തീ പിടിച്ച വീടുകൾ/സഞ്ജയ്നാഥ്

തീ പിടിച്ചോടുന്ന വീടുകൾ
നിറഞ്ഞ റോഡുകൾ
മുറിച്ച് കടക്കാൻ നിറയെ മാൻ പറ്റങ്ങൾ.
അടുത്ത് ചെന്നാൽ പൊള്ളുമെന്നോർത്ത് പതുക്കെ പിൻ തിരിയവേ കരയുന്ന വീടുകൾ ,വേദനയിലലിഞ്ഞ് ഉരുകിയൊലിക്കുന്ന വീടുകൾ
പറവകൾ ,പാദസരങ്ങൾ ,
പുസ്തകങ്ങൾ ,സ്ത്രീ സ്വരങ്ങൾ,പകുതി വെന്ത കരച്ചിലുകൾ.
പുറത്തേക്ക് തെറിക്കുന്ന രക്ത തുള്ളികൾ.
സ്നേഹം പൊതിഞ്ഞ തൂവാലകൾ.
തുടലഴിഞ്ഞ കല്പനാ സ്വരങ്ങൾ
മുഖം മറച്ച പ്രതിമകൾ.
ആണിമേൽ തറയ്കപ്പെട്ട മുഖങ്ങൾ.
എഴുന്നേല്കാനാവാതെ വിറച്ച് വീണ സ്വപ്നങ്ങൾ കരിഞ്ഞ മണങ്ങൾ.
വീടുകൾ തീപിടിച്ചോടുന്നത് പോലെ
മാൻ പേടകൾ ഓടാൻ തുടങ്ങിയപ്പോഴാണ് നഗരം
മുഴുവൻ കത്തി തുടങ്ങിയത്.
അവസാനമില്ലാത്ത വഴികളിലേക്ക് തീപിടിച്ച
ശരീരങ്ങളുമായി അവർ പാഞ്ഞ് വരുന്നുണ്ട്.
അക്ഷരങ്ങൾ ,അക്കങ്ങൾ ,
വാക്കുകൾ ,സ്നേഹം എല്ലാമെടുത്തവരോടുന്നത്
അണയാതെ കത്തുന്ന തീയിലേക്കാണ്.
തീ പിടിച്ചോടുന്ന വീടുകൾ
പറയുന്ന കഥകളിൽ
ഞാനും നിങ്ങളുമുണ്ടാവും.
നമ്മുടെ ശബ്ദങ്ങളുമുണ്ടാവും.
പാതകൾ മുറിച്ച് കടക്കാൻ
മാൻപേടകളില്ലാത്ത നഗരത്തിലേക്കിനി
തീ പിടിക്കാത്ത വീടുകൾ എന്നാണ് വരിക.

You can share this post!