ഇങ്ങനെ ഒര് തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല.
ഈ പട്ടണവും ഇതിൻ്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമവും തനിക്ക് സുപരിചിതമാണ്.
മോൻ്റെ പെട്ടെന്നുള്ള സ്ഥലമാറ്റം ഇപ്പോൾ ഇവിടെ കൊണ്ടെത്തിച്ചു.
തഹസിൽദാരായിട്ടാണ് അവൻ്റെ വരവ്.
ഓർമിക്കാൻ ഒരു പാട് വസന്തങ്ങൾ വിരിയിച്ച കോളേജ് ജീവിതം പൂവിട്ടത് ഈ പട്ടണത്തിലാണ്.
എന്നാൽ, എനിക്ക് ഏറെ വേദനകൾ തന്ന് പറഞ്ഞു വിട്ട ഗ്രാമവും ഇതിന് തൊട്ടടുത്താണ്.
അന്നത്തെ പട്ടണം പോലല്ല ഇന്ന്. ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. അന്ന് ഓടിട്ട പല കെട്ടിടങ്ങളും നിലനിന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കോൺക്രീറ്റ് സൗധങ്ങളാണ്.
പി എസ് പി സ്റ്റോഴ്സും രങ്കനാഥ് ടെക്സ്റ്റൈയിൽസുമൊക്കെ ചില മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. റോഡിൻ്റെ ഇടുങ്ങിയ സ്ഥിതിക്കും മാറ്റം വന്നിട്ടുണ്ട്. കെട്ടിടങ്ങളൊക്കെ അല്പം ഉൾവലിഞ്ഞ് റോഡിന് വീതി കൂടിയിട്ടുണ്ട്:
എം.സി.റോഡിൻ്റെ അരികിൽ, ഒത്ത നടുഭാഗത്തായിരുന്നു, ന്യൂ തിയേറ്റർ. അത് ഇപ്പോഴവിടില്ല.
അച്ഛനോടൊത്ത് എത്ര സിനിമകൾ കണ്ടു, അവിടെ. എല്ലാം പഴയ സിനിമകൾ. അച്ഛന് അതേ ഇഷ്ടമുള്ളു. സത്യൻ, നസീർ, അംബിക,രാഗിണിമാരുടെ ആരാധകനായിരുന്നു, അച്ഛൻ.
കോളേജിൽ വന്ന ശേഷമാണ് കൂട്ടുകാരികളോടൊത്ത് വലിയ തിയേറ്ററിൽ, ന്യൂ ജെൻ സിനിമകൾ കാണാൻ തുടങ്ങിയത്.
നിറയെ സ്വപ്നങ്ങൾ കണ്ടു നടന്ന ഒരു പ്രായം.
തോൾസഞ്ചിയിൽ നിറച്ചു ബുക്കും പുസ്തകവുമായ്…….., വലിയ വൃക്ഷങ്ങൾ തണൽ വിരിച്ച നാട്ടുവഴിയിലൂടെ നടന്ന്., നെൽക്കതിരിൻ്റെ ഹരിതാഭയിൽ, കുളിച്ചു നിൽക്കുന്ന വലിയ നെൽപ്പാടത്തിൻ്റെ ചെറു ബണ്ടിലൂടെ പാടം മുറിച്ചുകടന്ന് കോളെജിലേക്ക് ഉൽസാഹത്തോടെ പോകുന്ന പാവാടക്കാരി.
വലിയ ജാഥകൾക്കു മുന്നിൽ,കയ്യുയർത്തി ഉച്ചത്തിൽ..മുദ്രാവാക്യം വിളിച്ച് വീറോടെ നെഞ്ച് വിരിച്ച് കടന്നു പോകുന്ന നാട്ടുകാരനായ യുവാവിൻ്റെ പൗരുഷം നിറഞ്ഞ ഭാവം കണ്ട് മോഹിച്ചു നിന്ന ഒരു പെൺകുട്ടി.
ഇപ്പോഴും നിറം പകർന്നു നിൽക്കുന്നു.
“കുറച്ചു പച്ചക്കറി കൂടി വാങ്ങിക്കാം അല്ലേ, അമ്മാ”
വെസ്സൽ പാലസിൽ നിന്നും കൊണ്ടുവന്ന ചെറു പായ്ക്കറ്റുകൾ കാറിൻ്റെ ഡോർ തുറന്ന് ഫ്രണ്ട് സീറ്റിലേക്ക് വയ്ക്കുന്നതിനിടയിൽ, പിൻസീറ്റിലേക്ക് നോക്കി രാജു ചോദിച്ചു.
” ആം”
ജാനകി പറഞ്ഞു..
അവൻ കാറ് മുന്നോട്ടെടുത്ത് പച്ചക്കറി മാർക്കറ്റിലേക്ക് തിരിച്ചു.
“ഞാനും ഇറങ്ങാം.”
അവിടെത്തിയപ്പോൾ ജാനകി പറഞ്ഞു.
“വേണ്ടമ്മ. ഞാൻ വാങ്ങി വരാം.”
അവൻ വാങ്ങിച്ചോളും. അവന് എല്ലാം നോക്കി കണ്ട് വാങ്ങിക്കാനറിയാം. ചെറുപ്പം മുതല് അത് ശീലമുള്ളതാണല്ലൊ.അവൻ്റച്ഛൻ പാർട്ടി പ്രവർത്തനത്തിനു പോകുമ്പോൾ, എന്നെ സഹായിക്കാൻ അവൻ മാത്രമല്ലേയുള്ളു. ഞാൻ വിലപേശി വാങ്ങിക്കുന്നതെല്ലാം അവൻ നോക്കി കണ്ടിട്ടുണ്ട്. അതുകൊണ്ട് അതെല്ലാം വശമാ അവന്.
” ഇഞ്ചിയൊണ്ടങ്കിൽ… അതിത്തിരി കൂടുതല് മേടിച്ചോ. ഇഞ്ചിക്കറിനിനക്കിഷ്ടമല്ലേ.”
ജാനകി ഓർമിപ്പിച്ചു.
അവൻ ചിരിച്ചു കൊണ്ട് നടന്നു നീങ്ങി.
പുളിയിഞ്ചിക്കറി അവനും അവൻ്റെ അച്ഛനും ഏറെ ഇഷ്ടമുള്ളതാണെന്ന് ജാനകിയ്ക്കറിയാം.അക്കാര്യത്തിൽ, ജാനകിക്ക് ഒരു കരുതലുമുണ്ടാവും.
മോൻ പോയ ഭാഗത്തേക്ക് ജാനകി നോക്കിയിരുന്നു.
പെട്ടെന്നാണ് അവിടെ ഒര് ആൾക്കൂട്ടം രൂപപ്പെടുന്നത് അവർ കണ്ടത്.
എന്താണവിടെ? മോനെന്തെങ്കിലും?
ജാനകി അങ്ങനെ വിചാരിച്ചു.
അവർ കാറിൻ്റെ ഡോർ തുറന്ന് പുറത്തിറങ്ങി.
അത്, ആൾക്കൂട്ടത്തിനിടയിൽ നിന്ന് രാജു കണ്ടു.
അവൻ ഓടി അമ്മയുടെ അരികിലെത്തി.
“എന്താണ് മോനെ അവിടെ എന്തുണ്ടായി?”
ജാനകി തിരക്കി.
” അത് .. ഒര്കാർന്നോര് അവിടെ കുഴഞ്ഞു വീണു. “
അവൻ പറഞ്ഞു.
“എന്നിട്ടാണോ ആൾക്കാരിങ്ങനെ നോക്കി നിൽക്കുന്നെ?.ആരുമില്ലെ, അതിനെ ആശുപത്രില് കൊണ്ടു പോകാൻ.”
ജാനകി ചോദിച്ചു.
“ഞാനും അക്കാര്യം പറഞ്ഞു നിന്നപ്പോഴാ.., അമ്മ കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടത്. “
അവൻ പറഞ്ഞു.
“നീ., നിൻ്റച്ഛൻ്റെ മോനല്ലെ? പറഞ്ഞു നിൽക്കാതെ കാര്യമങ്ങനെ ചെയ്യല്ലെ വേണ്ടത്?”
നേരിയ കുറ്റപ്പെടുത്തലുപോലെയായിരുന്നു., ജാനകിയുടെ സ്വരം.
” കാർന്നോര് ടെ കൂട്ടത്തിൽ ആരുമില്ലേ?”
അവർ ചോദിച്ചു.
” ഒരു പെൺകുട്ടിയുണ്ട്. “
അവൻ പറഞ്ഞു.
ഫ്രണ്ട് സീറ്റിലേക്ക് ജാനകി മാറിയിരുന്ന ശേഷം ബാക്ക് സീറ്റിലേക്ക് കാർന്നോരേം മകളേം കയറ്റിയിട്ടും, ആ വൃദ്ധൻ്റെ മുഖം നന്നായി വീക്ഷിച്ചിരുന്നില്ല., ജാനകി.
ആശുപത്രിയിൽ എത്തിക്കഴിഞ്ഞാണ് ആ മുഖം മനസിനെ ഉലച്ചത്.
ഏട്ടൻ…
തൻ്റെ ചോര…
ഈശ്വരാ.. എല്ലാം ഒരു നിമിത്തമാണല്ലോ.
ജീവിതത്തിൽ വിചാരിക്കാതെ പലതും നടക്കുന്നു.
ഇന്നും ഉറച്ചു വിശ്വസിക്കയാണ് അത്.
തൻ്റെ ജീവൻ്റെ പാതിയുടെ ജീവനെടുത്തതിൽ ഏട്ടൻ്റെ കരങ്ങളുണ്ടെന്ന്.
എത്ര ദൂരത്തിരുന്നാലും പകയൊടുങ്ങാത്ത വിഷജന്തുവാണ് ഏട്ടനെന്ന് ജാനകിക്കറിയാം.
രാഷ്ട്രീയ വൈരം ബാധിച്ച ഏട്ടൻ…, ബന്ധങ്ങളെ നിഷ്കരുണം ചുട്ടെരിച്ചു.ഏട്ടനും, തൻ പാതിമോഹനേട്ടനും ഒരു പാർട്ടിയിൽ ഒന്നിച്ചു നിന്നവർ. കുടുംബങ്ങളെ അടുത്തറിയുന്നവർ. അവർ അകന്നത്… അധികാരത്തിൻ്റെ വിഷലിപ്തമായ ഉൾപ്രേരണ ഉടലെടുത്തതോടെയാണ്.
ഏട്ടൻ മോഹിച്ചു നടന്ന സ്ഥാനാർത്ഥിത്വം മോഹനേട്ടന് വീണതിലുള്ള അസൂയ. അതോടെ തുടങ്ങി എല്ലാം.
എൻ്റേം മോഹനേട്ടൻ്റേം പ്രണയ സ്വപ്നത്തെപ്പോലും തകർത്തു കളഞ്ഞു.
സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ പാർട്ടിയായിരുന്നു ഔദ്യോഗിക പാനലിലേക്ക് മോഹനേട്ടനെ നിയോഗിച്ചത്.
എൻ്റെ ഏട്ടനു വേണ്ടി മോഹനേട്ടൻ മാറാനും തയാറായിരുന്നു.പക്ഷേ, പാർട്ടി സമ്മതിച്ചില്ല.
ഏട്ടനും ഒരു പറ്റം പേരും പാർട്ടി മാറി നിന്ന് മത്സരിച്ചു. ഏട്ടൻ തന്നെ ജയിച്ചു.മോഹനേട്ടൻ തോറ്റു.
വിവാഹത്തോടു വരെ അടുത്തിരുന്ന ഞങ്ങളുടെ പ്രണയ ബന്ധവും അതോടെ താറുമാറാകാൻ ഏട്ടൻ പ്രയത്നിച്ചു.അമ്മയ്ക്കും അച്ഛനും മേൽ സമ്മർദം ചെലുത്തി.മോഹനേട്ടനെ കൊന്നുകളയുമെന്നുവരെയുള്ള ഭീക്ഷണി മുഴങ്ങി.
അവസാനം ഒന്നിച്ചു ജീവിക്കാനുള്ള കൊതി കൊണ്ട് പാർട്ടിയുടെ ഒത്താശയോടെ, മറ്റൊര് പാർട്ടി ഗ്രാമത്തിലേക്ക് മാറ്റി, ഞങ്ങളുടെ വിവാഹം പാർട്ടി നടത്തി തന്നു.
അങ്ങനെ മണിക്കരയിൽ പുതു ജീവിതം ആരംഭിച്ചു.മോഹനേട്ടൻ അവിടെയും ശക്തനായ നേതാവായി മാറി.
അന്ന്, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടു കഴിഞ്ഞ ദിവസം, സന്ധ്യയോടടുത്ത് മോഹനേട്ടൻ മടങ്ങിപ്പോരുമ്പോഴായിരുന്നു, ഒരു പറ്റം അക്രമികൾ മോഹനേട്ടനെ നേരിട്ടത്.
അതും പരിചിതരല്ലാത്തവരെന്ന് മോഹനേട്ടൻ മരണ മൊഴിയിൽ വ്യക്തമാക്കി. പിന്നെയാര്?
അത് മറ്റാരെങ്കിലുമാണെന്ന് ഇന്നും വിശ്വസിക്കാൻ ജാനകിക്കാവുന്നില്ല.
ഏട്ടൻ്റെ ചുറ്റുവട്ടക്കാർ തന്നെ.
പാർട്ടി തന്ന സ്നേഹവും തണലും കൊണ്ട് ഞങ്ങൾ അമ്മയും മോനും ജീവിച്ചു. മോൻ പഠിച്ച് ഉദ്യോഗസ്ഥനായി., ഇന്നിതാ തിരിച്ച് ഇവിടെ എത്തി നിൽക്കുന്നു.
മനസിൻ്റെ ഖജനാവിൽ ഖനനം നടത്തി ഓർമ്മകളിലേക്ക് പോയി തിരിച്ചു വന്നപ്പോൾ, ഞാൻ വിസിറ്റേഴ്സ് റൂമിലെ കസേരയിലായിരുന്നു. ഏട്ടൻ ഇപ്പോൾ ഒബ്സർവേഷനിലാണെന്ന് അറിയാൻ കഴിഞ്ഞു.
തൊട്ടടുത്ത് ആ പെൺകുട്ടി ഉണ്ടായിരുന്നു.
ഏട്ടൻ്റെ മകൾ ….
സങ്കടപ്പെട്ട് വാടിത്തളർന്ന മുഖമായിരുന്നു അവളുടേത്. ജാനകി അവളെ ചേർത്തു പിടിച്ചു.
” സങ്കടപ്പെടണ്ട. അച്ഛന് ഒന്നും സംഭവിക്കില്ല”
അവർ, അവളെ ആശ്വസിപ്പിച്ചു.
രാജു ഇടയ്ക്കിടെ അവരുടെ അടുത്തേക്ക് വന്നു പോകുന്നു.
“ഏട്ടന്മാരില്ലേ?”
ജാനകി ചോദിച്ചു.
പെൺകുട്ടി അവരുടെ നേരെ മുഖം വെട്ടിച്ചു.
” ഉണ്ട്”
അവൾ പറഞ്ഞു.
“അവരെന്തു ചെയ്യുന്നു.?”
” വല്യേട്ടനും കുടുംബവും മാറിത്താമസിക്കുന്നു. ഞങ്ങളുമായിട്ട് ഒരടുപ്പോം മില്ല. കുഞ്ഞേട്ടൻ കൂട്ടത്തിലുണ്ട്. ഇഷ്ടിക കമ്പനീലാ ജോലി. “
പെൺകുട്ടി പറഞ്ഞു.
“എന്താ.. വല്യേട്ടന് അടുപ്പമില്ലാത്തത്?”
ജാനകി ചോദിച്ചു.
അപ്പോൾ, പെൺകുട്ടി അവളെ ശങ്കയോടെ നോക്കി.
” പറയാൻ വിഷമമുണ്ടല്ലേ?”
ജാനകി ചുണ്ടിൽ ചെറു ചിരി വരുത്തി ചോദിച്ചു.
അവൾ പറഞ്ഞു.
അച്ഛൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ ധാരാളിത്വത്തിൽ വിശ്വാസമില്ലാതിരുന്ന മുത്തച്ഛൻ, സ്വത്തെല്ലാം അച്ഛൻ്റെ മകൻ്റെ പേരിൽ എഴുതി വച്ച കഥ. അന്ന്, അച്ഛന് ഒരാൺകുട്ടിയെ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് രണ്ടു കുട്ടികൾ കൂടി ജനിച്ചത്.
സ്വത്ത് വകകൾ സ്വന്തം പേരിലാണെന്ന് തിരിച്ചറിഞ്ഞ ഏട്ടൻ, സ്വൈര്യ ജീവിതത്തിനു വേണ്ടി അച്ഛനോട് വഴക്കിട്ട് മാറിത്താമസിച്ചു.
അച്ഛനും രണ്ടു മക്കളും അവരുടെ അമ്മയും മുത്തശ്ശിയുടെ ഇരുപത് സെൻ്റ് പുരയിടത്തിലാണ് ഇപ്പോൾ താമസിക്കുന്നത്.ആ സ്ഥലം മകൾക്ക് കല്യാണലോചനകൾ വന്നപ്പോൾ പണയം വെയ്ക്കാനായി ബാങ്കിൽ വന്നതാണ് അവളും അച്ഛനും. അന്നേരമാണ് ഇങ്ങനെ സംഭവിച്ചത് .
” ഇങ്ങനെ പെട്ടെന്നുണ്ടവാൻ എന്തെങ്കിലും കാരണമുണ്ടോ?”
അവൾ പറഞ്ഞു നിർത്തിയപ്പോൾ ജാനകി ചോദിച്ചു.
“ഉം “
അവൾ മൂളി.
“അതെന്താ?”
“മുത്തശ്ശിയുടെ വസ്തുവിൽ ഒരവകാശി കൂടിയുണ്ട്. “
അവൾ പറഞ്ഞു.
ഒരു നിമിഷം അവളെ നോക്കിയ ശേഷം ജാനകി ചോദിച്ചു.
” അതാരാ ?”
“ഒരപ്പച്ചീ– “
അവൾ പറഞ്ഞു.
ജാനകിക്ക് കാര്യം മനസിലായി.
ആ സ്വത്തിൽ താനാണ് ആ അവകാശി .താൻ കൂടി ചേരാതെ പണയം വയ്പ് നടക്കില്ല. മുത്തശ്ശി ജീവിച്ചിരുപ്പുമില്ല.
രാജു അടുത്തുവന്നു.
” കാർന്നോർക്ക് കുഴപ്പമില്ലെന്നാ ഡോക്ടർ പറഞ്ഞത്. ഞാൻ അകത്തു കേറി കണ്ടു. മകളെ കാണണമെന്ന് കാർന്നോര് പറഞ്ഞു. “
അവൻ പറഞ്ഞു.
പെൺകുട്ടി ധൃതിപ്പെട്ട് ചാടിയെണീറ്റു.
” ഞാനും വരാം മോളെ “
ജാനകി പറഞ്ഞു.
അവർ മൂവരും ഒപ്പമാണ് ഒബ്സർവേഷൻ റൂമിലേക്ക് കടന്നത്.
മകളോടൊപ്പം ജാനകിയെ കണ്ടപ്പോൾ, അവളുടെ ഏട്ടൻ്റെ കണ്ണുകൾ മിഴിഞ്ഞു.
ഏറെ നേരം നോക്കിയ ആ കണ്ണകൾ നനഞ്ഞു.
.ആ നനവിലും ജാനകിയുടെ മനസ്സ് അലിഞ്ഞില്ല.
എങ്കിലും അവൾ ഏട്ടനെ നോക്കി നിന്നു.
“നീ”.
അയാളുടെ നാവ് മെല്ലെ ചലിച്ചു.
“അതെ. ജാനകി. “
അവൾ പറഞ്ഞു.
രാജുവും പെൺകുട്ടിയും ഇരുവരേയും മാറി മാറി നോക്കി. ഒന്നും മനസ്സിലാകാത്തവരെപ്പോലെ നിന്നു.
“ഇതെൻ്റെ മോൾ “
മകളെ നോക്കി അയാൾ ജനകിയോടു പറഞ്ഞു.
” അറിയാം. പരിചയപ്പെട്ടു.ഒപ്പം, എല്ലാ വിവരങ്ങളും “
പറയുമ്പോൾ അവളുടെ ശബ്ദത്തിന് കാഠിന്യ മുണ്ടായിരുന്നു’.
” ഇതെൻ്റെ മകനാണ്. ഇപ്പോൾ ഇവിടെ തഹസിൽദാറാണ്- “
ജാനകി മകനെ പരിചയപ്പെടുത്തി.
” നീ ., എന്നോട് ക്ഷമിക്കണം. നിന്നെ ,ഞാനൊത്തിരി ദ്രോഹിച്ചു.അതിനെല്ലാം മാപ്പ് “
ജാനകിയുടെ മുഖത്ത് പുച്ഛഭാവം നിറഞ്ഞു.
“ഒഴിമുറി പ്രമാണം ഉണ്ടെങ്കിലേ സ്വത്ത് പണയം വെയ്ക്കാൻ, ഒക്കുള്ളു അല്ലേ ഏട്ടാ.?”
അവൾ ചോദിച്ചു.
“ഉം “
അയാൾ മൂളി.
“വിഷമിക്കേണ്ട. അത് പണയം വയ്ക്കണ്ട. ഇവളെ, ഞാൻ എൻ്റെ മകനു വേണ്ടി ചേർത്തു പിടിക്കയാ “
ജാനകി അതു പറഞ്ഞിട്ട് പെൺകുട്ടിയെ അടുത്തേക്ക് ചേർത്ത് അടക്കിപ്പിടിച്ചു