രണ്ടച്ഛൻ /ഗോപൻ മൂവാറ്റുപുഴ



ഇതിപ്പോ ആരോടാ പറയുക: ?
പറഞ്ഞാലും ആരെങ്കിലും വിശ്വസിക്കുമോ ? ഇതിപ്പോ പലതവണയായി, സത്യമേത് മിഥ്യ ഏത് എന്ന് തിരിച്ചറിയാനാവാതെ അവൾ ആശയ കുഴപ്പത്തിലായി : ! തനിക്കു മാത്രമുള്ള തോന്നലായിരുന്നെങ്കിൽ പരുഷമായ ജീവിത സാഹചര്യം കൊണ്ടുണ്ടായ ഒരു തരം ചിത്തഭ്രമമായി കരുതാമായിരുന്നു .
പക്ഷെ മകൾ … അവളും എല്ലാത്തിനും സാക്ഷിയാണ്.
“നമുക്ക് രണ്ടഛനുണ്ടോ അമ്മേ” എന്ന മകളുടെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നിൽ അവൾ പരിഭ്രാന്തയായി.
കഴിഞ്ഞ മാസം അവസാനത്തെ വെള്ളിയാഴ്ചയാണ് ആദ്യമായി അത് സംഭവിച്ചത് ! ആപ്പിസിൽ നിന്നും വളരെ നേരത്തേ തന്നെ അയാൾ വീട്ടിലെത്തി ,
സാധാരണയായി അയാൾ വീട്ടുവാതിലിൽ എത്തുന്നതിനു മുൻപ് തന്നെ അയാളുടെ സാന്നിദ്ധ്യം അവൾക്ക് അനുഭവപ്പെടുമായിരുന്നു . മദ്യത്തിന്റേയും, സിഗരറ്റിന്റേയും രൂക്ഷ ഗന്ധവും, വിട്ടുമാറാത്ത ഒരു തരം വരണ്ട ചുമയും, കാർക്കിച്ചു തുപ്പലും കേൾക്കുന്ന മാത്രയിൽത്തന്നെ അവളുടെ മുഖത്ത് വെറുപ്പിന്റെ ഒരു കാർമേഘം വന്നു നിറയുമായിരുന്നു.
അയാളുടെ സാന്നിദ്ധ്യത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകൾ നിശബ്ദം ഹോം വർക്ക് ചെയ്യാൻ തുടങ്ങും. വീട്ടിലെ പൂച്ചയാകട്ടെ കരച്ചിൽ നിറുത്തി ഏതെങ്കിലും മൂലയ്ക്ക് ചെന്നിരിക്കും.
പക്ഷെ കഴിഞ്ഞ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് അയാൾ നേരത്തേ വന്നു. മദ്യത്തിന്റെ, പുകയിലയുടെ ഗന്ധമില്ല വരണ്ട ചുമയില്ല , കാർപ്പിച്ചു തുപ്പലില്ല വിയർപ്പിന്റെ നാറ്റമില്ല…
വാതിൽക്കൽ മുട്ടിയപ്പോൾ മറ്റാരോ ആണെന്ന് കരുതിയാണ് അവൾ കതക് തുറന്നത് പക്ഷെ അയാളെ കണ്ട് അവൾ അത്ഭുതത്തോടെ നോക്കി !
അയാൾ സൗമ്യമായി പുഞ്ചിരിച്ചു കൊണ്ട് അകത്തു കയറി !
കല്യാണം കഴിഞ്ഞ നാളുകളിലെന്നോ ആണ് അയാൾ ഇത്ര ഹൃദ്യമായി ചിരിച്ചു കണ്ടെതെന്ന് അവൾ ഓർത്തു.
അയാൾ മകളുടെ ശിരസ്സിൽ വെറുതേ തലോടുകയും, ചിരിക്കുകയും ചെയ്തു.

അയാൾ വേഗം തന്നെ കുളിയും കഴിഞ്ഞ് വന്ന് അവൾ തയ്യാറാക്കി കൊണ്ടുവന്ന കട്ടൻ ചായ ചൂടാറ്റി കുടിക്കാനും തുടങ്ങി.

അവളുടെ നെഞ്ചിലെ മിടിപ്പുകൾ അപ്പോഴും നേരേ ആയിട്ടില്ലായിരുന്നു –
താൻ കാണുന്നത് ഒരു ദിവാസ്വപ്നമല്ല എന്ന് വിശ്വസിപ്പിക്കാൻ അവൾ സ്വയം വിരൽ കടിച്ചു നോക്കുക പോലും ചെയ്തു.
അയാൾ ചായ കുടിച്ചു കൊണ്ട് മകളുടെ പാഠപുസ്തകങ്ങൾ മറിച്ചു നോക്കുകയും സ്കൂളിലെ വിശേഷങ്ങൾ ചോദിക്കുകയും, മകളോട് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും കണ്ടു കൊണ്ടാണ് അവൾ അടുക്കളയിലേക്ക് പോയത് : അവളുടെ ഉള്ളിൽ സന്തോഷത്തിന്റെ ഒരു കടൽ ഇരമ്പാൻ തുടങ്ങിയിരുന്നു. :

അവൾ ഉത്സാഹത്തോടെ അത്താഴത്തിനുള്ള കറികൾ ഒരുക്കാൻ തുടങ്ങി.

പൊടുന്നനെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം പരിചയമുള്ള കാർക്കിച്ചു തുപ്പൽ … ഗന്ധങ്ങൾ…

അവൾ വാതിൽ തുറക്കാനായി തിടുക്കപ്പെട്ടു. മകൾ ബുക്കിൽ നിന്നും തലയുയർത്തി നോക്കി , അയാൾ കുടിച്ച ചായ ഗ്ലാസ്സ് അപ്പോഴും ടീപ്പോയിൽ ഇരിപ്പുണ്ടായിരുന്നു

തുറന്ന വാതുക്കൽ പതിവു ഗന്ധങ്ങൾ പരത്തി നിൽക്കുന്ന അയാളെക്കണ്ട് അവൾ അത്ഭുതപ്പെട്ടു. മകളും പുസ്തകത്തിനു മുകളിലൂടെ അയാളെ നോക്കി പകച്ചിരുന്നു.

“എന്താടി വാതിലു തുറക്കാൻ ഇത്ര താമസം . “

” നിങ്ങൾ എപ്പോഴാ പുറത്തു പോയത് ,?”

” പുറത്തു പോയെന്നോ ? ഞാനിപ്പോ ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ …നിനക്ക് പ്രാന്താ… പ്രാന്ത് “–..

എന്തോ പറയാനായി വാപിളർന്ന മകൾ ഒന്നും പറയാതെ നിശബ്ദയായി അവളുടെ കാൽചുവട്ടിലെ ഇരുട്ടിൽ വന്നൊളിച്ച പൂച്ച നിശബ്ദം മിഴിച്ചു നോക്കിക്കൊണ്ടു നിന്നു.

അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പതിവിൽ നിന്നും വ്യത്യസ്ഥമായി അവിടെ ഒന്നും നടന്നിട്ടില്ലെന്നും, എല്ലാം തന്റെ ഭ്രമകൽപ്പന ആയിരുന്നെന്നും അവൾ വിഷമത്തോടെ ചിന്തിച്ചു. –
അന്നയാൾ അത്താഴം കഴിച്ചില്ല. വന്നപാടെ കയറി കിടന്നുറങ്ങി അവൾ അയാൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഉണക്ക ചെമ്മീൻ ചമ്മന്തിയും , ചീരത്തോരനും കണ്ടപ്പോൾ അവൾ സങ്കടം കൊണ്ടു കരഞ്ഞു പോയി … താനെന്തൊരു വിഡ്ഡിയാണ് ഓരോ ഇല്ലാ തോന്നലുകൾ ….

രാത്രിയിൽ മകളേയും കെട്ടിപ്പിടിച്ച് ഉറങ്ങാൻ കിടക്കുമ്പോൾ അവൾ തന്റെ ദുർവിധിയെ ഓർത്ത് ദീർഘ നിശ്വാസം വിട്ടു.
പൊടുന്നനെ മകൾ തലയുയർത്തി കൊണ്ടു ശബ്ദം താഴ്ത്തി അവളെ വിളിച്ചു.

“അമ്മേ … അപ്പോൾ ആദ്യം വന്നത് അച്ഛൻ തന്നെ അല്ലേ ?!”

അവൾ നടുങ്ങിപ്പോയി അപ്പോൾ അതു തന്റെ മാത്രം സ്വപനമായിരുന്നില്ലേ ?

“ശരിക്കും നീ അച്ഛനെത്തന്നെയാണോ കണ്ടത് “?

” അതേ അമ്മേ ..അച്ഛൻ നാളെ വരുമ്പോൾ എനിക്ക് കളർ പെൻസിൽ വാങ്ങി കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നു … അച്ഛൻ കുടിച്ചിട്ടു വരുന്നതിനു തൊട്ടു മുമ്പാണ് പുറത്തേക്ക് ഇറങ്ങിപ്പോയത് …. ആ അച്ഛൻ അല്ല അമ്മേ ഈ അച്ഛൻ നമുക്ക് രണ്ടച്ഛനുണ്ടോ അമ്മേ. ?!”

മകൾ പറയുന്നത് കേട്ട് അവൾ വല്ലാതെ സംഭ്രമിച്ചു പോയി … രണ്ടു പേർക്ക് എങ്ങിനെ ഒരു സ്വപ്നം കാണാൻ കാണാൻ കഴിയും ?, !

ഇതെല്ലാം സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് നിശ്ചയമില്ലാതെ അവൾ കുഴങ്ങി..

പിറ്റേന്ന് നേരം പുലർന്നു. അവൾ പതിവുപോലെ അയാൾക്കുള്ള ഉച്ചഭക്ഷണം തയ്യാറാക്കാൻ തുടങ്ങി

എത്ര കുടിച്ചാലും ബോധരഹിതനായാലും അതി രാവിലെ തന്നെ അയാൾ എഴുന്നേൽക്കും കുളിച്ച് ഭസ്മ കുറിയും തൊട്ട് കുറേ ഏറെ നേരം കത്തിച്ചു വച്ച നിലവിളക്കിനു മുന്നിലിരുന്ന് പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യും …
ഇതേ മനുഷ്യനാണ് വൈകിട്ട് …..

മിക്കവാറും അയാൾ പോയിക്കഴിഞ്ഞാവും മകൾ എഴുന്നേൽക്കുക .
അന്ന് അവൾ നേരത്തേ എഴുന്നേറ്റു .

” അച്ഛാ … ഇന്നലെ പറഞ്ഞ കളർ പെൻസിൽ വാങ്ങിക്കൊണ്ടു വരണേ… ഇന്നലെത്തെ പോലെ തന്നെ ഇന്നും നേരത്തേ വരണം കേട്ടോ ?”

മകൾ പറയുന്നതു കേട്ട് അയാൾ അത്ഭുതപ്പെട്ടു … ഇന്നലെയും താൻ എട്ടു മണിക്കുള്ള സിമ്പിൾ ബസ്സിൽത്തന്നെയാല്ലോണല്ലോ വന്നത്.
മകളോട് താൻ കളർ പെൻസിലിന്റെ കാര്യം എപ്പോൾ പറഞ്ഞു ?

അപ്പോഴേക്കും ഭാര്യ ഭക്ഷണപ്പൊതിയുമായി വന്നു.
“അതേയ് … ഇന്നലെത്തെപ്പോലെ ഇന്നും കുടിക്കാതെ വരണേ…”

അയാൾ പിന്നേയും ആശയ കുഴപ്പത്തിലായി ഇന്നലെയും ദിവാകരനോടൊപ്പം പതിവു പോലെ പൈന്റ് വാങ്ങി രണ്ടായി കഴിച്ചതായിരുന്നു അപ്പോഴാണ് തോമസിന്റെ പ്രമോഷൻ കിട്ടിയതിന്റെ ചെലവ് … എത്ര കഴിച്ചു എന്നറിയില്ല.. ഒരു വിധം നന്നായി പൂസ്സായിരുന്നു
…. ഒരു പക്ഷെ ഭാര്യയും മകളും തന്നെ കളിയാക്കാൻ പറയുന്നതാണെങ്കിലോ ?

അയാൾ ആപ്പീസിൽ പോകാൻ ബസ്സു കാത്തു നിൽക്കുമ്പോൾ ആരൊക്കെയോ കുശലം ചോദിച്ചു അയാൾ അതൊന്നും ശ്രദ്ധിച്ചില്ല …എന്തോ ഒരു അസ്വഭാവികത ….

മകളെ സ്കൂളിലേക്ക് പറഞ്ഞുവിട്ട ശേഷം അവൾ ചിന്തിച്ചു ഇനി അതൊരു സ്വപ്നമാണെങ്കിൽ ആ സ്വപ്നത്തെ തന്നെ പിടിച്ചു നിറുത്താനും അസുഖകരമായ യാഥാർത്ഥ്യത്തെ അവഗണിക്കാനും അവൾ തീരുമാനിച്ചു.

വീണ്ടും സന്ധ്യയായി നാമജപം കഴിഞ്ഞ് മകൾ ഹോം വർക്ക് ചെയ്യാൻ തുടങ്ങി.. അപ്പോഴേക്കും വാതിൽക്കൽ മുട്ടു കേട്ടു കുടിക്കാത്ത, വലിക്കാത്ത, ദുർഗന്ധമില്ലാത്ത അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നു …
അവൾ അയാളുടെ കൈയ്യിൽ നിന്നും ബാഗും കുടയും വാങ്ങി അകത്തു കൊണ്ടു വച്ചു അയാൾ മേലുകഴുകി ഭസ്മ കുറിയും തൊട്ടു ഉമ്മറത്തേക്കു വന്നപ്പോഴേക്കും അവൾ ചൂടു പറക്കുന്ന കട്ടൻ ചായ അയാളുടെ നേർക്ക് നീട്ടി. അയാൾ ചായയുമായി മകളുടെ അരികിൽ വന്നിരുന്നു. പൂച്ച സ്നേഹത്തോടെ കരഞ്ഞു കൊണ്ട് അയാളുടെ കാൽക്കൽ മുട്ടിയുരുമ്മി .
അയാൾ ബാഗിൽ നിന്നും എടുത്തു കൊണ്ടുവന്ന കളർ പെനിസലിന്റെ ഒരു പെട്ടിയും , ഡ്രോയിംങ്ങ് ബുക്കും, ഒരു ചോക്ലേറ്റും മകളുടെ നേർക്ക് നീട്ടി : മകൾ വിശ്വസിക്കാനാവാതെ സന്തോഷത്തോടെ അയാളെ കെട്ടിപിടിച്ചു
ഭാര്യ അതു കണ്ട് കൃത്രിമ ഗൗരവത്തോടെ, എന്നാൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ മകളെ പഠിക്കാൻ പറഞ്ഞു ശാസിച്ചു പിന്നെ അടുക്കളയിലേക്ക് നടന്നു.
രാത്രി എട്ടു മണി ആയപ്പോൾ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു
തുറന്നു നോക്കിയപ്പോൾ പതിവു ഗന്ധങ്ങളുമായി അയാൾ നിൽക്കുന്നു.
അവൾ അയാളെ കണ്ടതായി ഭാവിക്കാതെ അടുക്കളയിലേക്ക് പോയി മകൾ അച്ഛൻ പറഞ്ഞു കൊടുക്കുന്ന പാഠങ്ങളും ശ്രദ്ധിച്ച്‌ തലയും കുനിച്ചിരിക്കുകയായിരുന്നു അവളും അയാളെ കണ്ടില്ല …അയാൾ ഒന്നു ചുമച്ചു ആരും അതു കേട്ടില്ല …

അത്രയൊന്നും മദ്യപിച്ചിരുന്നില്ല അയാൾ ഭാര്യയോ മകളോ അയാളുടെ സാന്നിദ്ധ്യം തന്നെ അവഗണിച്ചതു പോലെ … ഇവർക്ക് ഇതെന്തു പറ്റി … ഒരു പക്ഷെ തന്റെ മദ്യപാനം തന്റെ തന്നെ സമനിലയെ തകിടം മറിക്കയാണോ …
അയാൾ അസ്വസ്ഥതയോടെ കട്ടിലിലേക്ക് വീണു ….

പിറ്റേന്ന് രാവിലെ പതിവു പോലെ പ്രാർത്ഥനയൊക്കെ കഴിഞ്ഞു വന്നപ്പോൾ അമ്മയും, മകളും അയാളുടെ നേരേ നോക്കി പുഞ്ചിരിച്ചു…

” അച്ഛാ … ഇന്നലെ വാങ്ങിത്തന്ന കളർപ്പെനിസൽ ഇഷ്ടായി ട്ടോ… താങ്ക് യൂ അച്ഛാ..”

മകൾ സന്തോഷത്തോടെ അയാളെ കെട്ടിപ്പിടിച്ചു.
” ഇന്നും ഇന്നലെത്തെപ്പോലെ നേരത്തേ വരണം കേട്ടോ …”

ഇറങ്ങാൻ നേരം ഭാര്യയുടെ സ്നേഹോപദേശം

ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അയാൾ ആകെ അസ്വസ്ഥനായിരുന്നു ..തനിക്കുചുറ്റും എന്തോ സംഭവിക്കുന്നു.

വൈകുന്നേരം ജോലി കഴിഞ്ഞ് ആപ്പീസിൽ നിന്നിറങ്ങി ബസ്‌സ്റ്റാന്റിലേക്ക് നടക്കുമ്പോൾ പതിവു പോലെ ‘അജ്ഞലി ബാറിന്റെ കവാടത്തിനരുകിൽ എത്തിയപ്പോൾ ഒന്നു നിന്നു വേണ്ട ഇന്ന് കുടി ക്കേണ്ട …
അയാൾ പ്രലോഭനത്തെ അതിജീവിച്ച്‌ മുന്നോട്ടു നടന്നു. കൃഷ്ണേട്ടന്റെ പെട്ടിക്കടയിൽ നിന്ന് പതിവായി വാങ്ങുന്ന സിഗരറ്റ് പായ്ക്കറ്റും വേണ്ടെന്നു വച്ചു .
പതിവിലും വളരെ നേരത്തേ അയാൾ വീട്ടിലെത്തി. മദ്യപിക്കാത്തതു കൊണ്ട് കാർക്കിച്ചു തുപ്പാനും , പുകവലിക്കാത്തതു കൊണ്ട് കുത്തിച്ചുമയ്ക്കാനും അയാൾ മറന്നു പോയി

കുളി കഴിഞ്ഞു ഉമ്മറത്തേക്ക് വന്നപ്പോൾ ഭാര്യ കട്ടൻ ചായയുമായി വരുന്നു.
“ദാ ഇന്നലെ പറഞ്ഞതുപോലെ കടുപ്പം ഇത്തിരി കുറച്ചിട്ടുണ്ട് “
അയാൾ ആശ്ചര്യത്തോടെ ചായ വാങ്ങി മകളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു

” അച്ഛാ ഇന്നലെ പറഞ്ഞതിന്റെ ബാക്കി കഥ പറഞ്ഞു തരൂ… ഞാൻ ഹോം വർക്ക് ഒക്കെ പെട്ടെന്ന് ചെയ്തു തീർത്തു…”

, ഇന്നലെയോ …ഞാനോ ?”
“അതേ വെള്ളിയാഴ്ചയും അഛൻ കഥ പറഞ്ഞു തന്നല്ലോ ഈ അച്ഛന് ഒന്നും ഓർമ്മയില്ല…”

മകൾ പറയുന്നത് കേട്ട് അയാൾ അന്തം വിട്ടിരുന്നു

ഭാര്യയാകട്ടെ അടുക്കളയിൽ നിന്നും മടങ്ങിയെത്തി
പൂച്ച അയാളുടെ കാൽക്കൽ ഉരുമ്മിക്കൊണ്ട് മൃദുവായി കരഞ്ഞു

ഇന്ന് ഇനി ദുർഗന്ധo പടർത്തി അയാൾ വാതുക്കൽ വരുകയാണെങ്കിൽ തീർച്ചയായും  വാതിൽ തുറക്കില്ലെന്ന് തന്നെ അവൾ തീരുമാനിച്ചു.

     

ഗോപൻ മൂവാറ്റുപുഴ
ശ്രീകുമാര വിലാസം,
കൂവക്കണ്ടം . PO
പൂമാല – 685588
തൊടുപുഴ , ഇടുക്കി (ജില്ല)

gopanmuvattupuzha@gmail.com
7907085478
9446852482. 

You can share this post!