അനിൽ പനച്ചൂരാൻ:ഹൃദയലയത്തിൽ അലിഞ്ഞ കവി /ദീപ സോമൻ

“വലയില്‍ വീണ കിളികളാണ് നാം

ചിറകൊടിഞ്ഞൊരിണകളാണ് നാം

വഴിവിളക്ക്‌ കണ്ണു ചിമ്മുമീ

വഴിയിലെന്ത് നമ്മള്‍ പാടണം” എന്നുറക്കെ ചൊല്ലി  കാവ്യാസ്വാദക ഹൃദയങ്ങളിൽ ചേക്കേറിയ പ്രിയ കവി,  ഇനിയും എന്തൊക്കെയോ എഴുതാൻ ബാക്കി വച്ച് കാലയവനികക്ക് പിന്നിലേക്ക് പറന്നകന്നപ്പോൾ മലയാള കവിതാ പ്രേമികളുടെ മനസ്സിലും പെയ്തിറങ്ങിയത് വേദനയുടെ തീരാമഴ.

പൊള്ളിക്കുന്ന മൊഴികളാൽ കവിതകളുടെ രസാത്മകതയെ സാധാരണക്കാരിലേക്ക് കടത്തിവിട്ട കവി, വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർ കനലുകൾ എന്നീ കവിതകളിലൂടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ തൻ്റേതായ ഇരിപ്പിടം കരസ്ഥമാക്കിയ  ജനപ്രിയകവിയും ഗാനരചയിതാവുമായ ശ്രീ അനിൽ പനച്ചൂരാൻ 1965 നവംബർ 20 ന് കായംകുളം ഗോവിന്ദ മുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനുവിൻ്റെയും ദ്രൗപദിയുടേയും മകനായി ജനിച്ചു. നങ്ങ്യാർകുളങ്ങര ടി കെ എം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ്, വാറങ്കൽ കാകതീയ സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. 

   മൂർച്ചയേറിയ പദപ്രയോഗങ്ങളാലും വൈകാരിക നിർമ്മിതികളാലും ഇമ്പമാർന്ന ആലാപനശൈലിയാലും ലളിതസുന്ദരമായ ബിംബങ്ങളാലും മലയാള കവിതയെ സമ്പുഷ്ടമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചു. ഹൃദ്യവും താള നിബദ്ധവുമായ അദ്ദേഹത്തിൻ്റെ കവിതകൾ സഹൃദയ വേദികളിൽ ഇടം പിടിച്ചു. 

    ആനുകാലികങ്ങളിലെഴുതാതെ കാസറ്റുകവിതകളിലൂടെയാണ് കാവ്യലോകത്തേക്കുള്ള രംഗപ്രവേശം സാധ്യമായത്. “പ്രവാസികളുടെ പാട്ട് ” ഉൾപ്പെടെ അഞ്ചു കവിതാ സമാഹാരങ്ങൾ അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിച്ചു. കവിയരങ്ങുകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ കവിതകൾ ആ പരുക്കൻ ശബ്ദത്താൽ താളാത്മകമായപ്പോൾ ഏറെ ആകർഷകമായി തീർന്നു. വിപ്ലവ വീര്യം തുടിച്ചുയർന്ന കവിതകളെ കാമ്പസുകളിലെ യുവത്വമേറ്റെടുത്തപ്പോൾ അനിൽ പനച്ചൂരാൻ നാളെയുടെ കാവ്യ പ്രതീക്ഷയായുർന്നു.

      മുപ്പത്തിയേഴു സിനിമകൾക്ക് ഗാനരചന നിർവ്വഹിച്ച അദ്ദേഹത്തിൻ്റെ ഏറെ ശ്രദ്ധേയമായ ഗാനങ്ങൾ “അറബിക്കഥ” എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നും, കഥ പറയുമ്പോൾ എന്ന ചിത്രത്തിനു വേണ്ടി രചിച്ച “വ്യത്യസ്തനായൊരു ബാർബറാം ബാലനെ” തുടങ്ങിയവയാണ്. വിപ്ലവം മുതൽ ബ്രാൻഡിക്കുപ്പി വരെ ഗാനങ്ങൾക്ക് വിഷയീഭവിച്ചപ്പോൾ അതിരുകളില്ലാത്ത ഭാവനാ വിലാസവും രചനാചാതുരിയും അനിൽ പനച്ചൂരാൻ്റെ കൈമുതലുകളാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞു. “വെളിപാടിൻ്റെ പുസ്തകം” എന്ന സിനിമക്കു വേണ്ടി അദ്ദേഹമെഴുതിയ ജിമിക്കിക്കമ്മൽ കൊച്ചു കേരളവും വിട്ട് കടൽ കടന്നു പോയി നവതരംഗം സൃഷ്ടിച്ചതിനും ആബാലവൃദ്ധം ജനങ്ങൾ പാട്ടിനൊപ്പം ചുവടുവച്ചതിനും കാലം സാക്ഷി. സ്വകാര്യജീവിതത്തിലും ഏറെ വ്യത്യസ്തനായി നിലനിന്ന വ്യക്തിത്വമായിരുന്നു അനിൽ പനച്ചൂരാൻ്റേത്. ഇടതുപക്ഷ രാഷ്ട്രീയത്തോടു തോൾ ചേർന്നു നടന്നുവെങ്കിലും പിന്നീട് ചില നിലപാടുകൾ സംരക്ഷിക്കാൻ ഗതി മാറി സഞ്ചരിക്കുകയുണ്ടായി.

  ഒരു ഘട്ടത്തിൽ സന്യാസജീവിതത്തിലേക്ക് ആകൃഷ്ടനായെങ്കിലും പിന്നീട് ജീവിതത്തിൽ ആകസ്മികമായി സംഭവിച്ച കവിത പോലൊരു പ്രണയം കവിയെ ഗൃഹസ്ഥാശ്രമത്തിലേക്ക് തിരികെ കൊണ്ടുവന്നു. കവിതകൾ കേട്ട് കവിയെ ആരാധിച്ചു പ്രണയിനിയായി മാറിയ മായയെ കവികൈപിടിച്ച് തൻ്റെ ജീവിതത്തിലേക്ക് ചേർത്തു വച്ചു. അവർക്കായി കവി രചിച്ച പ്രണയകവിത ഏറെ വൈകാരിക ശ്രദ്ധ നേടിയ രചനയാണ്. മൈത്രേയി, അരുൾ എന്നിവരാണ് മക്കൾ.

  ലോകത്തെ തന്നെ കാൽക്കീഴിലാഴ്ത്തി സംഹാര താണ്ഡവമാടുന്ന കോവിഡ് 19 തന്ന തീർത്താൽ തീരാത്ത നഷ്ടങ്ങളിൽ ഒന്ന് മലയാളികൾക്കേറെ പ്രിയങ്കരനായ ഈ കവിയുടേതായിരുന്നു. കോവിഡുമായി ഏറെ  മല്ലടിച്ച അദ്ദേഹം 2021 ജനുവരി 3ന് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത്  അന്തരിച്ചു.

 ” ഒരു കവിത കൂടി ഞാൻ എഴുതിവെയ്ക്കാം

എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിയ്ക്കാൻ

ഒരു മധുരമായെന്നും ഓർമ്മ വെയ്ക്കാൻ

ചാരുഹൃദയാഭിലാഷമായ് കരുതി വെയ്ക്കാൻ ” എന്നെഴുതിയ കവി വിടപറഞ്ഞകലുമ്പോൾ പറയാനെന്തൊക്കെയോ ബാക്കി വച്ചിട്ട് പോകുന്നതായാണ് നമുക്ക് അനുഭവവേദ്യമാകുന്നത്.  അദ്ദേഹത്തിൻ്റെ ജന്മദിനമായ നവംബർ 20ന്   ആ  കാവ്യമൊഴികൾ   വീണ്ടുമൊരോർമ്മയായി മനസ്സിലേക്ക് ഒഴുകിയെത്തുന്നു.

✍️🙏

You can share this post!