ഋതുസംക്രമം

7

ബസ്സിനുള്ളിൽ വലിയ തിരക്കൊന്നുമില്ലാതിരുന്നതു കൊണ്ടു രണ്ടുപേർക്കുമിരിക്കാനുള്ള സീറ്റു കിട്ടി . പുറത്തെ കാഴ്ചകൾ കണ്ട് താൻ അരികിലിരുന്നു ..അപ്പോഴാലോചിച്ചത് വിനു ഇതൊക്കെ എങ്ങിനെയറിഞ്ഞുവെന്നാണ്.  അവൻ ജനിക്കുന്നതിനു മുമ്പുള്ള ,അവന്റെ അമ്മയെപ്പറ്റിയുള്ള കാര്യങ്ങൾ, ആരായിരിയ്ക്കും അവനോട് പറഞ്ഞിട്ടുള്ളത് ?. അതിനെപ്പറ്റി വിനുവിനോട് ചോദിയ്ക്കുകയും ചെയ്തു .

എനിക്കെല്ലാം അറിയാം ചേച്ചികുറേയൊക്കെ നാട്ടുകാർ പറഞ്ഞറിയാം . മിത്രൻ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതും അമ്മാവൻ മിത്രനെ അടിക്കാൻ ചെന്നതും പേരുദോഷം കാരണം അമ്മയുടെ ഭാവി അപകടത്തിലാകുമെന്നു കരുതി വീട്ടുകാർ അമ്മയെ പഠിക്കാനായക്കാതെ നേരത്തെ വിവാഹം നടത്തിയതിനെപ്പറ്റിയും മറ്റും ഞാൻ കേട്ടിട്ടുണ്ട്

തന്റെ അടുത്തിരുന്നു വിനു അമ്മയെപ്പറ്റിയുള്ള കേട്ടറിവെല്ലാം വിളമ്പിക്കൊണ്ടിരുന്നു വിനു പറഞ്ഞു നിർത്തിയപ്പോൾ താൻ മെല്ലെ പറഞ്ഞു അയാളിപ്പോഴും ആ വഷളത്തരം തുടരുന്നുണ്ട് . പണ്ടത്തെ ജന്മിയാണെന്നാണ് ഇപ്പോഴുമയാളുടെ വിചാരം ….”. ആത്മഗതം പോലെ താൻ പറഞ്ഞ വാക്കുകൾ വിനു കേട്ടു .

അതെന്താ ചേച്ചി. ചേച്ചിക്കെന്തെങ്കിലും അനുഭവമുണ്ടായോ ?എന്തെങ്കിലുമുണ്ടെങ്കിൽ എന്നോട് പറയണം കേട്ടോ ഞാനയാളെ ഒരു നല്ല പാഠം പഠിപ്പിക്കാം.”.

അത് വേണ്ട വിനൂ അയാളോടൊപ്പം ചില നാട്ടുകാരും ഉണ്ട് .”

അതിനെന്താ ചേച്ചി എന്റെകൂടെ എന്തിനും പോന്ന എന്റെ ഫ്രണ്ട്സുണ്ട് . പിന്നെന്തിനാ പേടിക്കുന്നെ ?

വേണ്ട നീ അയാളോട് വഴക്കിനൊന്നും പോകണ്ട . അത്രയ്ക്ക് സംഭവമൊന്നും ഉണ്ടായിട്ടില്ല

അങ്ങിനെ പറഞ്ഞുതാൻ സംഭാഷണം നിർത്തി എന്നാൽഇത്രയും നാൾ കൊണ്ട് തനിയ്‌ക്കൊരു കാര്യം മനസ്സിലായിരുന്നു . ആ അമ്പലവും അതിനെ ചുറ്റിപ്പറ്റിയുള്ള ആൾക്കാരുമാണ് അന്നാട്ടിൽ എല്ലാറ്റിന്റെയും കേന്ദ്രബിന്ദു .  അമ്പലം ഭരണ സമിതിയിലുള്ളവർ മിയ്ക്കവാറും ആ മനയിലുള്ളവരായിരുന്നു . ജ്യോതിഷ പണ്ഡിതന്മാരായിരുന്ന അവർ പറയുന്നതനുസരിച്ചാണ് ആ നാട്ടിലെ കല്യാണവും, നൂലുകെട്ടും ,മരണാദി കർമ്മങ്ങൾ വരെ നടന്നിരുന്നത് . പഞ്ചായത്തു ഭരണ കർത്താക്കളും ,   അന്നാട്ടിലെ എന്തുകാര്യവു അമ്പലം ഭരണസമിതിയോട് ആലോചിച്ചാണ് ചെയ്‌തിരുന്നത് .    അവിടെ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പണിയാൻ അവരുടെയും കൂടിഅനുമതി വേണമായിരുന്നു . പക്ഷെ ഭരണസമിതിയിൽ ഭൂരിപക്ഷവും മര്യാദക്കാരായിരുന്നതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും കൂടാതെ കാര്യങ്ങൾ നടന്നുപോന്നു . എന്നാൽ മിത്രനെപ്പോലെ കുറച്ചാളുകൾ മാത്രം അവിടെ ഒരു ഗുണ്ടായിസത്തിന്റെ പ്രതീതി ഉണർത്തിയിരുന്നു . തിരുവായ്ക്കു എതിർവാ ഇല്ലെന്നു പറയുന്നതുപോലെ അവർ വിചാരിച്ചാൽ അവിടെ എന്തും നടക്കും . അതുകൊണ്ടുതന്നെ വിനുവിനെപ്പോലെ അധികം പ്രായമില്ലാത്ത ചെറുപ്പക്കാർ അയാളോട് ഉടക്കാൻ പോകുന്നത് ശരിയല്ലെന്നു  തോന്നിയിരുന്നു . ഒരുപക്ഷെ കൊല്ലിനും കൊലയ്ക്കും വരെ അവർ മടിയ്ക്കുകയില്ലെന്നു തനിക്കു തോന്നിത്തുടങ്ങിയിരുന്നു . അച്ഛനോട് പണ്ടുണ്ടായിരുന്ന പക അയാളിപ്പോൾ,തന്നോട് കാണിയ്ക്കുന്നതുപോലെ വിനുവിനോടും കാണിച്ചു എന്ന് വരും . എന്ത് വന്നാലും അയാളോട് എതിർക്കുന്നതിൽ നിന്നും വിനുവിനെ തടയണമെന്നും തോന്നി

. ”വിനു നീയിപ്പോൾ പഠിയ്ക്കുന്ന കുട്ടിയാണ് . കണ്ട ഗുണ്ടകളോടൊക്കെ എതിരിട്ട് നീ നിന്റെ ഭാവി തുലയ്ക്കരുത് . ” താൻ വിനുവിനെ ഉപദേശിച്ചു .

ഇങ്ങനെ ഭയപ്പെട്ടാൽ ഈ നാട്ടിൽ ജീവിക്കാൻ ആവുകയില്ല ചേച്ചി മിത്രനെപ്പോലുള്ളവരെ അടിച്ചമർത്തേണ്ടത് ഈ നാടിന്റെ ആവശ്യമാണ് . അയാളും അയാളെപ്പോലെ ഉയർന്ന ജാതിയിൽപ്പെട്ട ചില ജന്മികളും വിചാരിച്ചാൽ ഇന്നാട്ടിൽ എന്തും നടക്കും എന്നാണയാളുടെ വിചാരം .  ആ വിചാരം തിരുത്തിക്കുറിക്കേണ്ടത് നമ്മെപ്പോലെ താഴ്ന്നജാതിയിൽപ്പെട്ടവരുടെ ആവശ്യം കൂടിയാണ് .  നമുക്കും ഇന്നാട്ടിൽ മാനാഭിമാനത്തോടെ ജീവിയ്ക്കണം ചേച്ചി..”

അവന്റെ വാദമുഖങ്ങൾ കേട്ടപ്പോൾ താൻ പിന്നെ ഒന്നും പറഞ്ഞില്ല .അവൻ പറയുന്നതിലും കാര്യമുണ്ടെന്നു തോന്നി . കുറെയൊക്കെ ധൈര്യപൂർവം പ്രവർത്തിച്ചാലേ ഇന്നാട്ടിലെ ഇത്തരം അനീതികളെ ചെറുക്കാനാവൂ. ..തന്നെയും ഗിരിജ ചിറ്റയെയും പോലെയുള്ള പെണ്ണുങ്ങൾക്ക് മാനാഭിമാനത്തോടെ തലയുയർത്തി നടക്കാനാവൂ .  തങ്ങളിന്നും അവരുടെ അടിയാളരല്ലെന്നു അവരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു .  ഒരുപക്ഷേ ഐ എ എസ് കിട്ടിയാൽ താനും ഇതേ രീതിയിൽ ചിന്തിച്ചു തുടങ്ങിയേക്കുമെന്നു തോന്നി അപ്പോൾഇപ്പോഴുള്ള അല്പം ഭയം കൂടി ഇല്ലാതാവും . മനസ്സിൽ കണക്കു കൂട്ടി.

തങ്ങൾ യാത്ര ചെയ്തിരുന്ന ബസ് അപ്പോഴേയ്ക്കും പട്ടണത്തിൽ എത്തിക്കഴിഞ്ഞിരുന്നു . ഇറങ്ങേണ്ട സ്റ്റോപ്പിലേക്ക് ഇനി അല്പദൂരം കൂടിമാത്രം . പത്തിരുപതു മിനുട്ടിനുള്ളിൽ സ്റ്റോപ്പിലെത്തി . ബസ്സിറങ്ങി ഞങ്ങൾ നേരെ പോയത് ഒരു വസ്ത്ര ശാലയിലേക്കാണ് .

വിനു പറഞ്ഞു ചേച്ചിയ്ക്കാവശ്യമുള്ളതു എന്താണെന്ന് വച്ചാൽ എടുത്തോളൂ അപ്പോഴേയ്ക്കും ഞാൻ ഇവിടെയൊക്ക ചുറ്റി നടന്നു കാണാം ”.’ അങ്ങനെ പറഞ്ഞവൻ മുന്നോട്ടുനടന്നു . താൻ ചുരിദാർ സെക്ഷനിൽ പോയിചുരിദാറും ,  സാരി സെക്ഷനിൽ പോയി ഒന്ന് രണ്ടു പട്ടു സാരിയുമെടുത്തു . ഏതെങ്കിലും ബന്ധുക്കളുടെ കല്യാണത്തിനു പോകുവാൻ സാരിയുടുക്കുന്നതാണ് നല്ലതെന്ന തോന്നി .മുത്തശ്ശിയ്ക്കും അതായിരിക്കും ഇഷ്ടം . പിന്നെ രണ്ടുമൂന്നു ജീൻസും ടോപ്പും കൂടി സെലക്ട് ചെയ്തു .  മുത്തശ്ശന് ഷർട്ടും മുണ്ടും മുത്തശ്ശിയ്ക്കും ,വല്യമ്മയ്ക്കും നേരിയതും ബ്ലൗസും , പിന്നെ അയ്യപ്പനമ്മാവന്‌ ഷർട്ടും മുണ്ടും .വിനുവിന് ഒന്നുരണ്ടു ഷർട്ടും പാന്റും കൂടി തിരഞ്ഞെടുത്തു . വിനു വേണ്ടെന്നു പറഞ്ഞെങ്കിലും താൻ നിർബന്ധപൂർവം എടുക്കുകയായിരുന്നു . എല്ലാം സെലക്ട് ചെയ്ത് ബില്ലിംഗ് ചെയ്തു പാക്കിങ് സെക്ഷനിൽനിന്ന് ഡ്രെസ് പാക്കറ്റുകളും വാങ്ങി ഇറങ്ങുമ്പോൾവിനു ചോദിച്ചു  .

. ”എന്തിനാ ചേച്ചിഇപ്പോൾ എല്ലാവർക്കും ഡ്രസ്സ് വാങ്ങിയത് ?ചേച്ചിയ്ക്ക് മാത്രം വാങ്ങിയാൽ പോരായിരുന്നോ

. ”ഓണത്തിന് ഇനി അധിക ദിവസ്സങ്ങൾ ഇല്ലല്ലോ വിനൂ ?.  ഇനി കോച്ചിങ് ക്ലാസ്സിൽപോക്കും ,ഹോസ്റ്റലിൽ താമസവും എല്ലാം കൂടി എനിക്കെപ്പോഴും അങ്ങോട്ട് വരാൻ പറ്റിയില്ലെന്നു വരും. പാവം മുത്തശ്ശനും മുത്തശ്ശിയും ..നമ്മൾ പേരക്കുട്ടികളുടെ കൈയ്യിൽ നിന്നും ഇങ്ങനെയുള്ള സമ്മാനങ്ങൾ കിട്ടുന്നത് അവർക്കിരുവർക്കും വലിയ സന്തോഷമായിരിക്കും . നമുക്കവർ നൽകുന്ന സ്നേഹത്തിനു പകരമായി ഇതൊക്കെയല്ലേ നൽകുവാൻ പറ്റുകയുള്ളൂ.”

ശരിയാ ചേച്ചി പറഞ്ഞത് . അഡ്വക്കേറ്റായി പ്രാക്റ്റീസു ചെയ്തു തുടങ്ങട്ടെ . ഞാനും അവർക്കിതുപോലെ വാങ്ങിക്കൊടുക്കും” . അല്പം കഴിഞ്ഞു എന്തോ ഓർത്തതുപോലെ വിനു പറഞ്ഞു .   നമുക്കൊരു സിനിമയ്ക്ക് പോയാലോ ചേച്ചി . ഇപ്പോൾ തിയേറ്ററിൽ നല്ലൊരു ഇംഗ്ലീഷ് പടം ഓടുന്നുണ്ട് . ?”

തനിക്കും ഇംഗ്ലീഷ് സിനിമകൾ കാണുന്നത് ഇഷ്ടമായിരുന്നു . ഗൾഫിലും യുകെയിലും മറ്റും വച്ച് ഇഷ്ടം പോലെ ഇംഗ്ലീഷ് സിനിമകൾ കണ്ടിരുന്നു .  എന്നാലിപ്പോൾ വിശപ്പാണ് പ്രധാനം വിശന്നിട്ട് കണ്ണുകാണാൻവയ്യെന്നു തോന്നി . ”നമുക്കിപ്പോൾ ഏതെങ്കിലും വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഊണുകഴിക്കാം .വിശന്നിട്ട് കുടല് കത്തിക്കരിയാൻ തുടങ്ങിയിരിക്കുന്നു താൻ പറഞ്ഞത് കേട്ട് വിനു പറഞ്ഞു .

”..നമുക്ക് നല്ല പോത്തിറച്ചിയും ചിക്കൻ ബിരിയാണിയും കിട്ടുന്ന ഹോട്ടലിൽ കയറിയാലോ ചേച്ചി

അല്ല വിനു .ഞാനിപ്പോൾ പന്ത്രണ്ടു് ദിവസത്തെ കുളിച്ചുതൊഴല് വ്രതത്തിലല്ലേ.ഇനിയും രണ്ടു മൂന്നു ദിവസ്സങ്ങൾ കൂടിയുണ്ട് അത് തീരുവാൻ അത് കഴിയാതെ എനിക്ക് നോൺവെജ് കഴിക്കാൻ പാടില്ല .വേണമെങ്കിൽ നീ കഴിച്ചോളൂ ..”

അങ്ങിനെ ഞങ്ങൾ രണ്ടുപേരും കൂടി ഒരുനല്ല ഹോട്ടലിൽ കയറി , താൻ വെജിറ്റേറിയനും വിനു നോൺ വെജും ഓർഡർ ചെയ്തു .

You can share this post!