മനസ്സ് കൊതിയ്ക്കുന്നത്/സ്മിത ആർ നായർ 

നാട്ടിൽ വന്നതിന് ശേഷം പതിവുപോലെയുള്ള ഒരു ഉച്ചമയക്കത്തിനിടയി ലാണ് ദേവികക്ക് ആ വെളിപാട് ഉണ്ടായത്.

താൻ വെള്ളി മേഘങ്ങൾക്കിടയിലൂടെ പാറിപ്പറക്കുന്നതായും, ശരീരത്തിന്റെ ഭാരം തൂവൽ പോലെ നേർത്തു വരുന്നതായും അനുഭവപ്പെട്ടു.എന്തൊരു സുഖമുള്ള അവസ്ഥ. അപാരമായ ശാന്തത ഉള്ള അന്തരീക്ഷത്തിൽ നേർത്ത ഏതോ സുഗന്ധം. പൊടുന്നനെ ശരീരത്തിന്റെ ഇടതു ഭാഗത്ത്‌ നെഞ്ചിൻ കൂടു ഭേദിച്ച് പുറത്തു ചാടാൻ വെമ്പുന്ന വേദനയുടെ പ്രപഞ്ചം.കമിഴ്ന്നു കിടന്നുറങ്ങുന്ന ശീലമുള്ളതിനാൽ തലയിണയ്ക്കാണ് മർദ്ദനമേറെയുമേറ്റത്.ഉടനെ വിയർപ്പിൽ കുതിർന്നു ഞെട്ടിയുണർന്നതും!!!

കിടക്കയിൽ എഴുന്നേറ്റിരുന്നു കിതച്ചു.എന്തായിരുന്നു… അത്.

ഇപ്പോഴും ആ ഗന്ധം, വേദന ഒക്കെ

തങ്ങി നിൽക്കുന്നത് പോലെ.. ഇങ്ങനെയും സ്വപ്നമോ…

മരണത്തിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നുവോ താൻ??

അന്തിവെയിൽ ചാഞ്ഞു തുടങ്ങിയതേ ഉള്ളൂ. കർട്ടനിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ. ജനാലയ്ക്കരികിൽ നിന്ന് വാതിൽപ്പാളി തുറന്നിട്ടു.

തഴുകിയെത്തുന്ന ഇളംകാറ്റിന് മനസ്സിനെ ആശ്വസിപ്പിക്കാൻ സാധിച്ചില്ല.

ഒരുപാട് ഓർമ്മകളുടെ ശവപ്പറമ്പായ മനസ്സിൽ ഇനിയും കെട്ടടങ്ങാത്ത എത്രയോ സംഭവങ്ങൾ.എരിഞ്ഞും, പുകഞ്ഞും ചാരം മൂടിക്കിടക്കുന്നു. ചില അവഗണനകൾ നമ്മുടെ ഉള്ളിൽ നാം പോലുമറിയാതെ ഒരു പുതിയ വ്യക്തിയെ സൃഷ്ടിക്കും. തികച്ചും പുതിയ ഒരാൾ!!

അകലെ ഫാക്ടറിയിൽ അഞ്ചു മണിയുടെ സൈറൺ മുഴങ്ങി. ഇവിടെ നിന്നാൽ പുറത്തേക്ക് ഇറങ്ങി വരുന്ന തൊഴിലാളികളെ പൊട്ടു പോലെ കാണാം.ഹൈറേഞ്ചിലെ ഈ പഴയ വീട് മറ്റു വീടുകളിൽ നിന്ന് വ്യത്യസ്തമാണ്.മുത്തശ്ശൻ വർഷങ്ങൾക്ക് മുൻപ് വാങ്ങിയബംഗ്ലാവ്.

ഇപ്പോൾ അമ്മമ്മയും, ജോലിക്കാരും മാത്രം. വല്ലപ്പോഴും എത്തുന്ന ഈ കൊച്ചു മകളും.ഒരേയൊരു അമ്മാവൻ വിദേശത്താണ്. തോട്ടം നോക്കാൻ ശശിച്ചേട്ടനുണ്ട്, സഹായത്തിനും..

.കരിങ്കൽ ഭിത്തികളുള്ള  എപ്പോഴും തണുപ്പ് തളം കെട്ടിയ മുറികളിൽ തറയോട് പാകിയിരുന്നു. മച്ചിലേക്കുള്ള കോണിപ്പടി കയറിയാൽ തടിപ്പലക ഇട്ടുറപ്പിച്ച മുകളിലെ വിശാലമായ രണ്ടു മുറികൾ…നല്ല കാറ്റേൽക്കുന്ന  ബാൽക്കണിയിൽ ഇരുന്നാൽ മുറ്റത്തെ പൂന്തോട്ടത്തിൽ വിരുന്നെത്തിയ അതിഥികളെ കാണാം.. ദേവിക എഴുതാനോ,  വായിക്കാനോ ഇവിടെ ആണിരിക്കാറുള്ളത്.  മുകൾ നിലയിൽ അതിക്രമിച്ചു കയറിയ മുല്ല വള്ളി നിറയെ പൂത്തിരിയ്ക്കുന്നു. നല്ല സുഗന്ധം..  അണ്ണാറക്കണ്ണൻ ഇടയ്ക്ക് ഒളിഞ്ഞുനോക്കാൻ എത്തും.. ഇപ്പോൾ ഏറെക്കുറെ ചങ്ങാത്തമായി എന്ന് പറയാം… അങ്ങ് ദൂരെ മലഞ്ചെരുവിൽ ചെറിയ തീപ്പെട്ടിക്കൂടു പോലെ ഉള്ള വീടുകൾ.പക്ഷേ മഞ്ഞിറങ്ങുമ്പോൾ അവിടെ ഒന്നും ദൃശ്യമാവില്ല…

കുട്ടിക്കാലത്ത് അവധി കിട്ടിയാൽ ഓടിയെത്താൻ കൊതിച്ച ഒരേയൊരു ഇടം ഇതാണ്.. ആവോളം ശുദ്ധവായു,മൂടൽ മഞ്ഞും, ഏലത്തോട്ടവും..  വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി വെളുക്കെ ചിരിക്കാറുള്ള ശങ്കരിപ്പാട്ടി.. അവരുടെ തനത് തമിഴ് വിഭവങ്ങൾ… അമ്മമ്മയുടെ സ്നേഹം… ആ മടിയിൽ തല വെച്ച് ഉറങ്ങുമ്പോൾ കിട്ടുന്ന സുഖം ലോകത്ത് ഒരു തൂവൽക്കിടക്കയും തനിക്ക് നൽകിയിട്ടില്ല.അന്യനാടിന്റെ സുഖസൗകര്യങ്ങൾ തന്നെ ഒരിക്കലും ഭ്രമിപ്പിച്ചില്ല.വിനുവേട്ടനും, താനും  കേരളത്തിൽ നിന്നും ഡൽഹിയിൽ  

ചേക്കേറിയെങ്കിലുമതെ.തന്റെ  മകൾ അവിടുത്തെ ജീവിതം ഇഷ്ടപ്പെടുന്നു.. അമ്മയ്ക്കു പോലും അവിടെ ഫ്ലാറ്റ് ജീവിതമാണ് ഇഷ്ടം..

താഴെ ലോണിൽ സൊറ പറഞ്ഞിരിക്കാൻ കുറെ കൂട്ടുകാരുമുണ്ട്.താൻ മാത്രം മനസ്സ് കൊണ്ട് തനി നാട്ടിൻ പുറത്തുകാരി..

 ഇരുപതുകളിൽ ഒരു സ്ത്രീ യൗവനത്തിളപ്പിൽ ജീവിതത്തെ നോക്കിക്കാണും.. മക്കളും, പ്രാരാബ്ധവും അവളുടെ തോളിൽക്കയറും..മുപ്പതുകളിൽ വെട്ടിപിടിക്കാനുള്ള ത്വരയും.  എന്നാൽ ഒരു സ്ത്രീ ജീവിതത്തെ പക്വതയോടെ നോക്കിക്കാണുന്ന ഒരു കാലഘട്ടമാണ് തന്റേത്. ഒന്നിനും തന്റെ മനസ്സിനെ ഇളക്കാൻ ആവില്ല.. ഇരുത്തം വന്ന പെണ്ണ് ജീവിക്കാൻ തുടങ്ങുന്നത് ഈ പ്രായത്തിലാണ്.  മാറ്റങ്ങൾക്കു വഴിപ്പെടുന്ന ശരീരത്തിൽ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം.  ശരീരത്തിന്റെ താളപ്പിഴകൾ..

  അവന്റെ കടന്നു കയറ്റം.. ആദ്യം വലിയ കാര്യമാക്കിയില്ല., അസ്വസ്ഥത പെരുകി . ജോലിത്തിരക്ക് പിടിച്ച ജീവിതത്തിൽ എവിടെ ഇതിനൊക്കെ സമയം?

ആർത്തവസമയത്തെ അസ്വസ്ഥതകൾ.. മെൻസ്ട്രൽ കപ്പുകൾ പോലും അടിക്കടി മാറ്റേണ്ടി വരുന്നത് ഒട്ടും സുഖകരമായി തോന്നിയില്ല

അടിവയറിൽ കുത്തിക്കുത്തിയുള്ള നോവും, സഹിക്കാൻ വയ്യാത്ത വിഷമവും വന്നപ്പോൾ കാതെറിനോട്‌ മാത്രം  പറഞ്ഞു .

“നമുക്ക് ഹോസ്പിറ്റലിൽ പോകാ”മെന്നു പറഞ്ഞത് അവളാണ്.ജോലി സ്ഥലത്തു നിന്നും വിളിച്ചു കൊണ്ടു പോയത്..പോകുമ്പോഴും ഇത്രയും ഗൗരവമുള്ള ഒരു രോഗമാണെന്ന് കരുതിയിരുന്നില്ല.

വിനുവേട്ടനും, അമ്മയും ഓടി വന്നു . തന്നോട് പോലും വിവരം പറയാഞ്ഞത് ഓർത്ത് അമ്മ കണ്ണീർ വാർത്തു, പരിഭവിച്ചു.

.വിശദമായ പരിശോധനകൾ, ദിവസങ്ങൾ നീണ്ടു.രോഗം അല്പം വൈകിയ അവസ്ഥയായിരുന്നു. ഓരോ തവണയും ആശുപത്രിയിൽ പോകുന്ന  ദിനങ്ങളിൽ വിനുവേട്ടൻ കൂട്ടിലിട്ട വെരുകിനെപ്പോലെ കാണപ്പെട്ടു.. കാൻസർ ഗർഭപാത്രത്തിലാണ് പിടി മുറുക്കിയിരിക്കുന്നതെന്ന് അറിഞ്ഞു .റേഡിയേഷൻ ഫലപ്രദമായിരുന്നില്ല. എപ്പോഴും ആശുപത്രിയിൽ വരുന്നതിനോട് വിനോദ് വിമുഖത കാട്ടിത്തുടങ്ങിയിരുന്നു.

എന്തു കൊണ്ടോ ഭാര്യമാഭർത്താക്കന്മാർക്കിടയിൽ പതിവുള്ള കുശലാന്വേഷണവും, സ്നേഹ നിർഭരമായരാത്രികളും പിന്നീടുണ്ടായില്ല. ജോലിത്തിരക്ക് നടിച്ച് ലാപ്ടോപ് തുറന്നു വെച്ചോ, പുസ്തക വായനയിൽ മുഴുകിയോ വിനോദ് സമയം കളയും. പാതിയുറക്കത്തിൽ  ശരീരത്ത് സ്പർശിക്കാതെ പതുപതുത്ത ഫാമിലി കോട്ടിൽ പൂച്ചയെപ്പോലെ പതുങ്ങിക്കിടക്കും. പുലർച്ചെ ഉണരുമ്പോൾ തിരിഞ്ഞു കിടക്കുന്ന ഭർത്താവിന്റെ കാഴ്ച. പ്രഭാതങ്ങൾ വിരസമാ lയത് എത്ര വേഗമാണ്.രോഗം  പെട്ടെന്ന് മനസ്സുകളെ തമ്മിൽ അകറ്റുകയും, ശരീരങ്ങളെ അകലം പാലിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു എന്ന് ദേവിക ഓർത്തു പോയി.

എക്സാം ആയതിനാൽ മകൾ മനസ്സില്ലാ മനസ്സോടെ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോയി.ഓപ്പറേഷനു വേണ്ടി അഡ്മിറ്റ്‌ ആയ അന്ന് രാത്രി പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു. തന്റെ ജീവിതത്തിൽ മഴ വിളിക്കാതെ കടന്നു വരുന്ന അതിഥിയെപ്പോലെ.. മോളെ പ്രസവത്തിനു കയറിയപ്പോഴും  നല്ല  മഴ ദിനമായിരുന്നു. ജനാലയിൽ കൂടി വെള്ളിവെളിച്ചം അകത്തേക്ക് ചിതറി വന്നു. വേദനയ്ക്കിടയിലും മഴയുടെ ആരവം ചെവിയിൽ മുഴങ്ങിയിരുന്നു.

ഗർഭപാത്രം മുറിച്ചു മാറ്റുന്ന ആദ്യത്തെ സ്ത്രീയൊന്നുമല്ല താൻ..

എങ്കിലും തന്നിലെ  അക്ഷയപാത്രം.സ്ത്രീത്വത്തിന്,മാതൃത്വത്തിന് പൂർണ്ണത നൽകിയ അവയവം.

ഉള്ളിൽ തുടിയ്ക്കുന്ന കുഞ്ഞു ഹൃദയം സന്തോഷിപ്പിച്ച നിമിഷങ്ങൾ..

വേദനയുടെ പാരമ്യത്തിൽ കുഞ്ഞു മുഖം കണ്ടപ്പോൾ കൈവന്ന ആത്മ നിർവൃതി.. ഇതിനൊക്കെ പകരം വെയ്ക്കാൻ എന്തുണ്ട്??

കണ്ണു കലങ്ങിയതും, ഒരു ഏങ്ങൽ

പുറത്തേക്ക് വന്നു.

അപ്പോൾ എന്തു കൊണ്ടോ സുഗതകുമാരിയുടെ ‘രാത്രിമഴ’ യിലെ വരികൾ മനസ്സിലേക്ക് ഓടിയെത്തി.

“ആരോ പറഞ്ഞു മുറിച്ചു മാറ്റാം കേടു ബാധിച്ചൊരവയവം..

പക്ഷേ കൊടും കേടു ബാധിച്ച പാവം മനസ്സോ””

അതെ ഈ മനസ്സിന്റെ കാര്യമാണ് കഷ്ടം.

അടുത്തിരുന്ന അമ്മ മൃദുവായി വിളിച്ചു..

“മോളെ.. നീ ധൈര്യമായി ഇരിക്ക്..

വെറുതെ മനസ്സ് വിഷമിപ്പിക്കാതെ.. നാളെ ഓപ്പറേഷൻ ഉള്ളതല്ലേ..

ദൈവത്തെ വിളിച്ചു കിടക്ക്.”

അമ്മ ശ്രദ്ധിക്കുന്നു എന്ന് ഓർത്തപ്പോൾ വല്ലാത്ത വിഷമം..

ഇത്ര തൊട്ടാവാടി ആയോ ഞാൻ??

വിനോദ് മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്നു. ബോധം വീണപ്പോൾ ആദ്യം കാണാൻ ആഗ്രഹിച്ചതും ആ മുഖമായിരുന്നു. നെറ്റിയിൽ ആർദ്രമായ ഒരു തലോടൽ ആഗ്രഹിച്ചു. പക്ഷേ അതുണ്ടായില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മയോട് പറഞ്ഞാൽ മതി.. ഓഫീസിൽ നല്ല തിരക്ക്.. “ഇനി ഡിസ്ചാർജ് ആകുന്ന ദിവസം വരാം “

അളന്നു കുറിച്ച വാചകം.വേദനയ്ക്കിടയിലും വിളറിയ ഒരു ചിരി സമ്മാനിച്ചു താൻ.

ഏറ്റവും നല്ല പരിചരണം അവിടെ കിട്ടി. കാതറിൻ വന്നു. അടുത്തിരുന്ന് ആശ്വാസവാക്കുകൾ പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം തീവ്രമായി. ഹോർമോൺ ട്രീറ്റ്മെന്റ് തുടങ്ങി..മെല്ലെ പുതിയ ജീവിതത്തിലേക്ക് ചുവടു വെച്ചു തുടങ്ങി.

ഇന്നിപ്പോൾ നരകയാതന അനുഭവിച്ച ആ ദിനങ്ങൾ ഓർക്കാൻ കൂടി  തനിക്ക് ത്രാണിയില്ല…. “അമേയ” കിടന്ന തന്റെ ഗർഭപാത്രം ഇന്നില്ല എന്നേയുള്ളു . എന്നും  നഷ്ടം  സ്ത്രീക്ക് മാത്മാണല്ലോ ..ശാരീരികമായ പ്രശ്നങ്ങളെക്കാൾ അലട്ടുന്നത് മാനസികമായ ഒറ്റപ്പെടലാണ് .ട്രീറ്റ്‌മെന്റ് ഒക്കെ കഴിഞ്ഞു  ഒരു തകർച്ചയുടെ വക്കിൽ നിന്ന തനിക്ക് ഒരു മാറ്റം അനിവാര്യമായിരുന്നു .

ഇങ്ങോട്ട് വരണമെന്ന് തന്റെ ഒരു വാശിയായിരുന്നു, ഒറ്റയ്ക്ക്, കുറച്ചു ദിവസം ഇവിടെ നിൽക്കാൻ ശക്തമായ ഒരു തോന്നൽ . മോൾക്കു 18 വയസ്സായി.. സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയും, വിനോദേട്ടനും അമ്മയും ഒക്കെ അവിടെ ഉണ്ടല്ലോ.

ഇവിടെ വന്നതിന്റെ പിറ്റേന്ന്  ശാന്തച്ചിറ്റയും, ശ്രുതികയും വന്നിരുന്നു. ശ്രുതി കുറെനേരം മനസ്സ് തുറന്നു സംസാരിച്ചു. താഴേക്കിറങ്ങി ചെല്ലുമ്പോൾ ചിറ്റ മുത്തശ്ശിയോട് പറയുന്നതാണ് കേട്ടത്.

“ദേവൂട്ടിക്ക് ഇനിയിപ്പോ പഴയ പോലെ ജോലി ചെയ്യാനൊക്കെ പറ്റുമോ അമ്മേ..ഇതങ്ങിനെ പൂർണ്ണമായും മാറില്ലെന്നാ ആൾക്കാര് പറയുന്നെ. ഒരിടത്തേത് പോയാൽ വേറൊരിടത്ത് പ്രത്യക്ഷപ്പെടും എന്തായാലും ആളെ കൊണ്ടേ പോകൂ.”

പറഞ്ഞു നാവെടുത്തതും ദേവികയുടെ മുഖത്തേക്ക്.

ചിറ്റ ആകെ വിളറി വെളുത്തു.

“അമ്മക്കെന്തിന്റെ കേടാ.. ആവശ്യമില്ലാത്ത വർത്താനം പറയാനാണോ ഇങ്ങോട്ട് വന്നേ.. ഇറങ്ങ് പോകാം.”

“സാരമില്ലെടീ.. ചിറ്റയുടെ തോന്നൽ പറഞ്ഞതല്ലേ.”ദേവിക ശ്രുതിയെ ആശ്വസിപ്പിച്ചു.

“നീ മിണ്ടാതെ ഇരി കൊച്ചേ.. ഇതൊക്കെ ആർക്കും എപ്പോ വേണേലും വരാവുന്നതേയുള്ളൂ.. അല്ല പിന്നെ. ഇതു കേൾപ്പിക്കാനാണോഇങ്ങോട്ട് ഓടി വന്നത് “അമ്മമ്മ ആക്രോശിച്ചു.

ചിറ്റ തല താഴ്ത്തി നിന്നു..ശ്രുതിക ബാഗുമെടുത്ത് ചായ പോലും കുടിയ്ക്കാതെ ഇറങ്ങിപ്പോയി. ചിറ്റ കുറ്റവാളിയെപ്പോലെ പിറകെയും.അമ്മമ്മ  ദേവികയുടെ കയ്യിൽ അമർത്തിപ്പിടിച്ചു. “എന്റെ മോൾ വിഷമിക്കണ്ട അവൾ അറിവില്ലായ്മ കൊണ്ടു പറഞ്ഞതല്ലേ.. നിനക്കൊന്നും വരില്ല. ദേവിയമ്മക്ക് അട വഴിപാട് നേർന്നിട്ടുണ്ട് ഞാൻ “

ആ ചുളിവ് വീണ വിരലുകളിൽ സ്നേഹത്തിന്റെ ഇളം ചൂട്.

സാന്ത്വനത്തോളം ആശ്വാസം പകരുന്ന മരുന്ന് വേറെയില്ലല്ലോ.

അടുത്ത മാസം തന്നെ കൂട്ടിക്കൊണ്ടു പോകാൻ വിനോദേട്ടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  എപ്പോൾ വേണമെങ്കിലും കൂട്ടിക്കൊണ്ടു പോകാൻ മരണം എന്റെ  ഒപ്പം തന്നെയുണ്ടെന്നറിയാം …സ്വന്തം നാടിന്റെ മണ്ണും,  മണവും കൊതിക്കുന്ന പാവം മനസ്സ്.  അതിവിടെത്തന്നെ ആയാൽ അത്രയും സന്തോഷം…ഈ പൂക്കളും, പൂമ്പാറ്റകളും നിറഞ്ഞ മണ്ണിൽ..  ദേവിക നിറഞ്ഞ കണ്ണുകൾ തുടച്ചു, “ദേവൂ. എന്തെടുക്കുവാ ഇറങ്ങി വാ മോളെ “അമ്മമ്മ യുടെ വിളി  അവൾ .പതിയെ താഴേക്ക് കോണിപ്പടികൾ ഇറങ്ങി..

മരണം അടുത്തെത്തി എന്നുറപ്പ് വരുമ്പോഴാണ് ചില മനുഷ്യർ ജീവിതത്തെ വല്ലാതെ സ്നേഹിച്ചു പോകുന്നത് തന്നെപ്പോലെ.

എൺപത്തിമൂന്നു വയസ്സായ അമ്മമ്മയ്ക്ക്

പോലുമുണ്ട് നാളത്തെ പ്രഭാതം കാണണമെന്ന മോഹം. താൻ നട്ട ചെടിയിൽ പൂ വിരിയുന്നത് കാണാനുള്ള ആഗ്രഹം. അടുത്ത ഓണമുണ്ണാനും,കൈനീട്ടം നൽകാനുമുള്ള ആഗ്രഹം.ഈ ഭൂമിയിൽ മണമറിഞ്ഞു, മനമലിഞ്ഞ്, മണ്ണിനെ അറിഞ്ഞ് ജീവിക്കണം.. മതി വരുവോളം!

അടുക്കളയിലെ രുചിയുടെ അലകൾ മൂക്കിന്റെ തുമ്പിൽ വരെ എത്തിയിരുന്നു.

ചായക്കൊപ്പം ഏറെ ഇഷ്ടമുള്ള നെയ്യപ്പം..

നാവിന് എന്നോ നഷ്ടമായ രുചി മുകുളങ്ങൾ വികസിക്കാൻ തുടങ്ങിയത് അടുത്തിടെയാണ്.

എത്ര രുചികരമായ ഭക്ഷണവും ആസ്വദിക്കണമെങ്കിൽ ശാന്തമായ മനസ്സ് കൂടി വേണം.. ഇപ്പോൾ തിരയടങ്ങിയ തീരം പോലെയായി.

ദേവിക നിലക്കണ്ണാടിയിൽ നോക്കി.മുടി വളർന്നിട്ടുണ്ട്  നല്ല കറുപ്പ് നിറവും.തോളൊപ്പം മുറിച്ചിട്ട മുടി അമ്മമ്മയുടെ  മരുന്നിട്ട് ഉണ്ടാക്കിയ കാച്ചെണ്ണ തേച്ചുള്ള കുളിയിലാണ് നീണ്ടത്..അവൾ സ്വയം വിലയിരുത്തി.ഇപ്പോൾ ഒരഞ്ചു വയസ്സ് കുറഞ്ഞിട്ടുണ്ട്.. അവശ കലാകാരിയെ കാണാൻ വരുന്നവരെ, മുറ്റത്തു പൂത്തു വിടർന്നു നിൽക്കുന്ന ഡാലിയായെപ്പോലെ സ്വാഗതം ചെയ്യണം.

മൂളിപ്പാട്ടിന്റെ അകമ്പടിയോടെ അവൾ നടയിറങ്ങി വന്നു.പ്രസരിപ്പാർന്ന ആ മുഖത്ത് ഇരുപത് വർഷം മുൻപത്തെ ദേവൂട്ടിയെ അമ്മമ്മ ദർശിച്ചു!!!!

You can share this post!

One Reply to “മനസ്സ് കൊതിയ്ക്കുന്നത്/സ്മിത ആർ നായർ ”

  1. വായിച്ചു ഇഷ്ട്ടപെട്ടു.
    ഞാൻ വർഷങ്ങൾക്കു ശേഷമാണ് മലയാളത്തിൽ കഥ വായിക്കുന്നത്.
    അഭിപ്രായം പറയാൻ വേണ്ടി ഞാൻ മിടുക്കി അല്ല. വളരെ ഇഷ്ട്ടപെട്ടു

Comments are closed.