഓരോ ‘ഞാ’നും. എന്നാൽ പിതൃസ്നേഹമങ്ങനെയല്ല. തുടക്കം മുതലേ അതൊരപരമാണ് പ്രതീകപരമാണ്. ക്രൈസ്തവവിശ്വാസത്തിലെ ‘കന്യാ’മാതാവ് എന്ന സങ്കൽപം പിതൃത്വത്തിന്റെ ഈ പ്രതീകപരതയെയാണു കാണിക്കുന്നത് എന്നു ലകാൻ പറയുന്നു. അതിൽ പിതാവിന്റെ റോളുതന്നെ റദ്ദുചെയ്യപ്പെടുകയാണല്ലോ.
യഥാതഥത്തിൽ നിന്നും ശക്തമായ പ്രതീകങ്ങളോ ഗുരുസൊാചകങ്ങളോ ഉണ്ടാകാം. ചില തീവ്രമതവിശ്വാസങ്ങൾക്ക് വിശ്വാസത്തിന്റെ പേരിലുള്ള ‘മരണം’ നിത്യജീവിതത്തിന്റെ പ്രതീകമായി മാറുന്നു. അങ്ങനെ രക്തസാക്ഷികളുണ്ടാവുകയും ചാവേറുകൾ പെരുകുകയും ചെയ്യുന്നു.
സ്വത്വവും ആത്മവും
ലകാനിയൻ കാഴ്ചപ്പാടിൽ, എന്റെ സ്വത്വം എന്നത് എന്നെക്കുറിച്ച് എനിക്കുള്ള ധാരണയാണ്, എന്റെ ‘ഞാൻ’ബോധമാണ്. ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ സ്വത്വം ഒരു എഴുത്തുകാരന്റേതാണ്. ഞാനിപ്പോളെഴുതുന്നത് ലകാനെക്കുറിച്ചാകയാൽ ഞാനദ്ദേഹവുമായി മാനസികമായി താദാത്മ്യപ്പെടുകയും അതെന്റെ സ്വത്വബോധത്തെ പൊലിപ്പിക്കുകയും ചെയ്തേക്കാം. അടുത്ത നിമിഷം എഴുത്തു നിറുത്തി ഞാൻ കുട്ടികളെ പഠിപ്പിക്കാൻ പോകുന്നു എന്നിരിക്കട്ടെ. അപ്പോഴത്തെ എന്റെ സ്വത്വം ഒരദ്ധ്യാപകന്റേതായിരിക്കും. എന്നെ പഠിപ്പിച്ച ഏതെങ്കിലും അദ്ധ്യാപകനുമായി ഞാൻ താദാത്മ്യപ്പെടുകയും എന്റെ സ്വത്വം കുറേക്കൂടി മിഴിവുറ്റതാവുകയും ചെയ്യാം. അങ്ങനെ മനസിൽ പതിയുന്ന ബിംബങ്ങളിൽനിന്നു സമയാസമയങ്ങളിൽ രൂപം കൊള്ളുന്നതാണ് നമ്മുടെ സ്വത്വം.
ഇങ്ങനെ ഒരാളുടെ ഭാവനാതലത്തിൽ നടക്കുന്ന സാത്മീകരണങ്ങളുടെയും ആത്മരതിപരമായ മിഥ്യാടനങ്ങളുടെയും ഫലമാണ് സ്വത്വം. അതിനാലത്ത് കൂടെക്കൂടെ മാറിക്കൊണ്ടിരിക്കും. മീതേക്കുമീതെ എടുത്തണിയുന്ന വസ്ത്രങ്ങൾ പോലെയാണത്. (Lacan, 1988, 2. 155.)
ഈ താദാത്മ്യമെന്നു പറയുന്നത് ഓന്തു നിറം മാറുന്നതുപോലൊരു പ്രക്രിയയാണ്. ഓന്ത് എവിടെ ഇരിക്കുന്നോ ആ പ്രതലത്തിന്റെ നിറം കൈവരിക്കുന്നു. മനുഷ്യൻ ഏതു കാര്യത്തിലേർപ്പെട്ടിരിക്കുന്നോ അതുമായി ബന്ധപ്പെട്ട ആരെങ്കിലുമായി/എന്തെങ്കിലുമായി താദാത്മ്യപ്പെടുന്നു. മാനസികമായ ഈ നിറംമാറ്റത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് മനുഷ്യനെ മനുഷ്യനാക്കുന്ന ഭാഷയാണ്. മറ്റൊന്ന് ഓരോ മനുഷ്യനിലും കാണുന്ന ആഴത്തിലുള്ള ആത്മരതിയും(narcissism).
ശത്രുക്കളെ സ്നേഹിക്കണം എന്നു വാതോരാതെ പ്രസംഗിക്കുന്ന ഒരു ക്രൈസ്തവ ഉപദേശി, തനിക്കെതിരെ തിരിയുന്ന നിസ്സാരനായ ഒരെതിരാളിയെപ്പോലും ശാപവാക്കുകൾ കൊണ്ടു കടന്നാക്രമിച്ചെന്നിരിക്കും. ഇവിടെ അയാളിൽ ഒരേ സമയം രണ്ടു കർതൃത്വങ്ങളാണു പ്രവർത്തിക്കുന്നത്. ബൈബിൾകഥകളിലെ മനുഷ്യപുത്രനുമായുള്ള താദാത്മ്യമാണ് അയാളുടെ ഉപദേശത്തിനു പിന്നിലുള്ള സ്വത്വം. എതിരാളിക്കു നേരെ തിരിയുന്ന അയാളിൽ പ്രവർത്തിക്കുന്നത് പ്രതീകക്രമത്തിലെ ഏതെങ്കിലും ശത്രുസംഹാരമൂർത്തിയും. ഈ രണ്ടു സ്വത്വങ്ങളിൽ ആദ്യത്തേത് അയാളുടെ ഭവനാതലത്തിലും രണ്ടാമത്തേതു പ്രതീകതലത്തിലും വേരോട്ടമുള്ളതാണ്. പ്രതീകക്രബദ്ധമായ സ്വത്വബോധത്തെയാണ് ലകാൻ കർതൃത്വം (subjectivity) എന്നും വിഷയി അഥവാ ആത്മം(self) എന്നും വിളിക്കുന്നത്.
ഭാവനയിൽ ഒരാൾ താനാരാകാൻ ആഗ്രഹിക്കുന്നുവോ അതാണയാളുടെ സ്വത്വം. എന്നാൽ അയാൾക്കൊരിക്കലും അതാകാനാവില്ല. ആ മോഹവും അയാളുടെ പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടില്ല. കാരണം, അയാളുടെ ഭാവനാനിർമ്മിതമായ സ്വത്വത്തിനുപരി അയാളെ അയാളാക്കുന്ന, പ്രതീകക്രമനിർമ്മിതമായ ഒരു ആത്മമുണ്ട്. ഇത് അയാളുടെ ആളത്തത്തിലെ മൗലികമായ ഒരു വിഘടനമാണെന്നു ലകാൻ സ്ഥാപിക്കുന്നു.
അധികാരത്തിന്റെ ചതിക്കുഴികൾ
ഭാവനാഭരിതമായ സ്വത്വബോധവും പ്രതീകക്രമബദ്ധമായ ആത്മബോധവും തമ്മിലുള്ള അപരിഹാര്യമായ വിഘടനം മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ പ്രഹേളികയാണ്. എന്നാൽ ഇക്കാര്യത്തിൽ നാം തീർത്തും നിസ്സഹായരല്ല. സർഗ്ഗാത്മകഭാവനയുടേതായ നമ്മുടെ സ്വകാര്യലോകവും പൊതുബോധത്തെ ഭരിക്കുന്ന പ്രതീകക്രമവും അനുസ്യൂതം മാറിക്കൊണ്ടാണിരിക്കുന്നത്.
‘ദൈവം മനുഷ്യനെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നതു പോലുള്ള ആഖ്യാനങ്ങളിലൂടെ ലിംഗപദവിയെക്കുറിച്ചു പ്രതീകക്രമത്തിൽ വേരുറച്ച ധാരണകൾ എത്ര വേഗന്നാണ് ഇന്ന് മാറിമറിഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ, ഇന്നോളം ഭാവനയുടെ സ്വകാര്യതയിൽ മാത്രം പരിമിതപ്പെട്ടിരുന്ന എത്രയോപേരുടെ രതിമോഹങ്ങൾക്കാണ് ഇന്ന് നമ്മുടെ പൊതുനീതിബോധത്തിൽ അംഗീകാരം കിട്ടിക്കൊണ്ടിരിക്കുന്നത്. ഇവിടെ തകിടം മറിയുന്നത് തന്റെ സൃഷ്ടികളിൽ മനുഷ്യരെ മാത്രവും, അതിൽത്തന്നെ ആൺ-പെൺ വിഭാഗങ്ങളെ മാത്രവും അംഗീകരിക്കുന്ന ‘ദൈവം’ എന്ന സ്യൂപ്പർഗുരുസൊാചകമാണ്. ഈ ഗുരുസൊാചകത്തെ തന്നിഷ്ടപ്രകാരം പുനർനിർമ്മിച്ചാണ് ലോകമൊട്ടുക്ക് ഇന്നോളം അധികാരശക്തികൾ മനുഷ്യരെ അടിമകളാക്കിയിട്ടുള്ളത്. ദൈവത്തെ അപ്പാടെ തള്ളിപ്പറഞ്ഞ് അരങ്ങേറിയ ഫ്രഞ്ച് വിപ്ലവത്തിൽ ശാസ്ത്രയുക്തി പുതിയ ദൈവമായി മാറി. അതിന്നിണങ്ങുന്നവണ്ണം പഴയ ദൈവത്തെ ഉരുക്കിപ്പണിയാൻ ദൈവശാസ്ത്രജ്ഞന്മാരുണ്ടായി. രണ്ടു ദൈവങ്ങളും കൂടി യുക്തിയും ഭക്തിയുമില്ലെന്നവർ തീരുമാനിച്ച ഇതര ജനവിഭാഗങ്ങളെ കീഴടക്കുകയും ചെയ്തു. പാശ്ചാത്യലോകത്തിന്റെ ‘വികസന’ത്തിനു പിന്നിൽ പ്രവർത്തിച്ചതു ഈ ഇരട്ട ദൈവമാണ്. ദൈവത്തെ പാടേ നിഷേധിച്ച് നിലവിൽവന്ന സോവ്യറ്റ് യൂണിയനിൽ സ്റ്റാലിന്റെ രൂപത്തിൽ സംഹാരരൂപിയായ പുതിയൊരു ദൈവത്തിന്റെ അവതാരവും നാം കണ്ടു.
ചുരുക്കത്തിൽ, ഒരു വശത്ത് നമ്മുടെ സർഗാത്മതയ്തക്കും സ്വാതന്ത്ര്യത്തിനുമാധാരമായ ഭാവനാതലം. മറുവശത്ത് സ്ഥിതവ്യവസ്ഥിതിയുടെ ചിട്ടവട്ടങ്ങൾക്കും വിധിനിഷേധങ്ങൾക്കും നമ്മെ വിധേയപ്പെടുത്തുന്ന ‘നീ അതല്ല, ഇതാണ്, ഇതായിരിക്കണം’ എന്നു നമ്മോടു പറയുന്ന പ്രതീകതലത്തിന്റെ അബോധശബ്ദം. ഈ പ്രതീകതലത്തിലൂടെയാണ് സമൂഹത്തിലെ അധീശശക്തികൾ നമുക്കായി ചതിക്കുഴികളൊരുക്കുന്നത്. ശക്തമായ പ്രതീകങ്ങളിലൂടെയും ഗുരുസൊാചകങ്ങളിലൂടെയും മിത്തുകളിലൂടെയും നമ്മുടെ ആത്മബോ
ധത്തെ നിർണയിക്കാനും ഭാവനാസ്വാതന്ത്ര്യത്തിന്റെ ചിറകുകളരിയാനും അവ ശ്രമിക്കുന്നു.
അധികാരത്തിന്റെ പ്രഭവകേന്ദ്രമായ പിതൃബിംബത്തിൽനിന്നുരുവാക്കപ്പെ ട്ടതാണ് ബൈബിളിലെ യഹോവ. ഞാനല്ലാതെ മറ്റൊരു ദൈവവും ഉണ്ടായിരിക്കരുതെന്നു ശഠിച്ച ആ സെമറ്റിക് ദൈവത്തിന്റെ അവതാരമായിരുന്നു ഹിറ്റ്ലർ. മര്യാദപുരഷനെന്നു വാഴ്ത്തപ്പെടുന്ന രാമനെ ആ ദൈവത്തിന്റെ പുതിയൊരവതാരമായി ഉടച്ചുവാർക്കാനാണ് ഹിന്ദുത്വാദികളിന്നു ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഫാദർ കാപ്പൻ കാൽനൂറ്റാണ്ടുമുമ്പുതന്നെ നിരീക്ഷിച്ചിട്ടുള്ളതാണ് (വട്ടമറ്റം 2015, അ.1). ഇതു ഹിന്ദുമതമൗലികതാവാദമല്ല, അതിനു നേർവിപരീതമാണ്..
‘ഞാൻ ആര്’ എന്ന ചോദ്യം ഓരോരുത്തരും സ്വയം ആവർത്തിച്ചു ചോദിക്കേണ്ടിയിരിക്കുന്നു. മാനവചരിത്രത്തിലെ പുത്തനനുഭവങ്ങളുടെയും ഹരിതവിവേകത്തിന്റെയും വെളിച്ചത്തിൽ കലാസാംസ്കാരികപ്രവർത്തനങ്ങളിലൂ ടെ നമ്മുടെ ആത്മബോധത്തെ നിർണയിക്കുന്ന പ്രതീകക്രമത്തിൽ അഴിച്ചു പണികൾ നടത്താനും കെട്ടിയേൽപിക്കപ്പെടുന്ന സങ്കുചിതമായൊരു ആത്മബോധത്തിനുപരി ഉയരാനും നമുക്കു കഴിയണം.
……………………
Jacques Lacan, Ecrits, W. W. Norton & Co., 2002
– The Seminar of Jacques Lacan, Book II, Norton, 1988, 2
സെബാസ്റ്റ്യൻ വട്ടമറ്റം, ഭാഷയുടെ അബോധസഞ്ചാരങ്ങൾ, കറന്റ് ബുക്സ്, കോട്ടയം, 2014
– (എഡി.) ഫാസിസത്തിന്റെ ദൈവശാസ്ത്രം, ഗ്രീൻ ബുക്സ്, 2015
-സിഗ്മണ്ട് ഫ്രോയിഡ്, എൻ. ബി. എസ്, 2016
|
|
|
|