ഗാനഗന്ധർവ്വൻ – എന്റെ കലാലയജീവിതത്തിൽ സംഗീതത്തിലൂടെ എന്റെ മനസ്സിൽ ചേക്കേറിയ പ്രണയവിചാരങ്ങൾക്ക് ഗാനഗന്ധർവ്വന്റെ ഗാനങ്ങൾ പ്രേരണയായിരിന്നു.. ആദ്യമായി പാടിയ “മന്ദസമീരനിൽ ” എന്ന ഗാനം ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.. പ്രണയം തുളുമ്പി നിന്ന വരികൾ,

വികാരസാന്ദ്രമായ സംഗീതം, സ്വപ്നങ്ങളിലെ പ്രണയിനിയെപ്പോലും മോഹിപ്പിക്കുന്ന ദാസേട്ടന്റെ ആലാപനം… ആ നാളുകളിൽ ദാസേട്ടനെ ഒന്ന് ദൂരെ നിന്നെങ്കിലും കാണാൻ ഞാനാഗ്രഹിച്ചിട്ടുണ്ട്. കാലം നമുക്കായി ഒരുക്കി വെക്കുന്ന അമൂല്യമായ അവസരങ്ങൾ എന്നെ തേടി വന്നത് ഒരു നിയോഗമായിരുന്നോ, പൂർവപുണ്യങ്ങളുടെ തൃപ്പ്രസാദങ്ങൾ ആണോ, അതോ കർമ്മഫലങ്ങൾ ഒരുക്കിയ ദിവ്യാനുഭവങ്ങളാണോ എന്ന് കാലം തീരുമാനിക്കട്ടെ..
സംഗീതസാഗാരതീരങ്ങളിലൂടെ മുത്തും പവിഴവും തിരഞ്ഞുള്ള എന്റെ യാത്രയിൽ കുറെ കാലമെങ്കിലും ഒരു ദേവസന്നിധിയിൽ കഴിച്ചു കൂട്ടിയ പോലെയായിരുന്നു ദാസേട്ടന്റെ കൂടെ ചിലവഴിച്ച സമയങ്ങൾ.. പുതിയ അനുഭവങ്ങൾ.. എത്രയോ ഗാനങ്ങൾ റെക്കോർഡ് ചെയ്യുവാനുള്ള അവസരം ലഭിച്ചത് ഒരു ജീവിതസൗഭാഗ്യമായിരുന്നു എന്ന് സവിനയം പറഞ്ഞു കൊള്ളട്ടെ.. സ്റ്റുഡിയോവിൽ ദാസേട്ടന്റെ ഓരോ ഗാനം റെക്കോർഡ് ചെയ്യുമ്പോഴും കോളേജിൽ ഞാൻ പാടാറുണ്ടായിരുന്ന ” മന്ദസമീരനിൽ, സന്യാസിനി, കരിനീലക്കണ്ണുള്ള പെണ്ണേ എന്നീ ഗാനങ്ങൾ എന്റെ കാതിൽ അലയടിക്കാറുണ്ടായിരുന്നു..കാലം നമുക്കായി ഒരുക്കുന്ന അസുലഭ മുഹൂർത്തങ്ങൾ.
എല്ലാ അനുഭവങ്ങൾക്കും അവസരങ്ങൾക്കും ഞാൻ ചെയ്ത കർമ്മങ്ങൾക്കും പിതൃക്കളെയും ഗുരുനാഥാക്കന്മാരെയും ദൈവത്തെയും ഏറെ ഭക്തിയോടെ, ബഹുമാനത്തോടെ സ്മരിക്കുന്നു, പ്രാർത്ഥിക്കുന്നു.
ഗാനഗന്ധർവ്വന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നതോടൊപ്പം പിറന്നാൾ ആശംസകൾ നേരുന്നു