അഭയം തേടി

 
ചരൽക്കല്ലുകളുടെ
അകമ്പടിയോടെ
“എപ്പോഴാണി വറ്റയ്ക്ക്
പേയിളകുന്നതെ
ന്നാർക്കറിയാം പോ! ,പോ!
എന്നാക്രോശിച്ച്
വീടുകളിൽ നിന്നും
 ഇറക്കി വിട്ടു
കിതച്ചുന്തിപ്പോയ
നാക്കും ഇറ്റുവീഴുന്ന
ദൈന്യവും
സംശയത്തിന്റെ കുരുക്ക്
മുറുക്കെ
അഭയത്തിന്റെ
ദിക്കുകൾ തേടി
തെരുവിലൂടെ അലഞ്ഞു
നഗരങ്ങളും ജനപദങ്ങളും
പിന്നിട്ടവർ ഓടിക്കൊണ്ടിരുന്നു
പുഴവെള്ളം മോന്തി
കാടിനെ വിറപ്പിച്ചൊരു
ചെന്നായ ജന്മം
കാറ്റുപോലെ വന്ന്
തൊട്ടുരുമ്മി പ്പോകെ
ഞെട്ടി, സർവ്വശക്തി
യുമെടുത്ത് കുരച്ചു
കരയൊന്നാകെ
അന്നേരം തങ്ങൾക്കുനേരെ
കുരച്ചാർക്കുന്നതു
കണ്ടമ്പരന്ന്
ഗതികെട്ട് കടലിലേക്ക്
എടുത്തു ചാടി,
നീർനായകളായി.
ഒരു കരയുടെ
കനിവുതേടി ഇപ്പഴുമവർ
നീന്തിക്കൊണ്ടിരിക്കുന്നു
 
 

You can share this post!