ഹേ വചനത്തിന്റെ മഹാപ്രഭൂ,
സ്വർഗ്ഗഭ്രഷ്ടമായ മൗനത്തിന്റെ സൂര്യാ,
ബോധം ഒരു കെട്ടുവഞ്ചിയാണെന്ന്
നീ പറഞ്ഞപ്പോൾ
ഞാനതിനെ കൊടുങ്കാറ്റിന്റെ ചിറകിൽ
മേയാൻ വിട്ടു
നിന്റെ കവിതകൾ പകർത്തിയെഴുതി
ചോരതുപ്പിയ കൗമാരത്തിൽ നിന്ന്
നിന്റെ കവിതയിൽ നടു നിവർത്തി
പ്രണയിച്ചും കലഹിച്ചും നടക്കുന്ന
യൗവനത്തിലേക്ക്
എന്നെ ബന്ധിപ്പിക്കുന്നത്
പളുങ്കിന്റെ ഒരു പാലം
പിറവിക്കു സമ്മാനമായ് നീ പകർന്നത്
നീ നിനക്ക് മുമ്പേ കടന്ന് പോയവരുടെ
വിളവെടുപ്പുകാരൻ
ഇനി വരാനിരിക്കുന്നവരുടെ
വിളംബരക്കാരൻ
ഭാഷയിലെ നഷ്ടപ്പെട്ട എല്ലാ സുകൃതങ്ങളുടെയും
വീണ്ടെടുപ്പുകാരൻ
നിന്റെ കവിതയിൽ തീയുണ്ട്
ഏത് ദേശത്തും ആളിപ്പടരുന്നത്
നിന്റെ കവിതയിൽ സ്വപ്നങ്ങളുടെ വസന്തവും
ഇന്ദ്രിയങ്ങളുടെ ഉത്സവവുമുണ്ട്
ഏത് കഠിനകാലങ്ങളിലും മുളയ്ക്കുന്നത്
നിന്നിൽ ദൈവികതയുടെ
ഒരു തരം ഭ്രാന്തമായ യുക്തിയുണ്ട്
ഏത് അയുക്തികമായ സംശയങ്ങളെയും
വചനത്തിന്റെ കൂട്ടിലാക്കുന്നത്
നിന്നിൽ നിന്ന് പ്രണയത്തിന്റെ
നദിയൊഴുകുന്നു
നിന്നിൽ തന്നെ വിപ്ലവങ്ങളുടെ
കൊടുങ്കാറ്റുണരുന്നു
നിന്നിൽ നിർവാണത്തിന്റെ സമുദ്രമിരമ്പുന്നു
നീ നീയെന്ന വ്യക്തിയിൽ
നിന്നെല്ലായ്പ്പോഴും വഴുതിമാറി
ബഹുത്വത്തിന്റെ കാനനഗീതമായി മാറുന്നു
നീ മഴമേഘങ്ങളുടെ പ്രാർത്ഥന
പൂക്കളുടെ പ്രതീക്ഷ
അനന്തകാലങ്ങളിലേക്കുള്ള
കിളികളുടെ കരുതൽ
ആകാശത്തിനും കടലിനും നടുവിൽ
കവിതയുടെ ഒരദൃശ്യഗർഭപാത്രം
നീ മണ്ണിൽ സഹനപ്പെടുന്നവന്റെ
ഏകാന്തമായ അക്ഷരം
വിണ്ണിൽ ആനന്ദിക്കുന്ന മാലാഖമാർ
എന്നും ഒറ്റപ്പെടുന്ന ദിക്ക്
നിരാസത്തിന്റെ ഖരത്വത്തിനും
വ്യസനങ്ങളുടെ പ്ലാസ്മാവസ്ഥയ്ക്കുമിടയിൽ
നീ ഗസലുകളുടെ ദ്രവം നിറയ്ക്കുന്നു
നിന്റെ മുഴക്കങ്ങൾ
നീരാവിയുടെ ചിറക് വിടർത്തുന്നു
നിന്റെ വിശപ്പിൽ നിന്ന്
തെരുവിൽ അലറുന്നവന്റെ വാക്ക് പിറക്കുന്നു
നിന്റെ തൊണ്ടയിൽ നിന്ന്
ദയാരഹിതർക്ക് നേരെ അന്ത്യവിധിയുടെ വാളുയിർക്കുന്നു
മറ്റാർക്കും പാടാനാകാത്ത ഒരു പാട്ട് കൊണ്ട്
നീ നിന്റെ മുൻതലമുറകളെ വാഴ്ത്തുന്നു
ആവർത്തിക്കപ്പെടാൻ സാദ്ധ്യതയില്ലാത്ത
സ്വരസ്ഥാനത്തിന്റെ മൂർച്ച കൊണ്ട്
നീ അധികാരസ്ഥാനങ്ങളോട് കയർക്കുന്നു
നിന്നിൽ രാജകൊട്ടാരം വെടിഞ്ഞ ബുദ്ധനും
കാട്ടിൽ പൊരുതിമരിച്ച ചേഗുവേരയും
ഒരു മേശയ്ക്കിരുപുറവുമിരിക്കുന്നു
പ്രഭാപൂർണ്ണമായ ഒരു മൗനം കൊണ്ട്
നീ പ്രപഞ്ചത്തിന് ഒരു മിന്നൽ നൽകുന്നു
സർവ്വവും ജ്വലിപ്പിക്കുന്ന ഒരു വാക്കു കൊണ്ട്
നീ ദൈവത്തിന് ഒരു പുഞ്ചിരി നൽകുന്നു
നിനക്ക് രണ്ടു കൈകൾ
അതിലൊന്നു കാവ്യദേവിയുടെ
അളകങ്ങൾ ലാളിക്കുന്നു
മറ്റൊന്ന് പ്രവചനത്തിന്റെ മന്ത്രങ്ങൾ കൊരുക്കുന്നു
കുന്നിന്മുകളിൽ നിന്നൊരു വൃദ്ധൻ
താഴ്‌വരയിലേക്ക്
പച്ചിലകൾ സൂക്ഷിച്ച ഒരു കുട്ട
കമിഴ്ത്തും പോലെ
അത്ര അനായാസമായ് നീ
വാക്കുകളുടെ ശലഭങ്ങളെ തുറന്നുവിടുന്നു
നീ ആലിലകൾക്ക് ബുദ്ധനും
വാക്ക് നഷ്ടപ്പെടുന്നവന് വേദവും
പ്രതിരോധിക്കുന്നവനു പരിചയുമാകുന്നു
വിശപ്പിൽ നിന്ന് പ്രണയങ്ങളിലേക്ക്
ഞാൻ കുടിയേറിയപ്പോഴെല്ലാം
കൂടെ കരുത്തിയത് നിന്റെ മൗനങ്ങളെ
തിരസ്കാരങ്ങളിൽ
ഞാൻ ഉന്മാദത്തിന്റെ നർത്തനമാടിയത്
നീ ചവച്ചു തുപ്പിയ മഴവില്ലുകളിൽ നിന്ന്
എനിക്കും നിനക്കും പൊതുവായി എന്തെങ്കിലുമുണ്ടെങ്കിൽ
അത് ഒരിക്കലും നിലയ്ക്കാത്ത വാക്കുകളുടെ നിലവിളിയാകണം
ഞാൻ പ്രണയിക്കുന്നത്
ഹിമത്തിന്റെ സൂര്യനെ
നീ തേടുന്നതോ
അഗ്നിയുടെ വാക്കിനെ
നീ
നിലയ്ക്കാത്ത അന്വേഷണങ്ങളിലേക്കുള്ള
ആകാശത്തിന്റെ വാതിൽ
പിറക്കാത്ത പറക്കലുകളിലേക്ക്
പറവകളെ നയിക്കുന്ന മേഘം
നിന്റെ വെളിച്ചത്തിന്റെ ഒരു തുണ്ടു കൊണ്ട്
സൂര്യൻ സൗരയൂഥത്തെ ഊട്ടുന്നു
നിന്റെ വാചാലമായ വാക്കുകൾ കൊണ്ട്
സമുദ്രം തീരത്തോട് കയർത്തുകൊണ്ടിരിക്കുന്നു
നിന്റെ മൊഴിമാറ്റങ്ങൾ പോലെ രൂപഭാവങ്ങൾ മാറ്റി
പകൽ രാവായും രാവ് പകലായും മാറുന്നു
ശ്വേതാംബരിയായ ഇലകൾക്കിടയിൽ
നീ ദിഗംബരനായ പച്ചില
തീർച്ചയായും ആഘോഷിക്കപ്പെടേണ്ട
ഒരക്ഷരം നീ
ഭാഷയിൽ ഭാഷണമാവശ്യമില്ലാത്ത
ഒരു മൗനം
എഴുത്തച്ഛനും കവിതയ്ക്കുമിടയിൽ
വേരുളള ഒരരയാൽ
ഒരു ശിശുവിന്റെ പുഞ്ചിരിയേക്കാൾ വലിയ
പ്രാർത്ഥന മറ്റൊന്നില്ലെന്നും
ഒരു പ്രാവിന്റെ ചിറകടിയേക്കാൾ മഹത്തായ
ജൈവികത ഒരു വേദഗ്രന്ഥത്തിലുമില്ലെന്നും
നിന്റെ കവിതകൾ പറയുന്നു
മലയാളിത്തമുളള ഒരു നെരൂദയാണ് നീ
?പി?യെപ്പറ്റി കവിതയെഴുതുന്ന ഒരു ?ബ്രഹ്ത്?
കവിതയുടെ സാർവ്വദേശീയനായ സുഹൃത്ത്
വജ്രത്തിന്റെ പരലുകൾ പോലെ
വ്യക്തമാണ് നിന്റെ ഗദ്യം
വളവുതിരിവുകളുടെ സൗന്ദര്യങ്ങൾക്ക്
ഇരിപ്പിടമാണ് നിന്റെ പദ്യം
നിന്നെപ്പോലെ ?സച്ചിദാനന്ദൻകവിത?യെഴുതുന്നവർ
നമുക്കിടയിലുണ്ട്
അവർക്കിടയിൽ നീ, നിന്നെ നിരന്തരം
തിരസ്കരിച്ചുകൊണ്ടേയിരിക്കുന്നു
ആർക്കും വഴങ്ങാതെ നീ
നിരന്തരം വഴുതുന്ന സത്യത്തെ തിരയുന്നു
നീ
വെളിച്ചത്തിന്റെ അന്നവും
കവിതയുടെ ആരംഭവുമാകുന്നു
ഒഴുകുന്നതിനെല്ലാം നദിയെന്നു പേരെങ്കിൽ
കവിതയാകുന്നതിനെല്ലാം സച്ചിദാനന്ദനെന്നാണ് പേർ