രാജ്യദ്രോഹി

പണ്ട്, എന്നുവച്ചാൽ ഒരുപാടു പണ്ട്, തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്റത്തോടനുബന്ധിച്ചു മത പാഠശാല ഉണ്ടായിരുന്നു. ഊട്ടുപുരയിൽ, ഞായറാഴ്ച്ചകളിലാണ് നടത്തിയിരുന്നത്. ചുപ്രി സ്വാമി എന്ന ബ്രാഹ്മണനായിരുന്നു ആചാര്യൻ. സുബ്രഹ്മണ്യഅയ്യർ എന്ന പേരിനെ ചുരുട്ടി കൂട്ടി ചുപ്രി ആക്കിയതാണ്. അവിടെ നിന്നാണ് “മാതാ പിതാ ഗുരു ദൈവം “എന്ന മഹദ്വചനം ഞാനാദ്യമായി കേട്ടത്. മറ്റൊന്നാണ്,
ജനനീ ജന്മഭൂമിശ്ച
സ്വർഗ്ഗതാപി ഗരീയസി
രണ്ടിലും അമ്മയുടെ മാഹാത്മ്യം നിറഞ്ഞു നിൽക്കുന്നു. ആദ്യത്തേതിൽ അമ്മ ദൈവം ആണെന്നു പറയുന്നു. അടുത്തതിൽ അമ്മ സ്വർഗത്തേക്കാൾ ഉൽകൃഷ്ടയാണെന്നു പറയുന്നു.
നമ്മുടെ ജനനത്തിനു കാരണക്കാർ അച്ഛനമ്മമാരാണ്. അതിനാൽ, അവരോട് സ്നേഹവും നന്ദിയും ആദരവും കടപ്പാടും ഒക്കെ ഉള്ളവരാവണം മക്കൾ. ജനിപ്പിച്ചു വളർത്തി വലുതാക്കി, സ്വന്തം കാലിൽ നില്കാൻ കഴിവുള്ളവരാക്കിയതിനു നന്ദിയും ആദരവും. പ്രായമാകുമ്പോൾ ശരീരം ശോഷിക്കും, ജരാനര ബാധിക്കും, ആരോഗ്യം ക്ഷയിക്കും. ആ സമയത്തു, നമ്മെ നാമാക്കിത്തീർത്ത അവരെ പരിചരിക്കുകയെന്നത് മക്കളുടെ കടമയാണ്.
വേണാടിന്റെ ചരിത്രത്തിൽ ഒരു സംഭവമുണ്ട്. മാർത്താണ്ഡവർമ മഹാരാജാവിനെ കൊല്ലാൻ ശത്രുക്കൾ പുറകെ കൂടി. നെയ്യാറ്റിൻകര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനു മുൻപിൽ നിന്ന ഒരു വലിയ പ്ലാവിന്റെ വലിയ പോടിൽ അദ്ദേഹം ഇറങ്ങി ഇരുന്നു. ശത്രുക്കൾക്കു രാജാവിനെ കണ്ടെത്താനായില്ല. അമ്മയെ പോലെ അദ്ദേഹത്തിന് അഭയം നൽകി രക്ഷിച്ച ആ പ്ലാവ് അമ്മച്ചിപ്ലാവെന്ന അപരനാമത്തിൽ പ്രശസ്തമായ. അമ്മയെന്ന രണ്ടക്ഷരം ഒളിഞ്ഞിരിക്കുന്ന വികാര ശൈലം ഈ പ്ലാവിൽ പ്രത്യക്ഷമാണ്.
അറിയാതെപോലും മാതാപിതാക്കളെ ചവുട്ടിയാൽ, പാപ പരിഹാരമായി തൊട്ടു തലയിൽ വയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ട ഏതു വസ്തുവിനോടും ഈ മനോഭാവം പുലർത്തിയിരുന്നു. മാതാപിതാക്കളോട് മറ്റുള്ളവർ മോശമായി പെരുമാറിയാൽ മക്കൾക്കു സഹിക്കാനാവില്ല. ഈ ദൃശ പ്രവൃത്തികൾ മക്കൾക്കു അവരോടുള്ള മനോഭാവത്തെ കാണിക്കുന്നു. ഈ മനോഭാവം മാതൃസ്നേഹം,
പിതൃസ്നേഹം എന്നറിയപ്പെടുന്നു.
അച്ഛന്റെ ചെരുപ്പിൽ ചവിട്ടിയാൽ, ചെറുപ്പവിടെ ഇട്ടതിനു കുറ്റം പറയുന്നവൻ, അമ്മയെ അയൽവാസി ചീത്തപറയുന്നതു കേട്ടിട്ട് തലക്കത്തുവേണം എന്നുപറഞ്ഞു കാണാത്ത ഭാവത്തിൽ പോകുന്നവർ, ഇവരൊന്നും മകൻ /മകൾ എന്ന പദവിക്ക് അർഹരല്ല. അവർക്കു ചേരുന്നത് ദുർപുത്രൻ, മുടിയനായ പുത്രൻ എന്നെല്ലാമുള്ള വിശേഷണങ്ങളാണ്.
ഇതുതന്നെയാണ് ജനിച്ച നാടിനെ പറ്റിയും പറയാനുള്ളത്.
ഞാൻ ജനിച്ചത് ഭാരതം എന്ന ഈ ദേവ ഭൂമിയിലാണ്. ഞാൻ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം, നേടിയ വിദ്യ എല്ലാം ഈ നാടിന്റേതാണ്.
ലോകത്തിലെ മറ്റ് ഭാഗങ്ങളിലുള്ളവർ കാട്ടരുവിയിലെ വെള്ളം കുടിച്ചു, പച്ച ഇറച്ചിയും തിന്ന് കാടന്മാരായി ജീവിച്ചപ്പോഴും അറിവിന്റെ, സംസ്കാരത്തിന്റെ വെന്നിക്കൊടി പറിയിരുന്നു ഇവിടെ :ഈ ഭാരതത്തിൽ.
ശൈശവത്തിൽ എനിക്കു തോട്ടിലൊരുക്കിയതിവിടെ ആണ്. ബല്യ -കൗമാരങ്ങളിൽ ഞാൻ ഓടി കളിച്ചതും വീണുരുണ്ടതും ഇവിടെയാണ്. യുവത്വത്തിൽ എന്റെ കർമഭൂമി ഇതാണ്. വാർധക്യത്തിൽ എന്റെ അഭയകേന്ദ്രം ഇതാണ്. അവസാനം, മൃത്യു ദേവൻ ജീവനും കൊണ്ടു പോകുമ്പോൾ ആർക്കും വേണ്ടാതായ എന്റെ ശരീരം ഏറ്റുവാങ്ങാനായി അവസാന ശയ്യയും വിരിച്ചു, നെഞ്ചിൽ പട്ടടയുമൊരുക്കി കാത്തിരിക്കുന്ന എന്റെ നാടേ… നിന്നെ ഞാൻ അമ്മേ എന്നു വിളിക്കുന്നു.
ഇന്നു മക്കൾ അമ്മയെ കൊന്നുകൊണ്ടിരിക്കുകയാണ്. ഒരു കിണർ കുഴിച്ചാൽ അമൃതിനു സമമാം വെള്ളം കിട്ടും. അതിനു മുതിരാതെ, അമ്മയുടെ നെഞ്ചിൽ കാരിരുമ്പുദണ്ഡു കുത്തിയിറക്കി ഭൂഗർഭജലമെന്ന ചോര മൊത്തമായി കുടിച്ചു തീർക്കുകയാണ്. തലമുറകൾക്കുവേണ്ടി കൂടി സൂക്ഷിച്ചിരിക്കുന്നതാണജലം. അതു മുഴുവൻ ഊറ്റിയെടുത്തു തന്കാര്യം കാണുകയാണ് സ്വാർഥനായ മനുഷ്യൻ. രാജ്യ സ്നേഹികളും പ്രജാജ്‌ഷെമതല്പരരുമായിരുന്ന മഹാരാജാക്കന്മാർ കട്ടുമുടിക്കാതെ, സ്വന്തക്കാർക്ക് വീതംവച്ചു കൊടുക്കാതെ നിലവറകളിൽ സൂക്ഷിച്ച സമ്പത്തു കയ്യിട്ടുവാരി കുമ്പ വീർപ്പിക്കുവാൻ തക്കം പാർത്തിരിക്കുന്ന ഭരണക്കാരുടെ അവസ്ഥയിലേക്ക് അധഃപതിച്ചു ജനം.
രാഷ്ട്രം എന്നാൽ ഒരു തുണ്ടു ഭൂമിയോ കുറെ മനുഷ്യരോ മാത്രമല്ല. രണ്ടും ചേർന്നാലേ രാഷ്ട്ര മാകൂ. വെള്ളമില്ലാത്ത ഒരു വലിയ കുഴി കിണറാവുകയില്ല. നാം ഭാരതീയർ എന്നറിയപ്പെടുന്നത് ഭാരതത്തിന്റെ മക്കളായതുകൊണ്ടാണ്.
ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നില്കുന്നത് ഭാരത മാതാവിനോടുള്ള ആദരവുകൊണ്ടാണ്. ദേശീയ പതാക തലകീഴായി കെട്ടിയിരിക്കുന്നതുകണ്ടാൽ അതു നേരെ കെട്ടണമെന്നു തോന്നുന്നതിനുകാരണവും ഇതുതന്നെ. മഹാത്മാഗാന്ധി, മഹർഷി അരവിന്ദൻ. സ്വാമി വിവേകാനന്ദൻ, ഭഗത്‌സിങ്, അംബേദ്കർ തുടങ്ങിയവരുടെ ഓർമ്മപോലും പുളകോദ്ഗമകാരി ആവുന്നതിനുകാരണം അവർ ഭാരതമാതാവിന്റെ സത് സന്താനങ്ങളാണെന്നതാണ്. ജന്മനാടിനോടും അതുമായി ബന്ധപ്പെട്ട ഏതിനോടും തോന്നുന്ന ഈ അഭിനിവേശത്തെയാണ് “ദേശീയത “എന്നു പറയുന്നത്. ഈ ദേശീയതയാണ് രാജ്യസ്നേഹം. ഇതില്ലാത്തവനാണ് രാജ്യദ്രോഹി.
ഇന്ത്യയിലിരുന്നു പാകിസ്ഥാൻ സിന്ദാബാദ്‌ എന്നു വിളിക്കുന്നവർ,
ജന്മനാടിന്റെ മഹത്വമറിയാതെ “മധുര മനോഹര മനോജ്ഞചൈന എന്നു പാടി മദിക്കുന്നവറ്,
ചൈന നമ്മെ ആക്രമിച്ചു 40, 000 ഹെക്ടർ സ്ഥലം കയ്യടക്കിയപ്പോൾ പുല്ലുപോലും മുളക്കാത്ത തരിശ് എന്നു പറഞ്ഞു നിസ്സാരവത്കരിച്ചർ,
കശ്മീരിന്റെ ഒരു വലിയ ഭാഗം പാകിസ്ഥാൻ കയ്യേറിയപ്പോൾ അത്രയും സ്ഥലം അവർക്കു സമ്മാനമെന്നപോൽ കൊടുത്തു വെടിനിർത്തലിനു ഉത്തരവിട്ടവർ….
ഏതു ഗണത്തിൽ പെടുത്താം ഇവരെ!
“ഭാരതമെന്നുകേട്ടാൽ
അഭിമാനപൂരിതമാകണംമന്തരംഗം
കേരളമെന്നു കേട്ടാലോ, തിളക്കണം ചോര ഞരമ്പുകളിൽ “
എന്നു പാടിയ കവിയെ മറക്കാതിരിക്കുക.
ഉത്തിഷ്ഠത, ജാഗ്രത

You can share this post!