ഭാഷയുടെ അന്ധമായ ആവർത്തനം ദുസ്സഹമായി: എം.കെ ഹരികുമാർ

കാവ്യസാഹിതി കൊച്ചി കലൂർ റിന്യുവൽ സെൻ്ററിൽ നടത്തിയ ദ്വിദിന സാഹിത്യക്യാമ്പിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. എം.തോമസ് മാത്യു ,ശ്രീകണ്ഠൻ കരിക്കകം ,മോഡറേറ്റർ ഷിബു എസ്.ബി എന്നിവർ സമീപം .

റിപ്പോർട്ട് :എൻ. രവി

കൊച്ചി: ഇന്നത്തെ സാഹിത്യരചനകളിൽ പൂർവ്വകാലങ്ങളിൽ ഉപയോഗിച്ച ഭാഷയുടെ, പ്രയോഗങ്ങളുടെ അന്ധമായ ആവർത്തനം അതിരുവിട്ടിരിക്കുകയാണെന്നു നോവലിസ്റ്റും സാഹിത്യവിമർശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

മലയാള കാവ്യസാഹിതിയുടെ നേതൃത്വത്തിൽ കൊച്ചി കലൂർ റിന്യുവൽ സെൻ്ററിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ (സാഹിത്യ സർഗാരാമം 2023)പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നമ്മുടെ ഭാഷ നമ്മുടേതല്ലാതായി മാറുകയാണ്. തൊണ്ണൂറ് ശതമാനം പ്രയോഗങ്ങളും മുമ്പ് പലരും ഉപയോഗിച്ചതാണ്. അതുകൊണ്ട് അത് വീണ്ടും ആവർത്തിച്ചുപയോഗിക്കുമ്പോൾ ചിന്ത നഷ്ടപ്പെടുന്നു. സ്വന്തം ഭാഷ എന്ന സ്വപ്നത്തിനു വേണ്ടി എത്ര വർഷം അധ്വാനിച്ചാലും കുഴപ്പമില്ല. മഹാനായ സാഹിത്യകാരൻ ജോർജ് ഓർവെൽ പന്ത്രണ്ടു വർഷമെടുത്താണ് തൻ്റെ ശൈലി സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടുണ്ട് -ഹരികുമാർ പറഞ്ഞു.

മഹത്തായ കൃതികൾ വെട്ടിച്ചുരുക്കി പ്രസിദ്ധീകരിക്കുന്ന കാലമാണിത്.ഈ സംഗ്രഹീത പുനരാഖ്യാനം സാഹിത്യകൃതികളെ വായനക്കാരിൽ നിന്നകറ്റും. ചങ്ങമ്പുഴയുടെ ‘പാടുന്ന പിശാച്’ വെട്ടിച്ചുരുക്കി പ്രസിദ്ധീകരിച്ചത് ഓർക്കുകയാണ്.ദസ്തയെവ്സ്കിയുടെ ‘കരമസോവ് സഹോദരന്മാർ’ ആയിരം പേജുള്ള നോവലാണ് .അത് നൂറ് പേജിലേക്ക് ചുരുക്കി പ്രസിദ്ധീകരിക്കുന്നത് കണ്ടിട്ടുണ്ട്. കഥ മനസിലാക്കാനുള്ള വെമ്പലാണ് ഇത് വായിക്കുന്നവരിൽ കാണാനാവുന്നത്. എന്നാൽ ദസ്തയെസ്കി ഉയർത്തുന്ന ആശയങ്ങൾ ഉൾക്കൊള്ളാൻ ആ കൃതിയുടെ സംഗ്രഹീത പുനരാഖ്യാനത്തിനു കഴിയില്ല.വായനക്കാരായ നിങ്ങൾ എന്തുകൊണ്ട് അതിനെ എതിർത്തില്ല ?.ബൈബിളിൽ പോലും ഇല്ലാത്ത മതദ്രോഹ വിചാരണയാണ് നോവലിൽ അവതരിപ്പിക്കുന്നത്. അതിൽ യേശുവിനെ നിശിതമായി വിചാരണ ചെയ്യുകയാണ്. ആ വിചാരണ വളരെ ദൈർഘ്യമേറിയതാണ്. ചിന്തയെ പിളർക്കുകയും വീണ്ടും പിളർക്കുകയും ചെയ്യുന്ന രീതിയിലാണ് അത് പുരോഗമിക്കുന്നത്. സാഹിത്യത്തിൻ്റെ മഹത്തായ അനുഭവം നാം നേരിട്ടറിയേണ്ടതാണ്. സംഗ്രഹീത പുനരാഖ്യാനത്തിൽ അത് സാധ്യമാവുകയില്ല .
സാഹിത്യകലയിൽ വായനയും ക്രാഫ്റ്റും പ്രധാനമാണ്. വായിക്കുന്നത് പെട്ടെന്ന് നമ്മെ ഉണർത്തണമെന്നില്ല .ദീർഘിച്ച കാലയളവിൽ വായിക്കുകയാണെങ്കിൽ ജീവിതത്തെക്കുറിച്ച് കുറച്ചൊക്കെ ഗ്രഹിക്കാനാവും. ഹെമിംഗ്വേയുടെ കൃതികൾ ,അഭിമുഖങ്ങൾ തുടങ്ങിയവ വായിക്കുകയാണെങ്കിൽ അത് സാഹിത്യരചനയുടെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അത് നമ്മെ ഉദ്ബുദ്ധരാക്കും. വായന ,രചന എന്നീ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനമായി തോന്നിയത് ഒരാൾ എഴുതുന്ന കഥയുടെ ആദ്യ കോപ്പി പ്രസിദ്ധീകരിക്കരുതെന്ന ഉപദേശമാണ്. വീണ്ടും വീണ്ടും തിരുത്തി എഴുതണം. ഒരു നല്ല വാക്യം ഉണ്ടാവണം. ഹെമിംഗ്വേ തൻ്റെ കൃതികൾ പല തവണ പകർത്തി എഴുതിയ കാര്യം സൂചിപ്പിക്കുന്നുണ്ട് .A Farewel to Arms എന്ന നോവൽ അമ്പതു തവണ തിരുത്തിയെഴുതിയതായി അദ്ദേഹം അറിയിക്കുന്നു .പത്തു കഥകൾ എഴുതിയാൽ പത്തും അദ്ദേഹം പ്രസിദ്ധീകരിക്കുകയില്ല. ഒരെണ്ണം തിരഞ്ഞെടുത്ത ശേഷം ബാക്കി ഉപേക്ഷിക്കുമത്രേ .ഇത്രയും പരിപാവനമായി ,ആത്മാർത്ഥമായി തൻ്റെ മാധ്യമത്തെ സ്നേഹിക്കുന്ന എത്രപേരുണ്ടാവും? -ഹരികുമാർ ചോദിച്ചു.

ഹെമിംഗ്വേയുടെ നിലപാടുകളും ചിന്തകളും പുതിയ തലമുറ നിശ്ചയമായും മനസ്സിലാക്കണം. ‘കിഴവനും കടലും’ എന്ന നോവൽ മനുഷ്യൻ്റെ ശക്തിയുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന ചിലരുടെ വാദം അപ്രസക്തമാണ്. മനുഷ്യനു മാത്രം എന്താണ് അഹങ്കരിക്കാനുള്ളത് ? അങ്ങനെയൊരു ഉദ്ദേശമല്ല ഹെമിംഗ്വേ യ്ക്കുണ്ടായിരുന്നത് .അദ്ദേഹം മനുഷ്യൻ എന്ന ജീവിയിലെ മൃഗത്തെ തുറന്നു കാണിക്കുകയാണ്.കടലിൽ ഉല്ലാസത്തോടെ നീന്തിത്തുടിച്ച് കഴിഞ്ഞ ഒരു വലിയ മത്സ്യത്തെ ബന്ധിച്ച ശേഷം ഇരുമ്പു ദണ്ഡുകൊണ്ട് കുത്തിയും ഇടിച്ചും പക പോക്കുകയാണ് ആ വൃദ്ധൻ . എന്നിട്ടും അയാളുടെ ക്രോധം അടങ്ങുന്നില്ല. ഒടുവിൽ കരയ്ക്കെത്തുമ്പോൾ അയാളോടൊപ്പം ആ മത്സ്യമല്ല ഉണ്ടായിരുന്നത്. അതിൻ്റെ അസ്ഥികൂടമാണ്.ഇത് ക്രൂരമാണ്. ഈ ക്രൂരത നോവലിൽ അനാവരണം ചെയ്യപ്പെടുകയാണ്.മനുഷ്യൻ മനുഷ്യത്വമില്ലാത്തവനാണ്. മറ്റു ജീവികൾക്കെല്ലാം അവയുടേതായ ഒരു സ്വഭാവമുണ്ട് .അത് വിട്ടു ജീവിക്കാൻ അവയ്ക്കാവില്ല. എന്നാൽ മനുഷ്യനോ ? അവനു സ്വഭാവമില്ല. രണ്ടുപേർ ഒരുമിച്ച് കിടന്നുറങ്ങുകയാണെങ്കിൽ അതിൽ ഒരാൾ പെട്ടെന്ന് പ്രകോപിതനായി മറ്റേയാളെ കൊല്ലാനിടയുണ്ട്. കാരണം, മനുഷ്യനെ പ്രവചിക്കാനാവില്ല .ഈ മനുഷ്യനിൽ മനുഷ്യത്വം കണ്ടെത്താനാണ് വൈക്കം മുഹമ്മദ് ബഷീർ എഴുതിയത്. അദ്ദേഹത്തിൻ്റെ ‘ഒരു മനുഷ്യൻ’ എന്ന കഥ ഒരു മോഷ്ടാവിന്റെയുള്ളിലും മനുഷ്യത്വമുണ്ടെന്ന് കാണിച്ചുതരുന്നു. അതിലെ പ്രധാന കഥാപാത്രത്തിന്റെ പേഴ്സ് ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരുവൻ അപഹരിക്കുന്നു. ഹോട്ടൽ ബില്ല് കൊടുക്കാൻ പണമില്ലാതെ മാനേജരുടെ മുന്നിൽ ഷർട്ടഴിച്ച് നിൽക്കേണ്ടി വരുന്ന അയാളെ സഹായിക്കാൻ മുന്നോട്ടുവരുന്നത് ആ പേഴ്സ് മോഷ്ടിച്ചയാൾ തന്നെയാണ്. ഒരു മോഷ്ടാവിൽ പോലും മനുഷ്യത്വം നിലീനമാണ് ,നിക്ഷിപ്തമാണ് എന്ന് സ്ഥാപിക്കുന്ന ബഷീറിൽ എത്രയോ വലിയ അളവിൽ മനുഷ്യത്വമുണ്ടായിരിക്കണം!.ബഷീറിൻ്റെ കഥകൾ അദ്ദേഹം സ്വയം നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്തതിന്റെ ഫലമാണ്. ‘മാന്ത്രികപ്പൂച്ച’ എന്ന നോവൽ അസാധാരണവും മൗലികവുമായ ഒരു ശൈലിയിൽ എഴുതപ്പെട്ടതാണ്. ഈ ലോകത്തിൽ ഒരാൾക്കും ആ ഭാഷയോ ശൈലിയോ സൃഷ്ടിക്കാനാവില്ല. അത്രമാത്രം സർഗാത്മകമാണത്- ഹരികുമാർ ചൂണ്ടിക്കാട്ടി.

ഇന്നത്തെ കഥാകൃത്തുക്കൾ കഥകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി ശരാശരിക്കഥകൾ എഴുതിക്കൂട്ടുകയാണ്. ഒരു നല്ല കഥയെഴുതാൻ ശ്രമിക്കുക.അതിനായി സൂക്ഷ്മമായി ജീവിതത്തെ മനസിലാക്കുക .കഴിയാവുന്നിടത്തോളം ,ഭാഷയെ സുന്ദരമാക്കുക.ടി. പത്മനാഭൻ്റെ ‘കത്തുന്ന ഒരു രഥചക്രം ‘ എന്ന കഥ സുന്ദരമാണ്. ആ ഒരു കഥ മാത്രം മതി പത്മനാഭനെ അറിയാൻ. ലളിതമായി എഴുതുക എന്ന തത്ത്വത്തിൽ മാത്രം വിശ്വസിച്ചാൽ വഞ്ചിതരാകും. ഒരു നല്ല വാക്യം ലളിതമായാൽ മാത്രം പോരാ; വ്യത്യസ്തമായ അർത്ഥങ്ങൾ സൃഷ്ടിക്കാനാവണം. ഒരു വാക്യത്തെ പല രീതിയിൽ വായിക്കാനാവണം. അപ്പോഴാണ് ഒരു നല്ല വാക്യമുണ്ടാവുന്നത്. ഫ്രഞ്ച് എഴുത്തുകാരനായ സാർത്ര് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് -ഹരികുമാർ പറഞ്ഞു .

എഴുത്തുകാരൻ്റെ ശ്രദ്ധ തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങാൻ പാടില്ല.മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും തമസ്കരിക്കുന്ന ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെക്കുറിച്ച് നിങ്ങൾ എഴുതേണ്ടതുണ്ട്. അതുകൊണ്ടാണ് യു.പി.ജയരാജിൻ്റെ കഥകൾ കൂടുതൽ സാംഗത്യം നേടുന്നത്. കഥയിലെ ഒരു പരാമർശം ഓർക്കേണ്ടതാണ്:
“നിങ്ങളുടെ രാമായണത്തിൽ പതിവ്രതയായ ഒരു പെണ്ണിൻ്റെ പാവനചരിതമാണുള്ളതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും ,നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും വായിച്ച് ഹൃദിസ്ഥമാക്കി. എന്നിട്ട് ഞങ്ങളുടെ ചെറ്റക്കതകുകൾ ചവിട്ടിപ്പൊളിച്ച് ഞങ്ങളുടെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തി. നിങ്ങളുടെ മഹാഭാരതത്തിൽ അന്യന്റെ മുതൽ അപഹരിച്ചും കള്ളച്ചൂതുകളിച്ച് സഹോദരങ്ങളെ തോൽപ്പിച്ചും കഴിഞ്ഞ അഹങ്കാരികളുടെ പതനചരിത്രമാണുള്ളതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ അപ്പനപ്പൂപ്പന്മാരും നിങ്ങളും നിങ്ങളുടെ മക്കളും ചെറുമക്കളും മഹാഭാരതം മുഴുവൻ മന:പാഠമാക്കി.എന്നിട്ട് ഞങ്ങളുടെ വിളഭൂമികൾ അപഹരിച്ചു. ഞങ്ങളെ കള്ളച്ചൂതുകളിച്ച് തോല്പിച്ച് അടിമകളാക്കി.” ഇതുപോലുള്ള അടിച്ചമർത്തപ്പെട്ട രാഷ്ട്രീയത്തെ കണ്ടുപിടിക്കുമ്പോഴാണ് ഒരു നല്ല കഥാകൃത്തിന്റെ സാമൂഹ്യബോധം ഉണരുന്നത്- ഹരികുമാർ പറഞ്ഞു.

പ്രൊഫ.എം.തോമസ് മാത്യു , ശ്രീകണ്ഠൻ കരിക്കകം എന്നിവർ പ്രഭാഷണം നടത്തി .വിവിധ സെഷനുകളിലായി മലയാള കാവ്യസാഹിതി പ്രസിഡണ്ട് കാവാലം അനിൽ ,ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ ,ഇ.എൻ. നന്ദകുമാർ, മുഞ്ഞിനാട് പത്മകുമാർ ,ടി.പി.ശാസ്തമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.

You can share this post!