കാത്തിരിപ്പ്/മുരളി കുളപ്പുള്ളി

ശോഷിച്ച ദേഹമതിലൊട്ടിയവയറിന്റെ
ചുളിവൊന്നു നിവരുന്നതാണ്ടിലൊരിയ്ക്കൽ

കിഴങ്ങും, ഫലങ്ങളും എങ്ങുംനിറയുന്ന
മാസത്തിലൊട്ടും പശിയറിഞ്ഞില്ല ഞാൻ

പാടങ്ങൾ മാറ്റുന്നു പച്ചയുടുപ്പുകൾ
പീതമണിഞ്ഞെങ്ങും കതിർനിരന്നീടവേ

കൊയ്തുമെതിച്ചന്നു ചേറിയൊരുക്കിയും
നാളുകൾ നീങ്ങിടും ഘടികാരസുചിപോൽ

തമ്പ്രാന്റെ പത്തായം തികട്ടുമ്പോൾ കിട്ടുന്ന
നെല്ലതു കുത്തിയരിയാക്കിയെന്നമ്മ

ഈറനടുപ്പൂതി പുക നീക്കി നാളത്തിൽ
വേവിച്ചെടുത്തന്നു കാന്താരിയും ചേർത്തു

മോന്തിക്കുടിയ്ക്കുമ്പോളൊട്ടും കുറവില്ലാ
കഞ്ഞിയിലാനന്ദ കണ്ണീരിനാലുപ്പ്,

ചോരുന്ന കൂരയിൽ അമ്മതൻചൂടേറ്റു
ഗാഢം പുണർന്നന്നുറങ്ങിയനാളുകൾ

കാലചക്രങ്ങളുരുളുന്നു വേഗത്തിൽ
ജീവിത പാതതൻ മേടിറക്കങ്ങളിൽ

ആമോദ നീറ്റിൽ ഞാൻ നീന്തിത്തുടിയ്ക്കവെ
പൊടുന്നനെ ചേർന്നൊരാഴലിൻ ചുഴികളിൽ

ദീനങ്ങൾ വന്നൂ ഞെരിച്ചൂ കരങ്ങളാൽ
രോദനം പൂണ്ടമ്മ രാപ്പകൽശയ്യയിൽ

പേമാരി പെയ്തൊരാ കർക്കിടരാവന്ന്
മറഞ്ഞമ്മ ഇരുളാർന്ന യവനികയ്ക്കുള്ളിലായ്

യാത്രയായ് എന്നെ അനാഥനാക്കീട്ടന്ന്
ഓർമ്മകൾ പൂക്കുന്ന കൊമ്പിൽ ഞാനേകനായ്

ചന്തം ചാർത്തുന്ന മന്ദാര പൂവതിൽ
നിത്യവും മകരന്ദം നുകരുവാനെത്തുന്ന

കാറളിയൊന്നെന്റെ മൂർദ്ദാവിൽ തട്ടി
താരാട്ടു മൂളി ദൂരേ പറന്നു പോയ്

ആമോദത്തേനുണ്ണാൻ അരുമയാമെന്നമ്മ
എൻകൂടെയുണ്ടെങ്കിലെന്നുഞാനാശിച്ചു

കണ്ണീർ മിഴികളാൽ തേടുന്നുഞാനിന്നും
താരാട്ടു മൂളും ഭൃംഗമാം അമ്മയെ .

You can share this post!