ഋതുസംക്രമം-15

 

. കുളത്തിലെ വെള്ളത്തിന് നല്ല തണുപ്പ് തോന്നി . വിറയാർന്ന ശരീരവുമായി വേഗം കുളിച്ചു കയറി . മുറിയിലെത്തി വേഷം മാറി, മുത്തശ്ശിയുടെ അടുത്ത് മടങ്ങിയെത്തി . അപ്പോഴേക്കും കാർത്തിക വല്യമ്മയും ഒരുങ്ങിയിറങ്ങിയിരുന്നു .ഇടയ്ക്ക് വിനുവിനെക്കുറിച്ചന്വേഷിച്ചപ്പോൾ അവൻ പട്ടണത്തിലെ ഏതോ ലൈബ്രറിയിൽ നിന്നും പുസ്തകമെടുക്കാനായി പോയിരിക്കുകയാണെന്ന് മുത്തശ്ശി അറിയിച്ചു . മുത്തശ്ശിയും ,കാർത്തിക വല്യമ്മയുമെല്ലാം സെറ്റ് ആണ് ഉടുത്തത് . തന്നെ ക്കണ്ടു മുത്തശ്ശി പറഞ്ഞു .

നല്ല ഭംഗീണ്ടല്ലോ അമ്മൂ നീയീ സെറ്റുടുത്തിട്ട് . എന്റെ കുട്ടിയെ ഇപ്പോക്കണ്ടാൽ ദേവിക ചെറുപ്പത്തിലേ ഇരുന്നതുപോലെതന്നെയുണ്ട് .”

അതെയതെ .ആ ഭംഗീള്ള കണ്ണും നീണ്ടമുടിയും ഒക്കെ അമ്മെപ്പോലെത്തന്ന്യാ . ഒരു പടികൂടി കൂടുതലുണ്ടെങ്കിലേ ഉള്ളൂ ” . വല്യമ്മയും മുത്തശ്ശിയെ പിന്താങ്ങി . ഉമ്മറത്തെത്തിയപ്പോൾ അവിടെ അമ്മിണിയമ്മ നിൽപ്പുണ്ടായിരുന്നു .

അല്ലാമാധവന്റെ മോൾക്ക് ഇതിലൊക്കെ വിശ്വാസംണ്ടോ ?ഞാൻ വിചാരിച്ചതു മാധവനെപ്പോലെത്തന്ന്യാ മോളും ന്നാ ..”

അമ്മിണി പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നിന്നു .

അല്പം സ്വാതന്ത്ര്യം ഉണ്ടെന്നു വച്ച് എന്തും പറയല്ലേ അമ്മിണി. ഇതാരാണെന്നോർത്തിട്ടാ അമ്മിണി ഇങ്ങനെയൊക്കെ പറയണത് ”.

മുത്തശ്ശിയുടെ ശാസന കേട്ട് വിളറിയ ചിരിയോടെ അമ്മിണിയമ്മ പറഞ്ഞു. ” .മാധവനെ തോളിലെടുത്തോണ്ടു വളർത്തിയത് ഞാനാണേ . ആ സ്വാതന്ത്ര്യം ഉണ്ടെന്നു വച്ചോളൂ . പിന്നെഞാനൊരു കളി തമാശ പറഞ്ഞതല്ലേ ശാരദാമ്മേ . എനിക്കറിയില്ലേ പ്രിയ മോളൊരു പാവം കുട്ടിയാണെന്ന് . പിന്നെ ആ കുട്ടി വളർന്നതൊക്കെ വിദേശത്തല്ലേ .അതുകൊണ്ടു ഇവിടത്തെ നാട്ടാചാരങ്ങളൊന്നും അറിയില്ലാന്നും എനിക്കറിയാം .അതുകൊണ്ടു പറഞ്ഞു പോയതാണേ ”.

എന്നാൽ ശരി. അമ്മിണി മുമ്പെ നടന്നോളൂ. . അമ്പലത്തീന്നു ബസ്സ് പുറപ്പെടാറായെങ്കിൽ ഞങ്ങളും കൂടി ഉണ്ടെന്നു അറിയിച്ചോളൂ .”

ഞാൻ ചെന്ന് പറയാം . കൈതാരത്തൂന്ന് മുത്തശ്ശിയും ചെറുമോളും വല്യമ്മയും കൂടി വരുന്നുണ്ടെന്ന് ”. അങ്ങനെ പറഞ്ഞവർ വേഗം നടന്നു . അമ്മിണി മുന്നേ നടന്നു പോയപ്പോൾ മുത്തശ്ശി ചോദിച്ചു

.”അമ്മിണി കൂടെ വരുന്നതിൽ കുട്ടിക്ക് വിരോധോന്നും ഇല്ല്യാലോ .”അതുകേട്ട് പറഞ്ഞു

അമ്മിണിയമ്മയോട് എനിക്കൊരു വിരോധോം ഇല്ല്യാ മുത്തശ്ശി .അവരീ പറയുന്നതൊക്കെ വെറുംകളി തമാശകളാണെന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്” .” അപ്പോൾ മുത്തശ്ശി അവരുടെ ചരിത്രം പറഞ്ഞു .

പത്തു നാല്പത് വർഷം മുമ്പ് മാധവനും ഗിരിജയും ചെറുതായിരുന്നപ്പോ അവരെ നോക്കി വളർത്താനായിട്ടിവിടെ എത്തിതാ . കൃഷിപ്പണിക്കും പുറം പണിക്കും ഞങ്ങടെ കൂടെ കൂടീരുന്നു . പിന്നീട് കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവ് നേരത്തെ മരിച്ചു പോയി . അമ്മിണീടെ ഭർത്താവ് നടപ്പു ദീനം വന്നു മരിച്ചതാ . അന്ന് അസുഖം വന്നപ്പോൾ അയാളെ ചികിത്സക്കായി ആസ്പത്രീൽ കൊണ്ടുപോകാൻ നോക്കീതാത്രേ . പക്ഷെ മിത്രൻ അയാളുടെ മനക്കു മുമ്പിൽക്കൂടി അവരെ പോകാൻ അനുവദിച്ചില്ല . കീഴാളർക്ക് നടപ്പു ദീനം വരുന്നത് ദേവീകോപം കാരണമാണെന്നും അവരെ അതിലെ വഴിനടക്കാൻ അനുവദിച്ചാൽ ദേവീ കോപം ഉണ്ടാകുമെന്നു പറഞ്ഞു അയാൾ അതിനനുവദിച്ചിരുന്നില്ലാത്രേ . അങ്ങിനെ പാവം അമ്മിണീടെ ഭർത്താവ് മരിച്ചു .അതിലുണ്ടായ മകൾ മാത്രേ ഇപ്പോഴവൾക്കു ആശ്രയായുള്ളൂ . മാധവൻ ഗൾഫിൽ നിന്നും ,മകളെ വിവാഹം ചെയ്തയക്കാനും വീട് ഓട് മേയാനും മറ്റുമായിഅമ്മിണിക്ക് കാശ് കൊടുത്തു സഹായിച്ചിരുന്നു . ഇപ്പോഴവൾക്കു മാധവനെന്നു വച്ചാ ജീവനാ . ആ സ്നേഹം മോളോടുമുണ്ടാകും .”

മുത്തശ്ശി പറഞ്ഞത് കേട്ട് വെറുതെ പുഞ്ചിരിച്ചുവെങ്കിലും മനസ്സിലോർത്തത് മിത്രന്റെ ക്രൂരതകളെക്കുറിച്ചാണ് . മനുഷ്യരോട് സ്നേഹമോ ദയവോ ഇല്ലാത്ത വെറുമൊരു മൃഗമാണയാൾ

മുത്തശ്ശി പറഞ്ഞതനുസരിച്ച് വാതിൽ പൂട്ടി താക്കോൽ അയ്യപ്പനെ ഏൽപ്പിക്കുവാനായി ഔട്ട് ഹൌസ്സിലേക്കു നടന്നു . വീട്ടിനകത്തു നിന്ന് ചെറിയ കോറിഡോറിലൂടെയും ,പുറം വാതിലിലൂടെയും ഔട്ട് ഹൌസിലേക്ക് പ്രവേശിക്കാം . താൻ ചെല്ലുമ്പോൾ മുത്തശ്ശൻ കുഴമ്പു തേച്ചുകുളിയും , കാപ്പികുടിയും കഴിഞ്ഞു നല്ല ഉറക്കമായിരുന്നു .

വിനു വരുമ്പോൾ താക്കോൽ അവനെ ഏൽപ്പിച്ചാൽ മതി . ” അയ്യപ്പന് താക്കോൽ നൽകിക്കൊണ്ട് പറഞ്ഞു . അത് കേട്ട് അയ്യപ്പൻ തല കുലുക്കി. . താൻ . മടങ്ങിയെത്തുമ്പോൾ മുത്തശ്ശി പറഞ്ഞു .

ഞാൻ രാവിലെ കാപ്പിയും കൊണ്ട് ചെല്ലുമ്പോൾ മുത്തശ്ശൻ അമ്മുക്കുട്ടി കാണാൻ ചെന്ന കാര്യം പറഞ്ഞു . മുത്തശ്ശന് അമ്മുക്കുട്ടിയെ കാണുമ്പോൾ സ്വർഗം കിട്ടിയ സന്തോ ഷാ . ”

ശരിയാണ് മുത്തശ്ശി . മുത്തശ്ശൻ എല്ലാം മറന്നു സന്തോഷിക്കുന്നത് കാണുമ്പോൾ എന്റെ കണ്ണ് നിറയും . മുത്തശ്ശനിപ്പോൾ എഴുന്നേറ്റു നടക്കാനാവുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ ”.

ശരിയാണ് മോളെ.. പാടത്തും പറമ്പിലുംഎല്ലുമുറിയെ പണി ചെയ്തുണ്ടായ കരുത്തുറ്റ ശരീരമാണ് മുത്തശ്ശന്റെത് . ഒരസുഖവും വരുമായിരുന്നില്ല നിന്റെ വല്യച്ഛന്റെ മരണമാണ് മുത്തശ്ശനെആകെ തളർത്തിയത് . ” മുത്തശിയുടെ കണ്ണുകൾ നിറഞ്ഞു വന്നു . മരിച്ചുപോയ മൂത്ത മകനെയും കൂടി ഓർത്തായിരുന്നു അത് . ഒഴുകി വന്ന രണ്ടു തുള്ളി കണ്ണ് നീർ പുടവത്തുമ്പുയർത്തി തുടച്ചുകൊണ്ട് മുത്തശ്ശി നടന്നു . വല്യച്ഛന്റെ മരണ കാരണം അന്വേഷിച്ചപ്പോൾ പറഞ്ഞു

കർഷക സമരത്തിൽ പങ്കെടുത്തതിന് കുറെ നാളവന് ജയിലിൽ കിടക്കേണ്ടി വന്നു . പിന്നീട് പുറത്തുവന്നപ്പോൾ കാർത്തുവും ഞാനും പറഞ്ഞാൽ കേൾക്കാതെ ബീഡിയും സിഗററ്റുമൊക്കെ വലിക്കാൻ തുടങ്ങി . ജയിലില് വച്ച് തുടങ്ങിയ ശീലായിരുന്നു അത് . ഒടുവിൽ ശ്വാസകോശത്തിൽ കാൻസർ വന്നപ്പോൾ എല്ലാം നിർത്തി . പക്ഷെ അതാണെന്ന് കണ്ടെത്തിയപ്പോഴേക്കും സീരിയസ് ആയിക്കഴിഞ്ഞിരുന്നു . അവൻ ജീവിതത്തെ മുറുകെപ്പിടിച്ചപ്പോഴേക്കും മരണം വന്നു അവനെ കൊണ്ട് പോയി .മക്കളില്ലാത്തതും അവനു വലിയ ദുഖായിരുന്നു. . ആദ്യമേ കണ്ടുപിടിച്ചിരുന്നുവെങ്കിൽ ഭേദാക്കായിരുന്നു . എന്ത് ചെയ്യാം എല്ലാം അവന്റെയും ഞങ്ങളുടെയും വിധി” .

. പിന്നെ മുത്തശ്ശി അല്പം മുന്നേ നടന്നിരുന്ന കാർത്തു വല്യമ്മെ കുറിച്ചോർത്ത് പരിതപിച്ചു

ഞങ്ങളില്ലാതായാൽ നാളെ മക്കളില്ലാത്ത അവൾ എന്ത് ചെയ്യുമെന്നോർത്താ ഇപ്പൊ എനിക്ക് ആധി ” . പിന്നെ മുകളിലേക്ക് നോക്കി മുത്തശ്ശി പറഞ്ഞു .

ആരുമില്ലാത്തോർക്ക് ദൈവം തുണ. അവളെ ഭഗോതി കാത്തോളും അല്ലെ മോളെ” . മുത്തശ്ശി പ്രത്യാശയോടെ തന്നെ നോക്കി .

അതെ മുത്തശ്ശി . നമുക്ക് ദുഃഖങ്ങൾ നൽകുന്ന ഈശ്വരന്റെ കൈയ്യിൽ അതിനു പരിഹാരവുമുണ്ടാകും ”.

അതുകേട്ട് മുത്തശ്ശി ദുഃഖം മറന്നു , നിലാവ് പോലെ പുഞ്ചിരിച്ചു. . മുത്തശ്ശിയെ ചേർത്ത് പിടിച്ചു താൻ നടന്നു . എഴുപത്തഞ്ചാം വയസ്സിലും തന്റെ മുത്തശ്ശിക്ക് ഊർജസ്വലത ഒട്ടും കുറവില്ലല്ലോ എന്ന് ഓർത്തു . പണ്ട് നല്ലവണ്ണം അധ്വാനിച്ചതിന്റെ ഫലമായിരിക്കും മുത്തശ്ശിക്കും വല്യമ്മയ്ക്കും അസുഖങ്ങളൊന്നുമില്ല. വീട്ടുജോലികൾ എല്ലാം തനിയെ ചെയ്യുകയും ചയ്യും . അവർ രണ്ടു കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നവരായിട്ടും വല്യമ്മക്കാണ് അൽപം പ്രായക്കൂടുതൽ തോന്നിക്കുന്നത് . കാലപ്രവാഹത്തിൽ അവിടവിടെയായി കൂർത്തു നിന്ന പാറക്കല്ലുകളിൽ തട്ടി മുറിവേറ്റിട്ടും ഉടവ് തട്ടാത്ത പൂജാപുഷ്പം പോലെ മുത്തശ്ശി . ഈശ്വരാർപ്പിതമായ മനസ്സാണ് മുത്തശ്ശിയെ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കരുത്തുറ്റവളാക്കുന്നത് . എന്നാൽ വല്യമ്മയാകട്ടെ ആഞ്ഞടിച്ച സൂര്യതാപത്തിൽ കരിഞ്ഞുണങ്ങിയ ഒരു വനപുഷ്പം . വല്യമ്മയുടെ കരിഞ്ഞുണങ്ങിയ മുഖത്ത് ഒരിക്കലും വറ്റാത്ത നീരുറവ ഘനീഭവിച്ചു കിടന്നു. . ചിന്തകളാൽ ദൃഢീകൃതമാ യ മനസ്സുമായി ,മറ്റേതോ ലോകത്തിൽ സ്വയം വ്യാപാരിച്ച് നടന്നു നീങ്ങുന്ന വല്യമ്മയെ നോക്കിയപ്പോൾ മുത്തശ്ശിയെപ്പോലെ തനിക്കും സഹതാപം തോന്നി . ശാന്തി തീരം തേടി അലയുന്ന വല്യമ്മ , പുറമെ ശാന്തമായ, എന്നാൽ പ്രക്ഷുബ്ധമായ അടിയൊഴുക്കുകൾ നിറഞ്ഞ കടൽ പോലെ ശാന്ത ചിത്തയായിരുന്നു. നടന്നുനടന്ന് അമ്പലമുറ്റത്തെത്തിയത് അറിഞ്ഞില്ല . പെട്ടെന്നാണ് മുത്തശ്ശിയുടെ കാൽ ഒരു വലിയ കല്ലിൽ തട്ടിയത് .

You can share this post!