കാവ്യശൂന്യം

കവിത പൂക്കാത്ത
കാട്ടിലാണു ഞാൻ
തനിയെ നിൽപ്പിൻ
വൃഥാ സുഖത്തിൽ
മൗന കംബളം
നീളെ പുതപ്പിച്ച
വാക്കുകളത്രയും
തളർന്നുറങ്ങവേ
ആരൊരാളുടെ
വാക്കുകൾക്കായി
കൂർപ്പിച്ച കാതുകൾ
ബാക്കി നിൽക്കവേ
വീശും കാറ്റിൽ
കരിയില പോലവേ
നീളെ പാറി നടക്കും
മനസ്സിനെ
മഷി നീലയാലേ
പകർത്തി വച്ചത് –
കാർ മേഘമായി
ഉരുണ്ടുകൂടവേ
നീർപ്പോളയാകുമീ
ജിവിതത്തിന്റെ
കാവ്യമുത്തുകൾ
ഇറ്റുവീഴുവാൻ
വയ്യാതെ നിൽക്കവേ
ജൻമം മറ്റൊന്നുണ്ടെന്ന
ചിന്തയിൽ
ശിഷ്ടകാലം
കഴിച്ചുകൂട്ടുവാൻ
അവിടെ നിന്നുമൊരു
പിച്ചകപ്പൂവിന്റെ
നറുമണം പേറും
പ്രണയമാകുവാൻ
വെറുതെയല്ലയീ
ചിന്തകൾ നൽകുന്ന
നെടുനിശ്വാസത്തിൻ
വിശ്വാസമാകുവാൻ
ഇവിടെയുണ്ടെന്റെ കാവ്യവും
പിന്നെയീ; കനൽവിതറിയ
കൽപ്പാന്ത കാലവും .
[ ശാന്തി പാട്ടത്തിൽ ]

You can share this post!