ചിറകു നീർത്തുന്ന വാക്കിൻ്റെ തുമ്പിലോ
പ്രണയമൂഞ്ഞാലു കെട്ടുന്നു കൗതുകം!
പെരുകുമാച്ചലിൻ ആവർത്തനങ്ങളാൽ
സപ്നകൂടാരവാതിൽ തിരഞ്ഞു നാം
കുനുകുനെ വിടർന്നാടുന്ന മോഹത്തിൻ
മലരുതൂകും മകരന്ദസ്നിഗ്ദ്ധത
ഒളിപരത്തും പെരിയ സന്തോഷങ്ങ-
ളിന്ദുപോൽ നിലാചന്തങ്ങളാകവേ.
നെറിവുകായ്ക്കും വാക്കിൻ മരത്തിനു
തണലുപറ്റിയിരുന്നൂ കനവുകൾ –
നെയ്തുകൂട്ടിയതെത്രയിഷ്ടത്തിൻ്റെ
കസവിനാലേറ്റം കോമളം മോഹനം
അരികിൽ വന്നു തഴുകിയ കാറ്റിൻ്റെ
ചെവിയിൽ മൂളുവാൻ മധുരമൂറുന്നൊരു
ചാരുവാം ചെറുവാക്കു തിരയുവാൻ
ചേർത്തു ചിന്തിച്ചതിപ്പഴുമോർമ്മയിൽ
പേടി പൂട്ടിട്ട താഴുകളൊക്കയും
ഇമ്പമിട്ടു തുറക്കും തെരുതെരെ
വാക്കുറകൂട്ടി കിട്ടിയ ശക്തികൊണ്ട-
ല്ലയോ ചേർത്തുനിർത്തി നാം മാനസം
പ്രണയമേ നീ വസന്തമോ വാക്കിനാൽ
പൂത്തുലയുന്നു മാനസം കേവലം
ആർത്തു പാടുന്നുണ്ടുള്ളിലെ കോകിലം
കേട്ടുകാലം കഴിക്കയായ് സന്ദീപ്തം.
ആമയും മുയലും
സാരോപദേശ കഥയിലെ
അങ്കത്തട്ടിലോ ?മാനവ കുലത്തിന്റെ
അന്ത:രംഗത്തിലോ?
എവിടെയാണാദ്യമുരുവം കൊണ്ട –
തെന്നോരാതെ നില്പാണ്
പന്തയക്കഥയിലെയാമയും മുയലും.
ജയിക്കുമ്പൊഴൊക്കെ
‘ശരിക്കും ജയിച്ചതാണോ ‘ യെന്നൊരു
ശങ്ക,ആമയോർമയായ് വലിഞ്ഞു കയറും
എതിരാളിയുടെ ഉറങ്ങികിടക്കുന്ന ശക്തിയിലൂറ്റം കൊണ്ട്
വിജയത്തിന്റെ ഗമസ്വയമങ്ങു –
തട്ടിക്കിഴിയ്ക്കും
തോല്ക്കുമ്പോൾ,
‘ പെട്ടുപോയി ‘ യെന്നൊരു ജാള്യത –
മുയലായെഴുന്നടുത്ത മത്സരം തേടും.
‘ നിർത്തി’ യെന്ന് നിരാശ കോലൊടിച്ചിട്ട
മുൾവേലിക്കപ്പുറം
‘ഉറങ്ങാ’ തുള്ള ബലപരീക്ഷക്കു –
ള്ളിലെമുയൽ പോർവിളി നടത്തും.
ഒരിക്കൽ പെടുത്തിക്കളഞ്ഞയുറക്കം
കുറേയുറക്കങ്ങളെയുടച്ച് വെളുപ്പിക്കും.
മോഹത്തിന്റെ റാന്തൽ നാളം
തിരിപൊക്കിജ്ജ്വലിപ്പിച്ചുപ്പഴ
യൊരുറക്കത്തോട് പക തീർക്കെ
മത്സരത്തിന്റെ ഗ്രീഷ്മാതപത്തിൽ
മനസ്സിന്റെ ഋതുഭേദങ്ങൾ
പകച്ചു നിൽക്കും.
ഇടയിൽ ചെറുനൊമ്പരമുണർത്തു –
മടക്കുറഞ്ഞ കിളിക്കാലവും
മണം ഞെരിച്ചെറിഞ്ഞ പൂക്കാലങ്ങളും.