സമതുലിത ജീവിതം = ആരോഗ്യം

ശ്രീജിത്ത്‌ മൂത്തേടത്ത്‌
വൈദ്യരത്നം ആയുർവ്വേദ കോളേജിലെ റിട്ടയേഡ്‌ അസിസ്റ്റന്റ്‌ പ്രോഫസറായ ഡോ. എസ്‌. ദേവരാജനുമായി നടത്തിയ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ
മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയിൽനിന്നും അന്യരല്ല. പ്രകൃതി എന്നത്‌ കാലമാണ്‌. അവനുൾപ്പെടുന്ന കാലത്തിന്റെ ഭാഗമാണ്‌ മനുഷ്യൻ. മനുഷ്യന്റെ ജീവിതം കാലത്തിനനുസരിച്ചാവണം.
സമതുലിതമായ ജീവിതമാണ്‌ ആയുർവേദം മനുഷ്യന്‌ നിർദ്ദേശിക്കുന്നത്‌. സമ്പത്തിലും വിപത്തിലും ഒരുപോലെ ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യാൻ സാധിക്കണം. ആപ്തവചനങ്ങൾക്കനുസരിച്ച്‌ ജീവിക്കുന്നവൻ എന്നും ആരോഗ്യത്തോടെ ജീവിക്കും. ധർമ്മശാസ്ത്രങ്ങളെക്കുറിച്ച്‌ ആഴത്തിൽ അവഗാഹമുള്ള ശ്രേഷ്ഠജ്ഞാനികളെയാണ്‌ ആപ്തരെന്നു വിളിക്കുന്നത്‌. ആയുർവേദ ജീവിതചര്യയെക്കുറിച്ച്‌ ആഴത്തിൽ പഠനം നടത്തിയ വൈദ്യരത്നം ആയുർവ്വേദ കോളേജിലെ റിട്ടയേഡ്‌ അസിസ്റ്റന്റ്‌ പ്രൊഫസറായ   ഡോ. എസ്‌. ദേവരാജനുമായി നടത്തിയ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ ഇവിടെ വായിക്കാം.

തൃശൂർ ജില്ലയിലെ തിരുവുള്ളക്കാവ്‌ ധർമ്മശാസ്താക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ്‌ ഡോ. ദേവരാജന്റെ വസതി. സൗമ്യനും, സ്നേഹമസൃണമായ പെരുമാറ്റത്തിനുടമയുമായ ഡോക്ടർ എസ്‌. ദേവരാജൻ ആയുർവേദം ഒരു സാധാരണ മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും   മനുഷ്യൻ അവന്റെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ലാം ഡോക്ടർ തുറന്നു പറയുന്നു.

ചോദ്യം : ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടന്നതിന്റെ ആവശ്യകതയെന്താണ്‌?
ഡോ. ദേവരാജൻ : പ്രകൃതി എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ കാലമാണ്‌. കാലമെന്നത്‌ സ്ഥിരമായി നിൽക്കുന്നതുമല്ല. അത്‌ മാറിക്കൊണ്ടിരിക്കുന്നവയാണ്‌. ആറ്‌ ഋതുക്കളാണുള്ളത്‌. വസന്തം, ഗ്രീഷ്മം, വർഷം, ശരത്ത്‌, ഹേമന്തം, ശിശിരം എന്നിവയാണവ. പക്ഷെ കേരളത്തിൽ നമുക്ക്‌ അനുഭവവേദ്യമാകുന്നത്‌ മഴക്കാലം, മഞ്ഞുകാലം, വേനൽക്കാലം എന്നീ മൂന്നു കാലങ്ങളാണ്‌. നമ്മുടെ ജീവിതചര്യകൾ ആ ഋതുക്കൾക്കനുസരിച്ച്‌ ക്രമീകരിക്കപ്പെട്ടതാകണം. ദിനചര്യകൾ ഋതുചര്യകളാണെന്നു സാരം. ഓരോ ഋതുക്കളിലേയും കാലാവസ്ഥകളെ പ്രതിരോധിക്കാൻ സാധ്യമാകും വിധമാണ്‌ ഋതുചര്യകൾ ക്രമീകരിക്കപ്പെടേണ്ടത്‌. ഇതിനെ സാത്മ്യം എന്നു പറയുന്നു. സാത്മ്യം ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്‌. സാത്മ്യത്യാഗമെന്നു പറയുന്നത്‌ രോഗമാണ്‌. ഓരോ ഋതുവിൽനിന്നും അടുത്ത ഋതുവിലേക്കു പ്രവേശിക്കുന്ന സംക്രമണകാലത്തെ ഋതുസന്ധിയെന്നാണ്‌ പറയുന്നത്‌. ഓരോ ഋതുസന്ധിയിലും, ഒരു ഋതുവിന്റെ അവസാനകാലത്തെ ഏഴുദിവസങ്ങൾ ആ ഋതുവിലെ ശീലങ്ങൾ അൽപ്പാൽപമായി ഉപേക്ഷിക്കാനും അടുത്ത ഋതുവിന്റെ ആരംഭഘട്ടത്തിലെ ആദ്യ ഏഴു ദിനങ്ങൾ ആ ഋതുവുമായി ബന്ധപ്പെട്ട ശീലങ്ങൾ സ്വീകരിക്കാനുമുള്ളതുമാണ്‌.
ഇത്തരത്തിൽ ഓരോ കാലത്തിനുമനുസരിച്ച്‌ സജ്ജീകരിക്കപ്പെട്ടതായിരിക്കണം ജീവിത രീതികൾ. അപ്പോൾ തീർച്ചയായും രോഗങ്ങളെ അകറ്റിനിർത്തി ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുകയും ചെയ്യും. ഇത്തരത്തിൽ ഋതുക്കൾക്കനുസരിച്ച്‌ ജീവിതരീതിയെ സജ്ജീകരിക്കൽ പ്രായത്തിനനുസരിച്ചും വ്യത്യാസപ്പെട്ടിട്ടുണ്ട്‌. ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നീ പ്രായഘട്ടങ്ങളിൽ ഋതുബന്ധിതമായ ജീവിതചര്യകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവേന്നർത്ഥം. ആയുർവ്വേദമനുസരിച്ച്‌ ത്രിദോഷങ്ങളാണ്‌ രോഗങ്ങൾക്ക്‌ കാരണമായി വർത്തിക്കുന്നത്‌. വാതം, പിത്തം, കഫം എന്നിവയാണ്‌ ആ ത്രിദോഷങ്ങൾ. ഇവ മൂന്നും സർവ്വസമമായി നിൽക്കുമ്പോൾ ജീവിതം സുഖകരമായിരിക്കും. ആറ്‌ രസങ്ങളാണുള്ളത്‌. സ്വാദ്‌, അമ്ലം, ലവണം, തിക്തം, ഉഷ്ണം, കഷായം എന്നിവയാണ്‌ ഈ ആറ്‌ രസങ്ങൾ. ഇവയിൽ സ്വാദ,​‍്‌ അമ്ലം എന്നിവ വാതവുമായും, ലവണം, തിക്തം എന്നിവ കഫവുമായും, ഉഷ്ണം, കഷായം എന്നിവ കഫവുമായും ബന്ധപ്പെട്ടുകിടക്കുന്നു.
ഓരോ ഋതുവിനുമനുസരിച്ചും ശരീരം ചില വസ്തുക്കൾ ആഹരിക്കാൻ ആഗ്രഹിക്കും. ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ചാണ്‌ ആ ആഗ്രഹങ്ങൾ. ചില സമയങ്ങളിൽ മധുരം കഴിക്കാൻ ആഗ്രഹം തോന്നുന്നതും, പുളി, എരിവ്‌ തുടങ്ങിയവ ആഹരിക്കാൻ തോന്നുന്നതുമൊക്കെ ഇത്തരത്തിൽ ശരീരത്തിന്റെ ആവശ്യങ്ങളെ പൂർത്തീകരിക്കാനുള്ള ചോദനകളാണ്‌. മനുഷ്യരിൽ മാത്രമല്ല ഇത്തരം ചോദനകളുള്ളത്‌. മൃങ്ങളിലും പക്ഷികളിലുമൊക്കെ ഇത്തരം ചോദനകളുണ്ട്‌. അതുകൊണ്ടാണ്‌ ചില പ്രത്യേക കാലയളവുകളിലും സന്ദർഭങ്ങളിലും പൂച്ചയും മറ്റു മൃഗങ്ങളുമൊക്കെ പുല്ലു തിന്നാനുള്ള പ്രവണത കാണിക്കുന്നത്‌. പശുക്കൾ ചില പ്രത്യേകതരത്തിലുള്ള പുല്ലുകൾ ആഹരിക്കാനാഗ്രഹിക്കുന്നു. മൃഗങ്ങളും പക്ഷികളുമൊക്കെ ഓരോ ഋതുവിനുമനുസരിച്ചുള്ള, ശാരീരികാവശ്യങ്ങൾക്കനുസരിച്ചുള്ള ഭക്ഷ്യവസ്തുക്കൾ തേടി ദേശാടനം ചെയ്യുന്നു. ഇതൊക്കെത്തന്നെ ശരീരത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനായി പ്രകൃതിതന്നെ സൃഷ്ടിക്കുന്ന ചോദനകൾക്ക്‌ ഉദാഹരണങ്ങളാണ്‌.
ആഹാരമാണ്‌ ഔഷധം എന്നാണ്‌ ആയുർവ്വേദാചാര്യനായ ചരകമഹർഷി പറയുന്നത്‌. എല്ലാ ഭക്ഷ്യവസ്തുക്കളും ഔഷധമാണ്‌. എല്ലാ ദ്രവ്യങ്ങളും ഔഷധമാണ്‌. അവയെ തീവ്രതയുടെയടിസ്ഥാനത്തിൽ ഭക്ഷണമായും ഔഷധമായും നമ്മളുപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. തീവ്രത കൂടിയവ ഔഷധമായും, തീവ്രത കുറഞ്ഞവ ഭക്ഷണമായും ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന്‌ കുരുമുളക്‌ എന്ന ദ്രവ്യം ഭക്ഷ്യയോഗ്യമാണെങ്കിലും തീവ്രമാണ്‌. അതുകൊണ്ടുതന്നെ ഭക്ഷണമായി നമ്മൾ കൂടുതലായി ഉപയോഗിക്കാറില്ല. പകരം ഔഷധമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽ അരി, ഗോതമ്പ്‌ തുടങ്ങിയവയും ഔഷധം തന്നെയാണ്‌. പക്ഷെ അവയുടെ തീവ്രത കുറവായതുകൊണ്ടാണ്‌ നമ്മളവയെ ഭക്ഷണമായി ഉപയോഗിക്കുന്നത്‌. ഈ തീവ്രതയുടെയടിസ്ഥാനത്തിൽ ദ്രവ്യങ്ങളെ ഔഷധമായും ഭക്ഷണമായും നിർദ്ദേശിക്കുകയാണ്‌ ഭിഷഗ്വരൻ ചെയ്യുന്നത്‌.
ചോദ്യം : പ്രകൃതിചികിത്സയെന്നത്‌ ഒരു ആകർഷകമായ ചികിത്സാ സമ്പ്രദായമായി സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കയാണല്ലോ. ഒരു ബദൽ സംവിധാനമെന്ന നിലയിൽ വളരെയധികം സ്വീകാര്യതയും അതിന്‌ ലഭിച്ചുവരുന്നുണ്ട്‌. പ്രകൃതിചികിത്സാരീതിയും ആയുർവേദവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അല്ലെങ്കിൽ അതെങ്ങിനെയൊക്കെയാണ്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌?
പ്രകൃതിചികിത്സയെന്നത്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടൊരു പദമാണ്‌. ആയുർവേദവുമായി ബന്ധപ്പെടുത്തി പലരുമത്തിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. വാസ്തവത്തിൽ പ്രകൃതിചികിത്സയെന്നത്‌ ഭാരതീയമായ ചികിത്സാരീതിയല്ല. ജർമ്മൻ സിദ്ധാന്തമാണത്‌. ലൂയി കൂനിയെന്ന ജർമ്മൻകാരനാണ്‌ അതിന്റെ ഉപജ്ഞാതാവ്‌. ചെലവ്‌ വളരെ കുറവാണ്‌ എന്നതുകൊണ്ടും മറ്റും വളരെയധികം പ്രചാരവും സ്വീകാര്യതയും അതിന്‌ ലഭിക്കുന്നുണ്ടെന്നത്‌ ശരിയാണ്‌. പക്ഷെ ആയുർവേദത്തിന്റെ ആശയങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തുവാൻ സാധിക്കില്ല.
ശരീരത്തെ നിർമ്മലമായി നിലനിർത്തുകയെന്നതാണ്‌ പ്രകൃതിചികിത്സകർ മുന്നോട്ടുവെക്കുന്ന ആശയം. ഒരു മാലിന്യത്തിനും വശംവദമാകാതെ ശരീരത്തെ സൂക്ഷിക്കുക. വിഷമയമായതെല്ലാം ത്യജിക്കുക. വിഷലിപ്തമല്ലാത്തതുമാത്രം ആഹരിക്കുക. ഇതൊക്കെയാണ്‌ പ്രകൃതിചികിത്സാ സമ്പ്രദായം മുന്നോട്ടുവെക്കുന്നത്‌. പക്ഷെ ഇവിടെയൊരു പ്രശ്നമുണ്ട്‌. ശരീരത്തെ ഒരു മാലിന്യത്തിനും വശംവദമാകാതെ സൂക്ഷിക്കുമ്പോൾ അതിന്റെ സ്വാഭാവിക പ്രതിരോധസംവിധാനം തകരാറിലാവുകയാണ്‌ ചെയ്യുന്നത്‌. മാലിന്യങ്ങളോടും വിഷലിപ്തമായവയോടും സഹവസിക്കുമ്പോൾ മാത്രമേ അവയ്ക്കെതിരായ പ്രതിരോധതന്ത്രങ്ങൾ ശരീരത്തിൽ രൂപപ്പെടുകയുള്ളൂ. എല്ലാറ്റിനോടും സഹവസിച്ച്‌ പ്രതിരോധശേഷിയാർജ്ജിക്കണമെന്നതാണ്‌ ആയുർവ്വേദ തത്വം. വിഷലിപ്തമായവയെ നിരാകരിക്കുകയെന്നത്‌ ആയുർവേദം നിർദ്ദേശിക്കുന്നില്ല.  വിഷത്തെപ്പോലും ഔഷധമായി ഉപയോഗിക്കുകയാണ്‌ ആയുർവ്വേദം ചെയ്യുന്നത്‌. പലതരം വിഷവസ്തുക്കൾ വിവിധ രോഗങ്ങൾക്ക്‌ ഔഷധമായി ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്‌. അവയുടെ ഉപയോഗക്രമത്തിലും അളവിലും വ്യത്യാസമുണ്ടെന്നു മാത്രം. അളവും ഉപയോഗക്രമവും രോഗങ്ങൾക്കും സാഹചര്യങ്ങൾക്കനുസരിച്ചും ഭിഷഗ്വരൻ നിർദ്ദേശിക്കണം.
ചോദ്യം : ഇന്നത്തെ പ്രകൃതിസാഹചര്യങ്ങൾ പലതരത്തിലുള്ള മാലിന്യപ്രശ്നങ്ങളാൽ തകിടം മറിഞ്ഞിരിക്കുകയാണല്ലോ. മണ്ണും ജലവും വായുവുമൊക്കെ മലിനമായിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ആയുർവ്വേദ ഔഷധങ്ങളായി പ്രകൃതിയിൽനിന്നും ശേഖരിക്കുന്നവ എത്രത്തോളം ശുദ്ധമായി ലഭ്യമാണ്‌?
ആയുർവ്വേദത്തിൽ ഔഷധങ്ങൾ ഓരോന്നും എവിടെനിന്നും ശേഖരിക്കണമെന്നും എങ്ങിനെ ശേഖരിക്കണമെന്നും വ്യക്തമായി പറയുന്നുണ്ട്‌. ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കാരണം മണ്ണും ജലവും വായുവും മലിനമായിക്കഴിഞ്ഞുവേന്നത്‌ ഒരു യാഥാർത്ഥ്യമാണ്‌. ഈ മാലിന്യങ്ങൾ സ്വീകരിച്ചുവളരുന്ന സസ്യങ്ങളുടെ ഗുണനിലവാരത്തിലും വ്യത്യാസമുണ്ടാകും. സ്വാഭാവികമായും അവയുടെ ഔഷധമൂല്യത്തിലും വ്യത്യാസമുണ്ടാകും. ആയുർവേദം നിർദ്ദേശിക്കുന്നത്‌ വനാന്തരീക്ഷത്തിൽ നിന്നും ശേഖരിക്കുന്നവയാകണം ഔഷധങ്ങൾ എന്നാണ്‌. അവിടങ്ങളിൽ മനുഷ്യന്റെ ഇടപെടലുകൾ തുലോം കുറവായിരിക്കും. സ്വാഭാവിക വനാന്തരീക്ഷത്തിലാണ്‌ ശുദ്ധമായ ഔഷധങ്ങൾ ലഭ്യമാവുക. ഇന്നത്തെ സാഹചര്യത്തിൽ വനാന്തരീക്ഷത്തിന്‌ തുല്യമായ സാഹചര്യങ്ങളുള്ള ഔഷധ വനങ്ങൾ സജ്ജീകരിക്കുകയും അവിടങ്ങളിൽ ഔഷധസസ്യങ്ങൾ വളർത്തുകയുമാണ്‌ ചെയ്യുന്നത്‌. കൃത്രിമമായി സൃഷ്ടിക്കുന്നവയിൽ ദോഷഫലങ്ങളുണ്ടാകും. സ്വാഭാവികമായതിന്റെ ഗുണനിലവാരം അതിന്‌ ലഭിക്കില്ല. പക്ഷെ ഇവിടെയും ഭിഷഗ്വരന്റെ യുക്തിക്കനുസരിച്ച്‌ ഓരോന്നിലുമടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ വിലയിരുത്തി, അളവിൽ മാറ്റം വരുത്തി മരുന്നുകൾ ഉൽപാദിപ്പിക്കാൻ സാധിക്കും.
ചോദ്യം : ആയുർവ്വേദ മരുന്നുകൾ പ്രകൃതിയിൽനിന്നുമെടുക്കുന്നവയാണല്ലോ. നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന സാധാരണ അസുഖങ്ങൾക്ക്‌ ഔഷധമായുപയോഗിക്കാവുന്ന സസ്യങ്ങളെക്കുറിച്ച്‌ ഒന്നു വിശദീകരിക്കാമോ?
ചുറ്റുപാടുകളിൽ കാണാവുന്ന ധാരാളം സസ്യലതാദികൾ സാധാരണ അസുഖങ്ങൾക്ക്‌ ഔഷധമായി ഉപയോഗിക്കാവുന്നതേയുള്ളൂ. ആദ്യം നമുക്ക്‌ അമൃതിൽനിന്നും തുടങ്ങാം. ചിറ്റമൃത്‌ എന്ന ചെടി വ്യാപകമായി കാണാവുന്നതാണല്ലോ. വൃക്കരോഗത്തിന്‌ അത്യുത്തമമാണ്‌ ചിറ്റമൃത്‌. ചിറ്റമൃതിന്റെ ഇലയുടെ നീര്‌ രണ്ടുനേരം സേവിക്കുന്നത്‌ വൃക്കരോഗങ്ങൾക്ക്‌ ശമനമേകും.
ചിറ്റമൃതിൽനിന്നുമെടുക്കുന്ന നൂറ്‌ ചടുനീറ്റമുള്ളവർക്ക്‌ 250 മില്ലി ഗ്രാം വീതം മൂന്നുനേരമായി കഴിക്കുന്നത്‌ ഉത്തമമാണ്‌. ചിറ്റമൃതിന്റെ നീരും, നെല്ലിക്കയും, മഞ്ഞൾപ്പൊടിയും സമമായെടുത്ത്‌ മിശ്രിതമായി കഴിക്കുന്നത്‌ പ്രമേഹത്തിനുത്തമമാണ്‌. ഇന്ത്യൻ ക്യുനൈൻ എന്നറിയപ്പെടുന്ന ചെടിയാണ്‌ ചിറ്റമൃത്‌.
പിന്നെ സാധാരണമായി ലഭ്യമാകുന്ന മറ്റൊരൗഷധമാണ്‌ ആടലോടകം. ഛർദ്ദിൽ, രക്തപിത്തം, ചുമ, കഫക്കെട്ട്‌ തുടങ്ങിയ അസുഖങ്ങൾക്ക്‌ ആടലോടകം ഉത്തമമാണ്‌. ശ്വാസകോശത്തിന്റെ സങ്കോചവികാസ ശേഷി വർദ്ധിപ്പിക്കാൻ ആടലോടകത്തിന്‌ കഴിവുണ്ട്‌. ആടലോടകത്തിന്റെ സ്വരസം (നീര്‌) തേൻ ചേർത്ത്‌ കഴിക്കുന്നത്‌ ചുമയ്ക്ക്‌ ഉത്തമമാണ്‌. അത്യാർത്തവമുള്ള സ്ത്രീകൾക്ക്‌ ആടലോടകത്തിന്റെ സ്വരസം 15 മില്ലി, 15 ഗ്രാം ശർക്കരയിൽചേർത്ത്‌ കഴിക്കുന്നത്‌ ഗുണം ചെയ്യും.
ആര്യവേപ്പാണ്‌ മറ്റൊരു പ്രധാന ഔഷധം. രക്തശുദ്ധി, ചർമ്മരോഗം തുടങ്ങിയവയ്ക്ക്‌ വളരെയുത്തമമാണ്‌ ആര്യവേപ്പ്‌. വേപ്പിലയും മഞ്ഞളും ചേർത്ത്‌ ഉപയോഗിക്കുന്നത്‌ ചെറിയ ജീവികളുടെ വിഷത്തെ പ്രതിരോധിക്കാൻ ഉത്തമമാണ്‌. ണല്ലോരു ആന്റി ബയോട്ടിക്‌ ആണ്‌ വേപ്പിലയും വേപ്പിന്റെ തൊലിയും. പൊള്ളലുണ്ടാകുന്ന ഭാഗങ്ങളിൽ ഇത്‌ അരച്ചു പുരട്ടുന്നതും ഗുണം ചെയ്യും.
മറ്റൊരൗഷധം ഇഞ്ചിയാണ്‌. ദഹനശക്തിക്ക്‌ ഉത്തമമാണ്‌ ഇഞ്ചി. പനി, ചുമ തുടങ്ങിയ അസുഖങ്ങൾക്കും ഔഷധമാണ്‌ ഇഞ്ചി. ചെവിവേദനയ്ക്ക്‌ ഇഞ്ചിനീര്‌ അരിച്ച്‌ കരടുകളഞ്ഞ്‌ ഉപയോഗിക്കാവുന്നതാണ്‌. ചുക്കു പൊടിച്ചതു അഞ്ചുഗ്രാം ശർക്കരയോടൊപ്പം ചേർത്ത്‌ കഴിക്കുന്നത്‌ വിശപ്പില്ലായ്മയ്ക്കും ദഹനത്തിനും ഗുണം ചെയ്യും. ചുക്ക്‌, ജീരകം, പഞ്ചസാര എന്നിവ പൊടിച്ച്‌ സമം ചേർത്ത്‌ ഉപയോഗിക്കുന്നത്‌ ചുമയ്ക്ക്‌ ഉത്തമമാണ്‌.
മറ്റൊരു ഔഷധച്ചെടിയാണ്‌ ഉമ്മം. ഉമ്മത്തിന്റെ തണ്ട്‌, ഇല, പൂവ്‌ എന്നിവ പൊടിച്ച്‌ ഹുക്കയിലിട്ട്‌ പുകവലിക്കുന്നത്‌ ആസ്മയ്ക്ക്‌ ഉത്തമമാണ്‌. ഉമ്മത്തിൻകായ സന്ധിനീരിനും വേദനയ്ക്കും ഉത്തമമാണ്‌. എരുക്ക്‌ ത്വക്‌ രോഗങ്ങൾക്ക്‌ ഉത്തമൗഷധമാണ്‌. സന്ധിവേദനയ്ക്കും എരുക്ക്‌ ഉപയോഗിക്കും. എരുക്കിലയും നാളീകേരത്തിന്റെ പീരയും ചേർത്ത്‌ പുരട്ടുന്നത്‌ ചൊറി, ചിരങ്ങ്‌ തുടങ്ങിയവയ്ക്ക്‌ ഉത്തമമാണ്‌. കയ്യോന്നിയെന്ന ചെടി ണല്ലോരൗഷധമാണ്‌. കഫ, വാത രോഗങ്ങൾക്കും, മുടി വളരാനും, കരൾ, വ്രണരോഗങ്ങൾ, കാഴ്ച തുടങ്ങിയവയ്ക്ക്‌ കയ്യോന്നി ഉത്തമമാണ്‌.
ചുറ്റുപാടുനിന്നും ശേഖരിക്കാവുന്ന മറ്റു രണ്ടു ചെടികളാണ്‌ തുളസിയും പനിക്കൂർക്കയും. തുളസിയിൽ കൃഷ്ണതുളസിക്കാണ്‌ ഔഷധഗുണം കൂടുതൽ. തുളസി ണല്ലോരു വിഷഹാരിയാണ്‌. ചെറിയ ജീവികളുടെ വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്‌. ജീവികൾ കടിച്ചുണ്ടാകുന്ന തിണർപ്പുകളിൽ തുളസിയിലയുടെ നീര്‌ പുരട്ടുന്നത്‌ ഗുണം ചെയ്യും. ചുമ, പനി എന്നിവയ്ക്കും തുളസിയുത്തമമാണ്‌. പനിക്കൂർക്കയും പനിക്കും കഫക്കെട്ടിനും ഉത്തമമാണ്‌.
ചോദ്യം : മനസ്സും ശരീരവും വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണല്ലോ. ഇന്നത്തെ തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിൽ മാനസിക സംഘർഷങ്ങൾ പലതരം രോഗങ്ങളും വരുത്തിവെക്കുന്നുണ്ട്‌. മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ആയുർവ്വേദ ജീവിതചര്യകൾ എന്തൊക്കെയാണെന്ന്‌ വിശദമാക്കാമോ?
ആയുർവേദം മാനസികാരോഗ്യത്തെക്കുറിച്ച്‌ ചർച്ചചെയ്യുന്നുണ്ട്‌. സമചിത്തത്ത പാലിക്കുകയെന്നതാണ്‌ ആയുർവേദത്തിന്‌ നിർദ്ദേശിക്കാനുള്ള പ്രധാന കാര്യം. വിജയത്തിലും പരാജയത്തിലും ഒരേപോലെ മനസ്സിനെ ക്രമീകരിക്കുക. വിജയിയോട്‌ അസൂയ തോന്നാതിരിക്കുക എന്നതാണ്‌ കാര്യം. വിജയകാരണത്തിൽ അസൂയയാകാം. അത്‌ വിജയത്തിനുവേണ്ടിയുള്ള ശ്രമത്തിന്‌ പ്രചോദനമാകാവുന്നതാണ്‌. പാപകർമ്മങ്ങളിൽനിന്നും അകന്നുനിൽക്കുകയെന്നതും പ്രധാനമാണ്‌. ശരീരം, മനസ്സ്‌, വാക്ക്‌ തുടങ്ങിയവകൊണ്ട്‌ ആരെയും വേദനിപ്പിക്കാതിരിക്കുക. ധീ, ഹൃദി, സ്മൃതി എന്നിവയെ സമതുലിതമായി കാണുക. ഉന്നതമായ ജീവിതമൂല്യങ്ങൾ സ്വീകരിക്കാൻ ആയുർവേദം അനുശാസിക്കുന്നുണ്ട്‌. കീടങ്ങളെപ്പോലും സ്വന്തം ആത്മാവിനു തുല്യമായി കാണുകയെന്നതാണ്‌ ആയുർവേദ തത്വം. ഇതിൽപ്പരം സമഭാവനയോടെയുള്ള മറ്റെന്താശയമാണുള്ളത്‌? മാർക്ക്സിന്റെ സോഷ്യലിസ്റ്റ്‌ ചിന്തയേക്കാളൊക്കെ വളരെ മുമ്പുതന്നെ ആയുർവേദത്തിൽ ഇത്രയും ഉദാത്തമായ ചിന്തയുണ്ട്‌. സമ്പത്തിലും വിപത്തിലും സമചിത്തത്തയോടെ കാര്യങ്ങളെ സമീപിക്കാൻ കഴിഞ്ഞാൽ ഏതുതരം മാനസിക സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ സാധിക്കും.
ചോദ്യം : ആരോഗ്യപൂർണ്ണമായ ജീവിതത്തിന്‌ ആയുർവേദം നിർദ്ദേശിക്കുന്ന ഭക്ഷണരീതികൾ എന്തൊക്കെയാണ്‌?
ഭക്ഷണരീതി ആയുർവേദത്തിൽ വളരെ പ്രധാനമാണ്‌. ഒരു തവണ ഭക്ഷണം കഴിക്കുന്നവൻ യോഗി, രണ്ടുതവണ ഭക്ഷണം കഴിക്കുന്നവൻ ഭോഗി, മൂന്നുതവണ ഭക്ഷണം കഴിക്കുന്നവൻ രോഗി, നാലുതവണ ഭക്ഷണം കഴിക്കുന്നവൻ ദ്രോഹി എന്നാണല്ലോ പറയുന്നത്‌. ആയുർവേദവിധിപ്രകാരം പ്രഭാതത്തിലും സായംകാലത്തുമാണ്‌ ഭക്ഷണം നിർദ്ദേശിക്കുന്നത്‌. കഴിക്കുന്ന ഭക്ഷണംതന്നെ വയറുനിറച്ച്‌ ആവരുത്ത്‌. ഭക്ഷണത്തിനും വെള്ളത്തിനും വായുവിനും ഇടമുണ്ടാകണം വയറിൽ. ഓരോ മനുഷ്യനും ജീവിക്കുന്ന കാലാവസ്ഥയിലും ഭൂപ്രകൃതിയിലും വളരുന്ന സസ്യലതാദികളും, പഴങ്ങളും ഭക്ഷണമായി ഉപയോഗിക്കാം. ആ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കുമനുസരിച്ച്‌ തയ്യാർ ചെയ്യപ്പെട്ടതായിരിക്കും മനുഷ്യനും ജീവജാലങ്ങളൊക്കെയും തന്നെ. സ്വാഭാവികമായും നമ്മൾ ഉപയോഗിക്കേണ്ടത്‌ നമ്മുടെ കാലാവസ്ഥയിൽ വളരുന്ന, ലഭ്യമായ ഭക്ഷ്യവസ്തുക്കൾ തന്നെയാണ്‌. യൂറോപ്യൻ വിഭവങ്ങളോട്‌ ഭ്രമം തോന്നി, അമിതമായതോതിൽ അവരെപ്പോലെ പാതിവെന്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത്‌ ദോഷമേ ചെയ്യുള്ളൂ.
ചോദ്യം : ആയുർവേദം സസ്യാഹാര രീതികൾക്ക്‌ കൂടുതൽ പ്രാമുഖ്യം നൽകുന്നുണ്ടോ? മാംസാഹാരികൾക്ക്‌ ആയുർവേദം പ്രാപ്യമല്ലാത്ത അവസ്ഥയുണ്ടോ?
അങ്ങിനെയൊന്നുമില്ല. സസ്യം മാത്രമല്ല, മാംസവും ആയുർവേദത്തിൽ ഔഷധമായുപയോഗിക്കുന്നുണ്ട്‌. പരിണാമത്തിനനുസരിച്ച്‌ രൂപപ്പെട്ടതാണ്‌ മനുഷ്യന്റെ ആഹാരരീതി. ആദ്യകാലത്ത്‌ വേട്ടയാടിപ്പിടിച്ച ജന്തുക്കളെ പച്ചയായി ഭക്ഷിച്ചിരുന്നു. പിന്നീട്‌ വേവിച്ചു കഴിക്കാൻ തുടങ്ങി. ഇന്നത്തെക്കാലത്ത്‌ മസാലകൾ ചേർത്ത്‌ പാകം ചെയ്ത്‌ കഴിക്കുന്ന രീതി നിലവിൽ വന്നു. ശരീരം പുഷ്ടിപ്പെടുത്താൻ മാംസാഹാരം തന്നെയാണ്‌ ഉത്തമമായിട്ടുള്ളത്‌. മാംസം ഭക്ഷിക്കുന്ന ജീവികളുടെ മാംസമാണ്‌ ഔഷധമായി കഴിക്കേണ്ടത്‌. പശുവിന്റെയും ആടിന്റെയും മാംസം കഴിക്കുന്നത്‌ ഉചിതമല്ല. അവ സസ്യാഹാരികളാണ്‌. പക്ഷ ഇവയും അമിതമായാൽ അമൃതും വിഷം എന്നു പറഞ്ഞതനുസരിച്ച്‌ മിതമായ അളിവിലേ ആഹരിക്കാൻ പാടുള്ളൂവേന്നു മാത്രം. ഇന്ന്‌ ലഭ്യമാകുന്ന മാംസങ്ങൾ ഹോർമോണുകൾ ഉപയോഗിച്ച്‌ പുഷ്ടിപ്പെടുത്തി കൃത്രിമമായി ഉൽപാദിപ്പിച്ചവയാണ്‌. അമിതമായ കോശവളർച്ചയാലുണ്ടായവയാണവ. അത്തരം മാംസങ്ങൾ അമിതമായി കഴിക്കുന്നത്‌ അനിയന്ത്രിത കോശവളർച്ചയ്ക്കും അർബ്ബുദ മുഴകൾക്കും അല്ലാതെയുള്ള മുഴകൾക്കുമൊക്കെ കാരണമാകും.
ആറ്‌ മാർഗ്ഗങ്ങൾ ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്‌. നിത്യം ഹിതാഹാരം കഴിക്കണമെന്നതാണതിലൊന്നാമത്തേത്‌. രണ്ടാമത്തേത്‌ ഹിത വിഹാരമാണ്‌. വിഷയങ്ങളിൽ വ്യാപൃതനായിരിക്കുമ്പോൾത്തന്നെ സമമായിരിക്കണം ഇത്‌. നാലാമത്തേത്‌ സത്യപരമായിരിക്കണമെന്നതാണ്‌. ക്ഷമയുള്ളവനായിരിക്കണം. ആപ്തവചനങ്ങൾക്കനുസരിച്ച്‌ ജീവിക്കുന്നവനായിരിക്കണമെന്നതാണ്‌ ആറാമത്തേത്‌. ഇങ്ങിനെയുള്ള ജീവിതം നയിക്കുന്നവൻ ആരോഗ്യത്തോടെ ജീവിക്കുമെന്നാണ്‌ ആയുർവേദം പറയുന്നത്‌. സമ്യക്‌ ആയിട്ടുള്ള ജീവിതരീതിയാവണം. ഒന്നിനോടുമുള്ള അമിതമായ ആസക്തി പാടില്ല. അത്‌ രോഗകാരണമാകും. ശരീരത്തെ അറിഞ്ഞുകൊണ്ടുള്ള ഹിതമായുള്ളതും മിതമായുള്ളതുമായ ജീവിതരീതിയാണ്‌ ഉത്തമമായുള്ളത്‌.

You can share this post!