മന്ഥരകേകയരാജധാനിയിലെ ദാസിയായിരുന്ന, ഗന്ധർവ അംശമുണ്ടായിരുന്ന ഒരു സ്ത്രീയുടെ ഉദരത്തിൽ ഒരു കുഞ്ഞു ജനിച്ചു. ആ കുഞ്ഞിനെ കണ്ട അമ്മ ഞെട്ടിപ്പോയി. മൂന്നു വളവുകളുണ്ടായിരുന്നു അതിന്. മോഹാലസ്യത്തിൽ ആയ അവർ പിന്നെ ഉണർന്നില്ല. മറ്റൊരു സ്ത്രീയുടെ സ്തന്യം നുകർന്ന് ആ കുഞ്ഞു വളർന്നു. അവൾക്കു മന്ഥരയെന്നു പേരിട്ടു. ജനങ്ങൾ അപഹസിച്ചു, കൂനി, കേകയത്തിന്റെ ശാപം എന്നെല്ലാം ആക്ഷേപിച്ചു ചിരിച്ചു. ജ്യോതിഷികൾ കവടി നിരത്തി. അവർ പ്രവചിച്ചു, “ഇവൾ പ്രശസ്തയാകും, കേകയത്തിന്റെ അഭിമാനമാകും. “
തന്റെ വൈകല്യത്തിൽ മനം നൊന്ത് അവൾ കേണു. രാജാവാവളെ ആശ്വസിപ്പിച്ചു. മോളേ, നിന്റെ കൂന് ദൈവം തന്നതാണ്. അതുനേരെയാക്കാൻ നമുക്കാവില്ല. നിന്നെ ഞാൻ വിദ്യ അഭ്യസിപ്പിക്കും. കലകളിൽ പ്രാവീണ്യമുള്ളവളാക്കും.
അങ്ങനെ അവൾ രാജധാനിയുടെ രോമാഞ്ചമായി വളർന്നു. സുന്ദരിയായി. അവളുടെ വൈകല്യം എല്ലാവരും മറന്നു.
അവൾക്കൊരു കാമുകനുണ്ടായി,, -വിദ്യാധരൻ. രാജധാനിയിലെ ദ്വാരപാലകൻ. അവർ രണ്ടുപേരും ചേർന്ന് ഒരുപാടു സ്വപ്പ്നങ്ങൾ നെയ്തു കൂട്ടി. മനസ്സിലുയർത്തിയ മാണിക്യകൊട്ടാരത്തിൽ രാജാവും രാജ്ഞിയുമായി വാണു.
അങ്ങനെയിരിക്കെ, ഒരുനാൾ കോസല രാജാ ദശരഥൻ കേകയ രാജവശ്വപതിയെ കാണാനെത്തി. കേകയരാജ്യത്തിന്റെ രോമാഞ്ചമായ, സ്വർഗീയ ലാവണ്യത്തിനുടമയായ കൈകേയിയെ കണ്ടു, അവളിൽ അനുരക്തനായി. അവർ തമ്മിലുണ്ടായിരുന്ന പ്രായ വ്യത്യാസം തടസ്സമായി. ഒടുവിൽ, കൈകേയിയിൽ ദശരഥനുണ്ടാവുന്ന പുത്രനെ കോസലരാജാവാക്കാം എന്ന വ്യവസ്ഥയിൽ അശ്വപതി പാണിഗ്രഹണത്തിനു സമ്മതിച്ചു.
ലോക പരിചയം ഒട്ടുമില്ലാത്ത പുത്രിയെ വളരെ ദൂരെയുള്ള കോസലത്തിലേക്കു അയക്കുന്നതിൽ രാജാവ് ദു :ഖിതനും ആശങ്കാകുലനുമായി. മകൾക്കുകൂട്ടായ്‌ മന്ഥര കൂടെ പോകണമെന്ന് അദ്ദേഹം ഉത്തരവിട്ടു. കൈകേയിക്ക് ഒരു വിഷമവും ഉണ്ടാവരുത്. പോറ്റമ്മയായിട്ടല്ല പെറ്റമ്മയായിട്ടാണ് ഞാൻ നിന്നെ അയക്കുന്നതെന്നു പറഞ്ഞു. ഒരുനിമിഷം.. മന്ഥര ഇതികര്തവ്യഥാമൂഢ യായി നിന്നു. തന്റെ ജീവിതം കേകയന്റെ ദാനമാണ്. അദ്ദേഹത്തെ അനുസരിച്ചില്ലെങ്കിൽ താൻ നന്ദി കെട്ടവളാകും.
കെട്ടിപ്പൊക്കിയ മാണിക്യകൊട്ടാരം തകർന്നു വീണു. അതിന്റെ അവശിഷ്ടങ്ങളിൽ അവർ ആലിംഗന ബദ്ധരായി നിന്നു:മന്ഥരയും വിദ്യാധരനും. ഇനിയൊരു സംഗമം ഉണ്ടാവില്ലെന്ന് അവർക്കുറപ്പായിരുന്നു. കണ്ണീർ പ്രവാഹം കാഴ്ചയെ മറച്ചു. ഒരു ദീർഘ ചുംബനത്തോടെ അവർ പിരിഞ്ഞു.
അയോധ്യയിൽ വന്നിട്ട് കാലമെത്ര കഴിഞ്ഞു !ദശരഥമഹാരാജാവിനു നാലു പുത്രന്മാർ ജനിച്ചു. നാലുപേരും യവ്വനയുക്തരായി.
ഒരുനാൾ താനറിഞ്ഞ വാർത്ത മന്ഥരയെ ഞെട്ടിച്ചു. അടുത്തനാൾ ശ്രീരാമചന്ദ്രന് പട്ടാഭിഷേകം. അവൾക്കു വിശ്വസിക്കാനായില്ല. അതു നടന്നാൽ വാക്ദാന ലംഘനമാവില്ലേ. ധർമ്മിഷ്ഠനായ കോസലന്ദ്രന്‌ അതു ഭൂഷണമാണോ. കൈകേയിയുടെ നേർക്ക് ഇങ്ങനെയുള്ള അത്യാചാരങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് തന്റെ കടമയാണ്.
അവൾ കൈകേയിയുടെ അടുത്തേക്കോടി. പാവം, അവളൊന്നുമറിഞ്ഞില്ല. മന്ഥര എല്ലാം വിസ്തരിച്ചു. വിവാഹത്തിന് മുൻപ് ദശരഥൻ കൊടുത്ത വാക്കിനെ ഓർമിപ്പിച്ചു. എന്നാൽ കൈകേയി ഇതൊന്നും ശ്രദ്ധിച്ചില്ല. അവൾസന്തോഷം കൊണ്ടു തുള്ളിച്ചാടി. മന്ഥര അസ്വസ്‌ഥയായി. അവൾ മകളെ ശാസിച്ചു. രാമാഭിഷേകം മുടക്കണമെന്നു പറഞ്ഞു. അതൊന്നും മന്ഥരയുടെ മനോഭാവത്തിൽ ഒരുമാറ്റവും വരുത്തിയില്ല. ഇതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഭരത്കുമാരനായിരിക്കുമെന്നു പറഞ്ഞു. മന്ഥരയുടവാക്‌സരങ്ങളേറ്റ കൈകേയി ഒടുവിൽ വഴങ്ങി.മന്ഥര പറഞ്ഞതുപോലെ പ്രവർത്തിച്ചു.
പട്ടാഭിഷേകം മുടങ്ങി. അയോദ്ധ്യ വെടിക്കെട്ടപകടം ഉണ്ടായ ഉത്സവപ്പറമ്പുപോലായി. രാജാവ് കൗസല്യാദേവിയുടെ അന്തപ്പുരത്തിലേക്കു പോയി.
ഭരതൻ വന്നു. രാജ്യഭരമേറ്റെടുക്കാൻ തയ്യാറായില്ല. ശ്രീരാമദേവനെ തിരികെ കൊണ്ടുവരാൻ എല്ലാവരും വനത്തിലേക്കുപോയി. അയോദ്ധ്യ നിശ്ശബ്ദതയുടെ വാല്മീകത്തിലായി. ഒറ്റക്കിരുന്ന് മന്ഥര ചിന്തയിൽ മുഴുകി. താൻ ചെയ്ത തെറ്റെന്താണ്. കേകയൻ ഏല്പിച്ച ദൗത്യം സത്യസന്ധമായി നിറവേറ്റി. അദ്ദേഹത്തിന്റെ പുത്രിയുടെ സന്തോഷവും സുഖവും മാത്രമായിരുന്നു തന്റെ ലക്ഷ്യം. സ്വന്തമായ ജീവിതം പോലും ഉപേക്ഷിച്ചാണ് അവളുടെ കൂടെ അയോധ്യയിലേക്കു വന്നത്. ഇപ്പോൾ, വാക്കുപാലിക്കാത്ത രാജാവ് യോഗ്യനും കടമകൾ കൃത്യമായി നിർവഹിച്ച മന്ഥര കുലടയുമായി. ഭരതൻ പോലും തന്നെ മനസ്സിലാക്കിയില്ല. പ്രായത്തെപ്പോലും മാനിക്കാതെ തന്നിലേൽപിച്ച താഡനവും പീഡനവും കൊണ്ടു ശരീരം നീറി പുകയുന്നു, ഭത്സനവും പരിഹാസവുംകൊണ്ട് മനസ്സും. ഒരു സത്യമറിഞ്ഞു, ദാസി എന്നും ദാസി തന്നെ.
മന്ഥരയുടെ ജന്മം പൂർത്തിയായി. ഇനി അരങ്ങൊഴിയണം. ആർക്കും വേണ്ടാത്തവളായി എന്ത്നു ജീവിക്കണം.
അവളിറങ്ങി നടന്നു. കൊട്ടാര വാതിൽക്കലെത്തി. തിരിഞ്ഞു നോക്കി. സ്വന്തം മകളെപ്പോലെ സ്നേഹിച്ചവളുടെ രൗദ്ര മുഖം അവിടെ എങ്ങും നിറഞ്ഞു നിൽക്കുന്നതായി തോന്നി. നടന്നു. എല്ലാ പാപങ്ങളും ഏറ്റു വാങ്ങി, എല്ലാവരെയും പവിത്രീകരിക്കുന്ന സരയുവിലേക്കാണ് കാലുകൾ നീങ്ങുന്നതെന്നവൾ അറിഞ്ഞില്ല.
സരയു തീർത്ഥത്തിലേക്കവളിറങ്ങി. കുഞ്ഞലകൾ പദങ്ങളെ തലോടി. തണുത്ത ജലം പാദ പ്രക്ഷാളനം നടത്തി. നടന്നു, ആഴങ്ങളിലേക്ക്.
ഏറ്റ ദൗത്യം പൂർത്തിയാക്കി. കേകയന്റെ ദാന മായിരുന്നു ജീവിതം അദ്ദേഹത്തിന്റെ മകൾക്കദാനം ചെയ്തു,. ആരോടും പരിഭവം ഇല്ല.
അങ്ങനെ മന്ഥര പുണ്യശ്ലോകയായി. ആ സാധു സ്ത്രീയെ കുറ്റപ്പെടുത്തുന്നവർ മന്ഥരയെ അറിഞ്ഞവരല്ല. അങ്ങനെയുള്ളവർ സ്വയം ചോദിക്കൂ :മന്ഥരയില്ലായിരുന്നെങ്കിൽ രാമായണം ഉണ്ടാകുമായിരുന്നോ?

You can share this post!