റിപ്പോർട്ട് :എൻ.രവി
കൂത്താട്ടുകുളം :അക്ഷരജാലകം പ്രതിവാര സാഹിത്യപംക്തി എഴുതി ഇരുപത്തിയഞ്ച് വർഷം പിന്നിടുന്ന സാഹിത്യവിമർശകനും എഴുത്തുകാരനുമായ എം.കെ.ഹരികുമാറിനെ ജന്മനാടായ കൂത്താട്ടുകുളത്ത് കിഴകൊമ്പ് പുരോഗമന കലാസാഹിത്യസംഘം ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു.ലൈബ്രറി പ്രസിഡണ്ട് സി. എൻ .പ്രഭകുമാർ ഹരികുമാറിനെ പൊന്നാടയണിയിച്ചു.യോഗത്തിൽ അക്ഷരജാലകത്തിൻ്റെ ഒന്നും രണ്ടും വാല്യങ്ങൾ ഹരികുമാർ പ്രകാശനം ചെയ്തു. എഴുത്തിൻ്റെ നാല് പതിറ്റാണ്ടു പിന്നിട്ട ഹരികുമാർ തൻ്റെ പുസ്തകശേഖരത്തിൽ നിന്നു പതിനായിരം രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിക്ക് സംഭാവനയായി നല്കി.
എം.കെ.ഹരികുമാർ 1981 ലാണ് സാഹിത്യരംഗത്ത് പ്രവേശിച്ചത്. ഇതിനോടകം മുപ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു .1998 ലാണ് ഹരികുമാർ അക്ഷരജാലകം എന്ന പ്രതിവാര സാഹിത്യപംക്തി കേരളകൗമുദിയിൽ ആരംഭിക്കുന്നത്. 25 വർഷങ്ങൾ പിന്നിട്ട അക്ഷരജാലകം ഇപ്പോൾ മെട്രോവാർത്ത പത്രത്തിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുന്നു. ഈ പംക്തി കലാകൗമുദി ,പ്രസാധകൻ ,മലയാളസമീക്ഷ ഓൺലൈൻ എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഇത്രയും ദീർഘകാലമായി പ്രസിദ്ധീകരിച്ചു വരുന്ന ,ധാരാളം വായനക്കാർ കാത്തിരുന്ന് വായിക്കുന്ന ,പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന ഒരു കോളം ഇന്ന് മലയാളത്തിൽ വേറെയില്ല .മലയാളത്തിലെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിൽ ആദരിക്കപ്പെടുന്ന ഹരികുമാറിൻ്റെ അക്ഷരജാലകത്തിൻ്റെ ആദ്യ രണ്ടു വാല്യങ്ങൾ കഴിഞ്ഞ മാസം കൊല്ലം സുജിലി പബ്ളിക്കേഷൻസാണ് പ്രസിദ്ധീകരിച്ചത്. ദീർഘകാലമായി അക്ഷരജാലകം വായിക്കുന്നവരുടെ ഒരാവശ്യമായിരുന്നു ഇത്.
കിഴകൊമ്പ് പുരോഗമന കലാസാഹിത്യ സംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ഹരികുമാർ അക്ഷരജാലകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് ലഘു പ്രഭാഷണം നടത്തി.കൂത്താട്ടുകുളത്തിൻ്റെ പ്രാചീനമായ വികാരം ഇനിയും വേണ്ടപോലെ എഴുതപ്പെട്ടിട്ടില്ലെന്നു ഹരികുമാർ പറഞ്ഞു.
“നൂറുവർഷമായി ,പലധാരകളിലൂടെ മുന്നോട്ടുപോയ കൂത്താട്ടുകുളത്തിൻ്റെ ജീവിതം ഒരു അദൃശ്യമേഖലയായി അവശേഷിക്കുകയാണ്. ‘കൂത്താട്ടുകളം ചന്തയിൽ വന്നുപിരിഞ്ഞവർ’ എന്ന പേരിൽ ഞാൻ സമീപകാലത്തെഴുതിയ കവിത ഫേസ്ബുക്കിൽ ചേർത്തപ്പോൾ വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. ഇത്രയധികം പേരുടെ മനസ്സിൽ ഈ നാട് ജീവിക്കുന്നു എന്നറിഞ്ഞ് സന്തോഷിക്കുകയാണ്. അതിൽ ചില സുഹൃത്തുക്കൾ പരിഭവം പറഞ്ഞത് അത്ഭുതപ്പെടുത്തി. അവരുടെ സ്വന്തം പ്രദേശങ്ങളുടെ പേരുകൾ കൂടി കവിതയിൽ ഉൾപ്പെടുത്താമായിരുന്നു എന്നാണ് അവർ പറഞ്ഞത്.കൂത്താട്ടുകുളം തലമുറകളുടെ ആശയവിനിമയം കൊണ്ട് വളർന്ന സ്ഥലമാണ്. ജീവിതത്തിന്റെ അറിയപ്പെടാത്ത ഏടുകൾ ഇവിടെയുണ്ട്. പഴയ ഒരു കൂത്താട്ടുകുളം ഇപ്പോഴും മണ്ണിൽ ഉറങ്ങിക്കിടക്കുകയാണ് ” -ഹരികുമാർ പറഞ്ഞു .
“കൂത്താട്ടുകുളത്ത് എം.സി. റോഡിലൂടെ ബസിൽ സഞ്ചരിക്കുന്ന ഒരാൾക്ക് ഈ പ്രദേശത്തെക്കുറിച്ച് ലഭിക്കുന്ന അറിവ് വളരെ ചെറുതാണ്. അഞ്ച് മിനിറ്റ് കൊണ്ട് ബസ് കൂത്താട്ടുകുളം കടന്നു പോകും.ഏറ്റവും ചെറിയ സമയമെടുത്താണ് ബസ്സുകൾ കൂത്താട്ടുകുളം പിന്നിടുന്നത്. ടൗണിൽ ഒരു കിലോമീറ്റർ തെക്കോട്ട് മാറിയാൽ ചോരക്കുഴിയായി. അതിനപ്പുറത്താണ് കോട്ടയം ജില്ല ആരംഭിക്കുന്നത്. എന്നാൽ റോഡിൻ്റെ ഇരുവശങ്ങളിലേക്കുമാണ് യഥാർത്ഥ കൂത്താട്ടുകുളം വ്യാപിച്ചിരിക്കുന്നത്. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ലൈബ്രറി ആസ്ഥാനമായ ഈ പടിഞ്ഞാറൻ പ്രദേശത്ത് നാലു മുനിസിപ്പൽ വാർഡുകളാണുള്ളത്. ഇവിടെയാണ് കൂത്താട്ടുകുളത്തിൻ്റെ വലിയ മേഖല. എന്നാൽ ഈ പ്രദേശം വേണ്ടത്ര അറിയപ്പെടുന്നില്ല. നാടിൻ്റെ മുഖ്യധാരയിലേക്ക് ഈ പ്രദേശത്തിൻ്റെ ചലനങ്ങൾ കൂടുതൽ എത്തിച്ചേരേണ്ടതുണ്ട്. എൻ്റെ പുസ്തകം ഇവിടെ പ്രകാശനം ചെയ്യാൻ കാരണമിതാണ് “-ഹരികുമാർ പറഞ്ഞു.
“അക്ഷരജാലകം ഈ ഗ്രാമത്തിൽ പ്രകാശനം ചെയ്യാനായതിൽ സന്തോഷിക്കുകയാണ്. മനോഹരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഗ്രാമത്തിൻ്റെ സുന്ദരമായ ദൃശ്യങ്ങൾ ഇവിടെയുണ്ട് .കൂത്താട്ടുകുളത്തിൻ്റെ മുഖ്യ ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായ ചമ്പമല ഇവിടെയാണുള്ളത് .അക്ഷരജാലകത്തിന്റെ രണ്ടു വാല്യങ്ങൾ ഈ ചെറിയ ഗ്രന്ഥശാലയിൽ അനൗപചാരികമായി പ്രകാശിപ്പിക്കുമ്പോൾ പല വികാരങ്ങൾ എന്നിലൂടെ കടന്നുപോവുകയാണ്. വലിയ നഗരങ്ങളിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിൽ നിന്നു വ്യത്യസ്തമായ ഒരനുഭവമാണിത്. ഈ കോളം തുടങ്ങിയിട്ട് 25 വർഷങ്ങൾ കടന്നുപോയിരിക്കുന്നു .എത്രയോ എഴുത്തുകാരും പുസ്തകങ്ങളും സംഭവങ്ങളും ഈ കോളത്തിലൂടെ അവതരിപ്പിക്കപ്പെട്ടു .വിചിത്രമായ അനുഭവങ്ങളാണ് ഇതെനിക്ക് നൽകിയത് .ഓരോ ആഴ്ചയിലും സ്വയം നവീകരിക്കാൻ എന്നെ പ്രാപ്തമാക്കിയത് ഈ പംക്തിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് പോലെ തന്നെ അതിനെ സ്പർശിക്കുന്നതും കാണുന്നതും മറിച്ചു നോക്കുന്നതും വിദ്യാഭ്യാസമാണ് “-ഹരികുമാർ പറഞ്ഞു.
“എല്ലാ പുസ്തകങ്ങളും വായിക്കാൻ കഴിഞ്ഞില്ലെങ്കിലും വെറുതെ മറിച്ചു നോക്കുന്നത് പോലും വിദ്യാഭ്യാസമാണ്. കാരണം, അത്രയും അറിവ് നമുക്ക് കിട്ടും.പ്രമുഖ തമിഴ് ,മലയാളം സാഹിത്യകാരനായ നീല പത്മനാഭൻ്റെ സമ്പൂർണ കൃതികളുടെ സമാഹാരമാണ് നമ്മുടെ മുന്നിലുള്ളത്. അത് 1200 പേജ് വരും. ഇത് കണ്ടിട്ടുള്ളവർക്ക് ഇതിൻ്റെ വലിപ്പത്തെക്കുറിച്ച്, ഉള്ളടക്കത്തെക്കുറിച്ച് ഒരു ചെറിയ ധാരണയെങ്കിലും കിട്ടും. പുസ്തകം കണ്ടിട്ടില്ലാത്തവരെ അപേക്ഷിച്ച് ഇത് വലിയ അറിവാണ്. എല്ലാം സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും ലഭിക്കുകയില്ല .ഔപചാരിക വിദ്യാഭ്യാസം നിയമാനുസൃതമായ ഒന്നാണ് .അത് പൂർണ്ണമല്ല. പൂർണ്ണതയ്ക്ക് വേണ്ടി നാം സ്വന്തം നിലയിൽ വായിക്കണം. അതിനാണ് ലൈബ്രറികളുള്ളത് .കലാശാലകളിൽ നിന്നു കിട്ടാവുന്നത് ലൈബ്രറികളിൽ നിന്നും കിട്ടും. അത് വലിയ നേട്ടം തന്നെയാണ്. അതുകൊണ്ടാണ് ലൈബ്രറികളും വായനശാലകളും മിക്കപ്പോഴും സന്ദർശിക്കണമെന്നു പറയുന്നത്. ഒരു വാരിക മറിച്ചു നോക്കുന്നതു പോലും പ്രയോജനകരമാണ് .ഇത് വായനയ്ക്ക് പകരമല്ല .അഭിരുചിയില്ലാത്തവരെ വായനയിലേക്ക് അടുപ്പിക്കാൻ ഇത് സഹായിക്കും” -ഹരികുമാർ ചൂണ്ടിക്കാട്ടി.
ലൈബ്രറി സെക്രട്ടറി എം. കെ. രാജു, തോമസ് എന്നിവർ പ്രസംഗിച്ചു.