ഷേക്സ്പിയർ സഹസ്രാബ്ദത്തിൻ്റെ സാഹിത്യനായകൻ : എം.കെ.ഹരികുമാർ

ഡേവിഡ് രാജൻ പ0ന ഗവേഷണ കേന്ദ്രത്തിനു പുസ്തകങ്ങൾ സംഭാവന ചെയ്ത് എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു. ഏരിയാ സെക്രട്ടറി പി.ബി.രതീഷ് ,ഗവേഷണ കേന്ദ്രം ചെയർമാൻ ഒ.എൻ.വിജയൻ ,മുനിസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവൻ ,വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസ് ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോഷി സ്കറിയ ,ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ് ,എ.കെ.വിജയകമാർ ,എ.എസ്. രാജൻ എന്നിവർ സമീപം .

റിപ്പോർട്ട് :എൻ.രവി

ഡേവിഡ് രാജൻ പഠന ഗവേഷണ കേന്ദ്രത്തിനു എം.കെ.ഹരികുമാർ 130 പുസ്തകങ്ങൾ സംഭാവനചെയ്തു

കൂത്താട്ടുകുളം :ലോകത്ത് എവിടെയും മനുഷ്യർക്ക് ഒരു ജാതിയേയുള്ളുവെന്നും അത് മനുഷ്യത്വമാണെന്നും സാഹിത്യ വിമർശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

സി.പി.ഐ.എമ്മിൻ്റെ നേതൃത്വത്തിലുള്ള ഡേവിഡ് രാജൻ പ0ന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.പി.എസ്തോസ് അനുസ്മരണ ചടങ്ങിൽ ‘സാഹിത്യകാരനും സമൂഹവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ ഒരിനമാണ്. മനുഷ്യർക്കിടയിൽ വ്യത്യസ്ത ഇനങ്ങളില്ല .ഏത് രാജ്യത്തായാലും ഭൂഖണ്ഡത്തിലായാലും മനുഷ്യർക്ക് ഒരു ജാതിയെ ഉള്ളൂ. വ്യത്യസ്തമായ ഭാഷയോ വേഷമോ നിറമോ കണ്ടേക്കാം. പക്ഷേ, മനുഷ്യൻ ഒരിനമാണ് .അതുകൊണ്ടാണ് മനുഷ്യർ തമ്മിൽ ലൈംഗിക ആകർഷണമുള്ളതും പ്രത്യുൽപാദനം സാധ്യമാകുന്നതും. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് .അവൻ്റെ പ്രയത്നവും ചിന്തയും തൊഴിലുമാണ് അവനെ മഹത്വപ്പെടുത്തുന്നത് .കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും മനുഷ്യനെ ജാതിക്കതീതമായി ഒന്നായി കാണുന്നു. ഈ കാലഘട്ടം ഈ നിലപാടാണ് ആവശ്യപ്പെടുന്നത് -ഹരികുമാർ പറഞ്ഞു.
ഏരിയാ സെക്രട്ടി പി.ബി.രതീഷ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഡേവിഡ് രാജൻ പ0ന ഗവേഷണ കേന്ദ്രം ചെയർമാൻ ഒ.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.ഹരികുമാർ തൻ്റെ ശേഖരത്തിൽ നിന്നു സംഭാവനയായി നല്കിയ 130 പുസ്തകങ്ങൾ ഒ.എൻ. വിജയനും ഗവേഷണ കേന്ദ്രം അംഗം ആശയും ചേർന്ന് ഏറ്റുവാങ്ങി.
മുനിസിപ്പൽ ചെയർപേഴ്സൺ വിജയാ ശിവൻ ,വൈസ് ചെയർപേഴ്സൺ സണ്ണി കുര്യാക്കോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോഷി സ്കറിയ തുടങ്ങിയവർ സംബന്ധിച്ചു. എ.കെ.വിജയകുമാർ സ്വാഗതവും ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ് നന്ദിയും പറഞ്ഞു.

എം.കെ ഹരികുമാർ സംഭാവന ചെയ്ത 130 പുസ്തകങ്ങൾ ഗവേഷണ കേന്ദ്രം ചെയർമാൻ ഒ.എൻ.വിജയനും ഗവേഷണ കേന്ദ്രം അംഗം ആശയും ചേർന്ന് സ്വീകരിക്കുന്നു. ഏരിയാ സെക്രട്ടറി പി.ബി.രതീഷ് സമീപം .

ജാതിമത ചിന്തകൾ തിവ്രമായി തിരികെ വരുന്ന കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നതെന്ന് ഹരികുമാർ പറഞ്ഞു .സ്വന്തം പേരിൻ്റെ കൂടെ ജാതിപ്പേര് ചേർത്തിട്ടില്ലാത്തവർ പോലും ഫേസ്ബുക്കിലും മറ്റും ജാതിപ്പേരുകൾ കൂട്ടിച്ചേർക്കുകയാണ്. വിദ്യാസമ്പന്നർ പോലും ജാതിചിന്തയിൽ അഭിരമിക്കുകയാണ് .ഇന്നത്തെ സാഹിത്യകാരന്മാർ ഇതൊന്നും കാണുന്നില്ല, വിമർശിക്കുന്നില്ല .കഴിഞ്ഞ നാല്പത്തിയൊന്നു വർഷമായി താൻ എഴുതിയത് സത്യസന്ധമായ കാഴ്ചപ്പാടിൽ ഉറച്ചു നിന്നു കൊണ്ടാണെന്ന് ഹരികുമാർ ചൂണ്ടിക്കാട്ടി. സത്യം പറയാൻ സ്വാതന്ത്ര്യം വേണം. ഈ സ്വാതന്ത്ര്യം വളരെ വെല്ലുവിളി നിറഞ്ഞതും അപകടകരവുമാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയുമ്പോൾ അത് വിമർശനമായി തോന്നാം. അതോടെ ശത്രുത ആരംഭിക്കുകയാണ് .വിമർശിക്കപ്പെടുന്ന വ്യക്തികൾ പലതരത്തിൽ നമ്മെ എതിർക്കാൻ നോക്കും. കാര്യസാധ്യത്തിനു വേണ്ടി സത്യം മറച്ചു വച്ച് എഴുതിയിട്ടില്ല. സാഹിത്യകാരൻ്റെ ജീവിതം ഇങ്ങനെ സംഘർഷാത്മകമാണ് .സത്യം വിളിച്ചു പറയുന്നതോടെ കലുഷിതമായ രംഗത്ത് ആരിൽ നിന്നും പിന്തുണ കിട്ടണമെന്നില്ല .കഴിഞ്ഞ കാൽനൂറ്റാണ്ടായി എഴുതി വരുന്ന ‘അക്ഷരജാലക’ത്തിൻ്റെ സ്വഭാവം ഇതാണ് -ഹരികുമാർ പറഞ്ഞു.

ഏരിയാ സെക്രട്ടറി പി.ബി. രതീഷ് പ്രസംഗിക്കുന്നു

ഒരാൾ മരിച്ചു പോയ ഉടനെ അയാളെക്കുറിച്ച് എന്തും എഴുതാമെന്ന ചിലരുടെ നിലപാടിനെ അക്ഷരജാലകത്തിലൂടെ എതിർത്തു തോൽപ്പിച്ചത് ഹരികുമാർ അനുസ്മരിച്ചു. കഥാകാരി രാജലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നു. കഥയെഴുതിയതിനെ തുടർന്നുള്ള ചിലരുടെ എതിർപ്പിൽ മനംനൊന്താണ് അവർ ആത്മഹത്യ ചെയ്തത്. എന്നാൽ നോവലിസ്റ്റ് ഉണ്ണികൃഷ്ണൻ പുതൂർ ഒരു വാരികയിൽ രാജലക്ഷ്മിയെ അപകീർത്തിപ്പെടുത്തിയപ്പോൾ അതിനെതിരെ രൂക്ഷമായി തന്റെ കോളത്തിലൂടെ പ്രതികരിച്ചു. മാധവിക്കുട്ടിയുടെ മരണശേഷം അവരുടെ സ്വകാര്യജീവിതത്തിലെ പ്രണയത്തെയും മറ്റും വിവരിച്ചുകൊണ്ട് ലീലാമേനോൻ എഴുതിയതിനെയും വിമർശിക്കേണ്ടിവന്നു. തൻ്റെ എഴുത്തിൽ പുലർത്തുന്ന മര്യാദ ഇതാണ്.സാമൂഹ്യജീവിതത്തിൽ ഇത്തരം മര്യാദകളില്ലെങ്കിൽ എത്ര ദയനീയമായിരിക്കും. ഒരു വലിയ എഴുത്തുകാരൻ ദൈനംദിന സംഭവങ്ങളുടെ പുറംകാഴ്ചകളല്ല എഴുതുന്നത്. അത് എഴുതാൻ പത്ര റിപ്പോർട്ടർക്ക് കഴിയും. എന്നാൽ എഴുത്തുകാരൻ അതിനപ്പുറം പോകണം. അയാളെ അലട്ടുന്ന പ്രശ്നങ്ങളാണു എഴുതേണ്ടത്. ഷേക്സ്പിയർ എഴുതിയത് രാജാക്കന്മാരുടെയും രാജകൊട്ടാരങ്ങളുടെയും കഥകളാണ്. രാജകൊട്ടാരങ്ങളിലെ ഗൂഢാലോചനകളും ചതികളുമാണ് നാടകങ്ങൾക്ക് പ്രമേയമാക്കിയത്. പലതും ഫ്രഞ്ച് നാടോടി കഥകളിൽ നിന്ന് കടമെടുത്തതാണ്. ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യത്തിന്റെ ഫലമായി ലോകമെമ്പാടും ആ നാടകങ്ങൾ പഠിക്കാൻ അവസരമുണ്ടായി.മനുഷ്യ മനസിനെക്കുറിച്ച് ഷേക്സിപിയർ പറയാത്തതായി ഒന്നും തന്നെയില്ല. മനുഷ്യനിൽ ചെകുത്താനും ദൈവവും തമ്മിൽ സംഘട്ടനം നടക്കുകയാണ്. മിക്കപ്പോഴും ചെകുത്താൻ വിജയിക്കുന്നു. ഇതാണ് ഷേക്സ്പിയർ നാടകങ്ങളുടെ ആശയം. ഇതു തന്നെയാണ് റഷ്യൻ സാഹിത്യകാരനായ ദസ്തയെവ്സ്കി തൻ്റെ കൃതികളിലൂടെ വ്യത്യസ്തമായി ആവിഷ്കരിച്ചത്.ഷേക്സ്പിയർ ജീവിതകാലത്ത് എഴുതിയ 39 നാടകങ്ങളിൽ ഒന്നുപോലും അദ്ദേഹത്തിനു പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിൻ്റെ മരണശേഷം ആ നാടക സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരാണ് ഇന്നത്തെ നിലയിലുള്ള നാടകങ്ങൾ ,എഡിറ്റ് ചെയ്തു ,പ്രസിദ്ധീകരിച്ചത്. ഷേക്സ്പിയർ ഒരു നൂറ്റാണ്ടിന്റെയല്ല ,സഹസ്രാബ്ദത്തിൻ്റെ നായകനാണ്. രണ്ടായിരാമാണ്ടിൻ്റെ സാഹിത്യനായകനും മറ്റാരുമല്ല. അതുകൊണ്ടാണ് ദസ്തയെവ്സ്കി പറഞ്ഞത് ,ഷേക്സ്പിയറില്ലാതെ മാനവരാശിക്ക് മുന്നോട്ടു പോകാനാവില്ലെന്ന്. മനുഷ്യരാശി ഷേക്സ്പിയറിലൂടെയും ജീവിക്കുകയാണ്. സാഹിത്യകാരന് ഒരു പൊതുപ്രവർത്തനാവുക പ്രയാസമായിരിക്കും. കാരണം, എഴുതാൻ അത്രയധികം ഏകാന്തത ആവശ്യമാണ്. ഡേവിഡ് രാജൻ പഠന ഗവേഷണ കേന്ദ്രത്തിനു പുസ്തകങ്ങൾ നല്കണമെന്നത് തൻ്റെ മുൻ നിശ്ചയമായിരുന്നു -ഹരികുമാർ പറഞ്ഞു.

You can share this post!

One Reply to “ഷേക്സ്പിയർ സഹസ്രാബ്ദത്തിൻ്റെ സാഹിത്യനായകൻ : എം.കെ.ഹരികുമാർ”

  1. പുസ്തകങ്ങൾ കൈമാറുക എന്നു പറഞ്ഞാൽ ജ്ഞാനത്തെ കാലത്തിന് കൈമാറുന്നുവെന്നാണ്.

    ഹരികുമാർ സാറിനെപ്പോലെ ഒരാൾ എഴുതുകയും വായിക്കുകയുമൊക്കെ ചെയ്തത് സമൂഹത്തിന് ലഭ്യമാകുന്നു.

    സംഘാടകർക്കും,
    ഹരികുമാർ സാറിനും
    അഭിനന്ദനങ്ങൾ,
    അഭിവാദ്യങ്ങൾ

Comments are closed.